Monday, June 2, 2014

പുതുവര്‍ഷത്തിലെ വിദ്യാഭ്യാസവാര്‍ത്തകളില്‍ ചിലത്..


അണ്‍ ഇക്കണോമിക് ആകുന്നതെങ്ങനെ..?
02-Jun-2014
ഇരവിപേരൂര്‍: മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളിലടക്കം ജില്ലയിലെ പൊതു വിദ്യാലങ്ങളില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ന്ന നേട്ടം കൈവരിക്കുന്നതിനിടയിലും പൊതു വിദ്യാലയങ്ങള്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികളുടെ എണ്ണക്കുറുവുകൊണ്ട് അനാദായകര പട്ടികയിലാവുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍. ജില്ലയില്‍ ആകെയുള്ള 151 ഹൈസ്കൂളുകളില്‍ 18 എണ്ണം ആദായകരമല്ലാത്തവയുടെ പട്ടികയിലാണ്. ഒരു ക്ലാസില്‍ 25 കുട്ടികളില്‍ താഴെയാവുന്നതാണ് സര്‍ക്കാര്‍ കണക്കില്‍ അനാദായകരം. എയ്ഡഡ് മേഖലയില്‍ 101 ഹൈസ്കൂളില്‍ പത്തും സര്‍ക്കാര്‍ മേഖലയിലെ 50 ഹൈസ്കൂളുകളില്‍ എട്ടുമാണ് അനാദയകരമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പര്‍ പ്രൈമറികളില്‍ ആകെ 39 സര്‍ക്കാര്‍ വിദ്യാലയങ്ങളും 78 എയ്ഡഡ് വിദ്യാലയങ്ങളുമാണുള്ളത്. ഇവയില്‍ യഥാക്രമം 36ഉം 56ഉം അനാദായക പട്ടികയിലാണ്. സര്‍ക്കാരിന്റെ ഈ കണക്കനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് യുപി സ്കൂളുകളും എയ്ഡഡ് മേഖലയില്‍ 22 യുപി സ്കൂളുകളും മാത്രമാണ് ആദായകരമായി നടത്തിക്കൊണ്ടുപോകുന്നത്. ലോവര്‍ പ്രൈമറി വിഭാഗമാണ് ഇതിലും പരിതാപകരം. ജില്ലയില്‍ 167 സര്‍ക്കാര്‍ എല്‍പി സ്കൂളുകളില്‍ 152 എണ്ണവും അനാദായകമാണ്. സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആകെയുള്ള 235 എയ്ഡഡ് എല്‍പി സ്കൂളുകളില്‍ 221 എണ്ണവും അനാദായകരമെന്നാണ് സര്‍ക്കാര്‍ കണക്ക്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികളാണുണ്ടാകേണ്ടത്. ഇപ്പോഴത്തെ അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ കാതലായ മാറ്റം ഉണ്ടാകണം എന്ന് അധ്യാപക സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കനിയുന്നില്ല എന്നതാണ് അനാദായകര സ്കൂളുകളുടെ എണ്ണം ഇത്രകണ്ട് പെരുകാന്‍ കാരണം. 1980കള്‍ മുതലാണ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നതില്‍ കുറവു വന്നു തുടങ്ങിയത്. ക്രമേണ ഈ കുറവിന്റെ വേഗത കൂടിവന്നു. മധ്യതിരുവിതാംകൂറില്‍ നിന്ന് ഈ കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് ഉദ്യോഗാര്‍ഥികള്‍ ഒഴുകാന്‍ തുടങ്ങിയതോടെ എത്തിയ ഗള്‍ഫ് പണം വിദ്യാഭ്യാസ വ്യവസായത്തിലേക്ക് മുടക്കാന്‍ തുടങ്ങിയതോടെയാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറുവു വന്നു തുടങ്ങിയത്. പൊതു വിദ്യാലയങ്ങള്‍ക്കു സമീപം കേന്ദ്ര സിലബിസിലുള്ള സ്കൂളുകള്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയ സര്‍ക്കാര്‍ നടപടിയും പൊതു വിദ്യാലയ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. തുടര്‍ന്ന് കേന്ദ്ര സിലബസുകളുടെ ചുവടുപിടിച്ച് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അംഗീകാരമില്ലാതെ തന്നെ സ്കൂളുകള്‍ ആരംഭിച്ചതും മറ്റൊരു കാരണമായി. അംഗീകാരമില്ലാതെ ആരംഭിച്ചതിനുശേഷം സര്‍ക്കാര്‍ അംഗീകാരത്തിനുവേണ്ടി അപേക്ഷിച്ച് പണത്തിന്റെ പിന്‍ബലത്തില്‍ അംഗീകാരം നേടിയെടുക്കുക എന്ന തന്ത്രം അതിവിദഗ്ദമായി നടപ്പാക്കി. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ ജില്ലയില്‍ നിന്നും അംഗീകാരത്തിനപേക്ഷിച്ച വിദ്യാലയങ്ങള്‍ മുന്നൂറിലധികമാണ്. സ്കൂള്‍ തുറക്കുന്ന ദിവസം മുതല്‍ വര്‍ഷാവസാനം വരെ ഒരേ അധ്യാപകര്‍ തന്നെ വിദ്യാലയത്തിലുണ്ടാവണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഒഴിവുവന്ന പ്രഥമാധ്യാപക തസ്തികകള്‍, അധ്യാപക തസ്തികകള്‍ തുടങ്ങിയവയിലേക്ക് സ്ഥലം മാറ്റം, പ്രമോഷന്‍ ഇവ ഇതുവരെയും ആരംഭിച്ചിട്ടില്ല. സ്കൂള്‍ തുറക്കുന്നതിനു മുമ്പ് അധ്യാപക സ്ഥലംമാറ്റങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന സര്‍ക്കാര്‍ നടപടി പൊതുവിദ്യാലയങ്ങളെ നന്നാക്കാനല്ല എന്ന കാര്യവും വ്യക്തമാണ്.
മുദ്രകുത്തിയവയില്‍ ചരിത്ര സ്മാരകങ്ങളും
02-Jun-2014
ഇരവിപേരൂര്‍: ലാഭകരമല്ലാത്തതിനാല്‍ ദയാവധത്തിന് വിധിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ മുദ്രകുത്തി മാറ്റി നിര്‍ത്തിയിരിക്കുന്ന വിദ്യാലയങ്ങളില്‍ ചരിത്ര സ്മാരകങ്ങളായവയും. ഭാഷയുടെയും സംസ്കാരത്തിന്റെയും വളര്‍ച്ചയ്ക്ക് നിസ്തൂല സംഭാവന നല്‍കിയ പ്രഗല്‍ഭര്‍ പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയങ്ങളും ജാതി, മത ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയവര്‍ പഠിച്ച വിദ്യാലയങ്ങളും ഇവയില്‍പ്പെടും. മഹാത്മാഗാന്ധിയുടെ സന്ദര്‍ശനംകൊണ്ട് പാനവമാക്കപ്പെട്ട വിദ്യാലയവും നഷ്ടക്കണക്കിന്റെ പട്ടികയില്‍പ്പെടും. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമാക്കപ്പെട്ട പന്തളം ചേരിക്കല്‍ ഗവ. എല്‍പിഎസ് ചരിത്രത്തിന്റെ ഭാഗമാണ്. ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിനിടയില്‍ കേരളത്തിലെത്തിയ വേളയിലാണ് ഗാന്ധിജി ഇവിടെയെത്തുന്നത്. ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ട ഈ വിദ്യാലയവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പുല്ലാട് കലാപത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്ന പുല്ലാട് ഗവ. യുപിഎസും ഈ പട്ടികയില്‍പെടും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കേശവന് പ്രവേശനം നല്‍കിയതില്‍ പ്രകോപിതരായ സവര്‍ണ്ണ പ്രമാണിമാര്‍ ഈ വിദ്യാലയം തീവച്ചു നശിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി വിദ്യാലയം പുനരാരംഭിച്ചതും അവിടെ പഠനം തുടര്‍ന്ന കേശവന്‍ വളര്‍ന്ന് ശ്രീമൂലം പ്രജാസഭയുടെ ഡപ്യൂട്ടി സ്പീക്കര്‍ പദവിവരെയെത്തിയ ടി ടി കേശവശാസ്ത്രികളായി മാറിയതും പൊതുവിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമാണ്. സാമൂഹ്യ പരിഷ്കര്‍ത്താവും കവിയും സാംസ്കാരിക നായകനുമായിരുന്ന മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ അധഃസ്ഥിത ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി പതിനാല് സ്കൂളുകളാണ് നേരിട്ട് സ്ഥാപിച്ചത്. ഇവയില്‍ മിക്കതും അടച്ചുപൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പഠിച്ച 152 വര്‍ഷം പഴക്കമുള്ള വള്ളംകുളം ഗവ. യുപിഎസും ദയാവധ പട്ടികയില്‍പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍നിന്നെത്തിയ ഹോക്സ്വര്‍ത്ത് മിഷണറി നാട്ടുഭാഷ പഠിപ്പിക്കാന്‍ സ്ഥാപിച്ച തുകലശ്ശേരി കുന്നിലെ സിഎംഎസ് സ്കൂളും അനാദായകര പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. റവ. ജോര്‍ജ് മാത്തനെപ്പോലെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയം മധ്യതിരുവിതാംകൂറിന് പുതിയൊരു ചരിത്രമാണ് നല്‍കിയത്. ഒരു കാലത്ത് കേരളത്തിന്റെ വിദ്യാലയങ്ങളുടെ പ്രഭാതത്തെ തൊട്ടുണര്‍ത്തിയിരുന്നത് "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" എന്ന തുടങ്ങുന്ന പ്രാര്‍ത്ഥനാഗീതമായിരുന്നു. ഇതിന്റെ രചയിതാവായ പന്തളം പി ആര്‍ പഠിച്ചിരുന്ന വിദ്യാലയവും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പഠിച്ചിരുന്ന നെടുമ്പ്രയാര്‍ എംടിഎല്‍പിഎസും നാഗാലാന്റ് ഗവര്‍ണ്ണറും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റുമായിരുന്ന ഡോ. എം എം തോമസ് പഠിച്ചിരുന്ന ഇലവുംചൂട് എംടിഎല്‍പിഎസും അടച്ചുപൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കുറുമ്പന്‍ ദൈവത്താനെപ്പോലെയുള്ള നിരവധിയാളുകളുടെ നാമധേയം അനശ്വരമായി നിലനിര്‍ത്തേണ്ട വിദ്യാലയങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ശിവദാസന്‍നായര്‍ എംഎല്‍എയും മലയാളം മീഡിയവും തമ്മിലെന്ത്?
02-Jun-2014
സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആറന്മുളയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായ അഡ്വ. കെ ശിവദാസന്‍ നായര്‍. ഭരണകക്ഷി എംഎല്‍എ എന്നനിലയില്‍ സര്‍ക്കാരിന്റെ ഏത് നയങ്ങളെയും പിന്തുണയ്ക്കാന്‍ ബാധ്യതപ്പെട്ടയാള്‍. ഒരു പടികൂടി കടന്ന് സര്‍ക്കാരിന്റെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നയാളും. എന്നാല്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശിവദാസന്‍ നായരുടെ നയം വേറെയായിരുന്നു. ഭാര്യ പ്രൊഫ. ലളിതമ്മയ്ക്കും ആ നയത്തോടായിരുന്നു യോജിപ്പ്. ഇവരുടെ മകള്‍ എസ് അശ്വതി ഇപ്പോള്‍ ഒറിസയില്‍ സാമൂഹ്യക്ഷേമ ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥയാണ്. വീട്ടില്‍ കല്യാണിയെന്നും ശിവദാസന്‍ നായര്‍ "കല്ലൂ" എന്നും ഓമനിച്ചു വിളിക്കുന്ന അശ്വതി പഠിച്ചതെല്ലാം മളയാളം മീഡിയത്തില്‍. ആറന്മുളയില്‍ നിന്ന് ബസ് കയറി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍, കേരള സിലബസില്‍, മലയാളം മീഡിയത്തില്‍ പഠിക്കുമ്പോള്‍ ഐഎഎസ്കാരിയാകുമെന്ന പ്രതീക്ഷയൊന്നും അശ്വതിക്കുമുണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍ അഭിഭാഷകനായിരിക്കെ കാര്‍ഷിക വികസന ബാങ്കിന്റെയും ഡിസിസിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ച ശിവദാസന്‍ നായര്‍. യുജിസി നിലവാരത്തില്‍ ശമ്പളം കൈപ്പറ്റുന്ന പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രൊഫസറായ ലളിതമ്മ. ഈ ഒരു പശ്ചാത്തലത്തില്‍ അശ്വതിയെ ഏതെങ്കിലും വമ്പന്‍ സ്കൂളില്‍ സിബിഎസ്സി/ഐസിഎസ്ഇ സിലബസില്‍ പഠിപ്പിക്കാന്‍ മാര്‍ഗമില്ലാത്തവരുമല്ല. പക്ഷേ അവരുടെ നയപരമായ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അശ്വതിയുടെ ഉയര്‍ച്ചകള്‍. നാട്ടുമ്പുറത്തെ സാധാരണക്കാരിയായി, ബസില്‍ യാത്ര ചെയ്ത്, കാഴ്ചകളില്‍ നിന്ന് സമൂഹത്തെ അറിഞ്ഞ്, അനുഭവങ്ങള്‍ നേടിയതാണ് തന്റെ വിജയങ്ങളുടെ രഹ്യമെന്ന് അശ്വതിയും തുറന്നു സമ്മതിക്കും. ആ മാതൃക എന്തുകൊണ്ട് മലയാളി സ്വീകരിക്കുന്നില്ല എന്ന ചോദ്യമുയരുമ്പോഴാണ് വിദ്യാഭ്യാസത്തോടും വിദ്യാലയങ്ങളോടുമുള്ള മലയാളിയുടെ "നയ വ്യതിയാനം" മനസിലാകുന്നത്. ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും അതനുസരിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കുകയും ചെയ്യുന്നതാണ് മികച്ച വിദ്യാഭ്യാസത്തിന്റെ "യൂണിവേഴ്സിറ്റി" എന്ന് തെറ്റായി ധരിച്ചുപോയ മലയാളി അതിന്റെ കുടുക്കിലാണിപ്പോള്‍. ഇക്കാര്യത്തില്‍ സമ്പന്നനെന്നോ, ഇടത്തരക്കാരനെന്നോ,സാധാരണക്കാരനെന്നോ വ്യത്യാസമില്ല. മക്കളെ ഉന്നതങ്ങളിലെത്തിക്കാനാണീ പരിശ്രമങ്ങളെല്ലാം. പക്ഷേ തന്നെ നടക്കാന്‍ ശേഷിയില്ലാത്ത കുട്ടിയോട് "ഉലക്കവിഴുങ്ങാന്‍ നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്" അത്. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും കഠിന പരിശീലനത്തിനൊടുവില്‍ യന്ത്രമായി മാറുന്നകുട്ടി സ്വന്തം കുടുംബത്തോടുപോലും ബാധ്യതയില്ലാത്ത അരാഷ്ട്രീയത്തിന്റെ അരാജകാവസ്ഥയിലാണ് ചെന്നുപതിക്കുന്നത്. (എന്തും ചെയ്യാന്‍ മടിക്കാത്ത കുട്ടിക്കുറ്റവാളികളുടെ എണ്ണം പെരുകുന്നതാണ് സമീപകാല വാര്‍ത്തകള്‍). കടം വാങ്ങിയും പട്ടിണികിടന്നും ബ്ലേഡ്കാരില്‍ നിന്ന് വാങ്ങിയുമൊക്കെ ഫീസ് നല്‍കി പത്താം ക്ലാസ് കഴിയുമ്പോഴേക്കും രക്ഷകര്‍ത്താവിന്റെയും നടുവൊടിയും. അപ്പോള്‍ വീണ്ടും തുടര്‍ വിദ്യാഭ്യാസത്തിന് കേരള സിലബസിനെ ആശ്രയിക്കുന്ന സ്ഥിതിയും വര്‍ധിച്ചു വരുന്നുണ്ട്. മാറേണ്ടത് സിലബസല്ല. മനോഭാവമാണ്. ഇവിടെയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രസക്തി. അവയൊന്നും റിയല്‍ എസ്റ്റേറ്റ്പോലെ ലാഭം കൊയ്യാന്‍ ഉണ്ടാക്കിയവയല്ല. സേവന തല്‍പ്പരതയോടെ അറിവു പകര്‍ന്നു നല്‍കാനും നല്ല വ്യക്തിത്വങ്ങളെ കരുപ്പിടിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവയായിരുന്നു. അണ്‍ എയ്ഡഡ് പ്രളയത്തില്‍ അവയ്ക്കൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നു. എന്നാലും അവയെല്ലാം വിജയത്തിന്റെ കാര്യത്തില്‍ മറ്റാരെയും വെല്ലുവിളിക്കാവുന്ന ഉയര്‍ച്ചയിലാണ്. സര്‍ക്കാര്‍ മേഖലയില്‍ കിസുമം, കട്ടച്ചിറ സ്കൂളുകള്‍ ഫിനിക്സ് പക്ഷിയെപ്പോയൊണ് ഉയര്‍ത്തെഴുനേറ്റത്. സംപൂജ്യ പട്ടികയില്‍പെട്ട് ജില്ലയെ നാണം കെടുത്തിയ ആ വിദ്യാലയങ്ങള്‍ ഇന്ന് അഭിമാനത്തിന്റെ വിജയക്കൊടിയുമായി നിലകൊള്ളുന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണ മനോഭാവത്തിന് ഇനി ഉദാഹരണം തേടി എവിടെയും പോകേണ്ടതില്ല. ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെല്ലാം കാലത്തിനൊത്ത് ഉയരുകയുമാണ്. ഇത് തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി കാര്യമെന്ന് ബോധ്യപ്പെട്ട് അധ്യാപകര്‍ കൂടുതല്‍ പ്രതിജ്ഞാ ബദ്ധമാകുമ്പോള്‍ നിലവാരത്തില്‍ ഉയര്‍ന്ന നില കൈവരിക്കുകയാണ്. ഇത് വിദ്യാഭ്യാസ കച്ചവടക്കാരെ തെല്ലൊന്നുമല്ല പ്രകോപിതരാക്കുന്നത്. ഇവിടെയാണ് പത്തനംതിട്ട ജില്ലയില്‍ 502 നഷ്ടസ്കൂളുകള്‍ ഉണ്ടെന്ന കണ്ടെത്തലിന് പിന്നിലെ ഹിഡന്‍ അജണ്ട വെളിവാകുന്നത്. പൊതുമേഖല വളര്‍ന്നാല്‍ അത് തങ്ങളുടെ നിലനില്‍പ്പിനെ തകര്‍ക്കുമെന്ന് മറ്റാരെക്കാളും തിരിച്ചറിയുന്നവരാണ് അണ്‍ എയ്ഡഡ് കച്ചവടക്കാര്‍. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ ഇനിയും പുതിയ അജണ്ടകള്‍ പുറത്തുവരും. ഉറപ്പ്.

സ്കൂള്‍ തുറക്കുന്നത് ആശങ്കകളിലേക്ക്; പുസ്തകവും യൂണിഫോമുമില്ല
എം വി പ്രദീപ്
01-Jun-2014
തിരു: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് നിറയുന്നത് ആശങ്കയുടെ കാര്‍മേഘം. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം സ്കൂള്‍ തുറക്കുന്നതല്ലാതെ പൊതുവിദ്യാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. പുതിയതും പഴയതുമായ പാഠപുസ്തകങ്ങള്‍ എല്ലാ സ്കൂളുകളിലും എത്തിച്ചില്ല. തലസ്ഥാന ജില്ലയില്‍പ്പോലും 60 ശതമാനം പുസ്തകങ്ങളെ സ്കൂളുകളില്‍ എത്തിച്ചിട്ടുള്ളൂ.
ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം എന്നിവയുടെ കാര്യത്തിലും തീരുമാനമായില്ല. മൂന്ന് വര്‍ഷത്തിന് ശേഷം തസ്തിക നിര്‍ണയം നടന്ന് 12000 അധ്യാപകര്‍ പുറത്തുപോകുന്ന സാഹചര്യത്തില്‍ അധ്യാപകലോകവും ആശങ്കയോടെയാണ് പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത്. ശ്രീനാരായണ ഗുരുദര്‍ശനം ഇത്തവണ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതപഠനത്തിന് ഉത്തരവുണ്ട്. എന്നാല്‍, ഇത് എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശമില്ല.
പാഠ്യേതരവിഷയങ്ങള്‍ക്ക് പ്രത്യേക പിരീഡും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, പിരീഡുകളുടെ എണ്ണം ഒന്നു കൂട്ടി എട്ടാക്കി വര്‍ധിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഗുണനിലവരം മെച്ചപ്പെടുത്തല്‍ പദ്ധതി (ക്യുഐപി) യോഗത്തില്‍ തിരുമാനമായെങ്കിലും വിദ്യാഭ്യാസമന്ത്രി ഉടക്കിട്ടു. അതോടെ ടൈംടേബിള്‍ പരിഷ്കരണവും അനിശ്ചിതത്വത്തിലായി. കഴിഞ്ഞവര്‍ഷത്തെ സൗജന്യ യൂണിഫോം പോലും വിതരണം ചെയ്തിട്ടില്ല. ഈവര്‍ഷം സര്‍ക്കാര്‍ ഫണ്ടും നല്‍കിയില്ല. പാലും മുട്ടയും അടക്കം പോഷകാഹാരം കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചഭക്ഷണപദ്ധതി ഓര്‍മയായി.
ഇപ്പോള്‍ അരിയും അഞ്ചു രൂപയുമാണ് ഒരു കുട്ടിക്ക് അനുവദിക്കുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ കറികള്‍ പേരിലൊതുങ്ങി. ശക്തമായ സ്കൂള്‍ പിടിഎ നിലനില്‍ക്കുന്നിടങ്ങളിലേ കുട്ടികള്‍ക്ക് ഒരു കറിയെങ്കിലും ലഭിക്കുന്നുള്ളൂ. ഉച്ചഭക്ഷണത്തിനുള്ള തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതല്ലാതെ മിഷന്‍ 676ല്‍പോലും വിദ്യാഭ്യാസവകുപ്പ് ഇക്കാര്യം മിണ്ടിയിട്ടില്ല. ഈ വകയില്‍ പ്രധാനാധ്യാപകര്‍ക്ക് 60,000 രൂപവരെ കുടിശ്ശിക ലഭിക്കാനുണ്ട്. സ്കൂള്‍ തുറക്കുംമുമ്പ് നടത്തേണ്ട സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടായില്ല.
സ്കൂളുകളില്‍ അധ്യാപകക്ഷാമം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍പോലും 122 സ്കൂളില്‍ അധ്യാപകര്‍ കുറവാണ്. എന്നാല്‍, തസ്തിക നിര്‍ണയത്തില്‍ പുറത്തായ 12000 അധ്യാപകരെ വിന്യസിക്കാനും നീക്കമില്ല. ഇത്തവണ അധ്യാപകരില്ലാത്ത വിഷയങ്ങളില്‍ ദിവസവേതനത്തില്‍ അധ്യാപകരെ നിയമിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 38 വിദ്യാഭ്യാസജില്ലയുള്ളതില്‍ ഇരുപതിലും ഡിഇഒമാരില്ല. 21 ഡിഡിമാര്‍ വേണ്ടിടത്ത് എട്ട് പേരുടെ കുറവുണ്ട്. നൂറിലേറെ എഇഒ ഓഫീസുകളിലും നാഥനില്ല.

പാറക്കളം സ്കൂളിന് ചെറുത്തുനില്‍പ്പിന്റെ ഗാഥ
എസ് സിരോഷ
01-Jun-2014

പാലക്കാട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പാറക്കളം ഗവ. മാധവ എല്‍പി സ്കൂളിന് എസ്എഫ്ഐയുടെ കൈത്താങ്ങ്. പെരുമാട്ടി പഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് ഈ സ്കൂള്‍. നാടിന്റെ ദുഃഖം തൊട്ടറിഞ്ഞ് വിദ്യാര്‍ഥിസംഘടന രംഗത്തുവന്നതോടെ ഗ്രാമം ആഹ്ലാദത്തിലാണ്. അടിസ്ഥാന സൗകര്യമൊരുക്കിയും പഠനോപകരണങ്ങള്‍ നല്‍കിയും എസ്എഫ്ഐ ചിറ്റൂര്‍ ഏരിയ കമ്മിറ്റിയാണ് സ്കൂള്‍ ഏറ്റെടുക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ എസ്എഫ്ഐയുടെ ചെറുത്തുനില്‍പ്പുകൂടിയാണ് ഏറ്റെടുക്കല്‍.
ബാഗ്, നോട്ട്ബുക്ക്, പേന, സ്ലേറ്റ്, ഒരു പെട്ടി പെന്‍സില്‍, സ്ലേറ്റ് പെന്‍സില്‍, സ്കെയില്‍, റബര്‍, കട്ടര്‍, ബോക്സ്, കുട എന്നിവയടങ്ങുന്ന കിറ്റ് തിങ്കളാഴ്ച പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് നല്‍കും. ഒരു കിറ്റിന് 500രൂപയാണ് ചെലവ്. സ്കൂള്‍ വികസനത്തിനുള്ള ഫണ്ട് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന നാട്ടുകാരില്‍നിന്നും സമാഹരിക്കാനാണ് ശ്രമം. നാല് ക്ലാസിലും ഫാന്‍സൗകര്യവും കുടിവെള്ളവും ലഭ്യമാക്കും. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്കൂള്‍പരിസരവും മൂത്രപ്പുരയും ശുചീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി ടി പി ബിനീഷിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തും.
പ്രീ-പ്രൈമറിയില്‍ ഉള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളാണ് ഇത്തവണ സ്കൂളിലുള്ളത്. കഴിഞ്ഞവര്‍ഷം 56പേരായിരുന്നു. ഹെഡ്മിസ്ട്രസ് അടക്കം നാല് അധ്യാപകരുമുണ്ട്. സ്കൂളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കള്‍ വീടുകളില്‍ ക്യാമ്പയിനും നടത്തുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും ഈ സ്കൂളില്‍ കുട്ടികള്‍ കുറവായിരുന്നു. രക്ഷിതാക്കളുടെ സഹകരണക്കുറവും യാത്രാസൗകര്യമില്ലായ്മയുമാണ് കുട്ടികള്‍ കുറയാന്‍ കാരണമായതെന്ന് ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ പറഞ്ഞു.
നാലു കിലോമീറ്റര്‍ ദൂരെയുള്ള അമ്പാട്ടുപാളയംവരെ മാത്രമേ ബസ് സൗകര്യമുള്ളു. പിന്നീട് ഓട്ടോയില്‍ വേണം സ്കൂളിലെത്താന്‍. അതുകൊണ്ടുതന്നെ ദൂരസ്ഥലങ്ങളില്‍നിന്ന് കുട്ടികള്‍ ഇവിടേക്കു വരാറില്ല. നിലവില്‍ പഠിക്കുന്ന കുട്ടികളെ കൊണ്ടുവരാന്‍ സ്കൂള്‍ ഓട്ടോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകള്‍ ഇന്ന് തുറക്കും
സ്വന്തം ലേഖകന്‍
01-Jun-2014

തിരു: വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. മൂന്നര ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അണ്‍എയ്ഡഡ് സ്കൂളുകളിലെ കനത്ത ഫീസും കഠിനമായ സിലബസും ഉള്‍ക്കൊള്ളാനാകാതെ അമ്പതിനായിരത്തോളം പേര്‍ വിവിധ ക്ലാസുകളിലേക്കും മാറിയെത്തുന്നു.
എല്ലാ സ്കൂളിലും പ്രവേശനോത്സവം നടക്കും. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം തിരൂരങ്ങാടി തൃക്കുളം ഗവ. സ്കൂളില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ആദ്യദിനം സ്കൂളിലെത്തണമെന്ന് നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ അനാസ്ഥ കാരണം പുതിയതും പഴയതുമായ പാഠപുസ്തകങ്ങള്‍ മുഴുവന്‍ സ്കൂളുകളിലും എത്തിക്കാനായില്ല.
തലസ്ഥാന ജില്ലയില്‍പ്പോലും 60 ശതമാനം പുസ്തകങ്ങളെ എത്തിച്ചിട്ടുള്ളൂ. ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണത്തിലും തീരുമാനമായില്ല.

മന്ത്രി ഉടക്കി; ടൈംടേബിള്‍ മാറ്റം ത്രിശങ്കുവില്‍
സ്വന്തം ലേഖകന്‍
01-Jun-2014
തിരു: സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരിച്ചുകൊണ്ടുള്ള എസ്സിഇആര്‍ടി ശുപാര്‍ശ ഭേദഗതികളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതിനെതിരെ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ്. മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ച എസ്സിഇആര്‍ടിയുടെ നിര്‍ദേശം അപ്പാടെ സ്വീകരിക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പിരീഡുകളുടെ സമയം കുറയ്ക്കാതെ ഉച്ചഭക്ഷണസമയവും ഇടവേളകളുടെ സമയവും ചുരുക്കി എട്ട് പിരീഡ് ആക്കാനായിരുന്നു എസ്സിഇആര്‍ടി ശുപാര്‍ശ. എന്നാല്‍, ഗുണനിലവാരം ഉയര്‍ത്തല്‍ പദ്ധതി (ക്യുഐപി)യോഗത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമെന്യേ അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ത്തു. ഉച്ചഭക്ഷണ സമയം 30 മിനിറ്റാക്കി വെട്ടിച്ചുരുക്കി പിരീഡ് കൂട്ടുന്നത് കുട്ടികളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നാണ് അധ്യാപകരുടെ നിലപാട്. തുടര്‍ന്ന് അധ്യാപക സംഘടനകള്‍ നിര്‍ദേശിച്ച ഭേദഗതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) ഗോപാലകൃഷ്ണ ഭട്ട് അംഗീകരിച്ചു. ക്യുഐപി യോഗ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയാണ് കീഴ്വഴക്കം. മന്ത്രിയുടെയും ലീഗിന്റെയും താല്‍പ്പര്യംമാത്രം പിന്തുടരുന്ന എസ്സിഇആര്‍ടിയുടെ നിര്‍ദേശത്തിന് ഭേദഗതി നിര്‍ദേശിച്ചപ്പോള്‍ ഡിപിഐ മൗനം പാലിച്ചെന്നാണ് മന്ത്രി ഓഫീസിന്റെ വിമര്‍ശം. എസ്സിഇആര്‍ടി ശുപാര്‍ശ നടപ്പാക്കുന്നതിനുള്ള ശ്രമം തുടരാനുമാണ് മന്ത്രിയുടെ നീക്കം. തുടര്‍ന്നാണ് ടൈംടേബിള്‍ പരിഷ്കരണം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ഞായറാഴ്ച പ്രസ്താവനയിറക്കിയത്. മന്ത്രി ഓഫീസിലെ സമ്മര്‍ദത്തെതുടര്‍ന്ന്, ടൈംടേബിള്‍ പരിഷ്കരണം തീരുമാനിച്ചിട്ടില്ലെന്ന് ഡിപിഐയും വാര്‍ത്താക്കുറിപ്പിറക്കി. മന്ത്രിയുടെ അമിത ഇടപെടലില്‍ മനംമടുത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അവധിയിലാണ്. മന്ത്രിയുമായി യോജിക്കാനാവാതെ മൂന്ന് വര്‍ഷത്തിനിടെ നാല് ഡിപിഐമാര്‍ മാറി. സമ്മര്‍ദം സഹിക്കാനാകാതെ വന്നപ്പോള്‍ അഴിമതിക്കെതിരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ബിജു പ്രഭാകര്‍ പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. ഷെയ്ക് പരീത് നിയമനം കിട്ടിയപ്പോള്‍തന്നെ ഡിപിഐ ആകാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു. ഒരു മാസത്തിന് ശേഷം മാറ്റാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് അദ്ദേഹം ചുമതലയേറ്റത്. ഒരു മാസംമുമ്പാണ് ഗോപാലകൃഷ്ണ ഭട്ട് ചുമതലയേറ്റത്.

അനുപാതം പുനര്‍നിര്‍ണയിച്ചാലും ഫലമില്ല; 17,000 അധ്യാപകര്‍ അധികമാകും
എം സുരേന്ദ്രന്‍
01-Jun-2014
കൊച്ചി: പുതിയ അധ്യയനവര്‍ഷത്തിന് തിങ്കളാഴ്ച തുടക്കമാകുമ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ കുടുങ്ങി ആയിരക്കണക്കിനു അധ്യാപകര്‍. വിദ്യാര്‍ഥി-അധ്യാപക അനുപാതം എത്രകണ്ടു കുറച്ചിട്ടും സംസ്ഥാനത്ത് 15,000 മുതല്‍ 17,000 വരെ അധ്യാപകര്‍ അധികമാകുമെന്നാണ് കണക്ക്. കഴിഞ്ഞ അധ്യയനവര്‍ഷം 12,000 അധ്യാപകരാണ് അധികം ഉണ്ടായിരുന്നത്. പുതിയ വര്‍ഷം അയ്യായിരത്തോളം അധ്യാപകര്‍കൂടി അധികമാകുന്നത് സ്കൂള്‍ വിദ്യാഭ്യാസരംഗം കലുഷിതമാക്കും. എല്‍പി, യുപി, െഹൈസ്കൂള്‍ തലങ്ങളിലാണ് അധ്യാപകര്‍ അധികം വരുന്നത്. നേരത്തെ എല്‍പി, യുപി വിഭാഗത്തില്‍ 1:45 ആയിരുന്നു അധ്യാപക-വിദ്യാര്‍ഥി അനുപാതം. ഈ അനുപാതം നിലനില്‍ക്കെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ നന്നേ കുറഞ്ഞു. 2012-13 അധ്യയനവര്‍ഷം എല്‍പിയിലും യുപിയിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:35, 1:30 എന്നിങ്ങനെ പുനര്‍നിര്‍ണയിച്ചു. ആ സാഹചര്യത്തിലും 12,000 അധ്യാപകര്‍ അധികമായി. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് തിങ്കളാഴ്ച പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത്. ആറാമത്തെ പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ അന്തിമ കണക്കെടുപ്പു നടക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 15നു മുമ്പ് അധ്യാപകരുടെ ഫിക്സേഷന്‍ പൂര്‍ത്തിയാകും. ഇതോടെ 17,000 അധ്യാപകര്‍ ജോലിയില്ലാതെ വലയും. മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറിയും സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം നന്നേ കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 12,465 സ്കൂളുള്‍ ഉണ്ട്. 1,70,000 അധ്യാപകര്‍ രണ്ടു മേഖലയിലുമായി ജോലിനോക്കുന്നു. മൊത്തം അധ്യാപകരില്‍ മൂന്നില്‍ രണ്ടു ഭാഗവും എയ്ഡഡ് മേഖലയിലാണ്. അധികമാകുന്ന അധ്യാപകരില്‍ ഏറിയപങ്കും ഈ മേഖലയിലാണ്. പ്രധാനാധ്യാപകരുടെ ചുമതലയും മറ്റും നല്‍കി കുറച്ചുപേരെ നിലനിര്‍ത്താനാകും. ശേഷിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ സിബിഎസ്ഇ ഉള്‍പ്പെടെയുള്ള സ്വകാര്യ അണ്‍ എയ്ഡഡ് മേഖലയോടു കാട്ടുന്ന അമിത താല്‍പ്പര്യമാണ് ഈ പ്രതിസന്ധിക്കു മുഖ്യകാരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം എണ്ണൂറിലേറെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി. വിദ്യാര്‍ഥികള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കു ചേക്കേറുന്ന പ്രവണത ഇതോടെ വ്യാപകമായി.

ജില്ലാതല പ്രവേശനോത്സവം: പാറയ്ക്കല്‍ ഗ്രാമം ഉത്സവലഹരിയില്‍
02-Jun-2014
വെഞ്ഞാറമൂട്: ഇത്തവണത്തെ ജില്ലാതല പ്രവേശനോത്സവം പാറയ്ക്കല്‍ യുപിഎസിലെന്ന് അറിഞ്ഞതുമുതല്‍ ഗ്രാമമാകെ ഉത്സവലഹരിയില്‍. മികച്ച അധ്യയനവും ഭൗതികസാഹചര്യങ്ങളുമെല്ലാം സ്വകാര്യ സ്കൂളുകളെപ്പോലും പിറകിലാക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച ഒട്ടനവധി വിദ്യാര്‍ഥികളെയാണ് ഈ യുപി സ്കൂള്‍ ഓരോ വര്‍ഷവും സംഭാവനചെയ്യുന്നത്. സമീപപ്രദേശത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ എപ്ലസ് ഗ്രേഡ് വാങ്ങിയവരില്‍ കൂടുതല്‍പേരും ഈ സ്കൂളിന്റെ സംഭാവനയാണ്. കലാപ്രവര്‍ത്തനരംഗത്തും മികവുതെളിയിച്ച ഈ ഗ്രാമീണ വിദ്യാലയം ജില്ലയിലെതന്നെ ഏറ്റവും മികച്ച യുപിഎസ് ആണെന്ന് അധ്യാപകര്‍ അവകാശപ്പെടുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുരുത്തോലയും തോരണങ്ങളും കെട്ടി സ്കൂള്‍ പരിസരമാകെ അലങ്കരിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറയ്ക്കല്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കും. പ്രവേശനഗാനവും നാടന്‍ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്യും. പാലോട് രവി എംഎല്‍എ അധ്യക്ഷനാകും. എ സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ പാറയ്ക്കല്‍ യുപിഎസില്‍നിന്ന് പഠിച്ചിറങ്ങി എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിനും എപ്ലസ് നേടിയ പൂര്‍വവിദ്യാര്‍ഥികളെ അനുമോദിക്കും.

പഠനമികവില്‍ വിതുര യുപി മുന്നില്‍ അധ്യാപകരും ജീവനക്കാരും കുറവ്
02-Jun-2014
വിതുര: ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നവാഗതരെത്താറുള്ള വിതുര ഗവ. യുപി സ്കൂളില്‍ പ്യൂണും സ്വീപ്പറുംവേണ്ടത്ര അധ്യാപകരുമില്ലെന്ന് പരാതി. പഠനമികവില്‍ മലയോര മേഖലയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സ്കൂളിലെ അധ്യാപകരെ സമീപസ്കൂളുകളിലേക്ക് മാറ്റി സ്കൂളിന്റെ നിലവാരം തകര്‍ക്കുന്നത് എഇഒ ആണെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. ആയിരത്തി അറുനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പ്യൂണ്‍ ഇല്ലാതായിട്ട് മൂന്നുവര്‍ഷത്തോളമായി. അധ്യാപകരുള്‍പ്പെട്ട ജീവനക്കാരാണ് ഈ തസ്തിക ഇപ്പോള്‍ നികത്തിപ്പോരുന്നത്. പാര്‍ട്ടൈം സ്വീപ്പര്‍ക്ക് ഫുള്‍ടൈം സ്വീപ്പറായി ജോലിക്കയറ്റം കിട്ടി തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോയിട്ട് മാസങ്ങളായി. ആയയാണ് സ്വീപ്പര്‍ ജോലി ചെയ്യുന്നത്. പ്രൈമറിവിഭാഗത്തില്‍ ഒരു ആയയുടെ കുറവുള്ളപ്പോഴാണിത്. മൂന്ന് അധ്യാപകരുടെ കുറവാണ് സ്കൂളിലുള്ളത്. കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ട് അധ്യാപകരെ തെന്നൂര്‍ സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇവരെ തിരികെ എത്തിക്കുകയോ പകരം അധ്യാപകരെ നിയമിക്കുകയോ ചെയ്തിട്ടില്ല. പുതിയ അധ്യയനവര്‍ഷം തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ ഒരു അധ്യാപകനെ ബോണക്കാട് സ്കൂളിലേക്ക് പ്രധാന അധ്യാപകന്റെ ചാര്‍ജ് നല്‍കി അയച്ചുള്ള ഉത്തരവാണ് എഇഒ നല്‍കിയത്. എന്നാല്‍, ബോണക്കാട് സ്കൂളില്‍ പ്രധാനാധ്യാപകന്‍ ഇല്ലാത്ത സാഹചര്യത്തില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക ക്രമീകരണമാണ് നടത്തിയതെന്ന് പാലോട് എഇഒ ബാബു പറഞ്ഞു. യുപി വിഭാഗം പാലോട് സബ്ജില്ലാതല പ്രവേശനോത്സവം വിതുവ യുപിഎസിലാണ് നടക്കുന്നത്.
ഒരു കുടയും കുഞ്ഞുബാഗും 200 വിദ്യാര്‍ഥികള്‍ക്ക്
02-Jun-2014
വര്‍ക്കല: ശിവഗിരി എസ്എന്‍ കോളേജ് പൂര്‍വവിദ്യാര്‍ഥിസംഘടനയുടെ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ വിദ്യാരംഭംകുറിക്കുന്ന തെരഞ്ഞെടുത്ത മുപ്പത്തഞ്ചോളം സ്കൂളിലെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്ക് "ഒരു കുടയും കുഞ്ഞുബാഗും" സൗജന്യമായി നല്‍കും. നാലാംതവണയാണ് ഈ സംരംഭം തുടരുന്നത്. ഗവ. എല്‍പി സ്കൂളുകളായ മണനാക്ക്, അയിരൂര്‍, പനയറ, കുളമുട്ടം, ചെറുന്നിയൂര്‍, ശ്രീനിവാസപുരം, കാപ്പില്‍, ചെമ്പകശേരി, ഒറ്റൂര്‍, കവലയൂര്‍, വര്‍ക്കല, മൂങ്ങോട്, പൊയ്കയില്‍, പാലച്ചിറ, ഓടയം, ചുമടുതാങ്ങി, പണയില്‍, ചിലക്കൂര്‍, ഇളപ്പില്‍, പുല്ലാന്നികോട്, വലയന്റകുഴി, നിലയ്ക്കാമുക്ക്, കായിക്കര, ശ്രീനാരായണപുരം, കാച്ചാണി, മൂന്നാംമൂട്, കരുനിലക്കോട്, വേങ്ങോട്, ഞെക്കാട്, പുത്തന്‍ചന്ത, തെയ്യന്റെവിള, ഇലകമണ്‍, പാളയംകുന്ന് തുടങ്ങിയ സ്കൂളുകളിലാണ് ഒരു കുടയും കുഞ്ഞുബാഗും വിതരണംചെയ്യുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്കൂളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികളായ ഷൈന്‍ ചന്ദ്രസേനന്‍, അനീഷ് ഭാസി, മൂസക്കുട്ടി, നിബു പേരേറ്റില്‍ എന്നിവര്‍ അറിയിച്ചു.

വിദ്യാലയ മുത്തശ്ശി ശതാബ്ദി നിറവില്‍ ആഘോഷം ഇന്നു തുടങ്ങും
01-Jun-2014
ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ വിദ്യയുടെ വെളിച്ചം പകരുന്ന ഐവര്‍കാല ഗണപതിയാംമുകള്‍ ഗവ.എല്‍പിസ്കൂള്‍ ശതാബ്ദിയുടെ നിറവില്‍. ഒരുവര്‍ഷത്തെ ആഘോഷത്തിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന തിങ്കളാഴ്ച തുടക്കമാകും. ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവത്തിനും സ്കൂള്‍ വേദിയാകും. പിന്നോക്കസമുദായത്തില്‍പ്പെട്ടവരുടെയും കശുവണ്ടി- കര്‍ഷകത്തൊഴിലാളികളുടെയും മക്കളാണ് സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഏറെയും. കുന്നത്തൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പ്രദേശവാസി സര്‍ക്കാരിനു ദാനമായി നല്‍കിയ 50 സെന്റിലെ ഓലമേഞ്ഞകെട്ടിടത്തില്‍ 1915ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാലുവര്‍ഷംകൊണ്ട് സ്കൂള്‍ നാലാംക്ലാസു വരെ വളര്‍ന്നു. അഞ്ചാം ക്ലാസ്കൂടി 1950ല്‍ ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തുവര്‍ഷത്തിനുശേഷം നിര്‍ത്തലാക്കേണ്ടിവന്നു. ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കടന്നുവരവില്‍ 18 ഡിവിഷനുകള്‍ ഉണ്ടായിരുന്ന സ്കൂളിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലായി. പ്രതിസന്ധികളെ അതിജീവിച്ച സ്കൂളിന്റെ കനകജൂബിലി 1965ല്‍ വിപുലമായി ആഘോഷിച്ചു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ 2012ല്‍ പ്രീപ്രൈമറി ആരംഭിച്ചു. ആധുനികരീതിയിലുള്ള കെട്ടിടങ്ങളും ക്ലാസ്മുറികളും കളിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും യഥേഷ്ടം ഇവിടെയുണ്ട്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം, പൂര്‍വവിദ്യാര്‍ഥിസംഗമം, കവിയരങ്ങ്, ചിത്രകലാ ആസ്വാദനക്ലാസ്, മെഡിക്കല്‍ക്യാമ്പ്, കര്‍ഷകസംഗമം, നിയമബോധനക്ലാസ്, ലഹരിവിരുദ്ധക്ലാസ്, ട്രാഫിക് ബോധവല്‍ക്കരണക്ലാസ്, പ്രതിഭാസംഗമം, കലാസ്വാദനക്ലാസ്, പാമ്പുവിജ്ഞാനക്ലാസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷസ്മാരകമായി കുന്നത്തൂര്‍ പഞ്ചായത്തുഫണ്ട് ഉപയോഗിച്ച് തുറന്ന ഓഡിറ്റോറിയം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചു. ചങ്ങനാശേരി സ്മാരക ഗ്രന്ഥശാല ഗ്രൗണ്ടില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.30ന് നവാഗതരെ സ്വീകരിച്ച് ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്നു പൊതുസമ്മേളനവും കംപ്യൂട്ടര്‍ ഉദ്ഘാടനവും കെ എന്‍ ബാലഗോപാല്‍ എംപി നിര്‍വഹിക്കും.

കളിനിര്‍ത്തി; ക്ലാസിലേക്ക് 18000 പേര്‍
01-Jun-2014
കൊല്ലം: കളിചിരികള്‍ നിറഞ്ഞ വേനലവധിക്ക് വിട നല്‍കി തിങ്കളാഴ്ച പുത്തന്‍ അധ്യയനവര്‍ഷം ആരംഭിക്കും. 18,000ത്തോളം കുരുന്നുകളാണ് ജില്ലയില്‍ ഒന്നാം ക്ലാസിലേക്കെത്തുന്നത്. വര്‍ണചിത്രങ്ങളും ബലൂണുകളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ച് സ്കൂളുകള്‍ പ്രവേശനോത്സവത്തിന് ഒരുങ്ങി. ജില്ലാതല പ്രവേശനോത്സവം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച രാവിലെ പത്തിന് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. വിളംബരജാഥയോടെ വിദ്യാര്‍ഥികളെ മധുരംനല്‍കി എതിരേറ്റ് ക്ലാസ് മുറികളിലേക്ക് ആനയിക്കും. വര്‍ണക്കുടകളും കളര്‍പെന്‍സിലുകളും അടങ്ങുന്ന പ്രവേശനകിറ്റ് സമ്മാനിക്കും. സ്കൂളുകള്‍ പ്രത്യേക പ്രവേശനഗാനവും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഒരു സ്മാര്‍ട് ക്ലാസ്റൂമെങ്കിലും ഉണ്ടാകണമെന്ന നിഷ്കര്‍ഷയുമുണ്ട്. പന്ത്രണ്ട് ഉപജില്ലകളിലെ പ്രവേശനോത്സവങ്ങളും വിപുലമാക്കാനാണ് തീരുമാനം. തുയ്യം സെന്റ് ജോസഫ് എല്‍പി സ്കൂള്‍, ചവറ കാമന്‍കുളങ്ങര എല്‍പി സ്കൂള്‍, കുണ്ടറ പേരൂര്‍ എംവിജി എല്‍പിഎസ്, ചാത്തന്നൂര്‍ കരിമ്പാലൂര്‍ ഗവ. എല്‍പിഎസ്, കൊട്ടാരക്കര ടൗണ്‍ യുപിഎസ്, താഴേകുളക്കട ഗവ. ഡിവിഎല്‍പിഎസ്, അഞ്ചല്‍ മടത്തറ ജിഎസ്എല്‍പിഎസ്, വെളിയം ഓടനാവട്ടം ഗവ. എല്‍പിഎസ്, നിലമേല്‍ ഗവ. യുപിഎസ്, ശാസ്താംകോട്ട ഐവര്‍കാല ഗവ. എല്‍പിഎസ്, കരുനാഗപ്പള്ളി എവിജിഎല്‍പിഎസ്, പുനലൂര്‍ ആരംപുന്ന എല്‍പിഎസ് എന്നിവിടങ്ങളിലാണ് ഉപജില്ലാതല ഉദ്ഘാടനം. പാഠപുസ്തകങ്ങളുടെ വിതരണവും ജൂണ്‍ ആദ്യവാരം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 13 ലക്ഷം പുസ്തകങ്ങളാണ് വിതരണംചെയ്തത്. അഞ്ചുലക്ഷം പുസ്തകങ്ങള്‍ കൂടി ഏഴിനു മുമ്പ് നല്‍കും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ പുസ്തകങ്ങള്‍. അതേസമയം യൂണിഫോം വിതരണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണം വൈകിയത് ഏറെ പ്രതിഷേധമുണ്ടാക്കി.

ജില്ലാതല പ്രവേശനോത്സവം: അണിഞ്ഞൊരുങ്ങി കടയ്ക്കല്‍ ഗവ. സ്കൂള്‍
01-Jun-2014
കടയ്ക്കല്‍: റെവന്യൂ ജില്ലാ സ്കൂള്‍ പ്രവേശനോത്സവത്തിന് കടയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒരുങ്ങി. അറിവിന്റെ ലോകത്തേക്കു കടക്കുന്ന കൊച്ചുകൂട്ടുകാരെ മധുരവും വര്‍ണബലൂണുകളും നല്‍കി ചേട്ടന്മാരും ചേച്ചിമാരും വരവേല്‍ക്കും. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സ്കൂളില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 43 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് വരവേല്‍ക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്രവേശനോത്സവ വിളംബര ഘോഷയാത്ര സ്കൂളില്‍നിന്ന് ആരംഭിക്കും. പ്രവേശനോത്സവം രാവിലെ പത്തിന് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ അധ്യക്ഷനാകും. പ്രവേശനോത്സവസന്ദേശം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ജഗദമ്മ നല്‍കും. പ്രവേശനകിറ്റ് വിതരണം, പുസ്തകപ്രകാശനം, പുരസ്കാര വിതരണം എന്നീ ചടങ്ങുകളും നടക്കും.
പണിതിട്ടും പണിതിട്ടും എങ്ങുമെത്താതെ കുളത്തൂപ്പുഴ റെസിഡന്‍ഷ്യല്‍ സ്കൂള്‍
01-Jun-2014
അഞ്ചല്‍: പണിതിട്ടും പണിതിട്ടും തീരാതെ കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിടം. പുതിയ അധ്യയന വര്‍ഷവും സ്കൂളിലെ കുട്ടികളെ കാത്തിരിക്കുന്നത് പണിതീരാത്ത കെട്ടിടമാണ്. പട്ടികജാതി- പട്ടിക വര്‍ഗക്കാരായ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനുവേണ്ടി പുതിയ കെട്ടിടം പണി ആരംഭിച്ചിട്ടു വര്‍ഷങ്ങളായി. ഈ കുട്ടികളോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്ക് ഉത്തമ ദൃഷ്ടാന്തമാകുകയാണ് സ്കൂളും. കുളത്തൂപ്പുഴയില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിച്ചുവന്ന സ്കൂളിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനാകാതെ ചോഴിയക്കോട് അരിപ്പയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുകയായിരുന്നു. അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ വിവിധ ജില്ലകളില്‍നിന്നുള്ള പിന്നോക്ക വിഭാഗക്കാരായ ആണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. പട്ടികവര്‍ഗക്കാരായ കുട്ടികളാണ് 60 ശതമാനം. പട്ടികജാതിയില്‍പെട്ട 30 ശതമാനവും ഇതര പിന്നോക്ക വിഭാഗക്കാരായ പത്തുശതമാനവും കുട്ടികളാണ് പഠിക്കുന്നത്. പരാധീനതകള്‍ക്കു നടുവിലും എസ്എസ്എല്‍സി പരീക്ഷകളില്‍ നൂറു ശതമാനം വിജയമാണ് സ്കൂള്‍ സ്ഥിരമായി നേടുന്നത്. കുളത്തൂപ്പുഴയില്‍ വാടകക്കെട്ടിടത്തിലെ കാര്‍ഷെഡിലും പാചകപ്പുരയിലുമാണ് നേരത്തെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത്. സ്കൂളിനായി അരിപ്പയില്‍ 13.55 ഏക്കര്‍ റെവന്യൂഭൂമി പതിച്ചുനല്‍കി. നിര്‍മാണ ചുമതല ഏറ്റെടുത്ത കിറ്റ്കോ സബ് കോണ്‍ട്രാക്ട് നല്‍കിയാണ് കെട്ടിടം പണിയുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്തിയില്ല. ഇടയ്ക്ക് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണത് വിവാദമായി. കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതിയാണെന്ന ആക്ഷേപം ശക്തമാണ്. പുതിയ അധ്യയന വര്‍ഷം പുതിയ ക്ലാസ്മുറിയില്‍ പഠനം ആരംഭിക്കാമെന്ന കുട്ടികളുടെ മോഹം ഇത്തവണയും പൊലിഞ്ഞു.
ജനകീയ കൂട്ടായ്മയില്‍ രണ്ടില്‍നിന്നും ഇരുപതിലേക്ക്
01-Jun-2014
ചെങ്ങന്നൂര്‍: അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ചെങ്ങന്നൂര്‍ മംഗലം ജെബി സ്കൂളില്‍ 20 കുരുന്നുകള്‍ എത്തും. 101 വര്‍ഷം പഴക്കമുള്ള ഈ സ്കൂളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വിവിധ ഡിവിഷനുകളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി നൂറുകണക്കിനു കുട്ടികള്‍ പഠിച്ചിരുന്നു. പമ്പാനദിയില്‍ ഒറ്റപ്പെട്ട ദ്വീപായി കിടന്നിരുന്ന മംഗലം പ്രദേശത്തെ ഏക സ്കൂളായിരുന്നു ഇത്. എന്നാല്‍ കാലക്രമേണ നഗരത്തില്‍ മറ്റ് സ്കൂളുകള്‍ എത്തിയതോടെയും ഗതാഗത സൗകര്യം വര്‍ധിച്ചതോടെയും രക്ഷാകര്‍ത്താക്കള്‍ ഇംഗ്ലീഷ്മീഡിയം വിദ്യാലയങ്ങള്‍ തേടിപ്പോയി. ഇതുമൂലം ഇവിടെ വിദ്യാര്‍ഥികളുടെ എണ്ണംകുറഞ്ഞ് കഴിഞ്ഞവര്‍ഷം രണ്ടുപേരില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സ്കൂളില്‍ ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥി യോഗത്തില്‍ 160 ഓളം പേര്‍ പങ്കെടുത്ത്, തങ്ങളുടെ പൂര്‍വവിദ്യാലയത്തെ രക്ഷിക്കുന്നതിന് തീരുമാനമെടുത്തു. സ്കൂള്‍ നിലനില്‍ക്കുന്ന മുനിസിപ്പല്‍ വാര്‍ഡുകളിലെ ജനപ്രതിനിധികളായ ഏലിയാമ്മ സജിയുടെയും ജോസ് മംഗലത്തിന്റെയും നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തിയ കമ്മിറ്റി 20 പുതിയ കുട്ടികളെ സ്കൂളിലേക്ക് കണ്ടെത്തി. ഇതില്‍ പത്തുപേര്‍ സ്കൂളില്‍ പുതിയതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിലേക്കായിരുന്നു പ്രവേശനം തേടിയത്. തുടര്‍ന്ന് ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് രണ്ട് പുതിയ താല്‍ക്കാലിക അധ്യാപികമാരെയും ഒരു ആയയെയും കണ്ടെത്തി. ഇവര്‍ക്കുള്ള വേതനവും കമ്മിറ്റി സ്വരൂപിച്ചു. സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, പഠനോപകരണങ്ങളുടെ നിര്‍മാണം, ഫാനുകള്‍, പുതിയതായി സജ്ജീകരിച്ച ക്ലാസ് മുറികള്‍, പാത്രങ്ങള്‍, ഡൈനിങ് ടേബിളുകള്‍ അടക്കം എല്ലാം ലഭ്യമാക്കി. മംഗലം സെന്റ് തോമസ് യുവജനസഖ്യം പുതിയ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് യുവജനസഖ്യം ലൈബ്രറിയിലേക്ക് പുതിയ അലമാരകള്‍ നല്‍കി. താലൂക്കിലെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്നായി മംഗലം ജെബിഎസിനെ മാറ്റാന്‍ ജനകീയകൂട്ടായ്മയ്ക്കു കഴിഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭയുടെയും എസ്എസ്എയുടെയും ഫണ്ടുകള്‍ സ്കൂളിന് ലഭ്യമാക്കുന്നതിനും ജനകീയകമ്മിറ്റി ഇടപെട്ടു
"അച്ചാമ്മയ്ക്ക് \"സ്നേഹാദരവുമായി കുട്ടികള്‍
01-Jun-2014
ആലപ്പുഴ: നാട്ടറിവും മാതൃതുല്യസ്നേഹവും പശിയടക്കാന്‍ ആഹാരവും കുടിവെള്ളവുമെല്ലാം പകര്‍ന്ന് നല്‍കിയ മുത്തശ്ശിയ്ക്ക് കസവ്സെറ്റും നേര്യതും നല്‍കി സ്കൂള്‍കുട്ടികള്‍ കാട്ടിയ സ്നേഹാദരം ശ്രദ്ധേയമായി. പട്ടണക്കാട് പുതിയകാവ് ഗവണ്‍മെന്റ് യൂപി സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉപരി പഠനത്തിന് ഹൈസ്കൂളുകളിലേക്ക് പോകുന്ന 15 ഓളം വരുന്ന കുട്ടികളാണ് വിടവാങ്ങല്‍ ചടങ്ങിനോടനുബന്ധിച്ച് തങ്ങള്‍ക്കൊപ്പം ഏഴുവര്‍ഷക്കാലം ഉണ്ടായിരുന്ന മുത്തശ്ശിക്ക് സ്നേഹോപഹാരം നല്‍കിയത്. 85കാരിയായ മുത്തശ്ശി വേട്ടേകാട്ട് നികര്‍ത്ത് മാധവിയമ്മയുടെ വീട്ടില്‍ അധ്യാപകരും പിടിഎ ഭാരവാഹികളുമടക്കം എത്തിയാണ് ഉപഹാരം നല്‍കിയത്. അഞ്ചുപതിറ്റാണ്ടിലേറെയായി സ്കൂളിന് സമീപം ചായക്കടയും പിന്നീട് ചെറിയ ഹോട്ടലും നടത്തിവരികയാണ് മുത്തശ്ശി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വാത്സല്യം വാരിക്കോരി നല്‍കിയ മാധവിയമ്മയെ ഇവര്‍ അച്ചാമ്മ എന്നാണ് വിളിച്ചിരുന്നതും അറിയപ്പെടുന്നതും. ഇന്റര്‍വെല്‍ സമയങ്ങളിലും ഉച്ചഭക്ഷണസമയത്തും അച്ചാമ്മയുടെ അരികിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളവും ആഹാരവും ഇവര്‍ നല്‍കി. ഒപ്പം നാട്ടറിവുകളും പരസ്പരസ്നേഹത്തിന്റെ പ്രധാന്യവുമെല്ലാം മനസിലാക്കികൊടുത്തിരുന്നു. ഈ വാത്സല്യം അടുത്തറിഞ്ഞ കുട്ടികള്‍ തങ്ങളുടെ സ്കൂളില്‍ നിന്നുള്ള വിടവാങ്ങല്‍ ചടങ്ങില്‍ മുത്തശ്ശിയെ കണാനും വിടപറയാനും തീരുമാനിക്കുകയായിരുന്നു. പ്രായാധിക്യം വന്ന അമ്മമാരെ പെരുവഴിയിലും വൃദ്ധസദനത്തിലും തള്ളുന്ന പുതുതലമുറയ്ക്ക് എനിക്ക് നിങ്ങള്‍ തന്ന സ്നേഹാദരം ഒരു പാഠമാകുമെന്ന് മാധവിയമ്മ കുട്ടികളോട് പറഞ്ഞു. അഭിരാമി, ശ്രീരാജ്, സ്നേഹ പുഷ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ഹെഡ്മിസ്ട്രസ് നാസി, സീനിയര്‍ അസിസ്റ്റന്റ് രാജമ്മ, അധ്യാപിക രശ്മി, പിടിഎ പ്രസിഡന്റ് എ എസ് രാജേഷ്, പ്രമീളന്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.
നഷ്ടപ്രതാപം വീണ്ടെടുത്ത് യുപി സ്കൂള്‍
01-Jun-2014
കറ്റാനം: നഷ്ടപ്രതാപം വീണ്ടെടുത്ത് മൂന്നാംകുറ്റി ഗവ. മോഡല്‍ യുപി സ്കൂള്‍ നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും സജീവമാകുന്നു. കുട്ടികളുടെ കുറവുമൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്കൂളില്‍ ഇത്തവണ പുതുതായി ധാരാളം കുട്ടികള്‍ പ്രവേശനം നേടി. സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സ്കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിജയംകണ്ടു. ആര്‍ പത്മനാഭപിള്ള പ്രസിഡന്റും എസ് രവീന്ദ്രന്‍നായര്‍ സെക്രട്ടറിയുമായുള്ള സംരക്ഷണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച നടക്കുന്ന വിപുലമായ പ്രവേശനോത്സവം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകരും നാട്ടുകാരും
പൊതുവിദ്യാലയങ്ങളെ അവഹേളിക്കും: പരിഷത്ത്
02-Jun-2014
തൊടുപുഴ: ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് സഹായം പ്രഖ്യാപിച്ച ജില്ലാ പഞ്ചായത്ത് നടപടി പൊതുവിദ്യാലയങ്ങളെ അവഹേളിക്കുന്നതായിപ്പോയെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. പട്ടികജാതി വിഭാഗത്തിലെ ഭൂരിപക്ഷം കുട്ടികളും പഠിക്കുന്നത് ജില്ലിലെ പൊതുവിദ്യാലയങ്ങളിലാണ്. ഇത്തരം സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനത്തിന് മികവ് കുറവുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് ഇടപെട്ട് പഠനിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. പകരം താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേരുന്നതിന് പട്ടികജാതി വിദ്യാര്‍ഥകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിന് പിന്നില്‍ ചില പ്രത്യേക താല്‍പര്യങ്ങളാണ് ജില്ലാ പഞ്ചായത്തിനും പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ അവരുടെ സാംസ്കാരിക-സാമുഹ്യ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തി മാറ്റുന്നത് ശരിയാണോയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നടത്തിപ്പുകാര്‍ ആരെല്ലാമാണെന്നും അവര്‍ക്ക് പിന്നോക്ക വിദ്യാര്‍ഥികളോടുള്ള സമീപനം എന്താണെന്നും പട്ടികജാതി വകുപ്പ് പരിശോധിച്ചിട്ടുണ്ടോയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ജില്ലയിലെ വിദ്യാലയ പഠനിലവാരം ഉയര്‍ത്താന്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമിക് പിന്തുണസംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി കെ എന്‍ സുരേഷ് ആവശ്യപ്പെട്ടു.
ഒന്നിലേക്ക് 100 കുട്ടികള്‍; മികവില്‍ സര്‍ക്കാര്‍ സ്കൂള്‍
02-Jun-2014
കൂത്താട്ടുകുളം: ഒന്നാംക്ലാസ് പ്രവേശനത്തില്‍ കൂത്താട്ടുകുളം ഗവണ്‍മെന്റ് യുപി സ്കൂള്‍ മൂന്നക്കം തികച്ച് നൂറുമേനിയിലേക്ക്. മേഖലയിലെ പ്രമുഖ എയ്ഡഡ് അണ്‍ എയ്ഡഡ് സ്കൂളുകള്‍പോലും കുട്ടികളെ കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് മികച്ച മാതൃകയാവുകയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. ശനിയാഴ്ച വൈകിട്ടോടെ നൂറാമത്തെ കുട്ടിയും സ്കൂളില്‍ ചേര്‍ന്നു. ശതാബ്ദി ആഘോഷിക്കുന്ന സ്കൂളില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് ഇത്രയും കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേരുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായി. ഇപ്പോള്‍ എഴുന്നൂറോളം കുട്ടികളാണ് എല്‍കെജിമുതല്‍ ഏഴുവരെ പഠിക്കുന്നത്. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ മുടക്കി നാല് ക്ലാസ്മുറികളും എസ്എസ്എ ഫണ്ടില്‍നിന്നും പഞ്ചായത്ത് ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ മുടക്കി നാല് ക്ലാസ്മുറികളും പൂര്‍ത്തീകരിച്ചു. സ്കൂളിന് നാല് ബസ്സും ഉണ്ട്. 15 സ്ഥിരം അധ്യാപകര്‍ക്കൊപ്പം ആറ് താല്‍ക്കാലിക അധ്യാപകരെ പിടിഎയും നിയമിച്ചിട്ടുണ്ട്. പ്രവേശനോത്സവം രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്‍സണ്‍ ഉദ്ഘാടനംചെയ്യും
കാക്കിനിക്കാട് സ്കൂളില്‍ ഇക്കുറി ആഹ്ലാദോത്സവം
01-Jun-2014
തൃശൂര്‍: വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി കാക്കിനിക്കാട് വനമേഖലയില്‍ ഒരു സ്കൂളുണ്ട്. കാക്കിനിക്കാട് ഗവ.എല്‍പി സ്കൂള്‍. വനത്തിനോട് ചേര്‍ന്ന് കുന്നിന്‍ മുകളിലുള്ള ഈ സ്കൂളിലെത്താന്‍ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് കിലോമീറ്ററിലധികം വനപ്രദേശത്ത് കൂടെ നടക്കണം. സ്വകാര്യ ബസില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബസിറങ്ങിയാലും 15 മിനിറ്റോളം നടന്ന് കുന്ന് കയറിയാലാണ് സ്കൂളിലെത്താനാവുക. ഇതായിരുന്നു ഈ സ്കൂളിന്റെ കഴിഞ്ഞ അധ്യയന വര്‍ഷാരംഭം വരെയുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ "കാക്കിനിക്കാട് സ്കൂളിലെത്താന്‍ വള്ളിസര്‍വീസ്" നടത്തണമെന്നുള്ള പഴയ പല്ലവി ഇന്ന് മാറി. കഴിഞ്ഞ വര്‍ഷം പി കെ ബിജു എംപിയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ ബസ് വാങ്ങി നല്‍കി. സ്കൂള്‍ തുറക്കുമ്പോള്‍ ആദിവാസികളുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ആഹ്ലാദത്തോടൊപ്പം ആശങ്കയുമുണ്ട്. നാലു ക്ലാസുകളിലായി 30 വിദ്യാര്‍ഥികളാണ് ഇവിടെ ആകെയുള്ളത്.ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ മൂന്ന് അധ്യാപകരും. പക്ഷെ സര്‍ക്കാരിന് ലാഭമുള്ള സ്കൂളാവണമെങ്കില്‍ 100 പേരെങ്കിലും വേണം. പുതിയ തസ്തിക നിര്‍ണയമനുസരിച്ച് 45 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ അധ്യാപകര്‍ പുറത്ത് പോകേണ്ടി വരികയാണെങ്കില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ വരെയാകാം. ഇത്തരത്തില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയാല്‍ ഹെഡ്മിസ്ട്രസ് മാത്രമാകും വിദ്യാലയത്തിലുണ്ടാവുക. അണ്‍ ഇക്കണോമിക് ആയതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് കാടിന്റെ മക്കളുടെ സ്കൂള്‍. തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ രണ്ട് അധ്യാപകര്‍ക്ക് പുറത്തുപോകേണ്ടി വരും. ഒരു ആദിവാസി വിദ്യാര്‍ഥിയുള്‍പ്പെടെ ആറ് വിദ്യാര്‍ഥികളാണ്് ഇവിടെ ഇത്തവണ പ്രവേശനം നേടിയിരിക്കുന്നത്. പ്രീþപ്രൈമറി ക്ലാസുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ പ്രീ പ്രൈമറിക്ക് ക്ലാസെടുക്കാനും അധ്യാപകരാണ് വേതനത്തില്‍ നിന്ന് വീതിച്ചെടുത്ത് അധ്യാപികയെ നിയമിച്ചിരിക്കുന്നത്. തസ്തിക നിര്‍ണയം ഉയര്‍ത്തുന്ന ഭീഷണി സ്കൂളിനെ സാരമായി ബാധിക്കും. ജില്ലയില്‍ ഏകദേശം 350നും 400നുമിടെ സ്കൂളുകളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
മലാപ്പറമ്പ് എയുപി സ്കൂള്‍ പ്രവേശനത്തിന് കുട്ടികള്‍ കൂടി
01-Jun-2014
കോഴിക്കോട്: ജനകീയ ഇടപെടലിലൂടെ പുതുമോടിയിലേക്ക് ഉയരുന്ന മലാപ്പറമ്പ് എയുപി സ്കൂളില്‍ പുതിയ അധ്യയന വര്‍ഷം പതിനഞ്ച് വിദ്യാര്‍ഥികള്‍കൂടി പ്രവേശനം തേടിയെത്തി. ഒന്നാം ക്ലാസില്‍ ഒമ്പതും അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി ആറും വിദ്യാര്‍ഥികളാണ് ഇതിനകം പ്രവേശനം നേടിയത്. തിങ്കളാഴ്ച സ്കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ചേരാനെത്തുമെന്ന് സ്കൂള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. പുതിയ കെട്ടിടത്തോടൊപ്പം വിപുലമായ സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കുന്നതും കൗതുകം പകരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വിജയഗാഥയും മാതൃകയാണ്. മാനേജരുടെ നേതൃത്വത്തില്‍ പൊളിച്ച സ്കൂള്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ കംപ്യൂട്ടര്‍, ഗണിതലാബുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും യാഥാര്‍ഥ്യമാകും. എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഇതിന് തുക അനുവദിച്ചിട്ടുണ്ട്്. കെട്ടിടം പുനര്‍നിര്‍മിച്ച് സ്കൂള്‍ പ്രവര്‍ത്തനം തുടരുന്നത് തടയാനുള്ള മാനേജരുടെയും തല്‍പര കക്ഷികളുടെയും എല്ലാ നീക്കങ്ങളും ചെറുത്താണ് രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന്് സ്കൂള്‍ യാഥാര്‍ഥ്യമാക്കിയത്. തിങ്കളാഴ്ച നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും പിടിഎയും സംരക്ഷണസമിതി പ്രവര്‍ത്തകരും
ഇവിടെ സ്മാര്‍ട്ട്... ഇത് \"ഡേയ്ഞ്ചര്‍\"
01-Jun-2014
കണ്ണൂര്‍: നഗരത്തിലെ പാവം സര്‍ക്കാര്‍ സ്കൂളായ താവക്കര യുപി സ്കൂള്‍ പകിട്ടേറിയ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്കൂളുകളുടെ തോള്‍പ്പൊക്കം സ്വന്തമാക്കി ഈ വര്‍ഷം പ്രവേശനോത്സവത്തിനൊരുങ്ങുന്നു. മികച്ച സൗകര്യങ്ങളാണ് സ്മാര്‍ട്ട് സ്കൂളിന്റെ ആകര്‍ഷണം. പത്തുലക്ഷം ചെലവിട്ടാണ് നിര്‍മാണം ആരംഭിച്ചത്. പത്തു കംപ്യൂട്ടറുകളും നാല് ലാപ്ടോപ്പുകളും എല്‍സിഡി പ്രൊജക്ടറുകളുമുണ്ട്. ശീതികരിച്ച ഹാളും. പക്ഷിമൃഗാദികളെയും പൂക്കളും ചിത്രീകരിച്ച ഹാള്‍ ആകര്‍ഷകം. പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പി എ സുദര്‍ശനന്‍ അയ്യരുടെ സ്മരണയ്ക്ക് മകന്‍ ഡോ. അനന്തറാമാണ് ലാബ് നിര്‍മാണത്തിന് സംഭാവന നല്‍കിയത്. കണ്ണൂര്‍ സീസൈഡ് റോട്ടറി ക്ലബ്ബാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ സഹായിക്കാന്‍ മുന്‍കൈയെടുത്തത്. ഐടി ലാബും അനുബന്ധ സൗകര്യങ്ങളും സ്വായത്തമാക്കിയതോടെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നിലവാരത്തിലായി. നഗരമധ്യത്തിലെ വിദ്യാലയമാണെങ്കിലും സാധാരണക്കാരുടെ മക്കളാണ് സ്കൂളിനെ ആശ്രയിക്കുന്നത്. അധ്യാപക-രക്ഷാകര്‍തൃസമിതിയാണ് സ്കൂള്‍ നിലനിര്‍ത്താന്‍ പാടുപെടുന്നത്. സ്മാര്‍ട്ട് ക്ലാസ്കൂടി സജ്ജമായോടെ കൂടുതല്‍ സ്മാര്‍ട്ടായ പ്രവേശനോത്സവത്തിന് ഒരുങ്ങുകയാണ് അധികൃതര്‍.
നമുക്കും പകര്‍ത്താം ഈ പാഠം
01-Jun-2014
തൃക്കരിപ്പൂര്‍: ഉദിനൂര്‍ സെന്‍ട്രല്‍ യുപി സ്കൂള്‍ കേരളമൊന്നാകെ പകര്‍ത്തി പഠിക്കേണ്ട പാഠമാണ്. സ്കൂള്‍ ഇനിമുതല്‍ നടത്തുക ജനകീയ കമ്മിറ്റി. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച സ്ത്രീകളും കുട്ടികളും ചേര്‍ന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. കിണര്‍ വൃത്തിയാക്കി. പൊട്ടിപ്പൊളിഞ്ഞ ബഞ്ചിനും ഡസ്ക്കിനും പകരം പുതിയവ സ്ഥാപിച്ചു. മാലിന്യക്കുഴികളും നിര്‍മിച്ചു. കോഴിക്കോട് മലാപ്പറമ്പ് യുപി സ്കൂള്‍ റിയല്‍ എസ്റ്റ്റ്റേറ്റ് മാഫിയ ഇടിച്ചുനിരത്തിയപ്പോള്‍ ഉദിനൂര്‍ സ്കൂളിന് അത്തരമൊരു ഗതിവരാത്തത് സ്വകാര്യവ്യക്തിയില്‍നിന്ന് ജനകീയകമ്മിറ്റി ഏറ്റെടുത്തതുകൊണ്ടാണ്. ഏഴുപതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച സ്കൂള്‍ ഓലയും ഓടും മേഞ്ഞ നാല് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നരയേക്കറോളം സ്ഥലസൗകര്യമുള്ള വിദ്യാലയത്തിന് കെട്ടിടമോ ഫര്‍ണിച്ചറോ സ്ഥാപിക്കാന്‍ മാനേജ്മെന്റ് നടപടിയെടുത്തിരുന്നില്ല. ഒരോ അധ്യയന വര്‍ഷവും പഠനം ആരംഭിച്ചിരുന്നത് പൊട്ടിപ്പൊളിഞ്ഞ ബഞ്ചിലും ഡസ്ക്കിലുമായിരുന്നു. ഓല മറയാക്കിയ ക്ലാസ് മുറിയും മരച്ചുവട്ടിലെ പഠനവും ഇവിടുത്തെ കാഴ്ചയാണ്. പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ മികവിലാണ് സ്കൂള്‍ അംഗീകാരം നേടിയത്. ഇത്തവണ 23 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. 750 വിദ്യാര്‍ഥികളുള്ള ജില്ലയിലെ ഏക യുപി സ്കൂളാണിത്. ഉദിനൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ ഏറ്റെടുത്തത്. അടുത്തവര്‍ഷം മുതല്‍ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
വരവേല്‍ക്കാന്‍ വിദ്യാര്‍ഥികളെ വലയ്ക്കും \"അഭ്യാസങ്ങള്‍\"
31-May-2014
കാസര്‍കോട്: അവധിക്കാലത്തെ ആഘോഷങ്ങള്‍ക്ക് വിട നല്‍കി ആശങ്കയുടെ ഭാണ്ഡക്കെട്ടുമായി വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച സ്കൂളിലേക്ക്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ആശങ്ക കൈവിടുന്നില്ല. മിക്ക സ്കൂളിലും പ്രധാനാധ്യാപകനും പഠിപ്പിക്കാനുള്ള അധ്യാപകരുമില്ല. ഏത് സ്കൂളിലാണ് പഠിപ്പിക്കേണ്ടതെന്നുപോലും നിശ്ചയമില്ലാതെയാണ് ഓരോ അധ്യാപകനും മുമ്പ് പഠിപ്പിച്ച സ്കൂളിലേക്ക് പുറപ്പെടുന്നത്. മാര്‍ച്ചിലും ഏപ്രിലിലുമായി വിരമിച്ച പ്രൈമറി സ്കൂളുകളിലെയും ഹൈസ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്ക് പകരം ഇതുവരെ നിയമനമായില്ല. പല ഹയര്‍സെക്കന്‍ഡറികളിലും പ്രിന്‍സിപ്പലുമില്ല. ബിആര്‍സികളിലാകട്ടെ ആവശ്യത്തിന് ട്രെയിനര്‍മാരുമില്ല. നാഥനില്ലാതെയാണ് ഭൂരിഭാഗം സ്കൂളിലും പ്രവേശനോത്സവം നടക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞവര്‍ഷത്തെ യൂണിഫോം പോലും മിക്ക സ്കൂളിലും കൊടുത്തിട്ടില്ല. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോം നല്‍കാനാവില്ലെന്നാണ് എസ്എസ്എ നിലപാട്. ഉച്ചക്കഞ്ഞി വിതരണമാകട്ടെ എങ്ങനെയെന്നും തീരുമാനമായില്ല. കഴിഞ്ഞ അധ്യയന വര്‍ഷാവസാനം മിക്ക സ്കൂളിലും ഉച്ചക്കഞ്ഞി ലഭിച്ചിരുന്നില്ല. വ്യത്യസ്ത ശേഷിയുള്ള കുട്ടികള്‍ക്കുള്ള കഴിഞ്ഞവര്‍ഷത്തെ ആനുകൂല്യങ്ങള്‍പോലും ഇതുവരെ നല്‍കിയിട്ടില്ല. ശ്രവണസഹായി, കണ്ണട, വീല്‍ചെയര്‍ എന്നിവയൊന്നും വിതരണം ചെയ്തിട്ടില്ല. മുമ്പ് ഇവ അതത് ജില്ലയില്‍നിന്ന് വാങ്ങി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍നിന്ന് വാങ്ങണമെന്നാണ് ഉത്തരവ്. പട്ടികജാതി- വര്‍ഗ, ഒബിസി, ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തിട്ടില്ല. ഖജനാവ് കാലിയായതോടെ ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധ്യാപകരുടെ സ്ഥലംമാറ്റവും പുതിയ നിയമനവും ഇതുവരെ നടത്തിയിട്ടില്ല. ഇവയെല്ലാം അവധിക്കാലത്ത് പൂര്‍ത്തീകരിക്കുകയാണ് പതിവ്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ചതിനാല്‍ പ്ലസ് വണ്‍ പ്രവേശനം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ അണ്‍എയ്ഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സിബിഎസ്ഇ ഫലപ്രഖ്യാപനം വരുന്നതുവരെ പ്രവേശന നടപടികള്‍ നീട്ടി. അതുകഴിഞ്ഞപ്പോഴാകട്ടെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ കഴിയാതെയുമായി. ഇത് പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനം വൈകിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ഓഫ്ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇവയെല്ലാം പൂര്‍ത്തിയാക്കി ആഗസ്തിലേ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാവുകയുള്ളു. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് കൂടുതല്‍ ക്ലാസുകള്‍ അനിവാര്യമായിരിക്കെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കാതെ സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മുന്‍വര്‍ഷങ്ങളിലേതിലും ശോച്യാവസ്ഥയാണ് ഇത്തവണയുണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് വിദ്യാഭ്യാസരംഗത്തെ "മുന്നൊരുക്കങ്ങള്‍" നല്‍കുന്നത്.
വരവേല്‍ക്കാന്‍ വിദ്യാര്‍ഥികളെ വലയ്ക്കും \"അഭ്യാസങ്ങള്‍\"
Posted on: 31-May-2014 10:59 PM
കാസര്‍കോട്: അവധിക്കാലത്തെ ആഘോഷങ്ങള്‍ക്ക് വിട നല്‍കി ആശങ്കയുടെ ഭാണ്ഡക്കെട്ടുമായി വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച സ്കൂളിലേക്ക്. കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ആശങ്ക കൈവിടുന്നില്ല. മിക്ക സ്കൂളിലും പ്രധാനാധ്യാപകനും പഠിപ്പിക്കാനുള്ള അധ്യാപകരുമില്ല. ഏത് സ്കൂളിലാണ് പഠിപ്പിക്കേണ്ടതെന്നുപോലും നിശ്ചയമില്ലാതെയാണ് ഓരോ അധ്യാപകനും മുമ്പ് പഠിപ്പിച്ച സ്കൂളിലേക്ക് പുറപ്പെടുന്നത്. മാര്‍ച്ചിലും ഏപ്രിലിലുമായി വിരമിച്ച പ്രൈമറി സ്കൂളുകളിലെയും ഹൈസ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്ക് പകരം ഇതുവരെ നിയമനമായില്ല. പല ഹയര്‍സെക്കന്‍ഡറികളിലും പ്രിന്‍സിപ്പലുമില്ല. ബിആര്‍സികളിലാകട്ടെ ആവശ്യത്തിന് ട്രെയിനര്‍മാരുമില്ല. നാഥനില്ലാതെയാണ് ഭൂരിഭാഗം സ്കൂളിലും പ്രവേശനോത്സവം നടക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞവര്‍ഷത്തെ യൂണിഫോം പോലും മിക്ക സ്കൂളിലും കൊടുത്തിട്ടില്ല. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോം നല്‍കാനാവില്ലെന്നാണ് എസ്എസ്എ നിലപാട്. ഉച്ചക്കഞ്ഞി വിതരണമാകട്ടെ എങ്ങനെയെന്നും തീരുമാനമായില്ല. കഴിഞ്ഞ അധ്യയന വര്‍ഷാവസാനം മിക്ക സ്കൂളിലും ഉച്ചക്കഞ്ഞി ലഭിച്ചിരുന്നില്ല. വ്യത്യസ്ത ശേഷിയുള്ള കുട്ടികള്‍ക്കുള്ള കഴിഞ്ഞവര്‍ഷത്തെ ആനുകൂല്യങ്ങള്‍പോലും ഇതുവരെ നല്‍കിയിട്ടില്ല. ശ്രവണസഹായി, കണ്ണട, വീല്‍ചെയര്‍ എന്നിവയൊന്നും വിതരണം ചെയ്തിട്ടില്ല. മുമ്പ് ഇവ അതത് ജില്ലയില്‍നിന്ന് വാങ്ങി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍നിന്ന് വാങ്ങണമെന്നാണ് ഉത്തരവ്. പട്ടികജാതി- വര്‍ഗ, ഒബിസി, ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തിട്ടില്ല. ഖജനാവ് കാലിയായതോടെ ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധ്യാപകരുടെ സ്ഥലംമാറ്റവും പുതിയ നിയമനവും ഇതുവരെ നടത്തിയിട്ടില്ല. ഇവയെല്ലാം അവധിക്കാലത്ത് പൂര്‍ത്തീകരിക്കുകയാണ് പതിവ്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ചതിനാല്‍ പ്ലസ് വണ്‍ പ്രവേശനം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ അണ്‍എയ്ഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സിബിഎസ്ഇ ഫലപ്രഖ്യാപനം വരുന്നതുവരെ പ്രവേശന നടപടികള്‍ നീട്ടി. അതുകഴിഞ്ഞപ്പോഴാകട്ടെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ കഴിയാതെയുമായി. ഇത് പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനം വൈകിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ഓഫ്ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇവയെല്ലാം പൂര്‍ത്തിയാക്കി ആഗസ്തിലേ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാവുകയുള്ളു. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് കൂടുതല്‍ ക്ലാസുകള്‍ അനിവാര്യമായിരിക്കെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കാതെ സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മുന്‍വര്‍ഷങ്ങളിലേതിലും ശോച്യാവസ്ഥയാണ് ഇത്തവണയുണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് വിദ്യാഭ്യാസരംഗത്തെ "മുന്നൊരുക്കങ്ങള്‍" നല്‍കുന്നത്.

ഇതൊരു സര്‍ക്കാര്‍ സ്‌കൂള്‍; കഌസ്സുകള്‍ ഹൗസ് ഫുള്‍, അഡ്മിഷന്‍ ക്ലോസ്ഡ്‌


ആലപ്പുഴ: അടച്ചുപൂട്ടല്‍ വിലാപങ്ങള്‍ക്കു നടുവില്‍ പ്രതീക്ഷയുടെ പൂമരം തീര്‍ക്കുന്നൊരു സ്‌കൂള്‍- നീര്‍ക്കുന്നം സര്‍ക്കാര്‍ ശ്രീദേവി വിലാസം യു.പി. സ്‌കൂള്‍.
കുട്ടികള്‍ക്കുവേണ്ടി നെട്ടോട്ടമോടുന്ന കാലത്ത് ഇവിടെ ഒന്നാംക്ലാസ് പ്രവേശനം ഒരാഴ്ചമുമ്പേ നിര്‍ത്തി. കാരണം ക്ലാസ്സുകള്‍ നിറഞ്ഞു. ഒന്നാം ക്ലാസ്സില്‍ മാത്രം നാല് ഡിവിഷന്‍. ഇംഗ്ലീഷിനും മലയാളത്തിനും ഒരേപോലെ പ്രധാന്യം നല്‍കുന്ന ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മത്സരിക്കുന്നു.

ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രവേശനത്തിന് സ്വാധീനം വേണ്ടിവരുന്നു എന്നതില്‍ അതിശയിക്കേണ്ട. എം.എല്‍.., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെല്ലാം വിളിച്ചുപറഞ്ഞിട്ടും പ്രവേശനം നല്കാന്‍ പറ്റാത്തവിധം രണ്ടാഴ്ചമുമ്പ് പ്രീ പ്രൈമറി പ്രവേശനം ക്ലോസ് ചെയ്തു. പ്രീ പ്രൈമറിയില്‍ 60 കുട്ടികള്‍ വീതം അഞ്ച് ഡിവിഷനുണ്ട്. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസ്സിലെല്ലാം നാല് ഡിവിഷന്‍ വീതം. പഠിപ്പിക്കാന്‍ 45 അധ്യാപകര്‍.

രക്ഷിതാക്കളും കുട്ടികളും അത്രമേല്‍ സ്‌നേഹിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഈ സ്‌കൂളിലുണ്ട്. ഇംഗ്ലീഷില്‍ പഠിക്കാനാണ് താത്പര്യമെങ്കില്‍ അങ്ങനെയാവാം. ഇംഗ്ലീഷിനും മലയാളത്തിനും രണ്ട് ഡിവിഷന്‍ വീതമുണ്ട്. മലയാളം മീഡിയത്തില്‍ പഠനം പൂര്‍ണമായും സൗജന്യം. ഇംഗ്ലീഷ് മീഡയത്തില്‍ മാത്രം തുടക്കത്തില്‍ പുസ്തകത്തിനും മറ്റുമായി ചെറിയ ചെലവുകള്‍ വരും. അത്രമാത്രം ഭാരിച്ച ഫീസൊന്നുമില്ല.
പഠനത്തില്‍ മാത്രമല്ല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും എസ്.ഡി.വി. മുന്പില്‍ത്തന്നെ. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തപ്പോള്‍ സ്‌കൂളിന്റെ അഭിമാനം ഉയര്‍ന്നതിനൊപ്പം രണ്ടുലക്ഷം രൂപയും ലഭിച്ചു. ഒരുലക്ഷം രൂപയുടെ ഐ.ടി.ഉപകരണങ്ങളും ലഭിക്കും. മാതൃഭൂമി സീഡ്, നന്മ പദ്ധതി നടത്തിപ്പിലും ഇവര്‍ മാതൃകകാട്ടുന്നു. 'തണല്‍' ക്ലബ്ബിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികള്‍ സ്വന്തം വീട്ടിലും നാട്ടിലും ബോധവത്കരണം നടത്തും. സ്‌കൗട്‌സും ഗൈഡ്‌സുമുണ്ട്. കലോത്സവത്തിലും കായികമത്സരങ്ങളിലും മുന്നില്‍.

തിങ്കളാഴ്ചത്തെ പ്രവേശനോത്സവത്തില്‍ വിളംബരജാഥയ്ക്കും ആഘോഷങ്ങള്‍ക്കുംശേഷം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് സദ്യയുണ്ട് പിരിയും, ഉത്സാഹത്തോടെ വീണ്ടും എത്താന്‍.

No comments: