30-Sep-2011
അധ്യാപക നിയമനത്തിന് കോഴവാങ്ങാത്ത സ്കൂളെന്നതാണ് പാണക്കാട് സികെഎം എല്‍പി സ്കൂളിന്റെ ഖ്യാതി. 1923ല്‍ ബാപ്പ കുഞ്ഞഹമ്മദ് സ്ഥാപിച്ച സ്കൂള്‍ ഇതിനകം പാവപ്പെട്ട നിരവധിപേര്‍ക്ക് ജോലിനല്‍കി. ചില്ലിക്കാശുപോലും വാങ്ങാതെ. ബാപ്പ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. 29 വര്‍ഷം സിപിഐ എം ലോക്കല്‍ സെക്രട്ടറിയായതിന്റെ ആത്മബലമുണ്ടെനിക്ക്. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ആ അനുഭവ സമ്പത്ത് കരുത്തുപകരും. സാക്ഷാല്‍ പാണക്കാട് കുടുംബത്തോട് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം നടത്തിയ ചരിത്രമാണ് സ്കൂളിന്റേത്. ബാപ്പ തുടങ്ങിവച്ച പോരാട്ടം ഏറ്റെടുക്കാനുള്ള ബാധ്യത എനിക്കായിരുന്നു. സ്കൂളിന്റെ ഭൂമി കൈയടക്കല്‍ , കമ്യൂണിസം പഠിപ്പിക്കുന്നെന്നാരോപിച്ചുള്ള ബഹിഷ്കരണ ആഹ്വാനങ്ങള്‍ , രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ... എല്ലാത്തിനെയും ചെറുത്തുതോല്‍പ്പിക്കാനായത് ജനങ്ങളുടെ ഉറച്ച പിന്തുണകൊണ്ടാണ്. സാമ്പത്തിക പരാധീനതമൂലം സ്കൂളിന്റെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാണെങ്കിലും മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാനില്ല. 1963ലാണ് ബാപ്പ വിരമിച്ച ഒഴിവില്‍ ഞാന്‍ അധ്യാപകനായെത്തുന്നത്. അതിന് മുമ്പ് ഉള്ളണം എഎല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു. എന്റെയും ഭാര്യ സഫിയയുടെയും ശമ്പളം ഉപയോഗിച്ചാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരും വിരമിച്ചതോടെ ആ വഴി അടഞ്ഞു. 1923ലാണ് ബാപ്പ ചുണ്ടയില്‍ കുഞ്ഞഹമ്മദ് സ്കൂള്‍ ആരംഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ദേവധാര്‍ മലബാര്‍ റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റിന് (ഡിഎംആര്‍ടി) കൈമാറി. 1944ല്‍ കടം മൂലം വീടും സ്കൂള്‍ നിന്ന സ്ഥലവും പുരയിടവും വില്‍ക്കാന്‍ ബാപ്പ നിര്‍ബന്ധിതനായി. പിന്നീട് മൂന്നു സെന്റ് സ്ഥലത്തേക്ക് സ്കൂള്‍ മാറ്റിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളോട് നിയമയുദ്ധം നടത്തേണ്ടിവന്നു. പിന്നീടാണ് ഇന്ന് നില്‍ക്കുന്നിടത്തേക്ക് സ്കൂള്‍ മാറ്റിയത്. 1957ല്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ആലപിച്ച പാട്ടിന്റെ പേരിലും വലിയ കോലാഹലമുണ്ടായി. ഇന്നത്തെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. അദ്ദേഹവും കണ്ടംചിറ വേലായുധന്‍ എന്ന വിദ്യാര്‍ഥിയും ചേര്‍ന്ന് ആലപിച്ച പാട്ടില്‍ "അരിവാള്‍" കടന്നുവന്നതാണ് പൊല്ലാപ്പായത്. സ്കൂളില്‍ കമ്യൂണിസമാണ് പഠിപ്പിക്കുന്നതെന്നായി പ്രചാരണം. സ്കൂള്‍ ബഹിഷ്കരിക്കാന്‍ പൂക്കോയ തങ്ങള്‍ ആഹ്വാനംചെയ്തു. ഇരുനൂറിലേറെ പേര്‍ പഠിച്ചിരുന്ന സ്കൂളില്‍ കുട്ടികളുടെ എണ്ണം ഏഴായി ചുരുങ്ങി. 1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ബഹിഷ്കരണ ആഹ്വാനം പിന്‍വലിച്ചു. പിന്നീട് തങ്ങള്‍ കുടുംബത്തിലെ പിന്‍തലമുറയ്ക്കെല്ലാം അറിവിന്റെ വെളിച്ചംപകര്‍ന്നത് ഈ സ്കൂളാണ്. പുതിയ തലമുറയിലെ കുരുന്നുകളും ഇപ്പോള്‍ ഇവിടെ വിദ്യാര്‍ഥികളാണ്.(deshabhimani )
വാളകം സ്കൂളിലേക്ക് അധ്യാപകരുടെ പ്രതിഷേധമാര്‍ച്ച്
കൊല്ലം: വാളകം ആര്‍വിവിഎച്ച്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ നേതൃത്വത്തില്‍ സ്കൂളിലേക്ക് അധ്യാപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ നടക്കുന്ന ഗൂഢശ്രമങ്ങളില്‍ അധ്യാപകര്‍ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് കെഎസ്ടിഎ നേതൃത്വം നല്‍കും. നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്ന മാര്‍ച്ച് വാളകം ജങ്ഷനില്‍നിന്ന് ആരംഭിച്ചു. സ്കൂളിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് ഡി വിമല, ജോണ്‍ഫിലിപ്പ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ് അജയകുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആര്‍ രാധാകൃഷ്ണന്‍ , എസ് പയസ്, കെ ആര്‍ ദാമോദരന്‍പിള്ള, ആര്‍ കമല്‍ദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് വി വിക്രമന്‍നായര്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സഹോദരിമാര്‍ക്ക് മൂന്നുവര്‍ഷം തടവും 30,000 രൂപ പിഴയും
കൊച്ചി: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതികളായ സഹോദരിമാര്‍ക്ക് സിബിഐ പ്രത്യേക കോടതി മൂന്നുവര്‍ഷം വീതം തടവും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷാ വിധിക്കു ശേഷം പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. കുട കൊണ്ട് മുഖം പൂര്‍ണമായും മറച്ചാണ് പ്രതികള്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് വന്നത്.
2005-ല്‍ കോളിളക്കം സൃഷ്ടിച്ച കേസാണിത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തപ്പോള്‍ എല്ലാ ചോദ്യപേപ്പറുകളും ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം വഞ്ചിയൂരിലെ ബിന്ദു വിജയന്‍, സഹോദരിയായ ചെന്നൈ ടി നഗറിലെ സിന്ധു സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ചെന്നൈയില്‍ ചോദ്യക്കടലാസുകള്‍ അച്ചടിച്ചിരുന്ന വിശ്വനാഥന്‍ പ്രിന്‍േറഴ്‌സിലെ സുരേഷ് എന്ന ജീവനക്കാരന്‍ വഴിയാണ് ചോദ്യപേപ്പറുകള്‍ സിന്ധുവിനും ബിന്ദുവിനും കിട്ടിയത്. ബിന്ദുവിന്റെ മകന്‍ ഗൗതമിനു വേണ്ടിയാണ് അവ സുരേഷ് കൈമാറിയിരുന്നത്. കുറ്റകൃത്യം സമൂഹത്തില്‍ ഏല്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതുന്ന അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് അത് ബാധിക്കുന്നത്. പ്രതികള്‍ വീട്ടമ്മമാരായതിനാല്‍ ഇതേക്കുറിച്ചൊന്നും ആലോചിച്ചുകാണില്ല. എങ്കിലും ശിക്ഷയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള മോഷണം, ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ബോധിപ്പിച്ചിരുന്നു. അത് സ്വീകരിച്ചുകൊണ്ടാണ് കോടതി വിധി.
കേസില്‍ പ്രതിയായിരുന്ന സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. രണ്ട് ഘട്ടങ്ങളിലുള്ള കുറ്റപത്രമാണ് സിബിഐ നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശ്വനാഥന്‍ പ്രിന്‍േറഴ്‌സ് മാനേജര്‍ ആയിരുന്ന രാജന്‍ ചാക്കോയും മറ്റും പ്രതികളായ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
No comments:
Post a Comment