Thursday, April 12, 2012

ആനുകൂല്യം പറ്റാത്ത ന്യൂനപക്ഷ സ്കൂളുകള്‍ക്കുമാത്രം ഇളവ്

   13-Apr-2012 
ന്യൂഡല്‍ഹി: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം സീറ്റ് സൗജന്യമായി നീക്കിവെയ്ക്കാന്‍ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാരില്‍നിന്ന് ഒരുവിധ ആനുകൂല്യവും പറ്റാത്ത ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കുമാത്രമാണ് ഇളവ്. സര്‍ക്കാര്‍ സഹായം പറ്റാത്ത ബോര്‍ഡിങ് സ്കൂളുകളെയും നിയമ വ്യവസ്ഥകളില്‍ നിന്ന് കോടതി ഒഴിവാക്കി. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെഴുതിയത്. ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരിക്കണം. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ എ ഉപവകുപ്പ് ഉള്‍പ്പെടുത്തിയാണ് ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയ്ക്കെതിരെ ന്യൂനപക്ഷ-സ്വകാര്യ വിദ്യാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ചവരെ നടത്തിയ പ്രവേശനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. വ്യാഴാഴ്ച മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം സ്കൂള്‍ കേന്ദ്രീകൃതമാകരുതെന്നും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ 19(1)(ജി) വകുപ്പിന്റെ ലംഘനമാണ് വിദ്യാഭ്യാസ അവകാശ നിയമമെന്നായിരുന്നു സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ വാദം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ തങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുമെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളും വാദിച്ചു. സ്കൂള്‍ മേല്‍നോട്ട സമിതികളില്‍ ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തുന്നതിനെയും ഇവര്‍ എതിര്‍ത്തു. എന്നാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമമെന്നും ആരുടെയും അധികാരത്തിലുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ അണ്‍എയ്ഡഡ് സ്കൂളുകളെയും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളെയും നിയമവ്യവസ്ഥകളില്‍ നിന്ന്&ാറമവെ;പൂര്‍ണമായും ഒഴിവാക്കണമെന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ നിലപാടെടുത്തു. എന്നാല്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്നും മറ്റെല്ലാ സ്കൂളുകള്‍ക്കും നിബന്ധന ബാധകമാക്കണമെന്നും ചീഫ്ജസ്റ്റിസ് കപാഡിയയും ജസ്റ്റിസ് സ്വതന്തര്‍ കുമാറും അഭിപ്രായപ്പെടുകയായിരുന്നു. 
deshabhimani 


വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരം
Posted on: 13 Apr 2012


അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല




ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സഹായം പറ്റുന്നതും അല്ലാത്തതുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി.


എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ ധനസഹായം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.
2009-ല്‍ പാസാക്കിയ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ബെഞ്ച് വിധിച്ചു. 2012-13 അധ്യയന വര്‍ഷം മുതല്‍ വിധി പ്രാബല്യത്തില്‍ വരുമെന്നും നേരത്തേ നടന്ന പ്രവേശനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ കൂടിയടങ്ങിയതായിരുന്നു ബെഞ്ച്.


25 ശതമാനം സീറ്റ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.


സര്‍ക്കാറില്‍ നിന്ന് ധനസഹായം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേക വിധിയില്‍ ഒഴിവാക്കിയിരുന്നു. ഇതു മറികടന്നാണ് ന്യൂനപക്ഷങ്ങള്‍ നടത്തുന്നതൊഴികെയുള്ള അണ്‍എയ്ഡഡ് സ്വകാര്യ സ്‌കൂളുകളെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍കുമാറും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.


ആറിനും 14നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണു നിയമം. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്‌കൂളുകള്‍ക്കു ബാധകമല്ല. കാരണം, ഈ സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. സംവരണവ്യവസ്ഥ നടപ്പാക്കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവും സര്‍ക്കാര്‍ നല്‍കും.
അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. എസ്. അന്ത്യാര്‍ജുന, അഡ്വ: റോമി ചാക്കോ, സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിങ് തുടങ്ങിയവര്‍ ഹാജരായി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടന നല്‍കിയ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ സുപ്രീം കോടതിയിലെത്തിയത്
mathrubumi

No comments: