Monday, October 24, 2011

കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി

 : 25 Oct 2011

തിരുവനന്തപുരം: 2012 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച് സ്‌കൂളുകളില്‍ യു. ഐ. ഡി. നമ്പര്‍ നല്‍കുന്നതിനുള്ള എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ക്കായിരിക്കും. ഏകോപനം ഐ. ടി Pസ്‌കൂള്‍ പ്രോജക്ടായിരിക്കും. ഇതനുസരിച്ച് ഓരോ കുട്ടിയുടെയും കെ. വൈ. ആര്‍. ഭാഗത്തു പറയുന്ന കാര്യങ്ങള്‍ (പേര്, ജനന തീയതി, ലിംഗം, അച്ഛന്റെ പേര്, അമ്മയുടെ പേര്, വിലാസം, പിന്‍കോഡ്) നിര്‍ബന്ധമായും നല്‍കണം. ഇതുകൂടാതെ സ്‌കൂള്‍ കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പരും റേഷന്‍ കാര്‍ഡ് നമ്പരുണ്ടെങ്കില്‍ അതും കെ. വൈ. ആര്‍. പ്ലസായി നല്‍കണം.

ഫോമുകള്‍ പൂരിപ്പിക്കേണ്ടതും വെരിഫൈ ചെയ്യേണ്ടതും കുട്ടിയുടെ സഹായത്തോടെ അതത് ക്ലാസ് ടീച്ചര്‍മാരാണ്. പൂരിപ്പിച്ച ഫോറം കുട്ടി വീട്ടില്‍ കാണിച്ച് രക്ഷിതാക്കളുടെ അംഗീകാരം വാങ്ങണം. ക്ലാസ് ടീച്ചറിന്റെ ഒപ്പും സ്‌കൂളിന്റെ സീലും പതിച്ച ഓരോ കുട്ടിയുടേയും രജിസ്‌ട്രേഷന്‍ ഫോറം എന്റോള്‍മെന്റ് തീയതിക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിക്കണം. സര്‍ക്കുലര്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.

9,10 ക്ലാസ്സുകളെ പ്ലസ്ടുവിനോട് ചേര്‍ക്കരുത്



കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്‍േറയും, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും പേരില്‍ 9,10 ക്ലാസ്സുകളെ ഹയര്‍സെക്കണ്ടറിയുമായി ഏകോപിപ്പിക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി. പ്രസന്നകുമാറും ജന. സെക്രട്ടറി ഷാജു പുത്തൂരും ആവശ്യപ്പെട്ടു.


ഇന്ത്യയിലെ പതിനൊന്നോളം സംസ്ഥാനങ്ങളില്‍ 11,12 ക്ലാസ്സുകള്‍ മാത്രമായി ജൂനിയര്‍ കോളേജ്, സീനിയര്‍ സെക്കണ്ടറി എന്നീ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ ആധാരമാക്കിയുള്ള നിര്‍ദേശം കേരളത്തിലും നടപ്പാക്കാനുദ്ദേശിക്കുന്നത് കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ഗൂഢശ്രമം മാത്രമാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംയുക്തമായി സമരം ചെയ്യുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പു നല്‍കി.


ടീച്ചേഴ്‌സ് ബാങ്ക്: നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് ടീച്ചേഴ്‌സ് ബാങ്ക് രൂപവത്കരിക്കുന്നതിന് സര്‍ക്കാരുണ്ടാക്കിയ നിബന്ധനകള്‍ എയ്ഡഡ് സ്‌കൂളുകളുടെ നടത്തിപ്പിന് വിഘാതവും സ്‌കൂള്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിപരീതവുമാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി. അതിനാല്‍ ഇപ്പോഴത്തെ ഉത്തരവിലെ നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്നുകാട്ടി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.


2011 മാര്‍ച്ച് 31ന് ശേഷം പെന്‍ഷന്‍, പ്രൊമോഷന്‍, മരണം, രാജി മുതലായ കാരണങ്ങളാല്‍ ഉണ്ടാകുന്ന റെഗുലര്‍ വേക്കന്‍സിയില്‍ നടത്തിയ നിയമനങ്ങള്‍ മാത്രമേ 2011-12ല്‍ അംഗീകരിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതുകാരണം 2011 ഒക്ടോബര്‍ ഒന്നിനുമുമ്പ,് എട്ടുമാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ലീവ് വേക്കന്‍സികളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതെവരുമെന്നും നിലവിലുള്ള വ്യവസ്ഥപ്രകാരം ഇത്തരം നിയമനങ്ങള്‍ ശമ്പളസെ്കയില്‍ വ്യവസ്ഥയില്‍ സ്ഥിരമായി അംഗീകരിക്കപ്പെടേണ്ടതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


വിദ്യാര്‍ഥി-അധ്യാപക അനുപാതം ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒഴിവുകളില്‍ ഒരു സ്‌കൂളില്‍ ഒന്ന് എന്ന ക്രമത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന്റെ ബാങ്കിലേക്ക് നല്‍കണമെന്നാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റിന് ലഭിക്കുന്ന മിച്ചമുള്ള ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം നടത്താനുള്ള അധികാരം നിഷേധിച്ചിരിക്കുകയാണ്. പകരം താത്കാലികാടിസ്ഥാനത്തിലുള്ള വിന്യാസം സര്‍ക്കാര്‍ നടത്തുമെന്നു പറഞ്ഞിരിക്കുന്നത് മാനേജ്‌മെന്റുകളുടെ നിയമനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. മാനേജ്‌മെന്റുകള്‍ക്ക് ഇന്നുള്ള നിയമനാധികാരം നിലനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.


ഒഴിവുകള്‍ ഡി.പി.ഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.പി.ഐ. അത് പി.എസ്.സി. മോഡലില്‍ നോട്ടിഫൈ ചെയ്യണമെന്നും തുടര്‍ന്ന് ആവശ്യമായ പരസ്യം നല്‍കിവേണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നുമുള്ള വ്യവസ്ഥയും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കെ.ഇ.ആറിലെ നിലവിലെ വ്യവസ്ഥ തന്നെ തുടരണം.


സ്‌പെഷല്‍ ടീച്ചേഴ്‌സിന്റെ നിയമനം അടുത്ത വര്‍ഷം മുതല്‍ പി. എസ്.സി. വഴിയായിരിക്കുമെന്നതും അംഗീകരിക്കാവുന്നതല്ല. അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും കമ്മിറ്റിയുടെ ഘടന വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന് പുറത്തുള്ള ആളുകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് അനുവദിക്കാനാവില്ല. ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്ന അധ്യാപകേതര ജീവനക്കാരുടെ ശമ്പളവും സര്‍വീസും ക്രമപ്പെടുത്തുന്നതുസംബന്ധിച്ച് യാതൊന്നും ഈ ഉത്തരവില്‍ പറയുന്നില്ല.


ടീച്ചേഴ്‌സ് ബാങ്കിന്റെ പേരില്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിവേദനത്തില്‍ എന്‍.എസ്.എസ്. ചൂണ്ടിക്കാട്ടുന്നു.

ക്ലസ്റ്റര്‍ യോഗം പ്രഹസനമാക്കരുത്-കെ.എസ്.ടി.എ

കോട്ടയം:അധ്യാപകരുടെ തുടര്‍ പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

ഏഴാം ക്ലാസ്സുവരെയുള്ള ക്ലസ്റ്ററുകള്‍ ഈ മാസം 29ന് അധ്യാപകസംഗമമാക്കാനാണ് നിര്‍ദ്ദേശം. എസ്.എസ്.എ.യില്‍ ട്രെയിനര്‍മാരെ നിയമിക്കാത്തതിനാല്‍ പരിശീലനം നല്‍കാന്‍ ആളില്ല. എസ്.എസ്.എ.യുടെ സ്റ്റേറ്റ് ഓഫീസില്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെയും ട്രെയിനര്‍മാരെയും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പൊതുവിദ്യാലയങ്ങളെ ക്ഷീണിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ആവശ്യപ്പെട്ടു.

No comments: