Posted on: 10 May 2012
തൊടുപുഴ: ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള എസ്.എസ്.എ പദ്ധതി കേന്ദ്രതീരുമാനം വിഭവശേഷി മന്ത്രാലയം നിരാകരിച്ചു.
ആദിവാസി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ താമസിച്ചു പഠിക്കാന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മൂന്നുകോടി രൂപയുടെ പദ്ധതിയാണ് എസ്.എസ്.എ തയ്യാറാക്കിയിരുന്നത്. എന്നാല്‍, റസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ ആവശ്യകത ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പദ്ധതിരേഖയ്‌ക്കൊപ്പം ചേര്‍ത്തിരുന്നില്ല. വിദ്യാഭ്യാസ അവകാശചട്ടം നിലവില്‍ വന്നതിനാല്‍, സ്‌കൂള്‍ മാപ്പിങ് പഠനം ഇതിന് വേണ്ടിയിരുന്നു. പഠനം നടത്താന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കി നല്‍കുമ്പോള്‍ ഇവരുടെ പഠനം പൂര്‍ത്തിയായിരുന്നില്ല. കെട്ടിടം പണിയാന്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കാന്‍ വനംവകുപ്പ് സമ്മതിച്ചിരുന്നു.
ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്താന്‍ കേരളാ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എസ്.എസ്.എ ഇനി തയ്യാറാക്കി നല്‍കുന്ന സപ്ലിമെന്ററി പദ്ധതിയില്‍ ഇടമലക്കുടി സ്‌കൂള്‍ വികസനം കൂടി ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ വിവിധ സ്‌കൂളുകള്‍ക്കായി 62 കോടി രൂപയുടെ പദ്ധതി നല്‍കിയതില്‍ 21.32 കോടി രൂപയ്ക്കുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതു കണക്കിലെടുത്താല്‍ സപ്ലിമെന്ററി പദ്ധതി അംഗീകരിക്കാന്‍ സാധ്യതയില്ല.
പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലുള്ള സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകള്‍ മാത്രമാണുള്ളത്. കുട്ടികള്‍ക്ക് അധ്യാപകര്‍ക്കൊപ്പം താമസിച്ചു പഠിക്കാന്‍ ഹോസ്റ്റല്‍, ലൈബ്രറി സൗകര്യം, ഭക്ഷണം, ആരോഗ്യ പരിചരണം, എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പ്രഥമാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്. അധ്യാപകര്‍ കൃത്യമായി എത്താത്തതിനാല്‍ കുട്ടികളും പഠനത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.
2000ല്‍ ഡി.പി.ഇ.പി വിദ്യാഭ്യാസ പദ്ധതി തുടങ്ങിയപ്പോള്‍ ഇടമലക്കുടി സ്‌കൂളിന് കെട്ടിടം പണിയാന്‍ രണ്ട് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയോട് അനുകൂല നിലപാടല്ല കൈക്കൊണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞു.
ഇടമലക്കുടിയിലെ 28 കുടികളില്‍ 211 കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറച്ചുപേര്‍ മൂന്നാറിലെ സ്‌കൂളിലാണ് പഠനം. കുട്ടികളെ ഇടമലക്കുടിക്ക് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കളില്‍ പലര്‍ക്കും താല്‍പ്പര്യവുമില്ല. സൊസൈറ്റി കുടിയിലെ എല്‍.പി സ്‌കൂളിന്റെ പദവി ഉയര്‍ത്തിയാല്‍, വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയും.
വിദൂര സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളില്‍ എത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. ഇതു കാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. 53 കുട്ടികള്‍ ഹാജര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ദിവസവും എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.
എസ്.എസ്.എയുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പിയുടെ കീഴില്‍ അഞ്ചും ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളിലുണ്ട്. ഇതില്‍ ആണ്ടവന്‍കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ കുട്ടികളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തില്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെക്കുറച്ചുപേര്‍ക്ക് മാത്രമാണ്.
maathru bhoomi
No comments:
Post a Comment