Wednesday, October 5, 2011

അധ്യാപക പാക്കേജിന്റെ പേരില്‍ നിയമനാവകാശം കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല: സ്കൂള്‍ മാനേജേഴ്സ് അസോ.



ചെറുതോണി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്ന പാക്കേജിന്റെ മറവില്‍ അധ്യാപക നിയമനാവകാശം മാനേജര്‍മാരില്‍നിന്നു കവര്‍ന്നെടുക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നു കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍. പാക്കേജിലെ നിര്‍ദേശമനുസരിച്ച് നിലവില്‍ എല്ലാ സ്കൂളുകളിലേയും സ്പെഷലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്ത് ടീച്ചേഴ്സ് ബാങ്കില്‍ നിയോഗിക്കുകയും അവരുടെ സേവനം എല്ലാ സ്കൂളുകളിലും ലഭ്യമാക്കുകയും ചെയ്യും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പിഎസ്സി വഴിയാകും നികത്തുക. എയ്ഡഡ് സ്കൂളുകളിലെ മാനേജര്‍മാരുടെ നിയമനാവകാശം ഒരിക്കലും എടുത്തുമാറ്റില്ലെന്ന് പറയുന്ന സര്‍ക്കാര്‍ സ്പെഷലിസ്റ്റ് ടീച്ചേഴ്സിന്റെ നിയമനം ഇപ്പോള്‍ ബാങ്കുവഴിയും പിന്നീട് പിഎസ്്സി വഴിയും എന്നുള്ള നിര്‍ദേശം ഗവണ്‍മെന്റിന്റെതന്നെ പ്രഖ്യാപിത നയത്തിനെതിരാണ്.

സംരക്ഷിത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുമായി ഒരു വണ്‍ ടൈം സെറ്റില്‍മെന്റ് എന്ന രീതിയില്‍ മാനേജര്‍മാരുടെ നിയമനാവകാശം നിലനിര്‍ത്തികൊണ്ടുതന്നെ ഒരു സംരക്ഷിത അധ്യാപകനെ സ്കൂളുകളില്‍ സ്വീകരിക്കാം എന്ന മാനേജര്‍മാരുടെ തുറന്ന നിലപാട് ഭാവിയില്‍ പിഎസ്്സി വഴി നിയമനം നടത്താനുള്ള സമ്മതമായി തെറ്റായി വ്യാഖ്യാനിച്ചാല്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.

സ്പെഷ്യലിസ്റ്റ് അധ്യാപകനാണെങ്കിലും അനധ്യാപകനാണെങ്കിലും എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനാവകാശം മാനേജര്‍മാരുടേത് തന്നെയായിരിക്കെ കുറേപേരെ മാനേജര്‍മാരും കുറേപേരെ പിഎസ്്സിയും നിയമിക്കാനുള്ള നിര്‍ദേശം നിലവിലുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണ്.

അതുപോലെ 2006 - 07 മുതല്‍ കെഇഎആര്‍ ചട്ടപ്രകാരം അനുവദനീയമായ ഡിവിഷനുകള്‍ ചില ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിച്ച് അനുവദിക്കാതിരുന്നപ്പോള്‍ ആ ഡിവിഷനുകളില്‍ നിയമിതരായവരുടെ നിയമനാംഗീകാരം ഈ പാക്കേജിന്റെ പശ്ചാത്തലത്തില്‍ തടസപ്പെടുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. സമാന തസ്തികകളില്‍ മറ്റ് ജില്ലകളില്‍ നിയമിതരായവരുടെ നിയമം അംഗീകരിച്ചുകിട്ടുമ്പോള്‍ ഇത്രയുംവര്‍ഷം ജോലിചെയ്ത കുറേ അധ്യാപകരുടെ നിയമനവും അംഗീകരിക്കാനുള്ള നിര്‍ദേശം ഈ പാക്കേജിലുണ്ടാകേണ്ടതാണ്.

ജോലിചെയ്യാതെ നില്‍ക്കുന്ന അധ്യാപകരെ സംരക്ഷിക്കുവാന്‍ താത്പര്യം കാണിക്കുന്ന സര്‍ക്കാര്‍ അനുവദനീയമായ തസ്തികകളില്‍ ജോലിചെയ്ത അധ്യാപകരോട് മാനുഷിക പരിഗണനയെങ്കിലും കാണിക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ആവശ്യപ്പെട്ടു

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് ഇന്ത്യ പുറത്തിറക്കി


 
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കംപ്യൂട്ടര്‍ ഇന്ത്യ പുറത്തിറക്കി. 2250 രൂപയാണ് ആകാശ് എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്റെ വില. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ടാബ്ലറ്റ് വിതരണം ചെയ്യുന്നത്. പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് തുടക്കത്തില്‍ ടാബ്ലറ്റ് നല്‍കുക. ടാബ്ലറ്റിന്റെ പകുതി വില സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ഫലത്തില്‍ വിദ്യാര്‍ഥികള്‍ക്കു 1125 രൂപയ്ക്കു ടാബ്ലറ്റ് കംപ്യൂട്ടര്‍ ലഭിക്കും.

ഐഐടിയാണ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആകാശ് ടാബ്ലറ്റ് കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ആന്‍ഡ്രോയിഡ് ടാബ്ലറ്റുകളുടെ എല്ലാ സവിശേഷതകളും ആകാശ് ടാബ്ലറ്റിലുണ്ട്. 7 ഇഞ്ച് ടച്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിംഗ് സോഫ്റ്റ്വയര്‍ എന്നിവയാണ് ടാബ്ലറ്റിലുള്ളത്. എച്ച്ഡി വീഡിയോ കോ പ്രൊസസര്‍ മികച്ച ദൃശ്യശ്രാവ്യ അനുഭവം നല്‍കും. 3ജിയും വൈഫൈയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇബുക്ക് റീഡറായും ടാബ്ലറ്റ് ഉപയോഗിക്കാം. ഹൈദരാബാദിലാണ് ടാബ്ലറ്റിന്റെ നിര്‍മാണം നടക്കുന്നത്. ഇതുവരെ ഒരു ലക്ഷം ആകാശ് ടാബ്ലറ്റുകള്‍ നിര്‍മിച്ചെന്നാണ് റിപ്പോര്‍ട്ട്.
-deepika

No comments: