Monday, February 27, 2012

ജി.ഐ.എസും അനിമേഷനും പാഠ്യവിഷയങ്ങള്‍; പത്താംക്ലാസ് ഐ.ടി. പുസ്തകം തയ്യാറായി

   28 Feb 2012
തിരുവനന്തപുരം: സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും പത്താം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു.
  •  വെബ്‌സൈറ്റ് നിര്‍മാണം, 
  • കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്, 
  • ഗ്രാഫിക് ഡിസൈന്‍, 
  • ഡാറ്റാബേസ് തയ്യാറാക്കല്‍ തുടങ്ങി ഐ.ടി. മേഖലയുടെ ആഴമേറിയ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രൂപകല്പനയോടെയാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിന് ഐ.ടി. Oസ്‌കൂള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

എട്ടും ഒമ്പതും ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ചാണ് പത്തിലെ പുസ്തകവും തയ്യാറാക്കിയത്. ലോഗോ നിര്‍മാണം, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ജി.ഐ.എസ്. ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലുള്ള വികസനാസൂത്രണങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പാഠഭാഗവുമുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ നിന്നുള്ള ഉദ്ധരണിക്കുശേഷം വിക്കിമാപ്പില്‍ തന്റെ സ്‌കൂള്‍ രേഖപ്പെടുത്താന്‍ കുട്ടിക്ക് കഴിയും. തുടര്‍ന്ന് ചുറ്റുപാടിലെ റോഡും തോടുമെല്ലാം ഭൂപടത്തില്‍ അടയാളപ്പെടുത്താം.


സ്‌കൂളിലേക്കുള്ള വഴി വീതി കൂട്ടിയാല്‍ എത്ര കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നുവരെ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഇതിലൂടെ കഴിയും. സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തെ ക്യുജിസ് എന്ന സ്വതന്ത്ര സോഫ്റ്റ് വേറിലൂടെ ലളിതമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.


വരകള്‍ക്ക് ജീവന്‍ പകരാം എന്ന അധ്യായത്തിലൂടെ ദ്വിമാന അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നു. സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ശബ്ദ-ചലച്ചിത്ര ഫയലുകളെ എഡിറ്റ് ചെയ്ത് ഹ്രസ്വ സിനിമകള്‍ നിര്‍മിക്കാനും സഹായിക്കുന്ന ഭാഗവും പാഠപുസ്തകത്തിലുണ്ട്. കൂടാതെ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, സീനുകള്‍ യോജിപ്പിക്കല്‍ തുടങ്ങി ചലച്ചിത്ര നിര്‍മാണത്തിന്റെ വ്യത്യസ്ത മേഖലകള്‍ പുസ്തകം പരിചയപ്പെടുത്തുന്നുമുണ്ട്.


കമ്പ്യൂട്ടറിന്റെ ഐ.പി. വിലാസം കണ്ടെത്തല്‍, ഫയലുകളും മറ്റും പങ്കുവെയ്ക്കല്‍ തുടങ്ങി ശൃംഖലാ പ്രവര്‍ത്തനങ്ങളും പത്താംക്ലാസില്‍ പഠിക്കണം. വെബ്‌പേജുകള്‍ തയ്യാറാക്കാനും കഴിയും. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമുള്ള സ്റ്റെല്ലേറിയം സോഫ്റ്റ് വേര്‍ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഭൂഗോളത്തിന്റെ ഏത് പ്രദേശത്തുമുള്ള ആകാശദൃശ്യങ്ങള്‍ ഈ സോഫ്റ്റ് വേറിലൂടെ കാണാം.


മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായി തയ്യാറാക്കിയ പാഠപുസ്തകം മെയില്‍ വിതരണത്തിനെത്തും. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.ടി. @ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു


സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഗുണനിലവാരം അളക്കാന്‍ പരീക്ഷ
മലപ്പുറം: ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയശേഷം ഹൈസ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ പഠന, ബൗദ്ധിക ഗുണനിലവാരം പരിശോധിക്കാന്‍ പരീക്ഷ നടത്തുന്നു. സംസ്ഥാനത്തെ എട്ടുജില്ലകളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട 250 സ്‌കൂളുകളിലാണിത് നടക്കുക. ദേശീയ ഗുണനിലവാര സര്‍വേ (എന്‍.എ.എസ്) എന്നാണ് പരീക്ഷയുടെ പേര്. ഓരോ സ്‌കൂളിലെയും എട്ടാംക്ലാസ്സിലെ 40 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

മാതൃഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളാണ് ഉള്ളത്. മലപ്പുറം ജില്ലയില്‍ 59 സ്‌കൂളുകളില്‍ നടത്തുന്ന പരീക്ഷ തിങ്കളാഴ്ച തുടങ്ങി. മാര്‍ച്ച് രണ്ടിന് അവസാനിക്കും. വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ നടക്കുന്ന മറ്റുജില്ലകള്‍. സംസ്ഥാനതലത്തില്‍ എസ്.സി.ആര്‍.ടിയും ജില്ലാതലത്തില്‍ ഡയറ്റും ആണ് പരീക്ഷാച്ചുമതലക്കാര്‍.


ദേശീയതലത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമാണീ ഗുണനിലവാര സര്‍വേ. ഇതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയും ചോദ്യാവലിയും അനുസരിച്ചാണ് പരീക്ഷ.2005ല്‍ ദേശീയ പാഠ്യപദ്ധതി രാജ്യത്ത് നടപ്പാക്കിയശേഷം സ്‌കൂളുകളില്‍ സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ, വിദ്യാലയ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2007ലാണ് കേരളത്തില്‍ ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം ഹൈസ്‌കൂളുകളില്‍ നടത്തുന്ന ആദ്യത്തെ ഗുണനിലവാര പരീക്ഷയാണ് ഇപ്പോഴത്തേത്.

Wednesday, February 8, 2012

മുഴുവന്‍ അധ്യാപകര്‍ക്കും 50 ദിവസത്തെ പരിശീലനം

 08 Feb 2012

തിരുവനന്തപുരം: വ്യക്തിത്വ വികസനമടക്കം വിവിധ വിഷയങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കും 50 ദിവസത്തെ വീതം പരിശീലനം നല്‍കുന്നു. നാല് വര്‍ഷംകൊണ്ടായിരിക്കും മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി കഴിയുക. ആദ്യ ഘട്ടമായി 10, രണ്ടാം ഘട്ടത്തില്‍ 30, മൂന്നാംഘട്ടമായി 10 ദിവസവുമാണ് പരിശീലനം. അധ്യാപക പാക്കേജിന്റെ ഭാഗമായാണ് ഇത്രയും ബൃഹത്തായ പരിശീലന പരിപാടി അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ രൂപം നല്‍കി. മുമ്പ് ആകെ പത്തു ദിവസത്തെ പരിശീലനം മാത്രം നല്‍കിയിരുന്നിടത്താണ് 50 ദിവസത്തെ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുക.
ഒരു വര്‍ഷം 45000 അധ്യാപകര്‍ക്ക് വീതമാണ് പരിശീലനം നല്‍കുക. കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന അധ്യാപകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവര്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തും. സ്‌കൂളുകളില്‍ നിന്ന് മറ്റധ്യാപകര്‍ പരിശീലനത്തിനെത്തുമ്പോള്‍ ആ ഒഴിവുകളിലേക്ക് ആദ്യം പരിശീലനം ലഭിച്ച സംരക്ഷിത അധ്യാപകരായിരിക്കും പോവുക. തുടര്‍ന്ന് അടുത്ത സ്‌കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് പോകുമ്പോള്‍ അവര്‍ അവിടെയെത്തും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. നാല് വര്‍ഷം കൊണ്ടേ പരിശീലന പരിപാടി അവസാനിക്കൂ.
ആദ്യത്തെ പത്തു ദിവസം വ്യക്തിത്വ വികസന വിഷയങ്ങളിലാണ് പരിശീലനം. നേതൃശേഷി, മൂല്യ വര്‍ധിത വിദ്യാഭ്യാസം, ആത്മവിശ്വാസവും ആത്മാഭിമാനവും, ധാര്‍മികതയും ഉപചാര മര്യാദകളും, ആശയ വിനിമയം, പ്രതിസന്ധികള്‍ തരണം ചെയ്യല്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ അതത് വിഷയങ്ങളിലുള്ള പരിശീലനമാണ്. മൂന്നാംഘട്ടത്തില്‍ ഐ.ടി മേഖലയെക്കുറിച്ചുള്ള പരിശീലനവും നല്‍കും.
ഡയറ്റ്, ബി.എഡ് കോളേജ്, ടി.ടി.ഐ അധ്യാപകര്‍, ഈ രംഗത്തെ പ്രഗത്ഭരായ വിരമിച്ച അധ്യാപകര്‍ എന്നിവരും പ്രൊഫഷണല്‍ ട്രെയിനേഴ്‌സുമായിരിക്കും ക്ലാസെടുക്കുക. വിവിധ ജില്ലകളിലായി 241 പരിശീലന കേന്ദ്രങ്ങളുണ്ടാകും. അവധിക്കാലത്ത് വരുന്ന പരിശീലന ദിവസങ്ങള്‍ക്കു പകരമായി മറ്റ് ദിവസം അവധി നല്‍കും. പരിശീലനത്തിന് പ്രത്യേക ബത്ത നല്‍കില്ല. എന്നാല്‍ ടി.എ നല്‍കും.

mathrubhumi

Friday, February 3, 2012

ഇത് കൂട്ടുകാരുടെ സ്‌നേഹത്തണല്‍


04 Feb 2012


കോഴിക്കോട്: കണ്ണീരണിഞ്ഞ് ആ അമ്മ മുഖ്യമന്ത്രിക്കുമുന്നില്‍ തൊഴുകൈയോടെ നിന്നു. ആ മുഹൂര്‍ത്തത്തിന് സാക്ഷിയായി മനസ്സുനിറഞ്ഞ് ഒരു നാടുമുഴുവനും. അമ്മയുടെ മകള്‍ റീനയ്ക്ക് അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികള്‍ ഉണ്ടാക്കിക്കൊടുത്ത വീടിന്റെ താക്കോല്‍നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തിയപ്പോഴായിരുന്നു വികാരനിര്‍ഭരമായ ഈ രംഗം.

സ്‌കൂള്‍മുറ്റത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ നിവേദനങ്ങളുമായി ആളുകള്‍ മുഖ്യമന്ത്രിയെ പൊതിഞ്ഞു. ആ സങ്കടക്കടലാസുകള്‍ മുഴുവന്‍ കൈയിലൊതുക്കിപ്പിടിച്ച് മുഖ്യമന്ത്രി ആ അമ്മയെ സാന്ത്വനിപ്പിച്ചു. അമ്മയ്ക്കിരുവശത്തുമായി റീനയും കുഞ്ഞനുജത്തിയും. സുരക്ഷിതമായി തലചായ്ക്കാനിടമില്ലാതെ പകച്ചുപോയൊരു കുടുംബത്തിന് തണലുണ്ടാക്കിക്കൊടുക്കാനുള്ള സുമനസ്സുകളുടെ തീരുമാനം പൂവണിയുന്ന മുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍ സ്‌കൂള്‍മുറ്റം നിറഞ്ഞ് കുട്ടികളും നാട്ടുകാരും.


വേളൂര്‍ നമ്പുക്കുടിയില്‍ ദേവിയെയും മക്കളായ റീനയെയും ബീനയെയും അനാഥരാക്കി കുടുംബനാഥന്‍ അരിയന്‍ മരിച്ചത് 2009-ലാണ്. മീന്‍പിടിക്കുന്നതിനിടെ പുഴയില്‍വീണായിരുന്നു മരണം. അന്ന് റീന അത്തോളി ഗവ. വി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥിനിയായിരുന്നു. മരണത്തില്‍ അനുശോചിക്കാന്‍ റീനയുടെ വീട്ടില്‍ വന്ന സഹപാഠികളും അധ്യാപകരും ഒരു തീരുമാനമെടുത്തു-അവര്‍ക്ക് സുരക്ഷിതരായി കഴിയാന്‍ ഒരുവീടുണ്ടാക്കിക്കൊടുക്കണം.


സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് 'സഹപാഠിക്കൊരു ഭവനം ' എന്ന ഈ പദ്ധതി സാക്ഷാത്കരിക്കുന്നതിന് പ്രവര്‍ത്തിച്ചത്. അന്നത്തെ അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാജന്‍ ചെയര്‍മാനും സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം. ലീന കണ്‍വീനറുമായി 'റീന കുടുംബസഹായക്കമ്മിറ്റി' യുണ്ടാക്കി. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും റീനയുടെയും കുടുംബത്തിന്റെയും കഥ അറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായവുമായെത്തി. അങ്ങനെ ആറുലക്ഷം രൂപ സമാഹരിച്ചു. ഇ. എം.എസ്. ഭവനപദ്ധതി മുഖേനെ ഒരു ലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിച്ചു. എന്‍.എസ്.എസ്. വിദ്യാര്‍ഥികളും നാട്ടുകാരും വീടുപണിയുടെ ഓരോ ഘട്ടത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചതോടെ ആ സ്വപ്നം യാഥാര്‍ഥ്യമായി.


വീടുണ്ടായെങ്കിലും റീനയുടെ ജീവിതവഴിയില്‍ പ്രതിസന്ധികള്‍ ഇനിയുമുണ്ട്. എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിക്കും സുഖമില്ലാത്ത അമ്മയ്ക്കും ആശ്രയം റീന മാത്രമാണ്. സ്ഥിരംജോലിയെന്നതാണ് അവളുടെ സ്വപ്നം. അത് യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. പുതിയ വീട്ടിലേക്ക് ടി.വി. അനുവദിച്ചുകൊണ്ട്, കുട്ടികളുടെയും നാടിന്റെയും നന്മയില്‍ മുഖ്യമന്ത്രിയും പങ്കുചേര്‍ന്നു.


സമൂഹത്തിന് വഴികാണിക്കുന്ന കര്‍മമാണ് അത്തോളി സ്‌കൂളിലെ കുട്ടികളുടേതെന്ന് വീടിന്റെ താക്കോല്‍ കൈമാറി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള തലമുറ വളര്‍ന്നുവരുന്നത് ശുഭസൂചനയാണെന്നും ഇത്തരം മാതൃകകളാണ് നാടിനുവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനത്തിനുള്ള എന്‍.എസ്.എസ്. അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.  അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. (mathrubhumi )

സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കണം: പിജിടിഎ
പെരുമ്പാവൂര്‍: സ്‌കൂള്‍ അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാന യോഗ്യത ബിരുദമാക്കി നിജപ്പെടുത്തണമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍(പി.ജി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി നിലവിലുള്ള ടി.ടി.സി. കോഴ്‌സ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് മൂന്ന് കൊല്ലത്തെ ബാച്ചിലര്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Wednesday, February 1, 2012

രണ്ടാം ഡിവിഷനില്‍ തീരുമാനമായില്ല; അധ്യാപക പാക്കേജ് അനിശ്ചിതത്വത്തില്‍


 02 Feb 2012

* യു.ഐ.ഡിയും ഫിക്‌സേഷനും തുടങ്ങിയില്ല
* ഇക്കൊല്ലം നടപ്പാകുമോയെന്ന് സംശയം
തിരുവനന്തപുരം: തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച അധ്യാപക പാക്കേജ് നടപ്പാകുന്ന കാര്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കാത്തതാണ് പാക്കേജ് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം. കുട്ടികളുടെ എണ്ണവും മറ്റും കൃത്യതപ്പെടുത്തുന്നതിനുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയായാലേ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താന്‍ കഴിയൂ. 10-ാം ക്ലാസ് ഒഴികെയുള്ളയിടത്ത് യു.ഐ.ഡി നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ലാത്തതിനാല്‍ ഫിക്‌സേഷനും അതേത്തുടര്‍ന്ന് പാക്കേജിന്റെ ഭാഗമായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുന്നവരുടെപട്ടിക തയ്യാറാക്കലും ഇക്കൊല്ലം നടപ്പാകാന്‍ സാധ്യത കുറവാണ്. ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും എസ്.എസ്.എ ഫണ്ട് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ഈ തീരുമാനം നടപ്പാകുന്ന കാര്യവും അനിശ്ചിതത്വത്തിലായി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30 ഉം യു.പിയില്‍ 1:35 ഉം ആയി കുറച്ചതാണ് അധ്യാപക പാക്കേജിലൂടെ കൂടുതല്‍ അധ്യാപകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വഴിയൊരുക്കിയത്. എന്നാല്‍ രണ്ടാമത്തെ ഡിവിഷന് എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. മുമ്പ് അനുപാതം 1:45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉള്ളയിടത്താണ് രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നത്. അതനുസരിച്ച് രണ്ടാമത്തെ ഡിവിഷനുള്ള പരിധി 40 കുട്ടികള്‍ ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.


രണ്ടാമത്തെ ഡിവിഷന്‍ എത്രാമത്തെ കുട്ടിമുതലാണ് ആരംഭിക്കുകയെന്ന് തീരുമാനിച്ചാലേ ഓരോ സ്‌കൂളിലുമുള്ള ഡിവിഷനുകളും അവിടേക്കുള്ള അധ്യാപകരുടെ ഫിക്‌സേഷനും നടക്കൂ. 2011 മാര്‍ച്ചില്‍ സര്‍വീസിലുണ്ടായിരുന്ന മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുമെന്നതാണ് പാക്കേജിലെ പ്രധാന വാഗ്ദാനം.


ഫിക്‌സേഷന്‍ നടപ്പാക്കുന്നതിന് പ്രധാനമായി വേണ്ടത് കുട്ടികളുടെ എണ്ണമാണ്. ഇതിനോടകം രണ്ടുപ്രാവശ്യം സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് വാങ്ങിയിരുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ പെരുപ്പിച്ച കണക്കുകളാണ് സ്‌കൂളുകളില്‍ നിന്ന് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചിരിക്കുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഫിക്‌സേഷന്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്‍േറത്. ഇതേത്തുടര്‍ന്നാണ് യു.ഐ.ഡി നടപ്പാക്കാന്‍ തീരുമാനിച്ചത്.


എന്നാല്‍ ഒമ്പതാം ക്ലാസ് വരെ യു.ഐ.ഡി നടപ്പാക്കുന്നതിനുള്ള നടപടികളൊന്നുംതന്നെയായിട്ടില്ല. നടപടികളിങ്ങനെ അനന്തമായി നീളുന്നതിനാല്‍ മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും കുട്ടികള്‍ കുറഞ്ഞതുമൂലം പുറത്തായവരെ പൂര്‍ണമായി ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനിടെ പാക്കേജ് ഭാഗികമായി നടപ്പായിത്തുടങ്ങുകയും ചെയ്തു. മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും ശമ്പളം ലഭിക്കാതിരുന്നവര്‍ക്കാണ് ഇപ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കുന്നത്.


കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള പാക്കേജിലെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പകരം ഉണ്ടാകുന്ന ഒഴിവില്‍ പുതിയ നിയമനം നടത്തുകയും ചെയ്യാം. ഇതിനുള്ള ഫണ്ട് എസ്.എസ്.എയില്‍ നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ഉദേശിച്ചത്. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഈയാവശ്യത്തിനായി എസ്.എസ്.എ ഫണ്ട് ഉപയോഗിക്കാനാകില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഉത്തരവിറങ്ങിയെങ്കിലും ഈ നിര്‍ദേശം മരവിച്ച സ്ഥിതിയിലാണ്.


ലീവ് വേക്കന്‍സിയില്‍ നിയമിതരായി ക്ലെയിമുള്ളവരെയും അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കുന്ന പട്ടികയിലേ അവരെ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്

(mathrubhumi )
സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേള തുടങ്ങി 





രക്ഷിതാക്കള്‍ പുറത്ത്; കുട്ടികള്‍ക്ക് ആഹ്ലാദം





തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ലോകത്ത് കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ട് പത്താമത് സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പ്രകടിപ്പിച്ച മികവ് ടെക്‌നോപാര്‍ക്കിലെ മുതിര്‍ന്ന സോഫ്ട്‌വേര്‍ എന്‍ജിനീയര്‍മാരെ അത്ഭുതപ്പെടുത്തി.

ജില്ലാതല ഐ. ടി. മേളകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മേളയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രക്ഷിതാക്കളുടെ പ്രവേശനം സംഘാടകര്‍ വിലക്കുകയായിരുന്നു. ചില്ലറ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും താമസിയാതെ കെട്ടടങ്ങി. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഓരോ ജില്ലയില്‍ നിന്ന് നാലുഅധ്യാപകര്‍ വീതം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവായതോടെ കുട്ടികള്‍ക്കിടയിലെ മാത്സര്യം ഒഴിവാകുകയും സൗഹാര്‍ദ്ദപരമായ ക്യാമ്പ് പോലുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍. വെബ് പേജ് ഡിസൈനിങ്ങില്‍ കുട്ടികള്‍ പ്രകടിപ്പിച്ച കൈയടക്കം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍മാരുടെ പ്രശംസ നേടി. വളരെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന വെബ് പേജ് വെറും ഒരു മണിക്കൂര്‍ കൊണ്ടാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കണിമംഗലം എന്ന സാങ്കല്പിക ഗ്രാമം ഈ മത്സരത്തിലൂടെ വെബ് ലോകത്ത് നിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ളവര്‍ കണിമംഗലത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ സംബന്ധിച്ച വെബ് പേജ് തയ്യാറാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിക്കാര്‍ ന്യൂസ് പോര്‍ട്ടലാണ് സൃഷ്ടിച്ചത്. എച്ച്.ടി.എം.എല്ലും സ്റ്റൈല്‍ ഷീറ്റുമെല്ലാം ഇതിനായി കുട്ടികള്‍ വിനിയോഗിച്ചു. ടിക്കറും ലിങ്കുകളും സ്‌ക്രോളും വര്‍ണാഭ ചിത്രങ്ങളുമെല്ലാം വെബ് പേജില്‍ നിറഞ്ഞു. മികവിന്റെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങിന് ഫുട്‌ബോള്‍ ആയിരുന്നു വിഷയം. ജിമ്പും എക്‌സ്-പെയിന്റും ഉപയോഗിച്ച് നാട്ടിന്‍പുറത്തെ പന്തുകളി മുതല്‍ വമ്പന്‍ സ്റ്റേഡിയങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുട്ടികള്‍ കോറിയിട്ടു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണെന്ന്‌തോന്നി. പെനാല്‍റ്റി കിക്ക് തടയാന്‍ കാവല്‍ നില്‍ക്കുന്ന ഗോളിയുടെ വിഹ്വലതകളും ചില കുട്ടികള്‍ ചിത്രീകരിച്ചു. വര്‍ഷം 2050 ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ ചിത്രീകരിക്കേണ്ടത്. കുട്ടികളുടെ ഭാവനയുടെ വളര്‍ച്ച കണ്ട് വിധികര്‍ത്താക്കള്‍ അന്തംവിട്ടു.

ഐ. ടി. മേള വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നത്.