Tuesday, June 17, 2014

മന്ത്രി വൈകി; കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ കുട്ടികളുടെ പഠനം മുടങ്ങി


LATEST late NEWS
Jun 17, 2014

മന്ത്രി മണിക്കൂറുകള്‍ വൈകി എത്തി; പ്രിന്‍സിപ്പല്‍ പ്രതിഷേധിച്ചു


തിരുവനന്തപുരം: ഉദ്ഘാടകനായ മന്ത്രി വരാന്‍ മണിക്കൂറുകള്‍ വൈകിയത് കാരണം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചവരെയുള്ള പഠനം മുടങ്ങി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ മന്ത്രി എത്തിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍, മന്ത്രി ഇരിക്കെ പൊതുവേദിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതിഷേധമറിയിച്ചു. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വേദിയിലായിരുന്നു പ്രതിഷേധത്തിന്റെ അരങ്ങായത്.

രാവിലെ പതിനൊന്നിനായിരുന്നു ഉദ്ഘാടകനായ മന്ത്രി എത്തുമെന്നറിയിച്ചത്. രാവിലെ സ്‌കൂള്‍ അംബ്ലി കഴിഞ്ഞയുടനെ യോഗത്തിനായി 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തില്‍ ഇരുത്തിച്ചു. ഒന്‍പതര മുതല്‍ പതിനൊന്ന് വരെയുള്ള സമയത്തെ ക്ലാസ്സുകള്‍ മുടക്കിയായിരുന്നു പരിപാടിക്കായി കുട്ടികളെ ഓഡിറ്റോറിയത്തിലിരുത്തിയത്. പക്ഷേ മന്ത്രി പി.കെ. അബ്ദുറബ്ബ് എത്തിയപ്പോള്‍ നിശ്ചയിച്ച സമയത്തിനെക്കാള്‍ ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. മന്ത്രി എത്തുന്നതുവരെ കുട്ടികള്‍ അക്ഷമരായി ഇരിക്കുകയായിരുന്നു.

പന്ത്രണ്ടര കഴിഞ്ഞപ്പോഴാണ് മന്ത്രി എത്തിയത്. സ്വാഗതം പറച്ചിലും ഉദ്ഘാടന പ്രസംഗവുമായി പിന്നെയും ഒരു മണിക്കൂര്‍ കടന്നുപോയി. ഇതിന് ശേഷമാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ്സ് കെ.കെ. ഊര്‍മിളാദേവി പ്രസംഗിക്കാനെത്തിയത്. ഈ സമയം മന്ത്രി വേദിയിലുണ്ടായിരുന്നു. അധ്യയനം മുടക്കിക്കൊണ്ട് യോഗങ്ങള്‍ നടത്തുന്നതിനെതിരെയായിരുന്നു പ്രിന്‍സിപ്പല്‍ ആദ്യം പ്രതിഷേധിച്ചത്.
സ്‌കൂളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ അതിന്റെ സംഘാടകര്‍ പ്രത്യേകം സമയം കണ്ടെത്തണം. മാത്രവുമല്ല നിശ്ചയിച്ച സമയത്ത് പരിപാടി തുടങ്ങാത്തതിലും പ്രിന്‍സിപ്പല്‍ തന്റെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിപറയാന്‍ മന്ത്രി തയാറായില്ല. ഒരു മണി കഴിഞ്ഞാണ് പരിപാടികള്‍ അവസാനിച്ചത്. ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്രസമിതി
17 Jun 2014

പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

വടകര: സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ ജോയന്റ് റിവ്യൂ കമ്മീഷന്‍.

കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന സമീപനരേഖയില്ലാതെയാണ് സംസ്ഥാനത്ത് അധ്യാപകപരിശീലനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസത്തിന് വ്യക്തമായ സമീപനരേഖ തയ്യാറാക്കി ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതി സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്ന് ഡോ. രമാകാന്ത് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധസമിതി ചര്‍ച്ചയ്ക്കായി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം മുന്‍ തലവനാണ് ഡോ. അഗ്നിഹോത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 21 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിദഗ്ധരും മറ്റുമായി ചര്‍ച്ചനടത്തിയുമാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ ഡി.എഡ്. (ഡിപ്‌ളോമ ഇന്‍ എജ്യുക്കേഷന്‍-പഴയ ടി.ടി.സി.), ബി.എഡ്. പാഠ്യപദ്ധതി ഇപ്പോള്‍ അവിയല്‍ പരുവത്തിലാണെന്നും അത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരികരേഖകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.

ടി.ടി.സി.യുടെ പേര് മാറ്റി കഴിഞ്ഞവര്‍ഷംമുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്നാക്കിയെങ്കിലും എസ്.സി..ആര്‍.ടി. അതിനായി തയ്യാറാക്കിയ പാഠ്യപദ്ധതി തികച്ചും അപര്യാപ്തമാണ്. അടിയന്തരമായി അത് പിന്‍വലിച്ച് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സമീപനത്തിന് അനുസൃതമായി ഉടച്ചുവാര്‍ക്കണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
ബി.എഡ്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതിന് സമാനമായ വിമര്‍ശംതന്നെയാണ് സമിതി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കേണ്ട ബി.എഡ്. ബിരുദധാരികള്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കും ശൈലിക്കും സമാനതകളില്ല. നാല് സര്‍വകലാശാലകളുടെ വ്യത്യസ്ത പാഠ്യപദ്ധതിയാണ് അവര്‍ പഠിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷ്യമാക്കുന്നതെന്ത് എന്ന പരിഗണനയില്ലാതെയാണ് സര്‍വകലാശാലകളുടെ അധ്യാപകപരിശീലന പാഠ്യപദ്ധതി. ഇത് മാറ്റി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണം.

കേരളത്തിലെ ഭാഷാവൈവിധ്യം പരിഗണിക്കാതെ ഇവിടത്തെ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത് അബദ്ധമാകുമെന്ന് സമിതി നിരീക്ഷിക്കുന്നു. മലയാളത്തിനും തമിഴിനും കന്നടയ്ക്കും പുറമേ നാല്പതോളം ഭാഷകള്‍ ഇവിടെയുണ്ട്. ആ ഭാഷകളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. പഠനമാധ്യമം മാതൃഭാഷതന്നെയാകണം. എന്നാല്‍, ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഫലപ്രദമാക്കാന്‍ പ്രത്യേക ശുഷ്‌കാന്തി വേണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ക്ലാസ്മുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ തുക മുതല്‍മുടക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

No comments: