Thursday, December 22, 2011

ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കുന്നു

23 Dec 2011

ആദ്യവര്‍ഷം ആറ് മാസം ഇളവ്

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം. സ്‌കൂളില്‍ ചേരാനുള്ള പ്രായം ഒരു വര്‍ഷം കൊണ്ട് ആറ് വയസ്സാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ആദ്യവര്‍ഷമെന്ന നിലയില്‍ ആറ് മാസത്തെ ഇളവ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കാം. ഇതോടെ അടുത്ത അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം അഞ്ചര വയസ്സായിരിക്കും.


വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഒന്നില്‍ ചേരാനുള്ള പ്രായം ആറാക്കികൃത്യപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുന്നതിനുള്ള പ്രായം ആറ് വയസ്സായി ഏകീകരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിനാല്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കേരളത്തിന് മാത്രമായി ഒഴിവാക്കാനാകില്ല.


എന്നാല്‍ നിയമം നടപ്പാക്കുന്നതിന് ചട്ടം രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രായോഗിക നിലപാടെന്ന നിലയില്‍ ആദ്യവര്‍ഷം ആറ് മാസത്തെ ഇളവ് നല്‍കുക. അടുത്ത പടിയായി ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കര്‍ക്കശമാക്കും.


ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളിലും മറ്റും ഇപ്പോള്‍ പ്രവേശനം നടന്നുവരികയാണ്. ജനവരിയില്‍ത്തന്നെ മിക്ക സ്‌കൂളുകളിലും അഡ്മിഷന്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധനയുള്ളതിനാല്‍ ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പില്‍ അന്വേഷണം നടത്തിവരികയായിരുന്നു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിലുള്ള ശുപാര്‍ശ വകുപ്പ് മന്ത്രിയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിരിക്കയാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു.


ജൂണ്‍ ഒന്നിന് ആറ് വയസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ആലോചിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ആറ് മാസത്തെ ഇളവ് നല്‍കാമെന്നാണ് ശുപാര്‍ശയിലെ ഉള്ളടക്കം.


ഒരു വര്‍ഷം നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നുവരുന്നത്. ഇക്കുറി ആറില്‍ നിന്ന് അഞ്ചര വയസ്സിലേക്ക് പ്രായം കുറയ്ക്കുന്നതോടെ മൂന്നിലൊന്ന് കുട്ടികളെങ്കിലും അടുത്ത വര്‍ഷം ഒന്നില്‍ കുറയുമെന്നാണ് കരുതുന്നത്. ഒന്നുരണ്ട് വര്‍ഷങ്ങളിലൂടെയേ ഈ രീതി മാറി പൂര്‍വസ്ഥിതിയിലാകൂ. മുന്‍ വര്‍ഷംതന്നെ ഒന്നില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കാന്‍ മുന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപക തസ്തികയെയും ബാധിക്കുമെന്നതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു. അതേസമയം അധ്യാപക പാക്കേജ് പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപകരുടെ ജോലിയെ ബാധിക്കില്ല.


മുന്‍വര്‍ഷം വരെ സര്‍വീസില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി അധ്യാപക ബാങ്ക് രൂപവത്കരിച്ചതിനാല്‍ ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാകില്ല. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കി നിഷ്‌കര്‍ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്.
 
കുട്ടിക്കൂട്ടായ്മയില്‍ ഗ്രാമംമുഴുവന്‍ ക്രിസ്മസ് നക്ഷത്രം



അരീക്കോട്: ഊര്‍ങ്ങാട്ടിരി കുത്തുപറമ്പ് ഗ്രാമത്തിലെങ്ങും വ്യാഴാഴ്ച ക്രിസ്മസ് നക്ഷത്രമുയര്‍ന്നു. കേട്ടാല്‍ഞെട്ടുന്ന വിലകൊടുത്ത് നാട്ടുകാര്‍ നക്ഷത്രങ്ങള്‍വാങ്ങി തൂക്കുകയായിരുന്നില്ല. മറിച്ച് ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച നക്ഷത്രങ്ങളാണ് നാടിന് ക്രിസ്മസ് ശോഭയേറ്റിയത്. കുത്തുപറമ്പ് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഈ പുതിയ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.


ഡിസംബറിലെ തൊഴില്‍പരിശീലനത്തിന്റെ ഭാഗമായി പഴയ പത്രത്താളുകള്‍ ഉപയോഗിച്ച് അധ്യാപിക എം. ലിനിതകുമാരിയാണ് കുട്ടികളെ നക്ഷത്രനിര്‍മാണം പരിശീലിപ്പിച്ചത്. മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു പരിശീലനം. എന്നാല്‍ മറ്റ് കുട്ടികള്‍ക്കും ക്രിസ്മസ് നക്ഷത്രം നിര്‍മിച്ചുനല്‍കാന്‍ പരിശീലനം ലഭിച്ചവര്‍ തയ്യാറായി. ഇതോടെ സ്‌കൂളിലെ ഓരോ കുട്ടിക്കും വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച ക്രിസ്മസ് നക്ഷത്രം ഓരോ വീടുകളിലുമെത്തിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് കുത്തുപറമ്പ് ഗ്രാമം മുഴുവന്‍ ക്രിസ്മസ് നക്ഷത്രങ്ങളാല്‍ അലംകൃതമായത്.


ഓണം, റംസാന്‍ തുടങ്ങി വിവിധ ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുള്ള വിദ്യാലയത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായി ക്രിസ്മസ് ആഘോഷിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നക്ഷത്രമൊരുക്കിയപ്പോള്‍ പി.ടി.എ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കേക്കുകള്‍ നല്‍കി ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷച്ചടങ്ങുകള്‍ക്ക് അധ്യാപകരായ എം.ടി. ഇബ്രാഹിം, എം. ലിനിതകുമാരി, കെ. അബ്ദുനാസര്‍, രഞ്ജിത് കരുമരക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി
സഹവാസ ക്യാമ്പ് ശ്രദ്ധേയമായി


ബന്തടുക്ക: മായിപ്പാടി ഡയറ്റിലെ അധ്യാപകവിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. മുന്നാട് എ.യു.പി.സ്‌കൂളിലാണ് അധ്യാപകവിദ്യാര്‍ഥികള്‍ ക്യാമ്പിനായി ഒത്തുചേര്‍ന്നത്. മുന്നാട് എ.യു.പി.സ്‌കൂളിലെ നാലാം തരത്തിലെ 33 വിദ്യാര്‍ഥികളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പരിചയപ്പെടല്‍, ഇന്ത്യ ഓസ്‌ട്രേലിയ കളി, പെട്ടിയ്ക്കകത്ത് എന്ത്, പൂവ് നിര്‍മാണം, നാടന്‍പാട്ട് രചനയും അവതരണവും, കണക്കിലെ കളികള്‍എന്നീ പരിപാടികള്‍ ചെറിയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പുതുമയുള്ളതായി മാറി. ആകൃതിക്കളി, നക്ഷത്ര നിര്‍മാണം, നിധി കണ്ടുപിടിക്കാമോ, കായിക പരിശീലനം, പ്രാര്‍ഥന, സിനിമ പ്രദര്‍ശനം, ക്യാമ്പ് ഫയര്‍ എന്നീ പരിപാടികള്‍ ആദ്യദിനം നടത്തി.


രണ്ടാംദിനം കായികപരിശീലനമാണ്. ശാസ്ത്രപരീക്ഷണങ്ങള്‍, അന്താരാഷ്ട്ര വനവര്‍ഷ ക്ലാസ്, ഇംഗ്ലീഷ് ക്ലാസ്, നാടക നിര്‍മാണവും അവതരണവും എന്നിവയുമുണ്ടാകും. അധ്യാപകവിദ്യാര്‍ത്ഥികളായ സുജീഷ്‌കുമാര്‍, വിനോദ് കുമാര്‍, ജയപ്രകാശ്, കെ.രേഷ്മ, കെ.ബീന, ഹെന്ന നിസ്‌നിന്‍, റാബിയ, ആയിഷ, സാറ, സ്റ്റെനി, സന്ധ്യ, രശ്മി എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.സി.മധു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.എം.ജോണി സ്വാഗതവും, സുജീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
മണ്ണിന്റെ മക്കളെ അടുത്തറിയാന്‍ വിദ്യാര്‍ഥികളുടെ യാത്ര

നീലേശ്വരം: ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ആദിവാസി ജീവിതം അടുത്തറിയുന്നതിനായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പഠനയാത്ര നടത്തി. അട്ടപ്പാടി ബ്ലോക്കിലെ താഴെമുള്ളി, മേലെ മുള്ളി എന്നിവിടങ്ങളിലെ ഇരുള, മുദുഗ, കുറുമ്പ വിഭാഗക്കാരുടെ ആദിവാസി ഊരുകളാണ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചത്.


ആദിവാസികളുടെ ജീവിതം നേരിട്ട് കാണുകയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പാഠപുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ആദിവാസി ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അറിവുകളാണ് നേര്‍ക്കാഴ്ചയില്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 50 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ആദിവാസികളുടെ ആതിഥ്യം സ്വീകരിച്ച് ഊരില്‍ താമസിക്കുകയും അവരുടെ തനത് കലാരൂപമായ ഇരുള നൃത്തത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഗോത്രഭൂമി ചീഫ് എഡിറ്റര്‍ രാജേന്ദ്രപ്രസാദ്, ആദിവാസി നേതാക്കളായ രാമു കോട്ടത്തറ, മുരുഗന്‍, ശിവാള്‍, പണലി, എന്‍.എസ്.എസ്. പ്രോഗ്രോം ഓഫീസര്‍ എം.ജയചന്ദ്രന്‍, അധ്യാപകരായ പി.ഹരീഷ്‌കുമാര്‍, അനൂപ് പെരിയാല്‍, കെ.റീത്ത, എം.ഗീത, വളണ്ടിയര്‍ ക്യപ്റ്റന്‍മാരായ ടി.പ്രവീണ്‍ രാജ്, എ.വി.ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.



2 comments:

Feroze (tau) said...

ഇന്നാണ് വിസിറ്റ് ചെയ്തത്. നന്നായിട്ടുണ്ട്. ഏറ്റവും ലീഡ് ബ്ലോഗ്‌ സ്കൂള്‍ വിഷയത്തില്‍ മത്സ് ബ്ലോഗ്‌ ആണെന്ന് പറയാം. എന്നാലും തരക്കേടില്ല., വായനക്കാര്‍ക്കായി സ്കൂള്‍ വിഷയങ്ങള്‍ക്ക്‌ കേരളത്തിലെ ലീഡിംഗ് ബ്ലോഗ്‌ ആയ www .mathematicsschool .blogspot.com/സന്ദര്‍ശിച്ചു നോക്കാവുന്നതാണ്. ഡെയിലി അപ്പ്‌ ടെടിംഗ്.പിന്നെ ഈ വിനീതന്റെ ബ്ലോഗ്ഗിലും ധാരാളം സ്കൂള്‍ ബ്ലോഗുകള്‍ ചേര്‍ത്തിട്ടുണ്ട്. അതിലേക്കു പോകാന്‍ കമെന്റിന്റെ മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്കി പോകാവുന്നതാണ്. my blog is www.educationkeralam.blogspot.com

Maths blog:-

http://mathematicsschool.blogspot.com/

drkaladharantp said...

പ്രിയ ഫിറോസ്‌ എന്‍റെ വിദ്യാഭ്യാസ ബ്ലോഗുകള്‍ മൂന്നെണ്ണം ഉണ്ട്
അതില്‍ ചൂണ്ടുവിരല്‍ അക്കാദമിക മുന്നേറ്റങ്ങളുടെയും ആശയങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുള്ളത്
http://learningpointnew.blogspot.com/
സന്ദര്‍ശിക്കുമല്ലോ
മറ്റൊന്ന് ബ്രിടനിലെ സ്കൂള്‍ അനുഭവങ്ങള്‍ .അതും താങ്കളെ നിരാഷപ്പെടുത്തില്ലെന്നു കരുതുന്നു
http://pallikkoodamyaathrakal.blogspot.com
സന്ദര്‍ശനത്തിനു നന്ദി
സ്നേഹം