Tuesday, October 4, 2011

പറയാന്‍ ദുരിതകഥകളനവധി ചുള്ളിക്കോട് സ്‌കൂളിലെ കുട്ടികള്‍ ഇന്ന് മന്ത്രിയെ കാണും

 05 Oct 2011

അരീക്കോട്: കോടതിയുടെ കനിവില്‍ 2007 മുതല്‍ പ്രവര്‍ത്തിക്കുന്ന ചുള്ളിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബുധനാഴ്ച അരീക്കോട്ടെത്തി വിദ്യാഭ്യാസ മന്ത്രിയെ കാണും. ഇവരുടെ സ്‌കൂളില്‍ സ്ഥിരം അധ്യാപകരില്ല. ജോലി ക്രമീകരണാടിസ്ഥാനത്തില്‍ മറ്റു വിദ്യാലയങ്ങളില്‍നിന്നുള്ള നാല് അധ്യാപകരാണുള്ളത്. ഇവര്‍ക്ക് ശമ്പളവും മറ്റും മാതൃവിദ്യാലയത്തില്‍ തന്നെ. പ്രധാനാധ്യാപക തസ്തികപോലും ഇല്ലാത്തതുകൊണ്ട് പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുപോലും ശമ്പളം ലഭിക്കാന്‍ ബില്ലില്‍ ഡി.ഇ.ഒ ഒപ്പുവെക്കണം. ലീവും മറ്റ് ആനുകൂല്യങ്ങളും പാസാക്കാനും നൂറുകൂട്ടം കടമ്പകളുണ്ട്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെല്ലാം ജൂലായ് 15 തീയതിവെച്ച് തസ്തിക നിര്‍ണയം നടക്കുമ്പോള്‍ ഈ വിദ്യാലയത്തിനുമാത്രം ആ ചടങ്ങുമില്ല. ആവശ്യത്തിനുള്ള അധ്യാപകരെ നിയമിക്കുന്നതും ശമ്പളം നല്‍കുന്നതും സ്‌കൂള്‍ പി.ടി.എ ആണ്. സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ കുട്ടികളെ ഈ വിദ്യാലയത്തിലയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് വലിയ താത്പര്യമില്ല.

ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലായി മൊത്തം 370 കുട്ടികളാണുള്ളത്. കഴിഞ്ഞ രണ്ട് എസ്.എസ്.എല്‍.സി ബാച്ചുകള്‍ക്കും 96 ശതമാനത്തിലധികം വിജയവുമുണ്ട്. തങ്ങളുടെ പരിദേവനങ്ങള്‍ക്ക് ഇനിയെങ്കിലും പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കുട്ടികള്‍ മന്ത്രിയെ കാണുന്നത്.

ആറുകോടി മുടക്കിയ എം.ആര്‍.എസ്.കെട്ടിടം അടച്ചുപൂട്ടലിന്റെ വക്കില്‍
 04 Oct 2011


ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ആദിവാസിക്കുടികള്‍ക്കുവേണ്ട ആറുകോടി ചെലവഴിച്ച് നിര്‍മിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ മാലിന്യപ്രശ്‌നംമൂലം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഹോസ്റ്റല്‍ കെട്ടിടത്തിലെ കക്കൂസ് മാലിന്യം ടാങ്കിലേക്ക് പോകാതെ മുറികളില്‍ വ്യാപിക്കുന്നതും ജനാലകളും വാതിലുകളും ഉപയോഗിക്കാന്‍ കഴിയാത്തതും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.

2002ലാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നാലുകോടി 90 ലക്ഷം അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണച്ചുമതല. എട്ടു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

2010ല്‍ സര്‍ക്കാര്‍ ബാക്കി തുകകൂടി അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി. 2011 സപ്തംബര്‍ 27ന് പട്ടികവര്‍ഗ വകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സൗകര്യക്കുറവില്‍ ജില്ലാ പഞ്ചായത്ത് താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ സപ്തംബര്‍ 22ന് പുതിയ കെട്ടിടത്തിലേക്ക് മാറി.

200 ആദിവാസിക്കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ കക്കൂസ്മുറികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉപയോഗശൂന്യമായി. കുളിമുറിയില്‍ വെള്ളം തുറന്നുവിട്ടാല്‍ കക്കൂസിലൂടെ പുറത്തേക്ക് തള്ളി കിടപ്പുമുറികളില്‍ വ്യാപിക്കുകയാണ്. ഇതുമൂലം കക്കൂസുകളും കിടപ്പുമുറികളും അടച്ചുപൂട്ടി. കുട്ടികള്‍ക്ക് ഭക്ഷണം പാകംചെയ്യുന്ന സ്ഥലത്തെ അഴുക്കുവെള്ളം ഒഴുകിപ്പോകാന്‍ പൈപ്പുകളോ ഓടയോ ഇല്ലാത്തതിനാല്‍ ഹോസ്റ്റലിനു സമീപം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്.


പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറികളിലെ ജനാലകളും വാതിലുകളും അടയ്ക്കാന്‍ കഴിയില്ല. വാതിലുകള്‍, കട്ടിളകള്‍ സ്ഥാപിക്കാതെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റലിലെ വൈദ്യുതി ഉപകരണങ്ങള്‍ പകുതിയിലധികം പ്രവര്‍ത്തനരഹിതമാണ്. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ തുരുമ്പിച്ച് നശിച്ച നിലയിലാണ്. ലൈറ്റിന്റെ സ്വിച്ച് ഇട്ടാല്‍ ഫാനാണ് പ്രവര്‍ത്തിക്കുക.

കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ കക്കൂസ് പൈപ്പുകള്‍ പൊട്ടി മാലിന്യം ഒഴുകുകയാണ്. മണ്ണിട്ട് മൂടിയാണ് അധികൃതര്‍ ദുര്‍ഗന്ധത്തില്‍നിന്ന് താത്കാലികമായി രക്ഷനേടുന്നത്.

മണ്ണിനടിയില്‍ കുഴിച്ചിടാതെ സ്ഥാപിച്ചിരിക്കുന്ന പൈപപ്പുകള്‍ പൊട്ടി നശിച്ച നിലയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമോയെന്ന ഭീതിയിലാണ് സ്‌കൂള്‍ അധികൃതര്‍.


എം.ആര്‍.എസ്. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.


എലിപ്പനി ജാഗ്രതാ യാത്രയുമായി കീഴൂരിലെ കുട്ടികള്‍
05 Oct 2011




കീഴൂര്‍ കീഴൂര്‍ ജി.എഫ്.യു.പി. സ്‌കൂളിലെ 66 വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം സമീപത്തെ 60 വീടുകളില്‍ എലിപ്പനി ജാഗ്രതാ യാത്ര നടത്തി. വിവിധതരം പനികളെക്കുറിച്ചും മാലിന്യം നീക്കംചെയ്യാത്തതിന്റെ ദോഷങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ മുതിര്‍ന്നവര്‍ക്ക് ക്ലാസെടുത്തു. സ്‌കൂളിലെ ഹരിതസേനയുടെയും ആരോഗ്യ ക്ലബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രധാനാധ്യാപകന്‍ സേവ്യര്‍ ആന്റണി, അനില്‍ മണിയറ, രഞ്ജിനി കാനാവീട്, പി.ടി.ലീല, എ.വി.മണി, പി.സുനിത എന്നിവര്‍ നേതൃത്വംനല്കി. 
ഓണപ്പരീക്ഷയ്ക്ക് ചെലവായ മുഴുവന്‍ തുകയും നല്‍കണം: കെഎസ്ടിഎ



പാലക്കാട്: ഓണപ്പരീക്ഷയ്ക്ക് ചെലവായ മുഴുവന്‍ തുകയും നല്‍കണമെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഓണപ്പരീക്ഷ നടത്താന്‍ ചോദ്യപേപ്പര്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഫോട്ടോസ്റ്റാറ്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ നല്ലൊരുതുക വിദ്യാലയങ്ങള്‍ക്ക് ചെലവായിട്ടുണ്ട്. നൂറുകണക്കിന് പേജുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തിരുന്നു. ഒരുപേജിന് ഒരുരൂപ നല്‍കാമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ അത് 50 പൈസയായി കുറച്ചിരിക്കുകയാണ്. ചെലവായ തുകയുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തതാണ് സര്‍ക്കാര്‍ അനുവദിച്ച തുക. അതിനാല്‍ മുഴുവന്‍തുകയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. യോഗത്തില്‍ ജില്ലാസെക്രട്ടറി കെ എ ശിവദാസന്‍ , പ്രസിഡന്റ് പി നാരായണന്‍ , വേണുഗോപാല്‍ , അലി ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
 അധ്യാപക പാക്കേജ്: ഉത്തരവിറങ്ങി          

തിരുവനന്തപുരം: അധ്യാപക പാക്കേജ് നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് (ജിപിഒ നമ്പര്‍ 199/2011) ഇറങ്ങി. 10 പേജുള്ള പ്രാഥമിക ഉത്തരവാണ് ഈ മാസം ഒന്നാം തീയതി വച്ച് ചൊവ്വാഴ്ച ഇറക്കിയത്. അധ്യാപക തസ്തികകളില്‍ ശമ്പളം നല്‍കേണ്ടവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വിശദമായ ഉത്തരവ് അടുത്തയാഴ്ച ഇറങ്ങും. ഈ അധ്യയനവര്‍ഷം അധികമായി ഉണ്ടാകുന്ന അധ്യാപക തസ്തികകള്‍ 2013-14 അധ്യയനവര്‍ഷത്തിലായിരിക്കും അംഗീകരിക്കുക.

അതുവരെ ഈ തസ്തികകളിലേക്കുള്ള അധ്യാപകര്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യും. ഇതു സര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ അധ്യയനവര്‍ഷം വരെ സര്‍വീസില്‍ അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കാണു സ്ഥിരം ശമ്പളം ലഭിക്കുക. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, അഞ്ചു മുതല്‍ 10 വരെ ക്ളാസുകളിലേത് 1:35 ആയിരിക്കുമെന്നു പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍  പറയുന്നു.
--------------------------------------------------------------------------------------------------------










Education Package PDF Print E-mail
Tuesday, 04 October 2011 19:58
Scientific method of Appointment and Deployment of Teachers in Aided Schools - Implementation of Package
Order -G.O.(P) No.199/2011/G.Edn dated 01.10.2011(click here)


No comments: