Wednesday, February 1, 2012

രണ്ടാം ഡിവിഷനില്‍ തീരുമാനമായില്ല; അധ്യാപക പാക്കേജ് അനിശ്ചിതത്വത്തില്‍


 02 Feb 2012

* യു.ഐ.ഡിയും ഫിക്‌സേഷനും തുടങ്ങിയില്ല
* ഇക്കൊല്ലം നടപ്പാകുമോയെന്ന് സംശയം
തിരുവനന്തപുരം: തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച അധ്യാപക പാക്കേജ് നടപ്പാകുന്ന കാര്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കാത്തതാണ് പാക്കേജ് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം. കുട്ടികളുടെ എണ്ണവും മറ്റും കൃത്യതപ്പെടുത്തുന്നതിനുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയായാലേ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താന്‍ കഴിയൂ. 10-ാം ക്ലാസ് ഒഴികെയുള്ളയിടത്ത് യു.ഐ.ഡി നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ലാത്തതിനാല്‍ ഫിക്‌സേഷനും അതേത്തുടര്‍ന്ന് പാക്കേജിന്റെ ഭാഗമായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുന്നവരുടെപട്ടിക തയ്യാറാക്കലും ഇക്കൊല്ലം നടപ്പാകാന്‍ സാധ്യത കുറവാണ്. ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും എസ്.എസ്.എ ഫണ്ട് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ഈ തീരുമാനം നടപ്പാകുന്ന കാര്യവും അനിശ്ചിതത്വത്തിലായി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30 ഉം യു.പിയില്‍ 1:35 ഉം ആയി കുറച്ചതാണ് അധ്യാപക പാക്കേജിലൂടെ കൂടുതല്‍ അധ്യാപകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വഴിയൊരുക്കിയത്. എന്നാല്‍ രണ്ടാമത്തെ ഡിവിഷന് എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. മുമ്പ് അനുപാതം 1:45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉള്ളയിടത്താണ് രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നത്. അതനുസരിച്ച് രണ്ടാമത്തെ ഡിവിഷനുള്ള പരിധി 40 കുട്ടികള്‍ ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.


രണ്ടാമത്തെ ഡിവിഷന്‍ എത്രാമത്തെ കുട്ടിമുതലാണ് ആരംഭിക്കുകയെന്ന് തീരുമാനിച്ചാലേ ഓരോ സ്‌കൂളിലുമുള്ള ഡിവിഷനുകളും അവിടേക്കുള്ള അധ്യാപകരുടെ ഫിക്‌സേഷനും നടക്കൂ. 2011 മാര്‍ച്ചില്‍ സര്‍വീസിലുണ്ടായിരുന്ന മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുമെന്നതാണ് പാക്കേജിലെ പ്രധാന വാഗ്ദാനം.


ഫിക്‌സേഷന്‍ നടപ്പാക്കുന്നതിന് പ്രധാനമായി വേണ്ടത് കുട്ടികളുടെ എണ്ണമാണ്. ഇതിനോടകം രണ്ടുപ്രാവശ്യം സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് വാങ്ങിയിരുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ പെരുപ്പിച്ച കണക്കുകളാണ് സ്‌കൂളുകളില്‍ നിന്ന് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചിരിക്കുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഫിക്‌സേഷന്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്‍േറത്. ഇതേത്തുടര്‍ന്നാണ് യു.ഐ.ഡി നടപ്പാക്കാന്‍ തീരുമാനിച്ചത്.


എന്നാല്‍ ഒമ്പതാം ക്ലാസ് വരെ യു.ഐ.ഡി നടപ്പാക്കുന്നതിനുള്ള നടപടികളൊന്നുംതന്നെയായിട്ടില്ല. നടപടികളിങ്ങനെ അനന്തമായി നീളുന്നതിനാല്‍ മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും കുട്ടികള്‍ കുറഞ്ഞതുമൂലം പുറത്തായവരെ പൂര്‍ണമായി ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനിടെ പാക്കേജ് ഭാഗികമായി നടപ്പായിത്തുടങ്ങുകയും ചെയ്തു. മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും ശമ്പളം ലഭിക്കാതിരുന്നവര്‍ക്കാണ് ഇപ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കുന്നത്.


കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള പാക്കേജിലെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പകരം ഉണ്ടാകുന്ന ഒഴിവില്‍ പുതിയ നിയമനം നടത്തുകയും ചെയ്യാം. ഇതിനുള്ള ഫണ്ട് എസ്.എസ്.എയില്‍ നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ഉദേശിച്ചത്. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഈയാവശ്യത്തിനായി എസ്.എസ്.എ ഫണ്ട് ഉപയോഗിക്കാനാകില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഉത്തരവിറങ്ങിയെങ്കിലും ഈ നിര്‍ദേശം മരവിച്ച സ്ഥിതിയിലാണ്.


ലീവ് വേക്കന്‍സിയില്‍ നിയമിതരായി ക്ലെയിമുള്ളവരെയും അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കുന്ന പട്ടികയിലേ അവരെ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്

(mathrubhumi )
സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേള തുടങ്ങി 





രക്ഷിതാക്കള്‍ പുറത്ത്; കുട്ടികള്‍ക്ക് ആഹ്ലാദം





തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ലോകത്ത് കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ട് പത്താമത് സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പ്രകടിപ്പിച്ച മികവ് ടെക്‌നോപാര്‍ക്കിലെ മുതിര്‍ന്ന സോഫ്ട്‌വേര്‍ എന്‍ജിനീയര്‍മാരെ അത്ഭുതപ്പെടുത്തി.

ജില്ലാതല ഐ. ടി. മേളകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മേളയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രക്ഷിതാക്കളുടെ പ്രവേശനം സംഘാടകര്‍ വിലക്കുകയായിരുന്നു. ചില്ലറ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും താമസിയാതെ കെട്ടടങ്ങി. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഓരോ ജില്ലയില്‍ നിന്ന് നാലുഅധ്യാപകര്‍ വീതം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവായതോടെ കുട്ടികള്‍ക്കിടയിലെ മാത്സര്യം ഒഴിവാകുകയും സൗഹാര്‍ദ്ദപരമായ ക്യാമ്പ് പോലുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍. വെബ് പേജ് ഡിസൈനിങ്ങില്‍ കുട്ടികള്‍ പ്രകടിപ്പിച്ച കൈയടക്കം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍മാരുടെ പ്രശംസ നേടി. വളരെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന വെബ് പേജ് വെറും ഒരു മണിക്കൂര്‍ കൊണ്ടാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കണിമംഗലം എന്ന സാങ്കല്പിക ഗ്രാമം ഈ മത്സരത്തിലൂടെ വെബ് ലോകത്ത് നിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ളവര്‍ കണിമംഗലത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ സംബന്ധിച്ച വെബ് പേജ് തയ്യാറാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിക്കാര്‍ ന്യൂസ് പോര്‍ട്ടലാണ് സൃഷ്ടിച്ചത്. എച്ച്.ടി.എം.എല്ലും സ്റ്റൈല്‍ ഷീറ്റുമെല്ലാം ഇതിനായി കുട്ടികള്‍ വിനിയോഗിച്ചു. ടിക്കറും ലിങ്കുകളും സ്‌ക്രോളും വര്‍ണാഭ ചിത്രങ്ങളുമെല്ലാം വെബ് പേജില്‍ നിറഞ്ഞു. മികവിന്റെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങിന് ഫുട്‌ബോള്‍ ആയിരുന്നു വിഷയം. ജിമ്പും എക്‌സ്-പെയിന്റും ഉപയോഗിച്ച് നാട്ടിന്‍പുറത്തെ പന്തുകളി മുതല്‍ വമ്പന്‍ സ്റ്റേഡിയങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുട്ടികള്‍ കോറിയിട്ടു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണെന്ന്‌തോന്നി. പെനാല്‍റ്റി കിക്ക് തടയാന്‍ കാവല്‍ നില്‍ക്കുന്ന ഗോളിയുടെ വിഹ്വലതകളും ചില കുട്ടികള്‍ ചിത്രീകരിച്ചു. വര്‍ഷം 2050 ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ ചിത്രീകരിക്കേണ്ടത്. കുട്ടികളുടെ ഭാവനയുടെ വളര്‍ച്ച കണ്ട് വിധികര്‍ത്താക്കള്‍ അന്തംവിട്ടു.

ഐ. ടി. മേള വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നത്.
 

No comments: