Saturday, October 1, 2011

കുട്ടികള്‍ക്കു നേരെ ആക്രമണം: വിചാരണ നാളെ

 02-Oct-2011
തലശേരി: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഫയല്‍ചെയ്ത കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എന്‍ തുളസീഭായ് മുമ്പാകെ തിങ്കളാഴ്ച വിചാരണ തുടങ്ങും. കണ്ണൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് പ്രതി. കുട്ടികള്‍ ഒഴിവുപിരീയഡില്‍ പാരഡി ഗാനം പാടി എന്നതിന് മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നടത്തുകയും നിലംനക്കിക്കുകയും ചെയ്തെന്നാണ് കേസ്. ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എ മാത്യു, അംഗങ്ങളായ പി സി ജയരാജന്‍ , അഡ്വ. ബേബി ലതിക, സ്കൂള്‍ പ്രിന്‍സിപ്പല്‍ , പിടിഎ പ്രസിഡന്റ് എന്നിവരെ വിചാരണ ചെയ്യും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം ആദ്യമായി വിചാരണക്കെത്തുന്ന കേസാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുവേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരാവും. 
 
സര്‍ഗവസന്തമായ് "ഹായ്" മാഗസിന്‍

കക്കോടി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കക്കോടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി "ഹായ്" മാഗസിന്‍ പുറത്തിറക്കി. പ്രൈമറി തലത്തിലുള്ള കുട്ടികളുടെയും അധ്യാപകരുടെയും 68 സൃഷ്ടികളാണ് ഉള്ളടക്കം. വിദ്യാര്‍ഥികളുടെ കലാപരവും കായികവും ധൈഷണികവുമായ വികസനം ലക്ഷ്യമാക്കിയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാണ് മാഗസിന്‍ . സ്കൂള്‍ തലത്തില്‍ നടത്തിയ മത്സരത്തില്‍നിന്നും തെരഞ്ഞെടുത്ത രചനകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാഗസിന്‍ കക്കോടി ഗവ. എല്‍ വി സ്കൂളില്‍ നടന്ന ചടങ്ങില്‍ സിനിമാ നടന്‍ വിജയന്‍ പി നായര്‍ പ്രകാശനം ചെയ്തു. ചേവായൂര്‍ എഇഒ സി സുബ്രഹ്മണ്യന്‍ , മക്കടോല്‍ ഗോപാലന്‍ , റീജ ശൈലേഷ്, എം എ സിറാജ്, പി ചന്ദ്രന്‍ , ഷിബു മുത്താട്ട്, അശോകന്‍ , കെ പി നാസര്‍ എന്നിവര്‍ സംസാരിച്ചു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മനോജ് അധ്യക്ഷയായി. കെ കെ ലസിത സ്വാഗതവും പി കെ ഫൈസല്‍ നന്ദിയും പറഞ്ഞു.
 
 
കുട്ടികളുടെ മദ്യപാനശീലം: ഉത്തരവാദികള്‍ രക്ഷിതാക്കളെന്ന് സര്‍വെ

വാകത്താനം: വിദ്യാര്‍ഥികള്‍ മദ്യപാനശീലത്തിന് അടിമയാകുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് രക്ഷിതാക്കളാണെന്ന് പഠനറിപ്പോര്‍ട്ട്. മദ്യപിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ക്കും മദ്യം നല്‍കാറുണ്ടെന്ന് കുട്ടികള്‍ക്കിടയില്‍ നടത്തിയ രഹസ്യ സര്‍വെയില്‍ വെളിപ്പെട്ടതായി ജില്ലാ വിദ്യാഭ്യാസ പരിശീലനത്തിനുവേണ്ടി സര്‍വേയില്‍ പങ്കെടുത്ത ചീരംകുളം ഗവണ്‍മെന്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകന്‍ എസ് എ രാജീവ് പറഞ്ഞു. രക്ഷിതാക്കള്‍ മദ്യപിക്കുമ്പോള്‍ കൗതുകത്തിനായി കുട്ടികളുടെ വായില്‍ മദ്യമൊഴിച്ചുകൊടുക്കുന്നത് മദ്യപാനം തെറ്റല്ലെന്നബോധം കുട്ടികളില്‍ വളര്‍ത്തും. പിന്നീടത് ശീലമായി മാറുന്നു. മരങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ നടത്തിയ ഹെല്‍പ്പ്ഡെസ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ്. ജില്ലയില്‍ ഒരു സ്കൂളില്‍ നടത്തിയ സര്‍വെയില്‍ പെണ്‍കുട്ടികള്‍ ബന്ധുക്കളായ ആണ്‍കുട്ടികളില്‍നിന്ന് വ്യാപകമായ പീഡനത്തിന് ഇരയാകുന്നുവെന്നും രക്ഷിതാക്കള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചുപോകുന്നതിനാല്‍ ഈ വിവരം പുറത്തുപറയാന്‍ കഴിയുന്നില്ലെന്നും ഇവര്‍ രഹസ്യമായി എഴുതി നല്‍കിയ കുറിപ്പുകളില്‍ പറയുന്നു. ക്ലാസ് വരാന്തയില്‍ ബോക്സ് വെച്ചശേഷം രഹസ്യമായി കുറിപ്പുകള്‍ എഴുതി നഭഭഭഭഭല്‍കുവാനാവശ്യപ്പെടുകയായിരുന്നു. ആറുവയസുള്ള പെണ്‍കുട്ടി സ്ഥിരമായി പുകയില ഉപയോഗിക്കുന്നതായും സര്‍വെ കണ്ടെത്തി. രക്ഷിതാക്കള്‍ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ലാത്തതിലും ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും പരാതിയുണ്ടെന്ന് രാജീവ് പറഞ്ഞു. യോഗത്തില്‍ സ്കൂള്‍ പ്രധാനാധ്യാപിക എന്‍ ജലജ അധ്യക്ഷയായി. 
 
നാടറിയാന്‍ നടപ്പറിയാന്‍' സംഘടിപ്പിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ നടേരിക്കടവ് എം.എല്‍.പി. സ്‌കൂളില്‍ 'നാടറിയാന്‍ നടപ്പറിയാന്‍' എന്ന പരിപാടി സംഘടിപ്പിച്ചു.

ചന്ദ്രന്‍ നടുവത്തൂരിന്റെ നേതൃത്വത്തില്‍ കുരുത്തോലക്കളരി, തെയ്യം പരിചയം, മേളപ്പെരുമ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ടി.കെ. രഞ്ജിത്ത് നേതൃത്വം നല്കി. ബാബു മലയില്‍ താഴെ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.എം. ബിന്ദു, സി. സ്‌നേഹ, എ.ആര്‍.രേവതി, എന്‍.എം. റിനീഷ്, വി.എം. ഷീജ, കെ.കെ.അന്‍സാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
സംസ്ഥാനത്തെ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മന്ത്രി

തൃശൂര്‍ : സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മന്ത്രി അബ്ദുറബ്ബ്. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ സംസ്ഥാന സിലബസില്‍നിന്ന് കേന്ദ്ര സിലബസുകളിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. രാമവര്‍മപുരത്തു പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിനെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആയി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് അധ്യാപകരെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് മാതൃഭാഷയായുള്ളവരെ ചുമതലപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയകരമെന്നുകണ്ടാല്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ പരിശീലിപ്പിക്കുന്നതിനും ഇവരെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

No comments: