Thursday, April 19, 2012

പ്രതിഫലത്തെപ്പറ്റി തര്‍ക്കം: പത്താംക്ലാസ് ഐ.ടി. അധ്യാപക പരിശീലനം നിര്‍ത്തി

  20 Apr 2012



തൊടുപുഴ:അധ്യാപകര്‍ക്ക് നല്‍കേണ്ട പ്രതിഫലത്തുകയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് ഐ.ടി. പാഠപുസ്തക പരിശീലനം നിര്‍ത്തി. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തിലും തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ 16,000 ല്‍ പരം അധ്യാപകര്‍ക്ക് പുതിയ ഐ.ടി. പാഠപുസ്തകം പരിചയപ്പെടുത്താനുള്ള പരിശീലന പരിപാടിക്ക് ഒന്നരക്കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രതിഫലവും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം അധ്യാപര്‍ക്ക് 125 രൂപയും പരിശീലകര്‍ക്ക് 200 രൂപയുമാണ് പ്രതിദിന അലവന്‍സായി നല്‍കിയിരുന്നത്. ആറു ദിവസമാണ് ഓരോ ബാച്ചിന്റെയും പരിശീലനം.

പ്രതിഫലം എത്രയെന്ന് പിന്നീട് അറിയിക്കാമെന്ന ധാരണയില്‍ ഏപ്രില്‍ ഒന്‍പതിന് ആദ്യബാച്ചിന്റെ പരിശീലനം ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഇത് തീര്‍ന്നശേഷം 17 മുതല്‍ അടുത്ത ബാച്ചിന്റെ പരിശീലനം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഫണ്ട് എത്താത്തതിനാല്‍ പരിശീലനം നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മെയ് മാസത്തോടെ മിക്ക വിദ്യാലയങ്ങളിലും പത്താം തരം കുട്ടികള്‍ക്ക് ക്ലാസുകള്‍ തുടങ്ങും. ഇതിനിടയില്‍ അധ്യാപക പരിശീലനംവയ്ക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യും. പ്രതിഫലം, ലീവ് സറണ്ടര്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ഏപ്രില്‍ ആദ്യവാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്ത് നടക്കുന്ന അധ്യാപക പരിശീലനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാനും (എസ്എസ്എ) ഐ.ടി. അറ്റ് സ്‌കൂളും ഒരേ പ്രതിഫലമാണ് നല്‍കുന്നത്. ഇത്തവണ 125 രൂപ പ്രതിഫലം നല്‍കാനാകില്ലെന്ന് എസ്എസ്എ, വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചതായാണ് സൂചന. ഇതും പ്രതിഫലത്തുക നിര്‍ണയിച്ച് ഉത്തരവ് ഇറക്കുന്നതിന് തടസ്സമായി.

അതേസമയം, ലീവ് സറണ്ടര്‍ ആനുകൂല്യം നല്‍കുന്നത് ഒഴിവാക്കാന്‍ എസ്എസ്എ അധ്യാപക പരിശീലനങ്ങള്‍ ജൂണിലേക്ക് മാറ്റി. പത്തു ദിവസമാണ് എസ്എസ്എ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് നടത്തുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഐ.ടി. അറ്റ് സ്‌കൂള്‍ പരിശീലവും മാറ്റിയാല്‍ ലീവ് സറണ്ടര്‍ ആനുകൂല്യത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും.

പഠനം നടത്താതെ ഹയര്‍ സെക്കന്‍ഡറി സമഗ്രരേഖ, യോഗയും സൂര്യനമസ്‌കാരവും പഠിപ്പിക്കേണ്ടെന്ന് ശുപാര്‍ശ
: 20 Apr 2012

കൊല്ലം: വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളുമായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി സമീപനരേഖ തയ്യാറാക്കി. നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്മകളെ ക്കുറിച്ച് പഠനം നടത്താതെയാണ് സമഗ്രരേഖ തയ്യാറാക്കിയിരിക്കുന്നത്.

രാഷ്ട്രീയ മാധ്യമക് ശിക്ഷണ്‍ അഭിയാന്‍ രാജ്യത്തുടനീളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് യോഗാപഠനം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും യോഗയില്‍ ഉള്‍പ്പെട്ട സൂര്യനമസ്‌കാരം ഒരു മതവുമായി ബന്ധപ്പെട്ടതാണെന്ന കാരണത്താല്‍ എസ്.സി.ഇ.ആര്‍.ടി. മാര്‍ഗരേഖയില്‍ നിന്നൊഴിവാക്കി.
  • ആഴ്ചയില്‍ അഞ്ചുദിവസംമാത്രം പഠനം,
  •  വര്‍ഷത്തില്‍ 24 മണിക്കൂറെങ്കിലും സാമൂഹിക പ്രവര്‍ത്തനം,
  •  അധ്യാപകരുടെ നിലവാരം വിദ്യാര്‍ഥികള്‍തന്നെ വിലയിരുത്തുക, 
  • എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്ക് പകരം എസ്.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ ഉപയോഗിക്കുക, 
  • വാര്‍ഷിക പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുശേഷം ഉത്തരക്കടലാസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്‍കുക തുടങ്ങി വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് സമഗ്രരേഖയിലുള്ളത്. നൂറോളം അധ്യാപകര്‍ പതിനഞ്ചു ദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള പാഠ്യപദ്ധതിയുടെയും വ്യവസ്ഥകളുടെയും പോരായ്മകള്‍ പഠിച്ചതിനുശേഷമാണ് സമഗ്രരേഖ തയ്യാറാക്കേണ്ടതെങ്കിലും രേഖ തയ്യാറാക്കിയതിനു ശേഷമാണ് ഇവിടെ പഠനം നടത്തുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിവര്‍ത്തനം നടത്താനായി തയ്യാറാക്കിയ സമീപനരേഖ അതിനാല്‍ത്തന്നെ വെളിച്ചം കണ്ടിട്ടില്ല. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുടെ ആമുഖം മാത്രമാണ് ഇതില്‍ ഇനി ഉള്‍പ്പെടുത്താനുള്ളത്. പഠനം നടത്താതെ സമഗ്രരേഖ തയ്യാറാക്കിയത് വിവാദമാകുമെന്ന കാരണത്താല്‍ പഠനത്തിനുശേഷം രേഖ കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കോട്ടയം ജില്ലകളാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ജൂണില്‍ നടത്തുന്ന പഠനത്തിലെ കണ്ടെത്തലുകളുടെ ഫലമായി മാര്‍ഗരേഖയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ നടത്തുന്നതെന്ന് സൂചനയുണ്ട്.
  • വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനമെന്ന ആശയം ലക്ഷ്യമാക്കി സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പായിട്ടില്ല. ഈ കുറവ് പരിഹരിക്കാനും ആഗോള പൗരന്‍മാരായി വിദ്യാര്‍ഥികളെ മാറ്റാന്‍ സഹായകവുമായ വിദ്യാഭ്യാസ പ്രക്രിയകള്‍ നടപ്പാക്കുകയുമാണ് സമഗ്രരേഖയുടെ ലക്ഷ്യം. 
  • ഒന്നാം ഭാഷയായി ഇംഗ്ലീഷ് നിര്‍ബന്ധമാക്കണം, 
  • മലയാളം എല്ലാ സ്‌കൂളുകളിലും ഒരു വിഷയമായി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകണം,
  •  സംരംഭകത്വ നൈപുണികള്‍ വളര്‍ത്തിയെടുക്കണം. 
  • ഇ-ലേണിങ്, ഇ-ലൈബ്രറി, ഇ-ടെക്സ്റ്റ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം, 
  • സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം,
  •  അധ്യയന ദിനങ്ങള്‍ നിലവില്‍ ആറ് എന്നത് അഞ്ചായി ചുരുക്കണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ പുരോഗമന ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാകണം പാഠ്യ പദ്ധതി. 
  • ഓരോ വിഷയത്തിനും പ്രത്യേകം ലാബുകള്‍ ഉണ്ടായിരിക്കുകയും ഇവ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും വേണം. 
  • ക്ലാസ് മുറികളുടെ ഘടനയില്‍ മാറ്റം വരുത്തണം, 
  • പഠനബോധന മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കണം,
  •  പാഠപുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുനരവലോകനം ചെയ്യുകയും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കുകയും വേണം,
  •  വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം,
  •  അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ അധ്യാപക പരിശീലനം നടത്തണം, 
  • ജില്ലാ തലത്തില്‍ അക്കാദമിക കോളേജുകള്‍ സ്ഥാപിക്കണം, 
  • സ്‌കൂള്‍ കോംപ്ലക്‌സ് പദ്ധതി നടപ്പാക്കണം,
  •  ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി തലത്തിലും വ്യാപിപ്പിക്കണം, 
  • അധ്യാപകര്‍ പഠിതാവിന്റെ കുടുംബവുമായി ബന്ധപ്പെടണം,
  •  രക്ഷാകര്‍ത്തക്കളെ സ്‌കൂള്‍ വളന്റിയര്‍മാരാക്കണം, 
  • വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ സഞ്ചിതലേഖ തയ്യാറാക്കണം, 
  • കായികക്ഷമതാ പരിശീലനം ഏര്‍പ്പെടുത്തണം,
  •  ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങണം, 
  • സമഗ്രമൂല്യനിര്‍ണയം നടത്തണം,
  •  ഓപ്പണ്‍ ബുക്ക്, ഓണ്‍ ഡിമാന്‍ഡ്, ഓണ്‍ലൈന്‍ പരീക്ഷാരീതികള്‍ പരിഗണിക്കണം,
  •  പഠനഭാരം കുറയ്ക്കാന്‍ മിനിമലൈസേഷന്‍, 
  • ശാസ്ത്രീയമായ ഗ്രേസ്മാര്‍ക്ക് വിതരണം തുടങ്ങി പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ ഏറെയാണ്.
  •  നിലവിലുള്ള ഓപ്പണ്‍ സ്‌കൂളിനെ ജനാധിപത്യ സ്വഭാവമുള്ളതും സ്വയംഭരണ അവകാശമുള്ളതുമായ ഓപ്പണ്‍ സ്‌കൂളിങ്ങ് സംവിധാനമായി മാറ്റാന്‍ കഴിയണമെന്നും സമീപനരേഖ നിര്‍ദ്ദേശിക്കുന്നു.


വിദ്യാര്‍ഥികളുടെ വിവരം നല്‍കരുതെന്ന് വിവരാവകാശ കമ്മീഷന്‍
 20 Apr 2012



സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന/പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം, ഫോണ്‍നമ്പര്‍ തുടങ്ങിയവ വിവരാവകാശ നിയമം- 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയശേഷം അവ ദുരുപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

പല രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരാതിപ്പെട്ടിട്ടുണ്ട്. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

No comments: