Sunday, October 23, 2011

ഒമ്പതും പത്തും ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിക്കൊപ്പം ചേര്‍ക്കും -വിദ്യാഭ്യാസമന്ത്രി

24 Oct 2011

മലപ്പുറം: ഒമ്പതുമുതല്‍ 12വരെയുള്ള ക്ലാസുകളെ ഒന്നിച്ചാക്കി ഹയര്‍സെക്കന്‍ഡറി വകുപ്പ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ്. മലപ്പുറത്ത് കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ സംസ്ഥാനസമിതി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത വര്‍ഷത്തോടെ വിദ്യാഭ്യാസ മേഖലയെ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിലാക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയാണ് എതിര്‍പ്പില്ലാരേഖ നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ കാത്തുനിന്നത്. പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് എതിര്‍പ്പില്ലാരേഖ നല്‍കുന്നത് ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും ഒരു അനുമതി സര്‍ട്ടിഫിക്കറ്റില്‍ പല സ്‌കൂളുകള്‍ പലയിടത്തും ശാഖകളായി പ്രവര്‍ത്തിക്കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും വിദ്യാഭ്യാസരംഗത്തെ ന്യായമായ എല്ലാ ആവശ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
നിബന്ധന പിന്‍വലിക്കണം-ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

കാഞ്ഞങ്ങാട്: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.യും അംഗീകാരവും നല്‍കാന്‍ മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്നതടക്കം നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കാസര്‍കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി.മുഹമ്മദ്കുഞ്ഞി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഏക്കര്‍ സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലവിലുള്ള സ്‌കൂളുകള്‍ക്കും ബാധകമാക്കിയതിനാല്‍ നിരവധി സി.ബി.എസ്.ഇ.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തടസ്സം നേരിടുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എന്‍.ഒ.സി.ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ ഒന്നില്‍ നിന്ന് ജനവരി 30 ആക്കുക, കേന്ദ്രീയ വിദ്യാലയങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തി.

ഇത് ഹരിതപാഠത്തിന്റെ ഹരിശ്രീ


പാടങ്ങളൊക്കെ കാണാമറയത്തായപ്പോള്‍ പാഠശാലയ്ക്കരികില്‍ നെല്‍കൃഷിയുടെ ഹരിതപാഠമെഴുതുകയാണ് പെരുവയല്‍ സെന്റ് സേവ്യേഴ്‌സിലെ കുട്ടികള്‍. പാഠപുസ്തകത്തിലുള്ളത് സ്‌കൂള്‍ മുറ്റത്തിനരികെ യാഥാര്‍ഥ്യമായി പച്ചപിടിച്ചപ്പോള്‍, അത് സ്വന്തം കൈകള്‍കൊണ്ടായപ്പോള്‍ അത് കുട്ടികളില്‍ ഉണ്ടാക്കിയ ആവേശവും ആഹ്ലാദവും ചെറുതല്ല. സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് അര ഏക്കര്‍ സ്ഥലത്ത് നെല്ലും തൊട്ടടുത്തായി പയറും വെണ്ടയും കയ്പയും മത്തനും കൃഷി തുടങ്ങിയപ്പോള്‍ അത് പാടങ്ങളില്‍ നിന്ന് പാടത്തേക്ക് കാര്‍ഷിക സംസ്‌കൃതിയുടെ വഴിതുറക്കലായി.

കൃഷിയിറക്കലും അതിന്റെ പരിചരണവും ഒരു ജീവിതമാര്‍ഗം മാത്രമല്ല. ജീവിതരീതിയും സംസ്‌കാരവുമാണെന്ന പാഠം കുട്ടികള്‍ ഇതിലൂടെ തിരിച്ചറിയുന്നു. സൗഹൃദത്തിന്റെ കന്നിപ്പാടത്തിലൂടെ മുന്നേറുമ്പോള്‍ നിലമൊരുക്കുന്നതിലെയും വിത്ത് തിരഞ്ഞെടുക്കുന്നതിലെയും ശ്രദ്ധയും മുളച്ചുപൊന്താനായി കാത്തിരിക്കുന്നതിലെ ക്ഷമയും സംരക്ഷിക്കുന്നതിലെ സ്‌നേഹവും പൂവും കതിരുമണിയുമ്പോഴുണ്ടാകുന്ന ആഹ്ലാദവും അധ്വാനത്തിലെ സഹകരണവും കുട്ടികള്‍ അറിഞ്ഞു.

വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും വിലയറിയുന്ന മാതൃകാ കര്‍ഷകന്‍ എം.പി. ജയപ്രകാശാണ് ആദ്യ ഞാറ്റ്പിടി ചെളിയിലൂന്നി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കാര്‍ഷിക ക്ലബ്ബിലെ കരുന്നുകള്‍ ഞാറ് നട്ടു. പി.ടി.എ. പ്രസിഡന്റ് കെ.എം. സഹദേവന്റെ നേതൃത്വത്തില്‍ പി.ടി.എ. കമ്മിറ്റിയും പ്രധാനാധ്യാപിക സിസ്റ്റര്‍ ഷോജിയുടെ നേതൃത്വത്തില്‍ അധ്യാപകരും ഉപദേശ നിര്‍ദേശങ്ങളുമായി കൃഷിഓഫീസര്‍ അജയ് അലക്‌സും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരുമൊക്കെ പാടത്തിറങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് ശരിക്കും ആവേശമായി. കൃഷിയോടൊപ്പം അന്താരാഷ്ട്ര വനവര്‍ഷത്തില്‍ ഭൂമിക്ക് 101 തണല്‍മരങ്ങളും കുട്ടികള്‍ നട്ടു.

സ്‌കൂള്‍ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് അസ്മാബി ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം

No comments: