11 Oct 2011
തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍ നിര്‍ണായകമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി. ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയത് ഒരു വിഭാഗം സ്‌കൂളുകളെ സഹായിക്കാനാണെന്നാണ് ആരോപണം.
മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്ന മാര്‍ഗനിര്‍ദേശത്തില്‍ പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സ്‌കൂള്‍ മാപ്പിങ് നടത്തിയശേഷമേ അനുമതി നല്‍കൂവെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ദൂരപരിധിയും നിശ്ചയിച്ചിരുന്നു. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുണ്ടെങ്കില്‍ അതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു.പി യുണ്ടെങ്കില്‍ അതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും ഹൈസ്‌കൂളുണ്ടെങ്കില്‍ അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നായിരുന്നു വ്യവസ്ഥ. ഈ നിര്‍ദേശം പുതിയ മാനദണ്ഡം വന്നപ്പോള്‍ അപ്രത്യക്ഷമായി.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയെ സംരക്ഷിക്കാന്‍ ഇത്തരമൊരു നിബന്ധന വേണമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പൊതുമേഖലാ വിദ്യാലയങ്ങളിലും കേന്ദ്ര സിലബസ് സ്‌കൂളുകളിലും കുട്ടികളെ വിടുന്നത് രണ്ടുതരം രക്ഷിതാക്കളാണെന്നും ദൂരം സംബന്ധിച്ച നിബന്ധന പാലിക്കേണ്ടതില്ലെന്നുമാണ് നിലവിലുളള സര്‍ക്കാര്‍ നിലപാട്. രക്ഷിതാക്കളുടെ താത്പര്യത്തിനനുസൃതമായി കുട്ടികളെ ചേര്‍ക്കാനുള്ള സൗകര്യമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ കരുതുന്നു.
അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെയെ സ്‌കൂള്‍ തുടങ്ങാനാകൂവെന്ന നിബന്ധനയും നേരത്തെ നിലവിലുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളുടെ താത്പര്യംകൂടി പരിഗണിച്ചേ തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂവെന്നതായിരുന്നു ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനം. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോളും നിര്‍ദേശിച്ചിട്ടില്ല. സര്‍ക്കാരിന്റെ അംഗീകാരം നേടാനും സ്‌കൂള്‍ തുടങ്ങാനും തദ്ദേശസ്ഥാപത്തിന്റെ അനുമതിയെക്കുറിച്ചും പുതിയ മാര്‍ഗനിര്‍ദേശം മൗനം പാലിക്കുന്നു.
300 കുട്ടികള്‍ വേണമെന്ന നിബന്ധന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടെങ്കിലും അഞ്ചും ഏഴും ക്ലാസ് വരെ മാത്രമുള്ള സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നുണ്ട്. പത്താംക്ലാസ് വരെയില്ലാത്ത സ്‌കൂളുകളില്‍ 300 കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതിയില്ലാത്തതാണ് ഇവരുടെ എതിര്‍പ്പിന് കാരണം. അഞ്ച് വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കാനും പ്രയാസമില്ല. ഇതിനായി സ്‌കൂളധികൃതര്‍ നല്‍കുന്ന സത്യവാങ്മൂലം മതി. ഇക്കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിരക്കില്‍ ശമ്പളം നല്‍കണമെന്ന നിര്‍ദേശം നടപ്പാകണമെങ്കില്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തണം. ഇപ്പോള്‍തന്നെ കൂടുതല്‍ തുകയ്ക്ക് ഒപ്പിട്ടുവാങ്ങിയശേഷം പകുതി ശമ്പളം പോലും അധ്യാപകര്‍ക്ക് മാനേജര്‍മാര്‍ നല്‍കാറില്ല. ബാങ്ക് വഴി അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും അതിന് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.
ഇതേസമയം പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ പരിമിതമായ സ്‌കൂളുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കേണ്ടിവരൂ എന്നാണ് അധികൃതര്‍ കരുതുന്നത്.
No comments:
Post a Comment