Wednesday, August 6, 2014

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

 07 Aug 2014

അനീഷ് ജേക്കബ്ബ്‌


തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി. ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക ജില്ലാതലത്തിലും ഇനംതിരിച്ചും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച് മാനേജര്‍ക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഇതടക്കമുള്ള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സംസ്ഥാനത്ത് നടപ്പാക്കിയ അധ്യാപക പാക്കേജിന്റെയും അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇതോടെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും വരും. ഇല്ലാത്ത തസ്തികകളിലേക്ക് നിയമിക്കുകയും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി അംഗീകാരം വാങ്ങുകയും ചെയ്യുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍പ് മാനേജര്‍ നിയമനം നടത്തിയശേഷം സര്‍ക്കാര്‍ അനുമതി നല്കുകയായിരുന്നു.

അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്‌കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.

യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും.

കെ.ഇ.ആറില്‍ വരുത്തുന്ന മറ്റ് പ്രധാന ഭേദഗതികള്‍ :


* 51 എ പ്രകാരമുള്ള അവകാശത്തിന് അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

* അധ്യാപകരെ വിലയിരുത്തുന്നതിനായി ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ചെയര്‍മാനുമായിരിക്കും. സമിതിയില്‍ മറ്റംഗങ്ങളെ കണ്‍വീനര്‍ നിയോഗിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

*എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമിക്കണം.

*പ്രഥമാധ്യാപകന്‍ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാകുക, അവധി മൂലമുള്ള ഒഴിവ്, പരിശീലനത്തിനും മറ്റും പോകുന്നതുമൂലമുള്ള ഒഴിവ്, ഡെപ്യൂട്ടേഷന്‍ മൂലമുള്ള ഒഴിവ്, മറ്റ് താത്കാലിക ഒഴിവുകള്‍ എന്നിവ അധ്യാപക ബാങ്കില്‍ നിന്ന് നികത്തണം. അധിക അധ്യാപകരെ നിലനിര്‍ത്താനുള്ള താത്കാലിക സംവിധാനമാണ് അധ്യാപക ബാങ്ക്.

* അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും. അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്ക് അവരവരുടെ മാതൃവിദ്യാലയങ്ങളിലേ ഭാവിയില്‍ നിയമനത്തിന് അവകാശമുള്ളൂ.

* ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 150 കുട്ടികളും ആറുമുതല്‍ എട്ടുവരെ 100 കുട്ടികളുമുള്ള സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക അനുവദിക്കും. അവരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കും. പകരം നിയമനം അധ്യാപക ബാങ്കില്‍ നിന്ന് നടത്തും.

* 2010-11 ലെ ഏകീകൃത തിരിച്ചറിയല്‍ രേഖ പ്രകാരം ഓരോ സ്‌കൂളിലുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും അധ്യാപക തസ്തിക നിര്‍ണയിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അധ്യാപകരുടെ വിവരം പ്രഥമാധ്യാപകന്‍ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം.

* ആറാം പ്രവൃത്തിദിവസത്തിലെ കുട്ടികളുടെ എണ്ണം അന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഏകീകൃത തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. ഇത് ജൂണ്‍ 15 നകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കും. 15 ന് അവര്‍ ഡി.ഡിമാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം.

മെറിറ്റ് പരിഗണിക്കേണ്ടി വരും


* ജൂലായ് 15 നകം എല്ലാ വര്‍ഷവും അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവിറക്കും. ജൂലായ് 15 മുതല്‍ തസ്തിക നിര്‍ണയത്തിന് പ്രാബല്യമുണ്ട്. 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം നേടിയവരാണോയെന്ന് നോക്കിയായിരിക്കും അവരുടെ നിയമനത്തിന് അംഗീകാരം നല്കുക. 2011 ജൂണ്‍ ഒന്നുമുതലായിരിക്കും ഇവരുടെ നിയമനത്തിന് അംഗീകാരം. അതിന് മുമ്പുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി കണക്കാക്കില്ല.

നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് ഈ ഭേദഗതി. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് മാനേജര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാമെങ്കിലും അവിടെ മെറിറ്റ് പാടേ ഒഴിവാക്കാന്‍ ബുദ്ധിമുട്ട് വരും. നിലവില്‍ ഹൈസ്‌കൂള്‍ വരെയുള്ള നിയമനങ്ങളില്‍ അഭിമുഖം നടത്തണമെന്ന് വ്യവസ്ഥയില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ അഭിമുഖം നിര്‍ദേശിക്കുന്നുണ്ട്.

സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ അത് പെരുപ്പിച്ചുകാട്ടി 13,000 ഓളം അധ്യാപകരാണ് അധികമായുള്ളത്. വിദ്യാര്‍ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനം വന്നപ്പോഴാണ് ഇല്ലാത്ത കുട്ടികളും അതിന്റെ അടിസ്ഥാനത്തില്‍ നിലനിന്ന അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാനും ഭാവിയില്‍ ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്താതിരിക്കാനുമുള്ള മുന്‍കരുതലായാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലിട്ട് പൂട്ടി ജീവനക്കാര്‍ പോയി; രാത്രി രക്ഷിതാവും പോലീസുമെത്തി മോചിപ്പിച്ചു
 07 Aug 2014


കൊച്ചി: ടീച്ചര്‍ കൊടുത്ത ഇംപോസിഷന്‍ എഴുതിക്കൊണ്ടിരിക്കെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ്മുറികള്‍ പൂട്ടിപ്പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി നാല് മണിക്കൂറോളം സ്‌കൂളില്‍ കുടുങ്ങി. നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. നായരമ്പലം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് രാത്രി എട്ട് വരെ സ്‌കൂളില്‍ കഴിച്ചുകൂട്ടിയത്. വിദ്യാര്‍ത്ഥിക്ക് അധ്യാപിക ഇംപോസിഷന്‍ ശിക്ഷ നല്‍കിയിരുന്നതായും ഇത് എഴുതിക്കഴിഞ്ഞ ശേഷം മാത്രം വീട്ടില്‍പ്പോയാല്‍ മതിയെന്നും പറഞ്ഞിരുന്നത്രെ. ഇതുപ്രകാരം ക്ലാസ്സിലിരുന്ന് ഇംപോസിഷന്‍ എഴുതുകയായിരുന്നു കുട്ടി. വിദ്യാര്‍ത്ഥികള്‍ എല്ലാവരും പോയെന്ന ധാരണയില്‍ സ്‌കൂള്‍ ജീവനക്കാര്‍ ക്ലാസ്മുറിയടങ്ങുന്ന ഭാഗത്തെ ഗേറ്റ് പൂട്ടിപ്പോകുകയും ചെയ്തു.
രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാവ് അന്വേഷിച്ചെത്തി. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതരും ഉടനെത്തി. കുട്ടി സ്‌കൂളിനുള്ളിലുണ്ടെന്ന് അറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോയതാകാമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ടീച്ചര്‍ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് മകന്‍ പറഞ്ഞത് താന്‍ പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ആ വൈരാഗ്യം മൂലമാണ് ഇംപോസിഷന്‍ ശിക്ഷ നല്‍കിയതെന്നും രക്ഷിതാവ് ആരോപിച്ചു


പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം അച്ചടിതുടങ്ങി, കണക്കില്‍ ഇപ്പോഴും കൃത്യതയില്ല
Posted on: 07 Aug 2014


മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗത്തിന്റെ അച്ചടിതുടങ്ങി. എന്നാല്‍ ഓണ്‍ലൈന്‍ ഇന്‍െഡന്റിനുപുറമെ വേണ്ടിവരുന്നവയുടെ കൃത്യമായ കണക്ക് ബന്ധപ്പെട്ടവര്‍ ഇതുവരെ കെ.ബി.പി.എസിന് കൈമാറിയിട്ടില്ല. ഇതുമൂലം പുസ്തകക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ജൂലായ് ആദ്യം തുടങ്ങാനിരുന്ന അച്ചടി കടലാസ് അനുവദിക്കാത്തതുമൂലം നീളുന്നകാര്യം വാര്‍ത്തയായിരുന്നു. ആഗസ്ത് ആദ്യമാണ് കടലാസ് എത്തിത്തുടങ്ങിയത്. കുറഞ്ഞത് രണ്ടരമാസംകൊണ്ടേ ആവശ്യത്തിനുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകൂ. ഇതിനുശേഷംവേണം വിതരണത്തിനുള്ള നടപടികള്‍ തുടങ്ങാന്‍. ഇതിനിടയിലാണ് കൃത്യമായ കണക്കുകള്‍ ലഭിക്കാത്തത് പ്രശ്‌നമാകുന്നത്. ഓണ്‍ലൈനില്‍ ഇന്‍െഡന്റ് സമര്‍പ്പിക്കാത്തവര്‍ക്കും, പരിശീലനപരിപാടികള്‍ക്കും പണമടച്ച പുതിയ അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കുമായി കൂടുതല്‍ പുസ്തകം വേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതിന്റെ കണക്കാണ് ഇതുവരെ കിട്ടാത്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒക്ടോബര്‍ 31നകം അച്ചടി പൂര്‍ത്തിയാക്കാനാണ് ശ്രമം.
കടലാസുകിട്ടാന്‍ വൈകിയപ്പോള്‍ കെ.ബി.പി.എസില്‍ സ്റ്റോക്കുണ്ടായിരുന്നതുപയോഗിച്ച് ന്യൂനഭാഷാ പുസ്തകത്തിന്റെ അച്ചടി തുടങ്ങിയിരുന്നു. ജൂലായ് അവസാനത്തില്‍ത്തന്നെ ഇത് തുടങ്ങുകയും ചെയ്തു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവ രണ്ടുഭാഗമായി തയ്യാറാക്കുന്നത്

No comments: