Wednesday, April 18, 2012

സ്കൂളില്‍ 25% സംവരണം ഇൌ വര്‍ഷം തന്നെ

19, 2012 





തിരുവനന്തപുരം . സ്കൂള്‍ പ്രവേശനത്തിനു ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25% സംവരണം ഇൌ അധ്യയന വര്‍ഷം തന്നെ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലും സംവരണം നിര്‍ബന്ധമാകും. ന്യൂനപക്ഷ പദവിയുള്ള അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഇൌ വ്യവസ്ഥ നടപ്പാക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

വാര്‍ഷിക വരുമാനം 60,000 രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളെയാണു ദുര്‍ബലവിഭാഗമായി കണക്കാക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും സംവരണം ബാധകമാണ്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്ഥാപനങ്ങളും സംവരണവ്യവസ്ഥ പാലിക്കണം. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് ഈ വ്യവസ്ഥ പാലിക്കണമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നു ന്യൂനപക്ഷപദവി ലഭിച്ച വിദ്യാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശനപ്രായം ആറു വയസ്സായി ആദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇതുവരെ പ്രവേശനപ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഇൌവര്‍ഷം കേരളത്തിലും ഒന്നാം ക്ളാസില്‍ അഞ്ചു വയസ്സുകാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറു വയസ്സാകുന്ന മുറയ്ക്കു കേരളത്തിലും നടപ്പാക്കും. ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം മൌലികാവകാശമാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നു സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളിലെ പൊതുവിഭാഗത്തിനും പ്രവേശന സംവരണം ബാധകമാണെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.

നിയമം നടപ്പായാല്‍ സാമ്പത്തികമായി തകരുമെന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ മാത്രമേ സംവരണ പരിധിയില്‍ നിന്നു സുപ്രീം കോടതി ഒഴിവാക്കിയിട്ടുള്ളൂ.

ടാറ്റയ്ക്ക് അധ്യാപക പരിശീലന ചുമതല നല്‍കരുത്: അച്യുതാനന്ദന്‍









തിരുവനന്തപുരം. അധ്യാപക വ്യക്തിത്വ പരിശീലനത്തിന്റെ ചുമതല ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകള്‍ക്കു കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

കോര്‍പറേറ്റുകള്‍ക്കു സ്കൂളുകളാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. എവറോണ്‍ ഉള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്കു വാങ്ങിത്തുടങ്ങി. കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനുള്ള നീക്കമാണിത്.
 manorama online

No comments: