Wednesday, June 25, 2014

പ്രതിഷേധത്തിന്റെ ഭിന്നരൂപങ്ങള്‍

m



ജനങ്ങളുടെ ഹര്‍ത്താല്‍ വിജയിച്ചു; അച്ചന്‍കോവിലില്‍ അധ്യാപകരായി

25 Jun 2014

അച്ചന്‍കോവില്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അച്ചന്‍കോവിലില്‍ രക്ഷിതാക്കള്‍ നടത്തിയ ഹര്‍ത്താല്‍ വിജയംകണ്ടു. ആകെയുള്ള എട്ട് ഒഴിവുകളിലേക്കും നിയമനം നടത്തി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഇതേ ആവശ്യം ഉന്നയിച്ച് കെ.എസ്.യു.ക്കാര്‍ കൊല്ലത്ത് ഡി.ഡി..യെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

ഒമ്പതുവര്‍ഷമായി ഒരു ഹര്‍ത്താലും നടത്താത്ത അച്ചന്‍കോവിലുകാര്‍ നാട്ടിലെ ഏക സ്‌കൂളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. 'തന്നേ തീരൂ...അധ്യാപകരെ തന്നേ തീരൂ' എന്ന മുദ്രാവാക്യവുമായി കുട്ടികളും വീട്ടമ്മമാരും രാവിലെ തന്നെ രംഗത്തിറങ്ങിയതോടെ ബന്ദിന്റെ പ്രതീതിയായി. വഴികളില്‍ തടസം സൃഷ്ടിച്ചതിനാല്‍ ഉച്ചവരെ ബൈക്ക് യാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിഞ്ഞില്ല. ബസുകളൊന്നും എത്തിയില്ല. സ്‌കൂള്‍, പോസ്റ്റ് ഓഫീസ്, വാണിജ്യനികുതി ഓഫീസ്, ജലവൈദ്യുതപദ്ധതി ഓഫീസ്, വനം റേഞ്ച് ഓഫീസുകള്‍ എന്നിവ അടപ്പിച്ചു. മുഖ്യ സര്‍ക്കാര്‍ സ്ഥാപനമായ ഡി.എഫ്.. ഓഫീസിന്റെ പ്രധാന കവാടത്തിനുമുന്നില്‍ സമരക്കാരെ തടയാനുള്ള ശ്രമം വിഫലമായി. ഉള്ളില്‍ കയറിയ നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങി. കേസെടുപ്പിക്കാതെ പിരിഞ്ഞുപോകാന്‍ തെന്മല എസ്.. വി.പി.സുധീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരെത്തുമെന്ന ഉറപ്പാണ് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പുനലൂര്‍ എം.എല്‍.എ കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ എന്നിവര്‍ പ്രശ്‌നം ഉടനെ പരിഹരിക്കുമെന്ന് സമിതിയുടെ നേതാക്കളെ ഫോണില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചെങ്കിലും ഹര്‍ത്താല്‍ ശക്തമായി തുടര്‍ന്നു.

ഈസമയം കൊല്ലത്ത് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.. സി..സന്തോഷിനെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നിയമന ഉത്തരവ് തയ്യാറായിട്ടുണ്ടെന്ന് ഡി.ഡി.. അറിയിച്ചു. മൊത്തം 47 അധ്യാപകരെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് താത്കാലികമായി പുനഃക്രമീകരിച്ചതില്‍ അച്ചന്‍കോവിലിലെ എട്ട് ഒഴിവുകളും നികത്തി. തസ്തിക കുറഞ്ഞതിനാല്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായവരെയാണ് അച്ചന്‍കോവിലുള്‍പ്പെടെ കുട്ടികളുണ്ടായിട്ടും അധ്യാപകരില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ഈ നിയമനം നീണ്ടതും താത്കാലിക അധ്യാപകരെ എടുക്കുന്നത് തടഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഉടന്‍ നിയമനം നടത്തണമെന്ന് കളക്ടര്‍ തലേദിവസംതന്നെ നിര്‍ദേശം തന്നിരുന്നതായി ഡി.ഡി.. പറഞ്ഞു. ഉത്തരവിന് ഉടന്‍ പ്രാബല്യവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ സ്‌കൂളിന്റെ സ്ഥലം വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നതിനാല്‍ ഹര്‍ത്താല്‍ വൈകുന്നേരം വരെ തുടര്‍ന്നു. അച്ചന്‍കോവില്‍ ചുരം വഴി വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. അതിനാല്‍ കുംഭാവുരുട്ടി ഇക്കോ ടൂറിസം സെന്ററില്‍ തിരക്കുണ്ടായില്ല. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ആറ് കിലോമീറ്റര്‍ നടന്നുചെന്ന് സെന്ററിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു. രാവിലെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ബന്ധുവിന്റെ കാര്‍ റോഡില്‍ തടഞ്ഞിട്ടു. ഡി.എഫ്.. ഓഫീസിന് മുന്നിലെ ഉപരോധസമരത്തില്‍ പി.ടി.. പ്രസിഡന്റ് പ്രഭകുമാര്‍ അധ്യക്ഷനായി. സാനു ധര്‍മരാജ്, ബിജുലാല്‍ പാലസ്, പ്രസാദ് പി.നായര്‍, കെ.ആര്‍.ഗോപി എന്നിവര്‍ പ്രസംഗിച്ചു. ഡി.വൈ.എഫ്.. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. വില്ലേജ് സെക്രട്ടറി പ്രശാന്ത് പി.നായര്‍, അനില്‍കുമാര്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന്റെ മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇനി സ്കൂള്‍ യൂണിഫോം കമ്പനികള്‍ക്കില്ല; തുക പ്രധാനാധ്യാപകര്‍ക്ക് നല്‍കും
26-Jun-2014

തിരു: സ്കൂള്‍ യൂണിഫോം വിതരണച്ചുമതല ഈവര്‍ഷം കമ്പനികള്‍ക്ക് നല്‍കേണ്ടതില്ലെന്നും പ്രധാനാധ്യാപകര്‍ക്ക് ഫണ്ട് നേരിട്ട് കൈമാറാനും പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. മുന്‍വര്‍ഷം യൂണിഫോം വിതരണച്ചുമതല കമ്പനികളെ ഏല്‍പ്പിച്ചതുവഴി 113 കോടി രൂപ പാഴാകുകയും ഇടപാടില്‍ വന്‍ അഴിമതി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്കൂളുകള്‍ക്ക് തുക നേരിട്ട് കൈമാറാന്‍ തീരുമാനിച്ചത്.


കഴിഞ്ഞവര്‍ഷം വിതരണച്ചുമതല ഏറ്റെടുത്ത എട്ടു കമ്പനികള്‍ ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. ജൂലൈ 15 വരെ വിതരണത്തിന് സമയം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നീട്ടിനല്‍കിയിട്ടുമുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ കര്‍ശനിലപാടിനെ തുടര്‍ന്നാണ് ഇത്തവണ കമ്പനികളെ ഒഴവാക്കിയത്. ഇത്തവണ എസ്എസ്എ 35 കോടി രൂപയും സര്‍ക്കാര്‍ 55 കോടി രൂപയുമാണ് എട്ടാം ക്ലാസ് വരെയുള്ള യൂണിഫോം വിതരണത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച വിജ്ഞാപനം തുക അനുവദിച്ചുകിട്ടുന്ന മുറയ്ക്ക് ഇറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു

ഹയര്‍ സെക്കന്‍ഡറി: പുതിയ ടൈംടേബിളായി; ശനിയാഴ്ച അവധി
26 Jun 2014
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ജൂലായ് ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ഉത്തരവായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലര വരെയാണ് ക്ലാസ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള സമയക്രമം ചുവടെ:
  • രാവിലെ ഒമ്പത് മുതല്‍ 9.45 വരെ 45 മിനിട്ട്,
  • രണ്ടാംപീരീഡ് 9.45 മുതല്‍ 10.25 വരെയും
  • മൂന്നാംപീരീഡ് 10.25 മുതല്‍ 11.05 വരെയും
  • നാലാം പീരീഡ് 11.10 മുതല്‍ 11.50 വരെയും
  • അഞ്ചാംപീരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും.
  • 12.30 മുതല്‍ 1.05 വരെ 35 മിനിട്ട് ലഞ്ച് ബ്രേക്ക്.
  • ആറാംപീരീഡ് 1.05 മുതല്‍ 1.45 വരെയും
  • ഏഴാംപീരീഡ് 1.45 മുതല്‍ 2.25 വരെയും
  • എട്ടാം പീരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും
  • ഒമ്പതാം പീരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും
  • പത്താംപിരീഡ് 3.45 മുല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും.
വെള്ളിയാഴ്ച ഒന്നാംപിരീഡ് ഒമ്പത് മുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാംപിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാംപീരീഡ് 10.50 മുതല്‍ 11.40 വരെയും നാലാംപീരീഡ് 11.40 മുതല്‍ 12.30 വരെ 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ടുവരെ 90 മിനിട്ട് ലഞ്ച് ബ്രേക്ക്.
അഞ്ചാം പീരീഡ് രണ്ടു മുതല്‍ 2.50 വരെയും ആറാംപീരീഡ് 2.50 മുതല്‍ 3.40 വരെ 50 മിനിട്ട് വീതവും ഏഴാംപീരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും.

ആഴ്ചയില്‍ ആറു പ്രവൃത്തിദിനങ്ങളിലായി 47 പീരീഡുകളാണ് അധ്യയനത്തിനായുണ്ടായിരുന്നത്. ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്രമീകരിക്കുന്നത്
സ്‌കൂള്‍ പ്രവേശനം: കൊല്ലം ജില്ലയില്‍ 1017 പേരുടെ വര്‍ധന

25 Jun 2014


കൊല്ലം: ജില്ലയില്‍ ഇത്തവണ സ്‌കൂള്‍ പ്രവേശനം നേടിയതില്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തേക്കാള്‍ ആകെ 1017 വിദ്യാര്‍ഥികളുടെ വര്‍ധന. ഒന്നാം ക്ലാസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 555 പേരുടെ വര്‍ധനയുണ്ട്. പോയവര്‍ഷം 18085 പേരാണ് ആദ്യക്ഷരം കുറിച്ചതെങ്കില്‍ ഇത്തവണ അത് 18640 ആയി വര്‍ധിച്ചു. എന്നാല്‍ ഇക്കൊല്ലവും എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍നിന്ന് സ്‌കൂളില്‍ ചേര്‍ന്നവരില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്.
ഈ വര്‍ഷം ആകെ 9622 പെണ്‍കുട്ടികളാണ് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 9180 ആയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് ആകെ 8315 കുട്ടികള്‍ ചേര്‍ന്നതില്‍ കൂടുതല്‍ പേര്‍ ആണ്‍കുട്ടികളാണ്. 4188 പേര്‍. എന്നാല്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലേക്ക് ആകെ 6894 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് 3431 പേര്‍ മാത്രമാണ് ചേര്‍ന്നത്. എയ്ഡഡ് മേഖലയില്‍ 2013-'14 അധ്യയനവര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണത്തേക്കാള്‍ 54 പേര്‍ ഇത്തവണ കുറവാണ്. അണ്‍-എയ്ഡഡ് മേഖലയില്‍ 328 പേരുടെ വര്‍ധനയുണ്ടാവുകയും ചെയ്തു. എന്നാല്‍ എസ്.ടി. വിഭാഗത്തില്‍നിന്ന് അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലുമായി ഓരോ ആണ്‍കുട്ടികളും ഏഴാം ക്ലാസ്സില്‍ ഒരു പെണ്‍കുട്ടിയും മാത്രമാണ് പ്രവേശനം നേടിയത്.
മറ്റ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തില്‍ ഒമ്പതാം ക്ലാസ്സിലേക്കാണ് ഇത്തവണ ഏറ്റവുമധികം പേര്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 33621 പേര്‍ പ്രവേശനം നേടിയെങ്കില്‍ 942 പേരുടെ വര്‍ധനയാണ് ഉണ്ടായത്. എട്ടാം ക്ലാസ്സില്‍ 699 പേരും മൂന്നാം ക്ലാസ്സില്‍ 329 പേരും നാലാം ക്ലാസ്സില്‍ 237 പേരും ഇക്കൊല്ലം അധികമായി ചേര്‍ന്നു. ഏഴാം ക്ലാസ്സില്‍ ചേര്‍ന്നവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞവര്‍ഷം 29779 പേര്‍ ചേര്‍ന്നെങ്കില്‍ ഇത്തവണ 555 പേരുടെ കുറവുണ്ട്. രണ്ടാം ക്ലാസ്സില്‍ കഴിഞ്ഞവര്‍ഷം 19520 പേര്‍ ചേര്‍ന്നെങ്കില്‍ ഇക്കൊല്ലം അത് 19094 ആയി. പോയവര്‍ഷത്തെ എണ്ണത്തേക്കാള്‍ അഞ്ചാം ക്ലാസ്സില്‍ 401 പേരുടെയും ആറാം ക്ലാസ്സില്‍ 75 പേരുടെയും കുറവുണ്ട്.
ഇത്തവണ ജില്ലയിലാകെ 33846 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷം 34134 പേര്‍ പത്താം ക്ലാസ് പ്രവേശനം നേടിയെങ്കിലും ഇക്കൊല്ലം 288 പേരുടെ കുറവുണ്ട്. പത്താം ക്ലാസ്സില്‍ ഏറ്റവുമധികം പേര്‍ പ്രവേശനം നേടിയത് എയ്ഡഡ് മേഖലയിലാണ്-21015 പേര്‍. ഇതില്‍ ആണ്‍കുട്ടികളാണ് അധികവും-10557 പേര്‍. അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലാണ് ഏറ്റവും കുറവ് കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ഇതില്‍ 804 ആണ്‍കുട്ടികളും 829 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11198 പേര്‍ പ്രവേശനം നേടിയതില്‍ 5282 പേര്‍ പെണ്‍കുട്ടികളാണ്. എസ്.സി. വിഭാഗത്തില്‍നിന്ന് 5229 പേര്‍ പരീക്ഷയെഴുതുന്നതില്‍ 2579 പേരാണ് പെണ്‍കുട്ടികള്‍. എസ്.ടി. വിഭാഗത്തില്‍നിന്ന് 119 പേര്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. ഇതിലും ആണ്‍കുട്ടികളാണ് അധികം-76

No comments: