Wednesday, October 26, 2011

ആകാശകാഴ്ചകളില്‍ കൂവിപ്പാഞ്ഞ്....


 27-Oct-2011
കോഴഞ്ചേരി: ഒരുപാട് കാഴ്ചകളും അതിലേറെ വിശേഷങ്ങളുമായി പഠനയാത്ര സ്വപ്നസാക്ഷാല്‍ക്കാരമായതിന്റെ ആഹ്ലാദത്തിലാണ് നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്കൂളിലെ കുട്ടികള്‍ . ആകാശമാര്‍ഗ്ഗെ ഗമിച്ചും കൂവിപ്പാഞ്ഞും കുട്ടികള്‍ ഒരു ദിവസം മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലായിരുന്നു. വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ച കുട്ടികള്‍ക്ക് പഠനയാത്ര അവിസ്മരണീയ അനുഭൂതിയാണ് ഒരുക്കിയത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള നല്ലാനിക്കുന്ന് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ ബിനു ജേക്കബ് നൈനാന്റെ നേതൃത്വത്തിലാണ് പഠനയാത്രയെ നൂതനവല്‍ക്കരിച്ചത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എറണാകുളത്തേക്ക് പോയ സംഘം നഗരക്കാഴ്ച കണ്ട് കായലും കപ്പല്‍ശാലയും കണ്ട് ബോള്‍ഗാട്ടി പാലസിലേക്ക് ഉല്ലാസ യാത്രയും നടത്തി രാത്രി വേണാട് എക്സപ്രസിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വിമാനം ആകാശത്തിലൂടെ പറന്നുപോകുന്നതും ട്രെയിനുകള്‍ ടെലിവിഷന്‍ ചാനലുകളിലുടെ കൂകിപ്പായുന്നതും മാത്രം കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വിമാനത്തിലും ട്രെയിനിലും കയറുന്നതിന് അവസരം ലഭിച്ചതില്‍ അഭിമാനമാണുള്ളത്. അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദേശം രക്ഷാകര്‍ത്താക്കളും സഹഅധ്യാപകരും വിദ്യാര്‍ഥികളും സന്തോഷത്തോടെ നടപ്പിലാക്കുകയാണുണ്ടായത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അലീനയും ആദിത്യനും നന്ദനയും ഒക്കെ അടങ്ങിയ 22 അംഗ സംഘമാണ് പഠനയാത്രയില്‍ പങ്കെടുത്തത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു കാട്ടുന്ന ഈ വിദ്യാലയം ആകാശ-ട്രെയിന്‍ യാത്രയിലൂടെ പഠനയാത്രയിലും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഒരു കുട്ടിക്ക് വിമാനയാത്രയ്ക്ക് 1400 രൂപ വീതമാണ് ചെലവായത്. അഞ്ച് അധ്യാപകരും വിനോദസഞ്ചാരസംഘത്തില്‍ ഉണ്ടായിരുന്നു. എറണാകുളത്തെത്തിയ സംഘം ബോള്‍ഗാട്ടി പാലസ്, മറൈന്‍ ഡ്രൈവ്, ഷിപ്പ്യാര്‍ഡ്, നഗരത്തിലെ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വൈകിട്ട് വേണാട് എക്സ്പ്രസില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് നല്ലാനിക്കുന്നിലും എത്തിയത്. സംഘത്തെ സ്വീകരിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഒന്നാകെ രാത്രിയില്‍ സ്കൂളിലെത്തിയത് പഠനസംഘത്തിന് ആവേശമായി മാറി.

ഞങ്ങള്‍ക്കും പന്തുകളിച്ചാലെന്താ- പെണ്‍കുട്ടികള്‍ ചോദിക്കുന്നു

തേഞ്ഞിപ്പലം: മത്സരങ്ങളില്‍ സഹപാഠികളായ ആണ്‍കുട്ടികളുടെ പന്തുതട്ടല്‍ കണ്ട് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളാരെങ്കിലും മോഹിച്ചാല്‍ രക്ഷയില്ല. ഫുട്‌ബോള്‍ കമ്പക്കാരേറെയുള്ള കേരളത്തില്‍ സ്‌കൂള്‍ ഗെയിംസുകളുടെ പട്ടികയില്‍ ഇടംനേടാന്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന് ഇനിയും സാധിച്ചിട്ടില്ല. മത്സരിക്കാനും കാണാനുമൊക്കെ ആള്‍കുറവുള്ള വാട്ടര്‍ പോളോയിലും ടെന്നിക്കൊയിലുമൊക്കെ ദേശീയതലം വരെ മത്സരിക്കാന്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരം ലഭിക്കുന്ന സ്‌കൂള്‍ കായികമേളകളിലാണ് ഫുട്‌ബോള്‍ പടിക്ക് പുറത്തായത്.

ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ചിട്ടയായ ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന സംസ്ഥാനത്താണ് സ്‌കൂള്‍ കായികമേളയില്‍നിന്ന് പെണ്‍കുട്ടികളുടെ ഫുട്‌ബോളിനെ തഴഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ കായികമേളയിലുള്‍പ്പെടുത്തുമെന്ന് മാറിമാറി വരുന്ന കായിക - വിദ്യാഭ്യാസ മന്ത്രിമാര്‍ വര്‍ഷാവര്‍ഷം പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് പരിശീലകരുടെ ആക്ഷേപം. പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസിലെ ഒരു മത്സരയിനമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിക്കുകയേ വേണ്ടതുള്ളൂ. പല കായികയിനങ്ങളിലും മത്സരിക്കാന്‍ വേണ്ട ആളെ കണ്ടെത്താന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന സര്‍ക്കാറിനും അധികൃതര്‍ക്കും ജനങ്ങള്‍ക്ക് താത്പര്യമുള്ള ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ചെറിയ ഉത്തരവിറക്കാന്‍ പോലുമാകുന്നില്ലെന്ന് പരിശീലകര്‍ കുറ്റപ്പെടുത്തുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെല്ലാം ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടികളുണ്ട്. ഇപ്പോള്‍ സീനിയര്‍ തലത്തില്‍ സംസ്ഥാനത്തിനും ജില്ലകള്‍ക്കും വേണ്ടി മത്സരിക്കുന്നവരെല്ലാം പഠനകാലയളവില്‍ത്തന്നെ പരിശീലനം തുടങ്ങിയവരാണ്. ഫുട്‌ബോള്‍ സ്‌കൂള്‍ കായികമേളയിലില്ലാത്തതിനാല്‍ ഇവര്‍ക്കെല്ലാം അവകാശപ്പെട്ട ഗ്രേസ് മാര്‍ക്കടക്കമുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്തു. യാതൊരു പ്രോത്സാഹനവും ലഭിക്കാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനമാകേണ്ട പെണ്‍കുട്ടികളെല്ലാം പാതിവഴിയില്‍ പരിശീലനം മതിയാക്കി രംഗം വിടാറാണ് പതിവ്.

ഗ്രേസ് മാര്‍ക്കിന് പുറമെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള അവസരവും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ്. 1997-98ല്‍ കശ്മീരില്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ദേശീയ ഫുട്‌ബോള്‍ മത്സരത്തില്‍ പരിശീലകനായ ഗബ്രിയേല്‍ ജോസഫ് മുന്‍കൈയെടുത്ത് കേരള ടീമിനെ പങ്കെടുപ്പിച്ചിരുന്നു. അന്ന് ഓപ്പണ്‍ സെലക്ഷനിലൂടെയാണ് സംസ്ഥാനടീമിനെ കണ്ടെത്തിയത്. പിന്നീട് ഈ രീതിക്കും ആരും മുന്‍കൈയെടുത്തില്ല.

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് വിമന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ എം. ഫൗസിയ മുട്ടാത്ത വാതിലുകളില്ല. ഇത്തവണത്തെ സ്‌കൂള്‍ ഗെയിംസിന് മുമ്പും അവര്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പണം കെട്ടിവെച്ചാലേ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന്റെ ദേശീയ സ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കാനാവൂ എന്നാണത്രെ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ച മറുപടി. അതേസമയം സംസ്ഥാനത്തെ വിവിധ തലങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ ഇത് മത്സരയിനമാക്കുന്നതിനെക്കുറിച്ച് യാതൊരു മറുപടിയും അധികൃതര്‍ നല്‍കിയതുമില്ല.
വിജ്ഞാനവും കൗതുകവും പകര്‍ന്ന് ചലച്ചിത്രദൃശ്യവിരുന്ന്

ചവറ: സിനിമയുടെ സങ്കേതങ്ങള്‍ കുഞ്ഞുമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ച ദൃശ്യാനുഭവവും ക്ലാസ്സും വിദ്യാലയാന്തരീക്ഷത്തില്‍ കൗതുകം പകര്‍ന്നു. ചവറ കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചലച്ചിത്രരംഗത്തെ വിവിധ വശങ്ങളെപ്പറ്റി വിജ്ഞാനത്തിന്റെ ചെപ്പുതുറന്നത്. വിവിധ ഭാഷകളിലെ വിഖ്യാത സിനിമകളില്‍നിന്നുള്ള ക്ലിപ്പിങ്ങുകള്‍ പ്രദര്‍ശിപ്പിച്ച്, അവയില്‍ ദൃശ്യവിന്യാസം, എഡിറ്റിങ്, ഡബ്ബിങ്, തിരക്കഥ തുടങ്ങിയവ എങ്ങനെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് വിശദമാക്കുന്നതായിരുന്നു പഠനക്ലാസ്. യുനെസ്‌കോ പാരീസില്‍ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം മേളയിലെ അവാര്‍ഡുജേതാവ് അനന്തകൃഷ്ണന്‍, വിഷ്ണു എന്നിവര്‍ ക്ലാസ് നയിച്ചു. സ്‌കൂളിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പഠനക്ലാസ്സിന്റെ ഉദ്ഘാടനം ചവറ തുളസി നിര്‍വഹിച്ചു. ജെ.മോഹനന്‍ പിള്ള, എല്‍.മിനി, ആര്‍.ബി.ശൈലേഷ്‌കുമാര്‍, ശ്യാമളകുമാരി, ശ്രീഹരി, കെ.നടരാജന്‍ എന്നിവര്‍ സംസാരിച്ചു.
മലയാളം നിര്‍ബന്ധഭാഷയായില്ല; ഉത്തരവ് കണ്ണില്‍ പൊടിയിടല്‍

തിരു: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കണ്ണില്‍പൊടിയിടല്‍ . ഉത്തരവിറങ്ങി ഒന്നരമാസമാസത്തിലേറെയായിട്ടും ഒരു സ്കൂളില്‍പോലും ഇത് നടപ്പായില്ല. സെപ്തംബര്‍ ഒന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. അധികമായി പഠിപ്പിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ എസ്സിഇആര്‍ടി ഡയറക്ടര്‍ ഒരു നടപടിയുമെടുത്തില്ല. വിഎച്ച്എസ്ഇയില്‍ മലയാളം പഠിക്കാന്‍ അവസരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിഎച്ച്എസ്ഇ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല. പ്ലസ്ടുവില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധഭാഷയായിരിക്കണമെന്നും കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള കുട്ടികള്‍ക്ക് ഇവ ഒന്നാംഭാഷയായി പഠിക്കുന്നതിനോടൊപ്പം മലയാളംകൂടി പഠിക്കാന്‍ സാഹചര്യം ഒരുക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പ്രധാനമായും നിര്‍ദേശിച്ചിരുന്നത്. മലയാളം നിര്‍ബന്ധ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ ചിലര്‍ എതിര്‍പ്പ്പ്രകടിപ്പിച്ചുവെന്ന പേരില്‍ മലയാളം നിര്‍ബന്ധഭാഷയായിമാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ട്ട് രണ്ട് മലയാളം പാഠാവലി കൂടുതല്‍ ഫലപ്രദമായി പഠിപ്പിക്കുന്നതിന് ആഴ്ചയില്‍ രണ്ടിനുപകരം മൂന്നു പീരിയഡുകള്‍ നീക്കിവയ്ക്കാന്‍ ചൊവ്വാഴ്ചയിലെ ടൈംടേബിള്‍ എട്ടു പീരിയഡായി പുനഃക്രമീകരിച്ച് ഒരു അധിക പീരിയഡ് കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. മലയാളപഠനം നിലവിലില്ലാത്ത അറബി, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ പാര്‍ട്ട് രണ്ട് രണ്ട് പേപ്പറാക്കുകയും ഒന്നാംപേപ്പര്‍ ഇപ്പോഴുള്ള പാര്‍ട്ട് രണ്ടും രണ്ടാം പേപ്പര്‍ മലയാളമാക്കുക എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ സ്കൂളുകള്‍ മലയാളം പഠിപ്പിക്കുന്നതിന് മൂന്നു പീരിയഡ് അധികം കണ്ടെത്തുകയും വേണമായിരുന്നു. എന്നാല്‍ , ഇവയൊന്നും നടപ്പായിട്ടില്ലെന്ന് അധ്യാപകസംഘടനകള്‍ പറഞ്ഞു. മലയാള പഠനത്തിനുള്ള ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനുതന്നെ താല്‍പ്പര്യമില്ലാത്തപ്പോള്‍ നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളിലും ഭാഷാപ്രതിജ്ഞയെടുക്കണമെന്ന നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ നിലപാട് പരിഹാസ്യമായിരിക്കയാണ്.
അമ്മമാരുടെ കൈപ്പുണ്യത്തില്‍ പറമ്പില്‍ക്കടവ് സ്കൂളില്‍ ഉച്ചയൂണ്

പറമ്പില്‍ ബസാര്‍ : പറമ്പില്‍ക്കടവ് എംഎഎംയുപി സ്കൂളിലെ ആയിരത്തി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് അമ്മമാരുടെ കൂട്ടായ്മയില്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് "എന്റെ കറി" പദ്ധതി ആരംഭിച്ചു. ആഴ്ചയില്‍ ഒരു ദിവസം ഒരു ക്ലാസ് ഡിവിഷനിലെ അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തെ വിഭവസമൃദ്ധമാക്കുന്ന പരിപാടിയാണിത്. പാചകവും വിളമ്പലുമായി അമ്മമാര്‍ ഒത്തുചേര്‍ന്നത് നവ്യാനുഭവമായി. സ്കൂളില്‍ പതിവു വിഭവത്തിനു പുറമെ കൂട്ടുകറി, എരിശ്ശേരി, ഉപ്പേരി, മോര്, തൈര് എന്നിവയൊരുക്കി. കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ മഞ്ജുള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം കെ സുജയകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മിക്കുട്ടി, പഞ്ചായത്തംഗം ഷിനു, സി കെ വിനോദ്കുമാര്‍ , മാതൃസമിതി ചെയര്‍പേഴ്സണ്‍ പി നിഷ, പി എം സൈനബ, സി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി പി പ്രകാശന്‍ സ്വാഗതവും എം രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. 
കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു: മണ്ണറിഞ്ഞ് കൊയ്തുകേറാന്‍

കോട്ടക്കല്‍ : "തന്തിനം തിനം... തനതിനന്തിനം തനതിന തിന തന്തിനം നെല്‍ക്കതിരുകള്‍ ആടി ആടി നമുക്ക് നമ്മുടെ വയലില് ഞാറ്റുവേല ഏറ്റുപാടും നമുക്ക് നമ്മുടെ വയലില്... ഉഴുതുമറിച്ച വയലില്‍ യൂണിഫോമിട്ട കുട്ടികളുടെ പാട്ടുയര്‍ന്നു. ചേറിലൂടെ ചെറുചിരിയുമായി നൂറോളം വിദ്യാര്‍ഥികള്‍ ഞാറുനട്ടു. വെയിലിനെ വകവെക്കാതെ കുരുന്നുകള്‍ മണ്ണറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കും ആവേശം. ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളന്റിയര്‍മാരും ഹരിതസേനാ അംഗങ്ങളുമാണ് കുറ്റിപ്പുറം പാടത്തെ രണ്ടേക്കറില്‍ ഞാറുനട്ടത്. മണ്ണറിയാം വിത്തെറിയാം എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. കര്‍ണാടക ജയ വിത്ത് മുളപ്പിച്ച ഞാറാണ് നട്ടത്. രാജാസിലെ കുട്ടികള്‍ക്ക് കൃഷി പുതുകാര്യമല്ല. നെല്‍കൃഷി കൂടാതെ സ്കൂള്‍പറമ്പില്‍ പച്ചക്കറി, വാഴ, വൃക്ഷതൈ എന്നിവ കുട്ടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ മത്സ്യകൃഷിയും നടത്തുന്നുണ്ട്. ഹരിതസേനയുടെ നേതൃത്വത്തില്‍ മരവും കുട്ടിയും എന്ന സംഗീതശില്‍പ്പവും അവതരിപ്പിക്കുന്നുണ്ട്. ഇതിനകം നൂറോളം വേദികളില്‍ "മരവും കുട്ടിയും" അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ സ്കൂള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.  
"വെളിച്ചം" പദ്ധതിക്ക് തുടക്കമായി

കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വഴിയൊരുക്കുന്നതിന് എസ് ശര്‍മ എംഎല്‍എ ആവിഷ്കരിച്ച "വെളിച്ചം" തീവ്ര വിദ്യാഭ്യാസപദ്ധതിക്കു തുടക്കമായി. വിദ്യാഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും സംരക്ഷണം ഉറപ്പാക്കാനുമുള്ള പദ്ധതി മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. മണ്ഡലത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ പദ്ധതിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 25,000 വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പദ്ധതി ആക്കംകൂട്ടും. സാധാരണക്കാരായ വിദ്യാര്‍ഥികളെ സ്വാശ്രയ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മത്സരത്തിന് പ്രാപ്തരാക്കുന്ന ഈ പദ്ധതി മറ്റു മണ്ഡലങ്ങളില്‍ നടപ്പക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി കെ വി തോമസ് നിര്‍വഹിച്ചു. വെളിച്ചം പദ്ധതിക്ക് തുടര്‍ച്ചയുണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. തീരദേശമേഖലയായ വൈപ്പിനെ വിദ്യാഭ്യാസരംഗത്ത് വളരെയധികം മുന്നോട്ടു നയിക്കാന്‍ പദ്ധതിക്കു സാധിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണകരമായ മാറ്റത്തിന് തുടക്കംകുറിക്കുന്ന വലിയ സംരംഭത്തിനാണ് വെളിച്ചത്തിലൂടെ തുടക്കമായതെന്നും കെ വി തോമസ് പറഞ്ഞു. ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. വിദ്യഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന വൈപ്പിന്റെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന്അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കരിക്കുലത്തിനനുസരിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് വെളിച്ചം ആവിഷ്കരിച്ചതെന്നും ശര്‍മ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഏറ്റുവാങ്ങി. വെളിച്ചം പദ്ധതിയുടെ നിയോജകമണ്ഡലം ചെയര്‍മാന്‍ സിപ്പി പള്ളിപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ വി കെ ബാബു, കെ ആര്‍ സുഭാഷ്, എം ജെ ടോമി, വിജയ മോഹന്‍ , അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍ , എലിയാമ്മ ഐസക്, ചിന്നമ്മ ധര്‍മന്‍ , ടി ജി വിജയന്‍ , ആന്ദവല്ലി ചെല്ലപ്പന്‍ , ടാജി റോയി, ഷീബ ജയിംസ്, എ കെ ദിനകരന്‍ , ശാന്തിനി പ്രസാദ്, അഡ്വ. ടി ആര്‍ നിലേഷ്, ഡോ. കെ എസ് ജോണ്‍സണ്‍ പങ്കേത്ത്, ശിവദാസ് നായരമ്പലം എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ പി ഐ ഷേഖ് പരീത് സ്വാഗതവും വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളി നന്ദിയും പറഞ്ഞു


No comments: