Wednesday, February 6, 2013

ഒന്നാംഭാഷാ ഉത്തരവ് അറബിക്കടലില്‍


Newspaper Edition
Posted on: 07 Feb 2013

പി. പവിത്രന്‍


സഹിഷ്ണുതയുടെ സൗന്ദര്യബോധം നമ്മുടെ മക്കളിലേക്കും പടരണമെങ്കില്‍ എല്ലാവരും മാതൃഭാഷ പഠിക്കുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്


''നമ്മള്‍ ഇവിടെ സമ്മേളിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷ നമ്മുടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാംഭാഷയായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്പടിക്കല്‍ ഭാഷാസ്‌നേഹികള്‍ നിരാഹാരസമരം നടത്തുന്നുവെന്നത് നമ്മള്‍ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ സംബന്ധിച്ച് ലജ്ജാകരംതന്നെയാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും പാഠ്യപദ്ധതിയില്‍ അതതിടത്തെ മാതൃഭാഷയ്ക്ക് ഇല്ലാത്ത ദുരനുഭവം കേരളത്തില്‍ മലയാളത്തിനുണ്ടായത് ഇക്കാലമത്രയായിട്ടും നമുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ബഹുമാനപ്പെട്ട അംഗം പ്രകടിപ്പിച്ച ഉത്കണ്ഠ ന്യായമാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലുമെന്നല്ല, നമ്മുടെ സംസ്ഥാന പരീക്ഷാബോര്‍ഡിനുകീഴിലുള്ള വിദ്യാലയങ്ങളില്‍പ്പോലും മാതൃഭാഷ ഒന്നാംഭാഷയല്ല എന്നത് വലിയ കുറച്ചിലാണ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ നമ്മുടെ വിദ്യാഭ്യാസവകുപ്പിനും കരിക്കുലംകമ്മിറ്റികള്‍ക്കും മനപ്പൂര്‍വമോ അല്ലാതെയോ പറ്റിയ തെറ്റാണിത്. മാതൃഭാഷ പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാമെന്ന അവസ്ഥയാണുള്ളത്'' -സ്വയം ലജ്ജിച്ചുകൊണ്ട് കേരള നിയമസഭയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളെ നോക്കി 2010ഡിസംബര്‍ 22ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയാണിത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഭാഷാസ്‌നേഹികളെ ചൂണ്ടിക്കാട്ടി സഭാംഗമായ സി.പി. മുഹമ്മദ് അവതരിപ്പിച്ച ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് വി.എസ്. ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വി.എസ്. സര്‍ക്കാറിന്റെ അവസാനനാളുകളില്‍ 2011 മെയ് ആറിനാണ് മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ മുന്‍ഗണനയിലുണ്ടായിരുന്ന ഒന്നായിരുന്നില്ല മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുക എന്ന നയം. അങ്ങനെയായിരുന്നെങ്കില്‍ അത് ഈ അവസാനനാളുകളിലേക്ക് മാറ്റിവെക്കേണ്ടതുണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തോളം സമരമായും എഴുത്തായും പ്രസ്താവനകളായും ഇക്കാര്യത്തില്‍ വന്ന പ്രതിഷേധമാണ് സര്‍ക്കാറിനെക്കൊണ്ട് അന്ന് ആ നടപടിയെടുപ്പിച്ചത്. 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ നിരവധി മുഖപ്രസംഗങ്ങള്‍ എഴുതി. പ്രൊഫ. സുകുമാര്‍ അഴീക്കോട്, എം.ടി., ഒ.എന്‍.വി. തുടങ്ങിയവര്‍ അനേകം പ്രസ്താവനകള്‍ ഇറക്കി. കേരളത്തിലെ മാതൃഭാഷാ സ്‌നേഹികളുടെ സംഘടനകളായ മലയാള ഐക്യവേദിയും മലയാളസമിതിയും മലയാള സംരക്ഷണവേദിയും 'ഐക്യമലയാളപ്രസ്ഥാന'മെന്ന പേരില്‍ ഒറ്റക്കെട്ടായി ഭരണ, പ്രതിപക്ഷഭേദമില്ലാതെ സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനുമുമ്പില്‍ സമരവുമായെത്തി. ഈ സാഹചര്യവും വി.എസ്. വ്യക്തിപരമായി കാണിച്ച താത്പര്യവും ചേര്‍ന്നപ്പോഴാണ് മലയാളം നിര്‍ബന്ധിത ഒന്നാംഭാഷ എന്ന ഉത്തരവ് സംഭവിച്ചത്.

ചരിത്രപരമായിരുന്നു ആ ഉത്തരവ്. മറ്റൊരു ഭാഷയുടെയും പഠനസമയത്തെ ബാധിക്കാത്ത ആ ഉത്തരവില്‍ പ്രധാനമായി അഞ്ചുകാര്യങ്ങളാണ് പറഞ്ഞിരുന്നത്.

1. കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കും. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുപിരീഡായി പഠിപ്പിക്കുന്ന രണ്ടാംഭാഷയുടെ രണ്ടാംപേപ്പറിന് ഒരു പിരീഡുകൂടി ചേര്‍ത്ത് ഇനി മുതല്‍ പത്താംക്ലാസുവരെ മൂന്ന് പിരീഡ് മലയാളം പഠിപ്പിക്കണം.

2. മലയാളം തീരേ പഠിപ്പിക്കാതിരിക്കുന്ന, ബ്രിട്ടീഷുകാലത്ത് രൂപം നല്‍കപ്പെട്ട ഓറിയന്റല്‍ സ്‌കൂളുകള്‍ എന്ന പേരിലുള്ള വിദ്യാലയങ്ങളിലും പത്താംക്ലാസുവരെ ഇനിമുതല്‍ ആഴ്ചയില്‍ മൂന്നുപിരീഡ് മലയാളം പഠിപ്പിച്ചിരിക്കണം.

3. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാലയങ്ങളിലും മലയാളം പത്താം ക്ലാസുവരെ മൂന്ന് പിരീഡ് പഠിപ്പിച്ചിരിക്കണം. അതിന് സന്നദ്ധമല്ലാത്ത സ്‌കൂളുകള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത്.

4. കേരളത്തില്‍ ചില പ്ലസ്ടുസ്‌കൂളുകളില്‍ കുട്ടികള്‍ ആഗ്രഹിച്ചാല്‍പോലും മലയാളം രണ്ടാംഭാഷയായി പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം സ്‌കൂളുകളില്‍ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കാനുള്ള സാധ്യത ഉറപ്പാക്കണം. മലയാളം പഠിപ്പിക്കാത്ത പ്ലസ്ടു സ്‌കൂളുകള്‍ ഇനി ഉണ്ടായിരിക്കരുത്.

5. കേരളത്തിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാന്‍ അവസരമുണ്ടാകണം.

പ്രഖ്യാപനം ഗംഭീരം തന്നെ. മാതൃഭാഷാശിശു ആരോഗ്യവാനും സുന്ദരനുമാണ്. എന്നാല്‍, മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച സന്തതിക്ക് സംഭവിക്കുന്ന ഉപേക്ഷയാണ് ഈ ഉത്തരവിന് പിന്നീട് അനുഭവിക്കേണ്ടിവന്നത്. വഴിയിലുപേക്ഷിക്കപ്പെട്ട അതിനെ സംരക്ഷിക്കാന്‍ അനാഥമന്ദിരംപോലും ഉണ്ടായില്ല. അടുത്ത സര്‍ക്കാര്‍ വന്നു. ആദ്യം ഈ ഉത്തരവ് ഈ വര്‍ഷം നടപ്പാക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതിന് പ്രതികരണങ്ങളുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് പറഞ്ഞു. 2011 ജൂണ്‍ 27-ന് ഇതുകാണിച്ച് ഒരു ഉത്തരവ് ഇറങ്ങി. വിചിത്രമായിരുന്നു ആ ഉത്തരവ്. സാധാരണ ക്ലാസ്‌സമയത്തിന് മുമ്പോ ക്ലാസ് സമയത്തിന് ശേഷമോ മലയാളത്തിനുള്ള ഈ അധിക പിരീഡുകള്‍ പഠിപ്പിക്കാം. അതിനായി ഒരു ചില്ലിക്കാശും സര്‍ക്കാര്‍ ചെലവാക്കുന്നതുമല്ല. അവിഹിതസന്തതിക്ക് ചെലവുനല്‍കാന്‍ പിതാവ് തയ്യാറല്ലെന്നര്‍ഥം. തസ്തികയും പിരീഡുമില്ലാതെ മലയാളം പഠിപ്പിക്കാന്‍ കഴിയുമെന്ന അദ്ഭുതം! ഫിസികേ്‌സാ കെമിസ്ട്രിയോ എന്‍ജിനീയറിങ്ങോ മെഡിസിനോ പഠിപ്പിക്കാന്‍ അതത് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കണമെന്ന് വാദിക്കുന്നത് അതത് ബിരുദധാരികളുടെ തൊഴില്‍പ്രശ്‌നമല്ല, പൊതുപ്രശ്‌നവും വിദ്യാര്‍ഥികളുടെ അവകാശപ്രശ്‌നവുമാണ്. അത് മലയാളമാകുമ്പോള്‍ കേരളത്തിന്റെ പൊതുവായ സാംസ്‌കാരികപ്രശ്‌നവുമാണ്. എന്നാല്‍, മലയാളം പഠിപ്പിക്കാന്‍ പിരീഡും തസ്തികയും വേണമെന്ന് വാദിക്കുന്നത് അധ്യാപകരുടെ സ്വകാര്യപ്രശ്‌നം മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. പിരീഡും തസ്തികയുമില്ലാതെ എവിടെനിന്നോ അധ്യാപകവേഷം കെട്ടിയ ചിലര്‍ പ്രത്യക്ഷപ്പെട്ട് ഇല്ലാത്ത മണിക്കൂറുകള്‍ ഉണ്ടാക്കിവേണം മലയാളം പഠിപ്പിക്കാന്‍!

ഈ ഉത്തരവിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായപ്പോള്‍ മറ്റൊരു ഉത്തരവ് 2011 സപ്തംബര്‍ ഒന്നിന് വന്നു. അതുപ്രകാരം ഒരു ദിവസത്തെ എല്ലാ പിരീഡുകളില്‍നിന്നും അഞ്ചുമിനിറ്റുവീതം ശേഖരിച്ച് ഒരു പിരീഡുണ്ടാക്കണം. അത് ആരുപഠിപ്പിക്കും എന്ന കാര്യത്തില്‍ അപ്പോഴും വ്യക്തതയുണ്ടായില്ല. ഒടുവില്‍, ദിവസവേതനത്തില്‍ അധ്യാപകരെ ഡയറ്റിന്റെ ചെലവില്‍ ഇതിനായി നിയമിക്കാമെന്ന് 2012 മെയ് 10-ന്റെ സെക്രട്ടറിതലചര്‍ച്ചയില്‍ തീരുമാനമായി. എന്നിട്ടും ഉത്തരവിലെ ആത്മാര്‍ഥതക്കുറവ് അവ്യക്തതകളായി നിലനില്‍ക്കുന്നതുകൊണ്ട് പൊതുവിദ്യാലയങ്ങളില്‍പോലും അധികാരികള്‍ അധിക പിരീഡുകള്‍ പഠിപ്പിക്കാന്‍ തയ്യാറായില്ല. ഓറിയന്റല്‍ സ്‌കൂളുകള്‍, ഇംഗ്ലീഷ്മാധ്യമ വിദ്യാലയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുനടപടിക്കും തയ്യാറായതുമില്ല.

അതിനിടയില്‍ പുതിയ ഇംഗ്ലീഷ്മാധ്യമ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം എന്ന വകുപ്പിനെയും അവര്‍ ചോദ്യംചെയ്തു. മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എതിര്‍വാദത്തില്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെ ഇംഗ്ലീഷ് മീഡിയക്കാരന്‍ മലയാളം പഠിച്ചിരിക്കണമെന്നത് നിയമപരമായ ബാധ്യതയല്ലാതായി.

പൊതുവിദ്യാലയങ്ങളിലും ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിലും ഇങ്ങനെയാണ് ഇത് തള്ളപ്പെട്ടതെങ്കില്‍ ഒന്നാംഭാഷാ ഉത്തരവില്‍ പറഞ്ഞ പ്ലസ്ടുതലത്തിലെ അവസ്ഥയും തീരേ വ്യത്യസ്തമല്ല. പ്ലസ്ടുതലത്തില്‍ മലയാളം പഠിക്കാന്‍ അവസരമില്ലാത്ത സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള നിര്‍ദേശമോ അതിനുള്ള നടപടികളോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളമെടുത്ത് പഠിക്കാമെന്ന നിര്‍ദേശത്തിനാകട്ടെ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.

ഈ അവഗണനയുടെ പരകോടിയിലാണ് നമുക്ക് ക്ലാസിക്കല്‍പദവിയുടെ കോടികളുടെ വാഗ്ദാനം ലഭിക്കുന്നത്. പി.കെ. രാജശേഖരന്‍ മുമ്പ് ഒരു ലേഖനത്തില്‍ എഴുതിയതുപോലെ ക്ലാസില്‍ പഠിപ്പിച്ചിട്ടുമതി ക്ലാസിക്കല്‍ പദവി നേടേണ്ടത് എന്ന കാര്യത്തില്‍ നമുക്ക് യാതൊരു നിര്‍ബന്ധവുമുണ്ടായില്ല. തമിഴിന് ക്ലാസിക്കല്‍പദവി നേടുന്നതിനുമുമ്പ് ആ ഭാഷ ക്ലാസില്‍ പഠിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്ന് നാം മനസ്സിലാക്കണം. തമിഴ് നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് കോടതികളില്‍ ചോദ്യം ചെയ്യാതിരിക്കാന്‍ അവര്‍ അതിനായി ഒരു ബില്‍ നിയമസഭയില്‍ കൊണ്ടുവരികയാണ് ചെയ്തത്. അത്തരത്തില്‍ ഒന്നാംഭാഷാ ഉത്തരവ് സംരക്ഷിക്കുന്ന മട്ടിലുള്ള ഒരുബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ കേരളസര്‍ക്കാറും തയ്യാറാകണം. സ്വഭാഷയെ വീട്ടില്‍ പട്ടിണിക്കിട്ടുകൊണ്ട് പുറത്ത് അതിന് ആരോഗ്യശ്രീമാന്‍പദവി വേണമെന്ന് വാദിക്കുന്നത് അപഹാസ്യമാണ്.

മാതൃഭാഷാ വിദ്യാഭ്യാസത്തോട് ഇന്നോളമുള്ള സര്‍ക്കാറുകളുടെ സമീപനത്തില്‍ കണ്ടത് കേരളത്തിലെ പൊതുസമൂഹത്തിന്റെ മനോഭാവംകൂടിയാണ്. എന്നാല്‍, വിദ്യാഭ്യാസത്തില്‍ മാതൃഭാഷ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇന്ന് എല്ലാ അര്‍ഥത്തിലും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വിദ്യാഭ്യാസ അവകാശനിയമംതന്നെ,എട്ടാംതരംവരെയെങ്കിലും മാതൃഭാഷയാകണം പഠനമാധ്യമം എന്നുപറയുന്നത്‌നോക്കുക. മാതൃഭാഷാ വിദ്യാഭ്യാസം എങ്ങനെ ഒരു സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാന്‍ കെ. സേതുരാമന്‍ എഴുതിയ ഏറേ ചര്‍ച്ചചെയ്യപ്പെട്ട 'മലയാളത്തിന്റെ ഭാവി' എന്ന പുസ്തകം ഒന്ന്മറിച്ചുനോക്കുകയെങ്കിലും ചെയ്യുക. മലയാളിയുടെ സാംസ്‌കാരികമൂലധനമാണ് മലയാളം എന്ന ഭാഷയും അതില്‍ രചിക്കപ്പെട്ട സാഹിത്യവും. പുതിയ ലോകത്ത് സാമ്പത്തികരംഗത്തുപോലും ഭൗതിക ഉത്പന്നങ്ങളേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട് സാംസ്‌കാരിക ഉത്പന്നങ്ങള്‍. പത്രങ്ങളും പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും മറ്റുമുള്‍ക്കൊള്ളുന്ന നമ്മുടെ മാതൃഭാഷാവ്യവസായം പരമ്പരാഗത വ്യവസായങ്ങളേക്കാള്‍ സാമ്പത്തിക മേഖലയില്‍ പ്രധാനവുമാണ്.

എന്തുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മതസഹിഷ്ണുത കാണിക്കുന്നത് എന്ന കാര്യം പലപ്പോഴും നാം ചര്‍ച്ചചെയ്യാറുണ്ട്. അതിന് കാരണം തങ്ങളാണെന്ന് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും അവകാശവാദമുയര്‍ത്താറുമുണ്ട്. എന്നാ ല്‍, അതിന്റെ ശരിയായ ഉത്തരം നാമെല്ലാം ഒരേഭാഷയിലും സാഹിത്യത്തിലുമാണ് വളര്‍ന്നത് എന്നതാണ്. കേരളത്തില്‍ മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും പൊതുവായ മാതൃഭാഷയായ മലയാളം മതേതരത്വമെന്ന നമ്മുടെ ഭരണഘടനാമൂല്യത്തെക്കൂടി ഊട്ടിയുറപ്പിക്കുന്നതാണ് അത് തന്റേതല്ലാത്ത മതത്തിന്റെ മൂല്യങ്ങളെയും സൗന്ദര്യാത്മക മൂല്യങ്ങളായി സ്വാംശീകരിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു. (ഇതല്ല മറ്റു സംസ്ഥാനങ്ങളില്‍ പലയിടത്തും. വ്യത്യസ്തമതങ്ങള്‍ ഭാഷകൊണ്ടുതന്നെ പരസ്​പരപ്രവേശമില്ലാതെ വേറിട്ടുനില്‍ക്കുന്നു). മാതൃഭാഷാവിദ്യാഭ്യാസം കിട്ടാത്തപുതിയ തലമുറയാണ് വര്‍ഗീയതയിലേക്ക് വീഴുന്നതും. സഹിഷ്ണുതയുടെ സൗന്ദര്യബോധം നമ്മുടെ മക്കളിലേക്കും പടരണമെങ്കില്‍ എല്ലാവരും മാതൃഭാഷ പഠിക്കുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കോടതി ഈ കാര്യം പരിഗണിക്കേണ്ടതായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ, നേട്ടങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ ചിത്രം നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ അഭിനന്ദനവാക്യങ്ങളും വെച്ചാണ് ഒന്നാംഭാഷാ ഉത്തരവ് നല്‍കിയിരുന്നത്. അഴീക്കോടിന്റെ ആത്മാവ് രോഷാകുലമാകാതിരിക്കാനെങ്കിലും അദ്ദേഹം അന്തരിച്ച് ഒരുവര്‍ഷം കഴിയുന്ന ഈ വേളയില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. അതായിരിക്കും അദ്ദേഹത്തിന് ഏറ്റവും ഉചിതമായ സ്മാരകവും.

(ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ തിരൂര്‍ കേന്ദ്രം, തിരുന്നാവായയിലെ അസോ. പ്രൊഫസറാണ് ലേഖകന്‍)

Friday, June 1, 2012

സഹപാഠിക്കൊരു വാഴ നട്ട്, പീലിക്കോട്ടെ കുട്ടികള്‍ ക്ലാസിലേക്ക്..



: 01 Jun 2012


അധ്വാനത്തിന്റെ പാഠമാണ് പിലിക്കോട് സ്‌കൂളിലെ കുട്ടികള്‍ കാണിച്ചുതരുന്നത്. ക്ലാസ്മുറിയിലെ ഉന്നത വിജയവുമായി പ്ലസ്ടു ക്കാര്‍ പടിയിറങ്ങിയെങ്കിലും അവര്‍ ബാക്കിവച്ച പ്രകൃതിസ്‌നേഹം വരുംവര്‍ഷം നടപ്പാക്കുകയാണിവര്‍. അവര്‍ അതിനൊരു പേരിട്ടു. ഹരിത ജീവനം.ഒട്ടേറെ നേട്ടങ്ങള്‍ നാടിന് നല്‍കിയ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച പുതിയ പദ്ധതിയാണ് ഹരിത ജീവനം.

ഇതിന്റെ ഭാഗമായി പിലിക്കോട് കൃഷിഭവനുമുന്നില്‍ ദേശീയപാതയോരത്ത് 110 വാഴകള്‍ വീണ്ടും നട്ടു നനയ്ക്കുകയാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കഴിഞ്ഞവര്‍ഷത്തിന്റെ കാര്‍ഷികത്തുടര്‍ച്ച.കൃഷിസംസ്‌കാരത്തിന്റെ അടയാളമായ പിലിക്കോടിന്റെ കാവല്‍ക്കാരാണ് ഈ പദ്ധതി ഉദ്ഘാടനംചെയ്തത്. അവധിക്കാലത്തിന്റെ പുലര്‍വേളയും വൈകുന്നേരവും ഇവര്‍ ഹരിത ജീവനത്തിന് നല്‍കി. വാഴകൃഷിയുടെ മുഴുവന്‍ പരിപാലനവും കുട്ടികള്‍തന്നെ.


എല്ലാ ദിവസവും 100 കുടം വെള്ളം നൂറ് വാഴകള്‍ക്ക് കുളിരേകി. ലതിനും അനൂപും എല്ലാ ദിവസവും വാഴത്തോട്ടത്തില്‍ ഹാജര്‍. സനലും സിദ്ധാര്‍ഥും ഗോപികയും ശ്രുതിയും അശ്വിനിയും രസ്‌നയും നേതൃത്വംനല്‍കാന്‍ ഒപ്പമുണ്ട്. സ്‌കൂളിന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കിണറ്റില്‍ പൈപ്പ് സ്ഥാപിച്ചാണ് ആദ്യം വെള്ളം ശേഖരിച്ചത്. അത് വറ്റിയതോടുകൂടി കുട്ടികള്‍ പ്രതിസന്ധിയിലായി. പിന്നെ ലക്ഷ്യം കുറച്ച് ദൂരെയുള്ള പൊതുമരാമത്ത് റസ്റ്റ്ഹൗസിന്റെ 22 അടി ആഴമുള്ള കിണറായിരുന്നു.


മതിലിന് മുകളിലും താഴെയുമായി കുട്ടികള്‍ വരിവരിയായി നിന്ന് വെള്ളം കൃഷിത്തോപ്പിലെത്തിച്ചു. വാഴകള്‍ക്ക് പൂര്‍ണമായും ജൈവവളമാണ് ഇടുന്നത്. സ്‌ക്വാഡുകളാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസര്‍ മനോജ്കുമാര്‍ കൃത്യമായി നിര്‍ദേശം നല്‍കുന്നു. പിലിക്കോട് കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായവും വിദ്യര്‍ഥികള്‍ക്കുണ്ട്.


സ്‌കൂള്‍ തുറക്കുമ്പോള്‍ ഇവര്‍ക്ക് പങ്കുവെക്കാനുള്ളത് സഹപാഠിക്കൊരു വാഴയെക്കുറിച്ചാണ്. ഈ പദ്ധതി ഇവര്‍ അവധിക്കാലത്താണ് നടപ്പാക്കിയത്. വേനലവധിയുടെ ആരംഭത്തില്‍ കൂട്ടുകാരന്റെ വീട്ടില്‍ ഒരുദിവസം താമസിച്ച് അവിടെ രണ്ടുവീതം വാഴകള്‍ ഇവര്‍ നട്ടുകൊടുത്തു. തടം തുറക്കലും കന്ന് നടലും ആദ്യ പരിപാലനവും അതിഥികള്‍തന്നെ. വീടിന്റെ ഐശ്വര്യമായി ഈ അമ്പത് വീടുകളിലെ വാഴകളും ഇതിനൊപ്പം വളരുന്നു.


കഴിഞ്ഞവര്‍ഷം അമ്പത് വാഴകള്‍ നട്ട് സമ്പാദിച്ച അയ്യായിരം രൂപകൊണ്ടാണ് ഈ വിദ്യര്‍ഥികള്‍ 'ദൈവസൂത്രം' എന്ന സിനിമ നിര്‍മിച്ചത്. കുട്ടികളുടെ ചലച്ചിത്ര മേളയില്‍ ഒന്‍പത് അവാര്‍ഡുകളും പണവും പ്രശസ്തിയും ഇവര്‍ ഈ അധ്വാനത്തിന്റെ സമ്പത്തിലൂടെ നേടി. സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൈക്കത്ത് ഗ്രാമത്തെ ജൈവഗ്രാമമാക്കി മാറ്റാനുള്ള തുടക്കംകുറിച്ചതും ഈ വിദ്യാര്‍ഥികളായിരുന്നു.


ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വീണ്ടും കൗതുകമാവും ഈ വാഴത്തോട്ടം. ജൂണിലെ മഴയില്‍ അവിടെ അധ്വാനിക്കുന്ന കുട്ടികളെയും കാണാം. ഓണത്തിന് വിളവെടുക്കണമെന്ന ലക്ഷ്യമാണ് ഇവര്‍ക്കുമുന്നില്‍.ഈവര്‍ഷം മുതല്‍ രക്ഷിതാക്കള്‍ക്ക് വൃക്ഷ സ്‌നേഹി പുരസ്‌കാരം നല്‍കാനും ഓരോ വീട്ടിലും ഓരോ നാട്ടുമാവ് നടാനും ഇലക്കറിമേള നടത്താനും ശ്രമം നടക്കുന്നുണ്ട്..

Wednesday, May 30, 2012

സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യും


1 May 2012

തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം വരുന്ന അധ്യാപക ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുക. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും വന്ന ഒഴിവുകളുടെ എണ്ണം സര്‍ക്കാര്‍ ശേഖരിച്ചു.

ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്താന്‍ എയ്ഡഡ് മാനേജ്‌മെന്‍റുകള്‍ക്കാവില്ല. നിയമിതരാകുന്നവര്‍ കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്‍ കൂടി ചേര്‍ത്ത് വിജ്ഞാപനം ചെയ്താല്‍ മതിയെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എയ്ഡഡ് സ്‌കൂളിലെ വിരമിക്കല്‍ ഒഴിവില്‍ മാനേജര്‍ക്ക് നിയമനം നല്‍കാം. അധ്യാപക, വിദ്യാര്‍ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്‍ വരുന്ന ഒഴിവാണെങ്കില്‍ ആദ്യത്തേത് സര്‍ക്കാരിന് വിട്ടുനല്‍കണം. തുടര്‍ന്നുള്ള ഒഴിവുകളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാനേജ്‌മെന്‍റിന് നിയമനം നടത്താം. പുതിയ അധ്യയന വര്‍ഷം മുതല്‍ വരുന്ന ഒഴിവില്‍ അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്‍ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടത്തും.

വിദ്യാര്‍ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്‍ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം മുതല്‍ തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു.ഐ.ഡി സംവിധാനം.

വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്‍ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്‍ ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്‍ വേണമെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്‍ അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്‍ വരെ ഒരു ക്ലാസില്‍ തുടരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഫലത്തില്‍ അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്‍ അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്‍ സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്‍ ഇക്കുറി അധ്യാപകര്‍ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്‍വര്‍ഷങ്ങളില്‍ കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ മത്സരിച്ചിരുന്നെങ്കില്‍ ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്‍ക്ക് ഒഴിവാക്കാനായി


പ്രവേശനോത്സവം ഫ്ലക്‌സില്‍ മുക്കാന്‍ ചെലവിടുന്നത് 15 ലക്ഷം

  31 May 2
കാസര്‍കോട്: പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച്‌ലക്ഷത്തോളം രൂപ.

വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്. 1,18,986 ചതുരശ്രയടി ഫ്ലക്‌സ് ഷീറ്റാണ് മണിക്കൂറുകള്‍ മാത്രംനീളുന്ന പ്രവേശനോത്സവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുമിയാന്‍പോകുന്നത്.

ഏകീകൃത സ്വാഗതഗാനത്തോടെയാണ് ഇക്കുറി പ്രവേശനോത്സവം തുടങ്ങുക. അതിനായുള്ള സി.ഡി.യും സ്‌കൂളുകളില്‍ എത്തിക്കുന്നുണ്ട്. ചിലര്‍സി.ഡി. ചെലവിലേക്കായി 250 രൂപയില്‍നിന്ന് പത്ത് രൂപ പിടിക്കുന്നുമുണ്ട്.

പരിസ്ഥിതിസ്നേഹത്തെയും മാലിന്യപ്രശ്‌നത്തെയും പറ്റി വിദ്യാര്‍ഥികളില്‍ ബോധവത്കരണമുണ്ടാക്കാന്‍ കൊണ്ടുപിടിച്ചശ്രമം നടക്കുമ്പോഴാണ് അധികൃതരുടെ ഈ ഫ്ലക്‌സ് പ്രേമം. ഫ്ലക്‌സിന് പകരം തുണിയില്‍ ബാനര്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Saturday, May 26, 2012

അധ്യയന ദിവസങ്ങള്‍ 200; ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യയന ദിവസം 220 ആക്കണം. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 200 ആക്കിയത്. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.


കേന്ദ്രനിയമപ്രകാരം എല്‍.പി. സ്‌കൂളുകള്‍ 200 ദിവസം അല്ലെങ്കില്‍ 800 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. യു.പി.യില്‍ 220 ദിവസം അല്ലെങ്കില്‍ ആയിരം മണിക്കൂര്‍ ക്ലാസ് നടക്കണം. ഇതില്‍ ആയിരം മണിക്കൂര്‍ എന്ന മാനദണ്ഡം പൊതുവായി സ്വീകരിച്ചാണ് ഇപ്പോള്‍ 200 ദിവസമായി തീരുമാനിച്ചിരിക്കുന്നത്. 200 ദിവസം ക്ലാസ് നടത്തിയാല്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

Thursday, May 24, 2012

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; പുത്തനുടുപ്പില്ലാതെ കുട്ടികള്‍

: 24-May-2012 
കൊച്ചി: സംസ്ഥാനത്തെ ഒമ്പതര ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കടലാസില്‍ത്തന്നെ. സര്‍ക്കാരിനെ വിശ്വസിച്ച് യൂണിഫോം വാങ്ങാന്‍ ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയാക്കിയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ കുരുക്കിലായി. പതിവായി യൂണിഫോം സൗജന്യമായി വിതരണം ചെയ്തിരുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ നല്‍കുമെന്നുകരുതി പിന്മാറിയതിനാല്‍ പുത്തനുടുപ്പില്ലാതെയാകും ഇക്കുറി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 4,88,815 വിദ്യാര്‍ഥികള്‍ക്ക് രണ്ടു സെറ്റ് യൂണിഫോം സൗജന്യമായി നല്‍കുമെന്നായിരുന്നു മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. പിന്നീട് എയ്ഡഡ് സ്കൂളിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. യൂണിഫോം വാങ്ങാനാവശ്യമായ പണം മെയ് 15നുള്ളില്‍ അതത് സ്കൂളുകള്‍ക്ക് നല്‍കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്ക് 400 രൂപ നിരക്കില്‍ യൂണിഫോം വാങ്ങാനുള്ള 37.37 കോടി രൂപ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍നിന്നു നല്‍കാനായിരുന്നു പദ്ധതി. ഓരോ സ്കൂളിനോടും അവിടുത്തെ ആവശ്യമനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് പര്‍ച്ചേസിന് കരാറുണ്ടാക്കാനും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ആയിരക്കണക്കിന് രൂപ സ്വന്തം ഫണ്ടില്‍നിന്നുചെലവാക്കി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കരാറും ഉറപ്പിച്ചു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. എസ്എസ്എയില്‍ ആവശ്യത്തിന് പണമുണ്ടെന്ന വിവരമാണ് കമ്മിറ്റികളുടെ അന്വേഷണത്തില്‍ ലഭിച്ചത്. പദ്ധതിയില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ ശേഷം അധികമായി കണ്ടെത്തേണ്ട തുക സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. എയ്ഡഡ് മേഖലയില്‍ ഈ ആവശ്യത്തിന് എസ്എസ്എയുടെ പണം ചെലവഴിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തണം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അധ്യാപക, രക്ഷാകര്‍തൃ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍തീരുമാനം ഇനിയും വൈകിയാല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ പണം കണ്ടെത്തി യൂണിഫോം വാങ്ങി നല്‍കേണ്ടിവരും.

Tuesday, May 22, 2012

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നു



Posted on: 23 May 2012

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.


പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.


നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.


ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.

mathrubhoomi 

Monday, May 14, 2012

മറ്റൊരു പാഠപുസ്തക വിവാദം കൂടി


  14 May 2012
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലെ ഗണിതവും രസതന്ത്രവും ഭൗതികവും അതുപോലുള്ള 'ശുദ്ധ' ശാസ്ത്രവിഷയങ്ങളും കൂടി വിവാദങ്ങള്‍ക്ക് ആസ്പദമായേക്കാം. ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആരും അങ്ങനെ ചിന്തിച്ചുപോകും.ചരിത്രപുസ്തകങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ, പാഠപുസ്തകങ്ങളും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുക ഇപ്പോള്‍ അത്രകണ്ട് പതിവായിരിക്കുന്നു. സാമൂഹ്യശാസ്ത്രവും ചരിത്രവും സംബന്ധിച്ച പുസ്തകങ്ങള്‍ക്കാണ് പൊതുവേ ഈ ദുര്‍വിധി.

ഈ വിഷയങ്ങളെ വ്യത്യസ്തരീതിയില്‍ നോക്കിക്കാണാമെന്നതു കൊണ്ട് അവ സംബന്ധിച്ച് വിയോജിപ്പുകള്‍ക്ക് പഴുതുണ്ടാവും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇവയെ പ്രയോജനപ്പെടുത്താന്‍ ധാരാളം സാധ്യതകളുമുണ്ട്. എന്നാല്‍ പല തട്ടിലുമുള്ള നീരീക്ഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, രചയിതാക്കളുടെ വ്യക്തിനിഷ്ഠമായനിലപാടുകള്‍ പരമാവധി ചോര്‍ത്തിക്കളഞ്ഞ്, തയ്യാറാക്കപ്പെടുന്ന പുസ്തകങ്ങളില്‍പ്പോലും ഏതെങ്കിലും ഒരു വിഭാഗത്തിന് അനിഷ്ടകരമായ എന്തെങ്കിലും ചിലത് സങ്കല്പിച്ച് ഉണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.

ഇത് ഉന്നയിക്കുക ഒരു രാഷ്ട്രീയ ആവശ്യമാവുന്നതോടെ പുസ്തകവും അവയുടെ പിന്നില്‍ ഉപദേശകരായും മറ്റും പ്രവര്‍ത്തിച്ച ആളുകളും വിവാദത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെടുകയായി. 11-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ബി.ആര്‍. അംബേദ്കറുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള കോലാഹലങ്ങള്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഒടുവിലത്തേതാണ്.ഇങ്ങനെ പോയാല്‍ ഇത് അവസാനത്തേതുമാകാന്‍ ഇടയില്ല.

വിദ്യാഭ്യാസ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമുള്ള ദേശീയസമിതി (എന്‍.സി.ഇ.ആര്‍.ടി.) തയ്യാറാക്കിയ പുസ്തകമാണ് ഇപ്പോള്‍ ചിലരുടെ കോപത്തിന് ഇരയായിരിക്കുന്നത്. സി.ബി.എസ്.ഇ.പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസുകളില്‍ 2006 മുതല്‍ പഠിപ്പിച്ചു വരുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഈ പുസ്തകം എന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍ എടുത്തു ചേര്‍ത്തിട്ടുള്ള കാര്‍ട്ടൂണാകട്ടെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949-ല്‍ വരച്ചതാണ്.

അന്ന് 'ശങ്കേഴ്‌സ് വീക്ക്‌ലി'യില്‍ വന്ന ഈ കാര്‍ട്ടൂണ്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കണം. ഭരണഘടനാനിര്‍മാണം വൈകുന്നതിനോടുള്ള ഒരു കാര്‍ട്ടൂണിസ്റ്റിന്റേതായ പ്രതികരണമായി കണ്ട് ഇത് ഒരുപാടുപേര്‍ ആസ്വദിച്ചിട്ടുമുണ്ടായിരിക്കണം. അത് മറ്റു തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. അത് ഒരുകാലം!

ഭരണഘടന എന്നെഴുതിയിട്ടുള്ള ഒച്ചിന്റെ പുറത്തിരുന്ന് ചാട്ട ചുഴറ്റുന്ന അംബേദ്കറെയും പിന്നില്‍ നിന്ന് ചാട്ട വീശുന്ന നെഹ്രുവിനെയും ചിത്രീകരിച്ചിട്ടുള്ള ഈ കാര്‍ട്ടൂണ്‍ കാലം ഇത്ര കഴിഞ്ഞിട്ടും കാഴ്ചക്കാരില്‍ ചിരിയുയര്‍ത്തും. പഴയ സംഭവങ്ങളെയും ആവിഷ്‌കാരങ്ങളെയും പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുക പതിവാണ്. അങ്ങനെ ചെയ്താല്‍ പോലും അംബേദ്കറെ നിന്ദിക്കുന്നതായി എന്തെങ്കിലും ഇതില്‍ കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

കാര്‍ട്ടൂണ്‍ നീക്കാന്‍ മന്ത്രി കപില്‍സിബല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ ഉപദേശക സ്ഥാനം രാജിവെച്ച സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.അംബേദ്കറെക്കുറിച്ച് പഠിപ്പിക്കുന്ന പത്താം ക്ലാസിലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഇത്. പുസ്തകത്തില്‍ 'പാഠ'ത്തോടൊപ്പം, കുട്ടികളുടെ അന്വേഷണത്വര ഉദ്ദീപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രങ്ങളും അക്കാലത്തെ രേഖകളുടെ പകര്‍പ്പുകളും കാര്‍ട്ടൂണുകളും എടുത്തു ചേര്‍ത്തിട്ടുണ്ട്.

അവയിലൊന്നാണ് ശങ്കറുടെ കാര്‍ട്ടൂണ്‍. പതിവിന്‍പടി കാര്‍ട്ടൂണ്‍ നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും സുഹാസ് പല്‍ഷികറുടെ , പുണെ സര്‍വകലാശാലയിലെ മുറി ചില അക്രമികള്‍ കേടുപാടു വരുത്തിയതിന്റെ ലക്ഷ്യം രാഷ്ട്രീയനേട്ടമല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.
അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും. മഹാനായ ഒരിന്ത്യക്കാരനായ അംബേദ്കറെ നിന്ദിക്കുന്നതില്‍ ഇവര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും തന്നെ ഖേദമുണ്ടാവും. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നു പറയാന്‍ പറ്റില്ല.

അതിരുവിട്ടത് എന്നനിലയ്‌ക്കേ ഇപ്പോഴുണ്ടായിട്ടുള്ള പ്രതികരണങ്ങളെ കാണാന്‍ കഴിയൂ. അതേസമയം, ഗുണകരമായ നിയമനിര്‍മാണങ്ങള്‍ പലതും നടന്നിട്ടും ഭാഷാ പ്രയോഗങ്ങളിലും ചിത്രീകരണങ്ങളിലും സമീപനങ്ങളിലും ദളിതരോടുള്ള നിന്ദ ഇപ്പോഴും സമൂഹത്തില്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കിടക്കുന്നു എന്നത് വാസ്തവമാണ്.സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കേണ്ട വിഷയമാണി
mathrubhumi

Thursday, May 10, 2012

ഇടമലക്കുടിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി കേന്ദ്രം തള്ളി



Posted on: 10 May 2012



തൊടുപുഴ: ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള എസ്.എസ്.എ പദ്ധതി കേന്ദ്രതീരുമാനം വിഭവശേഷി മന്ത്രാലയം നിരാകരിച്ചു.

ആദിവാസി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ താമസിച്ചു പഠിക്കാന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മൂന്നുകോടി രൂപയുടെ പദ്ധതിയാണ് എസ്.എസ്.എ തയ്യാറാക്കിയിരുന്നത്. എന്നാല്‍, റസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ ആവശ്യകത ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പദ്ധതിരേഖയ്‌ക്കൊപ്പം ചേര്‍ത്തിരുന്നില്ല. വിദ്യാഭ്യാസ അവകാശചട്ടം നിലവില്‍ വന്നതിനാല്‍, സ്‌കൂള്‍ മാപ്പിങ് പഠനം ഇതിന് വേണ്ടിയിരുന്നു. പഠനം നടത്താന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കി നല്‍കുമ്പോള്‍ ഇവരുടെ പഠനം പൂര്‍ത്തിയായിരുന്നില്ല. കെട്ടിടം പണിയാന്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കാന്‍ വനംവകുപ്പ് സമ്മതിച്ചിരുന്നു.

ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്താന്‍ കേരളാ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എസ്.എസ്.എ ഇനി തയ്യാറാക്കി നല്‍കുന്ന സപ്ലിമെന്ററി പദ്ധതിയില്‍ ഇടമലക്കുടി സ്‌കൂള്‍ വികസനം കൂടി ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ വിവിധ സ്‌കൂളുകള്‍ക്കായി 62 കോടി രൂപയുടെ പദ്ധതി നല്‍കിയതില്‍ 21.32 കോടി രൂപയ്ക്കുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതു കണക്കിലെടുത്താല്‍ സപ്ലിമെന്ററി പദ്ധതി അംഗീകരിക്കാന്‍ സാധ്യതയില്ല.

പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലുള്ള സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകള്‍ മാത്രമാണുള്ളത്. കുട്ടികള്‍ക്ക് അധ്യാപകര്‍ക്കൊപ്പം താമസിച്ചു പഠിക്കാന്‍ ഹോസ്റ്റല്‍, ലൈബ്രറി സൗകര്യം, ഭക്ഷണം, ആരോഗ്യ പരിചരണം, എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പ്രഥമാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്. അധ്യാപകര്‍ കൃത്യമായി എത്താത്തതിനാല്‍ കുട്ടികളും പഠനത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.

2000ല്‍ ഡി.പി.ഇ.പി വിദ്യാഭ്യാസ പദ്ധതി തുടങ്ങിയപ്പോള്‍ ഇടമലക്കുടി സ്‌കൂളിന് കെട്ടിടം പണിയാന്‍ രണ്ട് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയോട് അനുകൂല നിലപാടല്ല കൈക്കൊണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞു.

ഇടമലക്കുടിയിലെ 28 കുടികളില്‍ 211 കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറച്ചുപേര്‍ മൂന്നാറിലെ സ്‌കൂളിലാണ് പഠനം. കുട്ടികളെ ഇടമലക്കുടിക്ക് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കളില്‍ പലര്‍ക്കും താല്‍പ്പര്യവുമില്ല. സൊസൈറ്റി കുടിയിലെ എല്‍.പി സ്‌കൂളിന്റെ പദവി ഉയര്‍ത്തിയാല്‍, വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയും.

വിദൂര സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളില്‍ എത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. ഇതു കാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. 53 കുട്ടികള്‍ ഹാജര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ദിവസവും എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

എസ്.എസ്.എയുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പിയുടെ കീഴില്‍ അഞ്ചും ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളിലുണ്ട്. ഇതില്‍ ആണ്ടവന്‍കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ കുട്ടികളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തില്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെക്കുറച്ചുപേര്‍ക്ക് മാത്രമാണ്.
maathru bhoomi 

Saturday, April 28, 2012

അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല -കേന്ദ്രം
Posted on: 28 Apr 2012


ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍' 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

Thursday, April 26, 2012

പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും

27 Apr 2012

രണ്ടു ജില്ലകളിലെ വിതരണം പൂര്‍ത്തിയായി


കാക്കനാട്: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും. കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലാണ് രണ്ടു ഘട്ടങ്ങളിലായി പുസ്തകം അച്ചടിക്കുന്നത് - ആദ്യ ഘട്ടത്തില്‍ 2.60 കോടിയും രണ്ടാം ഘട്ടത്തില്‍ 1.40 കോടിയും. ഫിബ്രവരിയിലാണ് രണ്ടാം ഘട്ടത്തിന്റെ അച്ചടി തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ പുസ്തകങ്ങളില്‍ ഭൂരിപക്ഷവും അച്ചടി കഴിഞ്ഞു. അച്ചടി പൂര്‍ത്തിയാകുന്നവ ബുക്ക് ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് സൊസൈറ്റി വഴി സ്‌കൂളുകളിലേക്ക് വിതരണവും തുടങ്ങി കഴിഞ്ഞു.

അടുത്ത മാസത്തോടെ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.ബി.പി.എസ്. അധികൃതര്‍ പറഞ്ഞു. അച്ചടി കഴിയുന്ന പാഠപുസ്തകങ്ങള്‍ ജില്ലയിലെ 14 ഡിപ്പോകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തുള്ള 3335 സൊസൈറ്റികള്‍ വഴിയാണ് സ്‌കൂളുകളില്‍ എത്തുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുസ്തകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.ബി.പി.എസ്. അധികൃതര്‍. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു ജില്ലകളിലേക്കുള്ളത് നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളാണ് കെ.ബി.പി.എസ്സില്‍ അച്ചടിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടിയാണ് തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസ്. സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഓര്‍ഡറുകള്‍ ലഭിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.
പത്താം ക്ലാസുവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ജനത്തീയതി തിരുത്താം
27-Apr-2012 
തിരു: പത്താം തരംവരെ പഠിക്കുന്ന കുട്ടികളുടെ ജനത്തീയതി, ജാതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ തിരുത്തുന്നതിനുള്ള അധികാരം ഈ വര്‍ഷം മുതല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ഇത്തരം ആവശ്യങ്ങളുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരംവരെ വരുന്നത്ഒഴിവാക്കാനാണ് തീരുമാനം പരീക്ഷാഭവന്‍ നല്‍കുന്ന സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ട് ഓഫീസ്, നോര്‍ക്ക, പിഎസ്സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരിശോധിക്കുന്നതിനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

എസ്.എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം

26 Apr 2012



തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു.

മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 922 പേര്‍.

210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 248 എയ്ഡഡ് സ്‌കൂളും 253 അണ്‍ എയ്ഡഡ് സ്‌കൂളും നൂറ് ശതമാനം വിജയം നേടി.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.93%) കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലുമാണ്(86.91%). രണ്ട് സ്‌കൂളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.

Sunday, April 22, 2012

അണ്‍ ഇക്കണോമിക് സ്കൂള്‍: നാനൂറിലേറെ അധ്യാപകര്‍ക്ക് ജോലി പോകും


  22-Apr-2012 
തിരു: സര്‍ക്കാര്‍ അനാദായകരമെന്നു വിലയിരുത്തുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ അധ്യാപകരുടെ നിയമനം റദ്ദാക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി ജോലി ചെയ്യുന്ന നാനൂറിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അധ്യാപകര്‍ക്കുള്ള സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഈ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നാണെന്ന് വ്യാഖ്യാനവുമുണ്ടായി. 2010-11ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ടുവര്‍ഷത്തിലും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍, ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പാക്കേജില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അണ്‍ ഇക്കണോമിക് സ്കൂളിലെ അധ്യാപകര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞാണ് 13402 നമ്പരായി പുതിയ ഉത്തരവിറക്കിയത്. പാക്കേജ് പ്രകാരം നിയമനാംഗീകാരം നല്‍കി ശമ്പളം നല്‍കിവരുന്ന അധ്യാപകരുടെ നിയമനം പുനഃപരിശോധിക്കാനാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്. അഞ്ചുവര്‍ഷത്തിലേറെയായി സര്‍വീസിലുള്ള അധ്യാപകരാണ് ഇതോടെ പുറത്താകുന്നത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും പ്രഖ്യാപനം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണം. അനാദായകരമെന്നു പറഞ്ഞ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ സംരക്ഷണനിയമത്തിന്റെ മറപിടിച്ച് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കാന്‍ സംവരണം ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു
അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല



ഇവരെ തസ്തികയില്ലാത്തവരാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു.

അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ വേണ്ട മിനിമം തസ്തികകളേ നിലനിര്‍ത്തേണ്ടതുള്ളൂ. ില കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ സീനിയര്‍ അധ്യാപകരെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകനിയമനം നിരോധിച്ചിരുന്ന സമയത്താണ് ഇത്തരത്തില്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ അധ്യാപകരുടെ നിയമന സാധ്യത സ്ഥലം മാറ്റത്തിനു മുമ്പ്, 2011 ജൂണ്‍ ഒന്നുവരെ ജോലിചെയ്ത സ്‌കൂളിലായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നടപടിയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ണ്‍ ഇക്കണോമിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ അവരുടെ നിയമനാംഗീകാരം റദ്ദുചെയ്യുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. നാന്നൂറോളം അധ്യാപകരാണ് ഇതു പ്രകാരം അംഗീകാരം നഷ്ടപ്പെട്ട് പുറത്താകുന്നത്. 2010-11 ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ട് വര്‍ഷങ്ങളിലും നിലനില്‍ക്കുമെന്ന പാക്കേജിലെ ഉത്തരവ് അണ്‍ എക്കണോമിക് സ്‌കൂളുകള്‍ക്ക് ബാധകമല്ല എന്ന വിശദീകരണം നല്‍കിയാണ് നിയമനാംഗീകാരം റദ്ദുചെയ്തത്.

അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന വാഗ്ദാനമാണ് ഉത്തരവിലൂടെ റദ്ദുചെയ്തിരിക്കുന്നത്. അധ്യാപകരെ വഞ്ചിച്ച ഈ നടപടി പിന്‍വലിക്കണമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ആവശ്യപ്പെട്ടു..

Saturday, April 21, 2012

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കെ.ഇ.ആര്‍ ബാധകമല്ല -ഹൈകോടതി


കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മൂന്നേക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നതുള്‍പ്പെടെ മാര്‍ഗരേഖയിലെ നാല് നിര്‍ദേശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ നാല്, പതിനാല് വകുപ്പുകള്‍ നടപ്പാക്കുന്നതാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കളി സ്ഥലം ഉള്‍പ്പെടെ ഉണ്ടാക്കണമെന്നതിനാല്‍ സി.ബി.എസ്. സ്കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിക്കണമെങ്കില്‍ മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് മാര്‍ഗനിര്‍ദേശങ്ങളിലെ ഒരു ഉപാധി. സി.ബി.എസ്.ഇ ചട്ടപ്രകാരം 24 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളില്‍ ഒരേക്കറില്‍ കുറയാതെയും മറ്റിടങ്ങളില്‍ രണ്ടേക്കറും സ്ഥലം മതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാറിന്റെ മൂന്നേക്കറെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണിത് സ്റ്റേ ചെയ്തത്.
എട്ടുവരെ മിഡില്‍ ക്ളാസ് സിലബസിനും ഒമ്പതുമുതല്‍ പത്തുവരെ സെക്കന്‍ഡറി സിലബസിനും തുടര്‍ന്ന് പതിനൊന്ന് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി സിലബസിനുമാണ് എന്‍.ഒ.സിയും അഫിലിയേഷനും നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലായി 300 കുട്ടികള്‍ ഉണ്ടാകണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ല. എന്‍.ഒ.സിക്ക് അപേക്ഷിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിര്‍ദേശവും യുക്തിരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രവേശം നേടുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന സമഗ്ര തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ് എന്‍.ഒ.സി ലഭിക്കാന്‍ സമര്‍പ്പിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇത് എന്‍.ഒ.സി നല്‍കുന്നതിനുള്ള മുന്‍കൂര്‍ ഉപാധിയായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ നാല് ഉപാധികളും കണക്കിലെടുക്കാതെ സി.ബി.എസ്.ഇ അഫിലിയേഷന് എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിര്‍ദേശം നടപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ ജൂണ്‍ ഒന്നിന് പൂട്ടണമെന്ന ശാസന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളോട് ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകള്‍ക്ക് മാത്രം ബാധകമായ കേരള എജുക്കേഷന്‍ റൂള്‍സ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.