Saturday, April 21, 2012

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കെ.ഇ.ആര്‍ ബാധകമല്ല -ഹൈകോടതി


കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മൂന്നേക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നതുള്‍പ്പെടെ മാര്‍ഗരേഖയിലെ നാല് നിര്‍ദേശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ നാല്, പതിനാല് വകുപ്പുകള്‍ നടപ്പാക്കുന്നതാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കളി സ്ഥലം ഉള്‍പ്പെടെ ഉണ്ടാക്കണമെന്നതിനാല്‍ സി.ബി.എസ്. സ്കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിക്കണമെങ്കില്‍ മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് മാര്‍ഗനിര്‍ദേശങ്ങളിലെ ഒരു ഉപാധി. സി.ബി.എസ്.ഇ ചട്ടപ്രകാരം 24 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളില്‍ ഒരേക്കറില്‍ കുറയാതെയും മറ്റിടങ്ങളില്‍ രണ്ടേക്കറും സ്ഥലം മതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാറിന്റെ മൂന്നേക്കറെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണിത് സ്റ്റേ ചെയ്തത്.
എട്ടുവരെ മിഡില്‍ ക്ളാസ് സിലബസിനും ഒമ്പതുമുതല്‍ പത്തുവരെ സെക്കന്‍ഡറി സിലബസിനും തുടര്‍ന്ന് പതിനൊന്ന് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി സിലബസിനുമാണ് എന്‍.ഒ.സിയും അഫിലിയേഷനും നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലായി 300 കുട്ടികള്‍ ഉണ്ടാകണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ല. എന്‍.ഒ.സിക്ക് അപേക്ഷിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിര്‍ദേശവും യുക്തിരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രവേശം നേടുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന സമഗ്ര തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ് എന്‍.ഒ.സി ലഭിക്കാന്‍ സമര്‍പ്പിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇത് എന്‍.ഒ.സി നല്‍കുന്നതിനുള്ള മുന്‍കൂര്‍ ഉപാധിയായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ നാല് ഉപാധികളും കണക്കിലെടുക്കാതെ സി.ബി.എസ്.ഇ അഫിലിയേഷന് എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിര്‍ദേശം നടപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ ജൂണ്‍ ഒന്നിന് പൂട്ടണമെന്ന ശാസന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളോട് ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകള്‍ക്ക് മാത്രം ബാധകമായ കേരള എജുക്കേഷന്‍ റൂള്‍സ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

No comments: