Wednesday, June 18, 2014

ആറുവര്‍ഷത്തിനകം ലക്ഷം അധ്യാപകരെ നിയമിക്കും

19 Jun 2014
പി.കെ.മണികണ്ഠന്‍(മാതൃഭൂമി)
ന്യൂഡല്‍ഹി: സ്‌കൂള്‍-കോളേജ് തലങ്ങളില്‍ ആറു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം അധ്യാപകരെ അധികം നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം മുന്‍കൈയെടുത്തു രൂപവത്കരിക്കുന്ന ദേശീയ അധ്യാപക-അധ്യാപന മിഷന്റെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇക്കാര്യം അറിയിച്ചു.

അധ്യാപക പരിശീലനരംഗം ഉടച്ചുവാര്‍ക്കാനായി ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ പഠനകാലം രണ്ടു വര്‍ഷമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കും. പ്ലസ് ടു കഴിഞ്ഞാല്‍ ചേരാന്‍ കഴിയുന്ന ഡിപ്ലോമ അധ്യാപക കോഴ്‌സുകള്‍ നടപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (കേബ്) ശുപാര്‍ശ പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. അധ്യാപകരുടെ ലഭ്യത ഉറപ്പാക്കുക, നിലവിലുള്ളവരുടെ ശേഷി വര്‍ധിപ്പിക്കുക, യുവാക്കളെ അധ്യാപന രംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കുക തുടങ്ങിയവയാണ് കേബിന്റെ ശുപാര്‍ശകള്‍.

ഇതേത്തുടര്‍ന്ന്, സ്‌കൂള്‍, കോളേജ്, സര്‍വകലാശാലാതലങ്ങളില്‍ 2020-ഓടെ ഒരു ലക്ഷം അധ്യാപകരെ അധികമായി നിയമിക്കും. ഇതില്‍ പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും. അധ്യാപക പരിശീലനത്തിനായി 40 സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ സ്ഥാപിക്കും. പതിനായിരം ഗവേഷണ ബിരുദങ്ങളും ലക്ഷ്യമിടുന്നുണ്ട്. അധ്യാപകര്‍ക്ക് അറിവാര്‍ജിക്കാനും പാഠ്യപദ്ധതി വിലയിരുത്താനും അന്തഃസര്‍വകലാശാലാബന്ധത്തിനും നയപരമായ ഗവേഷണങ്ങള്‍ക്കുമായി പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പഠന പരിപാടികളും തയ്യാറാക്കും.

അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കാന്‍ 55 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അധ്യാപക പരിശീലനത്തിനുള്ള അന്തഃസര്‍വകലാശാലാ കേന്ദ്രം സ്ഥാപിക്കും. അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൂതനശേഷിക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും. അക്കാദമിക് നേതൃത്വത്തിനുള്ള അഞ്ചു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ മാനേജ്‌മെന്റിനുള്ള അഞ്ചു മേഖലാ കേന്ദ്രങ്ങള്‍ എന്നിവയും പുതുതായി തുടങ്ങും. ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂട്ടി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷനും സര്‍വകലാശാലാ സംവിധാനവും തമ്മിലുള്ള സംയോജനം ഉറപ്പാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.

സര്‍വകലാശാലകള്‍ മുന്‍കൈയെടുത്ത് അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ രൂപവത്കരിക്കണം. അധ്യാപക പരിശീലനം ഉന്നത വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണം. രണ്ടു വര്‍ഷത്തെ അധ്യാപക ഡിപ്ലോമ കോഴ്‌സുകളും തയ്യാറാക്കും. അധ്യാപകരുടെ ശേഷി കൂട്ടാന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതികളും തയ്യാറാക്കും. ദേശീയ അധ്യാപക-അധ്യാപന മിഷന്‍ നടപ്പാക്കാനുള്ള ചെലവു മുഴുവന്‍ കേന്ദ്രം വഹിക്കും. 12-ാം പദ്ധതിയില്‍ ഇതിനായി 1700 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2014-15 വര്‍ഷത്തേക്കുള്ള പ്രാഥമിക വിഹിതമായി നൂറു കോടി രൂപ ഇതിനകം അംഗീകരിച്ചതായി മന്ത്രാലയകേന്ദ്രങ്ങള്‍ പറഞ്ഞു

No comments: