Monday, April 9, 2012

വി.എച്ച്.എസ്.ഇ-ഹയര്‍ സെക്കന്‍ഡറി ലയനം: അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു

  10 Apr 2012


കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് വി.എച്ച്.എസ്.ഇ. അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു.

തിങ്കളാഴ്ച മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാരംഭിച്ച ഒന്ന്, രണ്ട് വര്‍ഷ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചത്.ക്യാമ്പ് പരിസരത്ത് പ്രകടനം നടത്തിയ അധ്യാപകര്‍ സ്‌കൂളിന്റെ പ്രധാന കവാടത്തിന് സമീപം ധര്‍ണയും നടത്തി.

വി.എച്ച്.എസ്.ഇ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.സി. മാത്യു ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ജാഫര്‍ അധ്യക്ഷതവഹിച്ചു. എസ്. സുലൈമാന്‍, ടി.എസ്. ശ്രീജിത്ത്, ഷിജുകുമാര്‍, ടി.പി. റഹീം എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ.യെ കൂടുതലായി ആശ്രയിക്കുന്നതെന്നും അശാസ്ത്രീയമായി ചര്‍ച്ചകള്‍ നടത്താതെ നടപ്പാക്കുന്ന പരിഷ്‌കാരം വിദ്യാര്‍ഥികളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്ന ഏപ്രില്‍ 11 വരെ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാനാണ് തീരുമാനം. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 11 മുതല്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഇംഗ്ലീഷ്, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ഓഫ് ടൊമസ്റ്റിക് അപ്ലെയന്‍സസ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ഫിഷറീസ്, അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്, ടൈപ്പ്‌റൈറ്റിങ്, ഓഫീസ് സെക്രട്ടറിഷിപ്പ് ആന്‍ഡ് നോണ്‍ ഓഫീസ് സെക്രട്ടറിഷിപ്പ് വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് തിങ്കളാഴ്ച ക്യാമ്പില്‍ ആരംഭിച്ചത്.

അധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഇംഗ്ലീഷ്, ബയോളജി, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവയൊഴിച്ച് മറ്റ് വിഷയങ്ങളുടെ മൂല്യനിര്‍ണയം തടസ്സപ്പെട്ടതായി ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച എണ്‍പത്തിഅഞ്ചോളം അധ്യാപകര്‍ ക്യാമ്പില്‍ മൂല്യനിര്‍ണയം നടത്തി.

വി.എച്ച്.എസ്.ഇ., ഹയര്‍ സെക്കന്‍ഡറി ലയനത്തിനെതിരെ കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അധ്യാപകര്‍ മീഞ്ചന്ത ഗവ. വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ പ്രകടനം നടത്തി.

സംസ്ഥാന ട്രഷറര്‍ എ.കെ. ഉണ്ണികൃഷ്ണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. സതീഷന്‍, ജില്ലാ സെക്രട്ടറി കെ.കെ. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു
തിരു: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ത്തലാക്കിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു. തിരുവനന്തപുരം പേട്ട, മണക്കാട് എന്നീ മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ ക്യാമ്പില്‍ പ്രതിഷേധ യോഗം കൂടുകയും പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. സെക്രട്ടറിയറ്റിനുമുന്നില്‍ നടന്ന ധര്‍ണ വിദ്യാഭ്യാസ സംരക്ഷണസമിതി രക്ഷാധികാരി അഡ്വ. വി എസ് ഹരീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആര്‍ എം പരമേശ്വരന്‍ സംസാരിച്ചു. 

അധ്യാപക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം -കെ.പി.ടി.എഫ്.
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം വൈകിപ്പിക്കുന്നതില്‍ കേരളാ പ്രൈവറ്റ് ടീച്ചേഴ്‌സ് ഫ്രണ്ട് ആശങ്ക അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പാക്കാനുള്ള അധ്യാപക പാക്കേജ് എങ്ങുമെത്തിയിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ വൈകുന്നതുമൂലം ലോവര്‍പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലെ ഘടനാമാറ്റം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ഒരേപോലെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് കെ.പി.ടി.എഫ്. ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശോക്കുമാര്‍, വി.വി. കരുണാകരന്‍ നായര്‍, ഡി.ആര്‍. ജോസ്, ബേസില്‍രാജ്, അലക്‌സ് ബോസ്‌കോ, ഗിരിപ്രകാശ്, സജു കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി കുട്ടികള്‍; സെന്‍സസ് പ്രവര്‍ത്തനം തകിടം മറിഞ്ഞു
കാഞ്ഞങ്ങാട്: സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കിയതില്‍ എന്യുമറേറ്റര്‍മാര്‍ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളാണ് തിങ്കളാഴ്ച രാവിലെ പ്രതിഷേധത്തിന് വേദിയായത്. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ നിയമവിരുദ്ധമായി ഡിഇഒമാരായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് എന്യുമറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു. മതിയായ മുന്നൊരുക്കമില്ലാതെ സെന്‍സസ് നടത്താനുള്ള അധികൃതരുടെ നീക്കമാണ് തുടക്കത്തില്‍തന്നെ പാളിയത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് തിങ്കളാഴ്ച തുടങ്ങാനാണ് തീരുമാനിച്ചത്. എന്യുമറേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരടങ്ങുന്നതാണ് സെന്‍സസ് ടീം. എന്യുമറേറ്റര്‍മാരായി അധ്യാപകരെയും ജീവനക്കാരെയുമാണ് നിയമിച്ചത്. ഇവര്‍ തിങ്കളാഴ്ച സെന്‍സസ്രേഖകള്‍ ഏറ്റുവാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കൊപ്പം ഡിഇഒമാരായി തച്ചങ്ങാട്, പെരിയ ഹൈസ്കൂളിലെകുട്ടികളെ നിയമിച്ചതറിയുന്നത്. 50 ദിവസത്തെ ഡ്യൂട്ടിക്ക് പ്രതിഫലംപോലും നിശ്ചയിക്കാതെ ഏജന്റുമാര്‍ മുഖേനയാണ് നിയമിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. പാലക്കാട്ടെ ഐടി സെന്ററിനാണ് ഡാറ്റാ എന്‍ട്രി ചുമതല. പ്ലസ്ടുകഴിഞ്ഞ 18 വയസ് പൂര്‍ത്തിയായവരെ മാത്രമെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം മറികടന്നാണ് 16 വയസ്സുപോലും തികയാത്ത വിദ്യാര്‍ഥികളെ നിയമിച്ചത്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ കുട്ടികളില്‍ ഭൂരിഭാഗവും സ്വമനസാലെ മടങ്ങിപ്പോയതോടെ എന്യുമറേറ്റര്‍മാര്‍ക്ക് ആവശ്യമായ ഡിഇഒമാരെ നല്‍കാന്‍ കഴിയാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നട്ടംതിരിഞ്ഞു. 23 ചോദ്യങ്ങളുടെ സത്യസന്ധമായ വിവരങ്ങള്‍ ഓരോ വീടും സന്ദര്‍ശിച്ച് തയ്യാറാക്കി തത്സമയം കംപ്യൂട്ടറില്‍ ചേര്‍ക്കുന്ന വിധത്തിലാണ് സെന്‍സസ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനമില്ലാത്ത വിദ്യാര്‍ഥികളെ ഡിഇഒമാരായി നിയമിച്ച അധികൃതരുടെ നടപടി സെന്‍സസ് പ്രവര്‍ത്തനം തകിടം മറിയുമെന്നതിന് തെളിവാണ്.പരപ്പ ബ്ലോക്ക്പഞ്ചായത്തിലും സെന്‍സസിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെട്ടു. സെന്‍സസ് രേഖകളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങാനെത്തിയ എന്യുമറേറ്റര്‍മാര്‍ക്ക് മുമ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ആവശ്യമായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയോ കംപ്യൂട്ടറുകളോ ഇവിടെ എത്തിച്ചിരുന്നില്ല. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്യുമറേറ്റര്‍മാര്‍ കാട്ടുന്ന താല്‍പര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കില്ലാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി
കുരുന്നു ഭാവന ചിറകുവിടര്‍ത്തി എഴുത്തുപുര

ആലത്തൂര്‍: തരൂര്‍ ഗ്രാമത്തിലെ കുരുന്നുകളില്‍ സര്‍ഗഭാവനയുടെ ചിറകുവിടര്‍ത്താന്‍ എഴുത്തുപുര ഒരുങ്ങി. തരൂര്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയത്തിലെ ബാലകൈരളിയാണ് യുപി, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത് രചനാശില്‍പ്പശാലയും നൃത്ത-സംഗീതപഠന ക്ലാസുകളും തുടങ്ങിയിട്ടുള്ളത്. കുരുന്നുമനസ്സുകളില്‍ എഴുത്തും വായനയും സാഹിത്യകലയും വളര്‍ത്തിയെടുത്ത് രിഗാഷിപ്പിക്കാനുള്ള ക്യാമ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ക്യാമ്പിലെ പ്രതിഭകളില്‍നിന്നുള്ള സൃഷ്ടികള്‍ സമാഹരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാനും ലക്ഷ്യമുണ്ട്. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും കലാമണ്ഡലം ബേബി രവീന്ദ്രനും സംഗീതപഠനത്തിന് സുനന്ദനും പരിശീലനം നല്‍കും. പഞ്ചായത്ത്പ്രസിഡന്റ് എസ് അനിത എഴുത്തുപുര ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം അധ്യക്ഷനായി. യുറീക്ക പത്രാധിപ സമിതി അംഗം എം കൃഷ്ണദാസ് കഥയുടെ രസതന്ത്രം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ടി കെ വിശ്വനാഥന്‍, കെ കൃഷ്ണന്‍, ടി പി കരുണാകരന്‍, കെ ജി രാജേഷ് എന്നിവര്‍ സംസാരിച്ചു.

No comments: