Saturday, October 15, 2011

ഇംഗ്ലീഷ്‌സാഹിത്യ ചര്‍ച്ചയുമായി വിദ്യാര്‍ഥികള്‍ മയ്യഴിപ്പുഴയോരത്ത്

 16 Oct 2011

നാദാപുരം: ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ്‌കാല ഇംഗ്ലീഷ് സാഹിത്യാനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കാന്‍ മയ്യഴിപ്പുഴയോരത്തെത്തി.

പേരോട് എം.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് സാഹിത്യവേദി 'കൈതോലക്കൂട്ടം' അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് പിന്നിലെ മയ്യഴിപ്പുഴയോരത്ത് ഓപ്പണ്‍ഫോറവും നടന്നു.

ഭാഷകള്‍ സ്വായത്തമാക്കുന്നത് അവസരങ്ങളിലൂടെയാണെന്നും ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിന് ഇത്തരം സംരംഭങ്ങള്‍ സ്‌കൂളുകളില്‍ അത്യാവശ്യമാണെന്നും തോമസ്‌കാല ചൂണ്ടിക്കാട്ടി. മുപ്പത് വര്‍ഷത്തിലേറെ ബ്രിട്ടനിലായിരുന്ന തോമസ്‌കാല അടുത്തിടെയാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്. മൂന്ന് നോവലുകള്‍ ഇതിനകം രചിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

'കൈതോലക്കൂട്ടം' കണ്‍വീനര്‍ സുബൈര്‍ തോട്ടക്കാട്ട് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത്, പ്രധാനാധ്യാപകന്‍ മരുന്നോളി കുഞ്ഞബ്ദുല്ല, ഇംഗ്ലീഷ് സാഹിത്യകാരന്‍ പി.എ. നൗഷാദ്, എം.എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ. ഹുസ്‌ന നസ്‌റിന്‍ സ്വാഗതവും സി.എച്ച്. മുഹമ്മദ് നന്ദിയും പറഞ്ഞു.

യുറീക്ക രസതന്ത്ര യാത്രക്ക് ഇന്ന് തുടക്കം

മലപ്പുറം: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുറീക്ക രസതന്ത്ര യാത്ര ഞായറാഴ്ച ആരംഭിക്കും. 21വരെ വരെ നീളുന്ന യാത്രയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് അനില്‍ ചേലേമ്പ്ര നിര്‍വഹിക്കും. അഞ്ച് ദിവസങ്ങളിലായി 40 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തുമെന്ന് ജില്ലാസെക്രട്ടറി ടി വി ജോയി, പ്രസിഡന്റ് വേണു പാലൂര്‍ , വൈസ് പ്രസിഡന്റ് ടി കെ വിമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേരിക്യൂറിയുടെ ജീവിതം ആസ്പദമാക്കി ബുണ്‍റാകു പാവനാടകം അവതരിപ്പിക്കും. ജാപ്പനീസ് പാവനാടക സങ്കേതമാണ് ബുണ്‍റാകു. രസതന്ത്ര പരീക്ഷണങ്ങള്‍ , രസതന്ത്ര പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ കെ കൃഷ്ണകുമാര്‍ , ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍ , സി പി സുഭാഷ് എന്നിവര്‍ കലാജാഥക്ക് നേതൃത്വംനല്‍കും
ചീക്കിലോട് യു.പി. സ്‌കൂളില്‍ ലളിതകലാ അക്കാദമി




ആയഞ്ചേരി: ചീക്കിലോട് യു.പി. സ്‌കൂളില്‍ ലളിതകലാ അക്കാദമി പ്രവര്‍ത്തനം തുടങ്ങി. പഠനത്തോടൊപ്പം ചിത്രകല, നൃത്തം, സംഗീതം, ഒപ്പന എന്നിവയിലും കുട്ടികള്‍ക്ക് പ്രാവീണ്യം നേടാനാണ് അക്കാദമി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള പ്രതിഭകളെ ആദരിച്ചു. വിവിധ പരീക്ഷാവിജയികള്‍ക്ക് സദാനന്ദന്‍ മണിയോത്ത്, അനില്‍ ആയഞ്ചേരി, ഒ.കെ. സാജിത എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

ടി.എം. താഹിര്‍ അധ്യക്ഷത വഹിച്ചു. കേശോത്ത് രവീന്ദ്രന്‍, കെ.സുരേഷ് ബാബു, മുഹമ്മദ് നാഷിദ്, എം. റഷീദ്, ടി.വി. കുഞ്ഞിരാമന്‍, സി.എച്ച്. മൊയ്തു എന്നിവര്‍ സംസാരിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കവിതാ ക്യാമ്പ്

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹൈസ്‌കൂള്‍/പ്ലസ്ടു തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ 29, 30 തീയതികളില്‍ കവിതാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ഉപജില്ല/ജില്ല/സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് മുന്‍ഗണന നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30-നകം സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpccOgmail.com എന്ന മെയിലിലോ അപേക്ഷിക്കണം. ഭക്ഷണവും താമസവും സൗജന്യമായിരിക്കും. തുടര്‍ന്ന് മറ്റുള്ള ജില്ലകളിലും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍ അറിയിച്ചു. പ്രവൃത്തിദിനങ്ങളില്‍ 0471-2311842 എന്ന ഓഫീസ് നമ്പരിലോ 9495407413 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടണം.
സി. ബി. എസ്. ഇ. മാനേജ്‌മെന്റിന് സര്‍ക്കാര്‍ കീഴടങ്ങിയാല്‍ പ്രക്ഷോഭം ആരംഭിക്കും - ജിഎസ്ടിയു

കോതമംഗലം: സിബിഎസ്ഇ സ്‌കൂള്‍ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍ റദ്ദു ചെയ്യിക്കാനുള്ള മാനേജ്‌മെന്റുകളുടെ സമ്മര്‍ദതന്ത്രങ്ങളില്‍ സര്‍ക്കാര്‍ കീഴടങ്ങിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ജിഎസ്ടിയു ആവശ്യപ്പെട്ടു. സ്ഥലസൗകര്യം കുട്ടികള്‍ക്കാവശ്യമായ ടോയ്‌ലറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ റദ്ദാക്കണമെന്നുള്ള മാനേജ്‌മെന്റുകളുടെ ആവശ്യങ്ങള്‍ ബാലിശമാണ്. നിലവിലുള്ള സ്‌കൂളുകളില്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഡിഇഒ പരിശോധിച്ച് ഉറപ്പുവരുത്തണം.

ചട്ടലംഘനം നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി പുതിയ സിബിഎസ്ഇ സ്‌കൂളുകള്‍ ആരംഭിക്കാന്‍ എന്‍ഒസി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. സിബി.ജെ.അടപ്പൂര്‍, വി.വി.മക്കാര്‍, ടി.വി.സക്കറിയ, സാബു.എം.കൊട്ടാരം, ജിന്‍സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വി.എ.മുഹമ്മദ് നന്ദി പറഞ്ഞു.

No comments: