Monday, June 2, 2014

അടിമ സ്കൂളിന്റെ ചരിത്രത്തിന് 165 ആണ്ട്


ബാബു തോമസ് (Desabhimani)
03-Jun-2014
കോഴഞ്ചേരി: അടിമകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ മലയാളത്തിന്റെ മണ്ണില്‍ ആരംഭിച്ച പള്ളിക്കൂടത്തിന്റെ ചരിത്രത്തിന് 165 ആണ്ട്. മല്ലപ്പളളി ഈഴോംമുറി പുരയിടത്തിലാണ് ആദ്യമായി അടിമകള്‍ക്ക് ഒരു പള്ളിക്കുടം തുറന്നതെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. മല്ലപ്പള്ളി സിഎസ്ഐ ദേവാലയത്തിന് സമീപം ഈഴോംമുറി പുരയിടത്തില്‍ 1850 ലാണ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി മിഷനറിമാരുടെ സഹായത്തോടെ മലയാളത്തിന്റെ പ്രഥമ വ്യാകരണ ഗ്രന്ഥകര്‍ത്താവ് റവ. ജോര്‍ജ് മാത്തന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഉയര്‍ന്നത്. മൂന്നടി ഉയരത്തില്‍ ഓലയും മടലുകളും കൊണ്ട് നിര്‍മിച്ചതായിരുന്നു വിദ്യാലയം. പാടവും പറമ്പും വില്‍ക്കുമ്പോള്‍ അവിടങ്ങളിലെ പണിയാളുകളെയും കൂട്ടിവിറ്റിരുന്ന നാട്ടിന്‍പുറങ്ങളിലെ അടിമവ്യാപാരത്തിന്റെ നീതിശാസ്ത്രത്തെ വെല്ലുവിളിച്ചായിരുന്നു ജോര്‍ജ് മാത്തന്‍ അച്ചന്റെയും ഒരു സംഘം മഹത്തുക്കളുടെയും നേതൃത്വത്തില്‍ അധഃസ്ഥിത ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നത്. 1850ല്‍ മിഷണറിമാരായ റവ. റാഗ് ലാന്റും റവ. ജോണ്‍ ഹോസ്വര്‍ത്തും മല്ലപ്പള്ളിയിലേക്ക് യാത്രചെയ്യുമ്പോള്‍ യാദൃശ്ചികമായാണ് പാടത്തെ പണിയാളരുടെ പാട്ടു കേട്ടത്. വീണ്ടും കേള്‍ക്കണമെന്ന് ആഗ്രഹിച്ച ഇവര്‍ മല്ലപ്പള്ളി ദേവാലയത്തിലെത്തിയപ്പോള്‍ വിവരം വികാരിയായിരുന്ന റവ. ജോര്‍ജ് മാത്തനോട് പറഞ്ഞു. അന്ന് വൈകിട്ട് തന്നെ തൊഴിലാളികളെ പള്ളിമേടക്ക് മുമ്പില്‍ വിളിച്ചുവരുത്തി പാട്ടുപാടിച്ചു. പരിഷ്കൃത സമൂഹം അടിമകളാക്കപ്പെട്ട ഒരു പറ്റം മനുഷ്യരുടെ കരളലിയിക്കുന്ന ചിത്രമായിരുന്നു അവര്‍ അവിടെ കണ്ടത്. തുടര്‍ന്ന് മൂന്ന് വൈദികരും ചേര്‍ന്ന് ആലോചിച്ചാണ് അടിമോദ്ധാരണ മിഷന് രൂപം കൊടുക്കുകയും 1850 ന്റെ അവസാന മാസങ്ങളില്‍ പളളിമേടയുടെ സമീപത്ത് അടിമകള്‍ക്കായി പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തത്. വേദപുസ്തക കഥകള്‍ പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. കഥകളിലൂടെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയായിരുന്നു. മല്ലപ്പള്ളി, ചമ്പക്കര തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പഠിതാക്കളെ കൊണ്ടുവന്നത്. പോത്തന്‍ ആശാനായിരുന്നു ആദ്യഅധ്യാപകന്‍. അടിമകള്‍ക്ക് സ്കൂള്‍ നിര്‍മിച്ച വിവരം അറിഞ്ഞ ഹൈന്ദവ-ക്രൈസ്തവ സവര്‍ണ നേതൃത്വം കോപംകൊണ്ടു ജ്വലിച്ചു. ഇവര്‍ രാത്രിയില്‍ സ്കൂള്‍ വളഞ്ഞു. എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചുകൊണ്ടിരുന്നവരെ ക്രൂരമായി മര്‍ദിച്ചു. പള്ളിമേട മുറ്റത്തുനിന്ന ജോര്‍ജ് മാത്തന്‍ അച്ചനും പാക്ക് കച്ചവടത്തിനെത്തിയ റാവുത്തറും സഹായികളും കരച്ചില്‍കേട്ട് ഓടിയെത്തിയാണ് പാവങ്ങളെ രക്ഷിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രാത്രിയുടെ ഏതോ യാമത്തില്‍ സവര്‍ണകോപം കൊളുത്തിയ തീയില്‍ ആദ്യ അടിമസ്കൂള്‍ കത്തിയമര്‍ന്നു. പള്ളിക്കൂടം ആരംഭിക്കുകയും ആക്രമണം തടയുകയും ചെയ്ത ജോര്‍ജ് മാത്തന്‍ അച്ചന്റെ വസ്ത്രങ്ങള്‍ അലക്കുന്നതും ക്ഷൗരം ചെയ്യുന്നതും തമ്പുരാക്കന്മാര്‍ വിലക്കി. എങ്കിലും പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ മല്ലപ്പള്ളി സ്വദേശികളായ ഒരു പറ്റം ഉല്‍പ്പതിഷ്ണുക്കള്‍ തയ്യാറായില്ല. മര്‍ദനവും തീവെപ്പും ഭയന്ന് ചിതറിപ്പോയവരെ മുണ്ടക്കയം, കവിയൂര്‍, മേപ്രാല്‍, പെരുന്തുരുത്തി, കറുകച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് തിരിച്ചുകൊണ്ടുവന്നു. ഇതോടെ സ്കൂള്‍ മല്ലപ്പള്ളിക്ക് സമീപമുള്ള കൈപ്പറ്റയിലേക്ക് മാറ്റി. മേടയില്‍ പോത്തന്‍ സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ഹാബേല്‍ മൂപ്പനും കൂട്ടരുമാണ് അടിമവിദ്യാലയത്തില്‍നിന്ന് അക്ഷരം നുകര്‍ന്ന് ചരിത്രത്തിന്റെ ഭാഗമായി മാറിയത്. 1865- ല്‍ വീണ്ടും സവര്‍ണ മേധാവികള്‍ പള്ളിക്കൂടം അഗ്നിക്കിരയാക്കി.

No comments: