മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ...ദമയന്തിയായി ടീച്ചറെത്തി; സ്‌കൂള്‍മുറ്റം കളിയരങ്ങായി
കൊച്ചി:
സ്‌കൂള്‍ അങ്കണത്തിലെ കളിവിളക്ക് തെളിഞ്ഞപ്പോള്‍ യൂണിഫോമിട്ട്
നിരന്നിരുന്ന ഹൈസ്‌കൂള്‍ കുട്ടികള്‍ പൂര്‍ണേന്ദുമുഖികളായി. പ്രിയപ്പെട്ട
പ്രീത ടീച്ചര്‍ അതാ കഥകളി വേഷമിട്ട്്് ദമയന്തിയായി വേദിയില്‍. കൂടെ
തങ്ങളുെട പ്രിയ കൂട്ടുകാരിയും. മലയാള പാഠാവലിയിലെ ഉണ്ണായി വാര്യരുടെ
നളചരിതം ഒന്നാം ദിവസം ആട്ടക്കഥയില്‍ നിന്നെടുത്ത 'ചെറുതായില്ല ചെറുപ്പം'
എന്ന പാഠഭാഗം സ്‌കൂള്‍ അങ്കണത്തില്‍ കഥകളിയായി അരങ്ങേറിയപ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്ക് അത് അവിസ്മരണീയാനുഭവമായി. പാഠപുസ്തകത്തിലെ നളചരിത
ഭാഗമാണ് ടീച്ചറും വിദ്യാര്‍ഥിനിയും ചേര്‍ന്ന് രംഗത്തെത്തിച്ചത്. എറണാകുളം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പ്രീത പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗമായ നളചരിതത്തിലെ പദങ്ങള്‍ കഥകളിയായി അവതരിപ്പിച്ചപ്പോള്‍ |
എറണാകുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ 8, 9, 10 വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് നളചരിതം ഒന്നാം ദിവസത്തിലെ കഥ അവതരിപ്പിച്ചത്. മലയാളം അധ്യാപിക പ്രീത ബാലകൃഷ്ണനും പത്താം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജിത രാജേഷുമായിരുന്നു ദമയന്തിയും തോഴിയുമായെത്തിയത്. 'സഖിമാേര നമുക്കു ജനകപാര്‍ശ്വെ ചെന്നാലല്ലീ കൗതുകം....' എന്ന പദത്തോടെ തുടങ്ങുന്ന ഭാഗമായിരുന്നു കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. വിദര്‍ഭ രാജകൊട്ടാരത്തിെന്റ ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും സല്ലപിക്കുന്നതും ഇതിനിടെ നളനെക്കുറിച്ചുള്ള ചിന്ത ദമയന്തിയിലെത്തുന്നതും ഈ സമയം ആകാശത്തുനിന്ന് മിന്നല്‍ക്കൊടിപോലെ സ്വര്‍ണ നിറത്തിലെത്തുന്ന അരയന്നത്തെ കാണുന്നതും നളന്റെ സന്ദേശവുമായെത്തിയ ഹംസമാണതെന്ന് മനസ്സിലാക്കുന്നതുമായ ഭാഗമാണ് സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറിയത്.
കളിയാസ്വാദനവും പഠനവും ഒരുപോലെ നടന്നെന്ന് കുട്ടികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പ്രീത ടീച്ചര്‍ പാഠഭാഗം സരളമായി മനസ്സിലാക്കാന്‍ സ്‌കൂളില്‍ ദമയന്തി വേഷം അവതരിപ്പിച്ചിരുന്നു. വാക്കുകള്‍ കൊണ്ട് പൂര്‍ണമാകാത്തത് ആട്ടക്കഥ നേരില്‍ കാണുന്നതോടെ പൂര്‍ണമാകുമെന്ന ചിന്തയാണ് വേറിട്ട പാഠ്യശൈലി കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന് ടീച്ചര്‍ പറഞ്ഞു. ഹംസമായി കലാമണ്ഡലം രാജീവ് വേഷമിട്ടപ്പോള്‍ പാട്ടില്‍ ആര്‍എല്‍വി കോളേജ് റിട്ട. കഥകളി സംഗീതാദ്ധ്യാപകന്‍ കലാമണ്ഡലം കൊളത്താപ്പുള്ളി നാരായണന്‍ നമ്പൂതിരിയും കലാമണ്ഡലം ശ്രീജിത്തും ചെണ്ടയില്‍ കലാവേദി മുരളിയും മദ്ദളത്തില്‍ പൂണിത്തുറ സെന്റ് ജോര്‍ജിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മുരളിയും പിന്നണി ചേര്‍ന്നു. സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കഥകളി അരങ്ങേറിയത്
1 comment:
Really Great!!!!
Post a Comment