7 Nov 2011
തിരുവനന്തപുരം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തെറ്റായ കണക്ക് നല്‍കുന്നത് അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന് തടസ്സം. ആദ്യം നല്‍കിയ കണക്കിനെക്കാള്‍ വളരെ വ്യത്യസ്തമായ കണക്കുകള്‍ നല്‍കിയ രണ്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലം മാറ്റി. ഡി.ഡിമാരെ സസ്‌പെന്‍ഡ് ചെയ്തതും രാഷ്ട്രീയ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
കൊല്ലം ഡി.ഡി ഇ. രവീന്ദ്രന്‍, മലപ്പുറം ഡി.ഡി കെ.സി. ഗോപി എന്നിവരെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ ഡി.ഡിയെ സ്ഥലം മാറ്റി. അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുന്നവരുടെ പേരുകള്‍ നല്‍കുന്നതിലാണ് ഡി.ഡിമാര്‍ തെറ്റ് വരുത്തുന്നത്. ഏതൊക്കെ ഗണത്തില്‍പ്പെടുന്ന അധ്യാപകര്‍ പാക്കേജില്‍ ഉള്‍പ്പെടുമെന്നതിന് കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ അവഗണിച്ച് അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്തതാണ് പ്രശ്‌നം സൃഷ്ടിച്ചത്.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരെയും ഇല്ലാത്ത തസ്തികയില്‍ നിയമനം വാങ്ങിയ ശേഷം അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതിനാല്‍ ജോലി ഉപേക്ഷിച്ച് പോയവരെയും മറ്റും പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കിയ കണക്ക് പാക്കേജിന്റെ നടത്തിപ്പ് അവതാളത്തിലാക്കി.
ഇതേസമയം സസ്‌പെന്‍ഷന്‍ നടപടി ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് വിവാദമായി. സസ്‌പെന്‍ഷന്‍ ഉത്തരവ് ശനിയാഴ്ച രാത്രി വൈകി ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച മന്ത്രി ഓഫീസിലെത്തിയിട്ട് അനന്തര നടപടികള്‍ സ്വീകരിക്കാമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാക്കേജിലെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെങ്കിലും ഇതിനിടയില്‍ രാഷ്ട്രീയം കലര്‍ന്നതാണ് ഉത്തരവ് തത്കാലം തടഞ്ഞുവെയ്ക്കാന്‍ കാരണം.
മലപ്പുറത്ത് ഇടതുപക്ഷക്കാരായ അധ്യാപകരെ ഡി.ഡി സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് കെ.എസ്.ടി.എ. സമരത്തിലായിരുന്നു. സമരത്തിന്റെ ഭാഗമായി ഡി.ഡി യെ സംഘടന ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനിടെ വീണ്ടും ഒരു സ്ഥലംമാറ്റ ഉത്തരവുണ്ടായത് സമരക്കാരെ പ്രകോപിപ്പിച്ചു. ഇതേസമയത്താണ് ഡി.ഡിയെ സമരത്തിനാധാരമായ കാരണങ്ങള്‍കൊണ്ടല്ലെങ്കിലും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഉത്തരവ് വന്നതോട നടപടി കെ.എസ്.ടി.എയുടെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് മുസ്‌ലം ലീഗ് അധ്യാപക സംഘടന ഡി.ഡിയുടെ തുണക്കെത്തി. മന്ത്രി പ്രശ്‌നത്തിലിടപെട്ട് സസ്‌പെന്‍ഷന്‍ തത്കാലം തടഞ്ഞുവെയ്ക്കാന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും സസ്‌പെന്‍ഷന്‍ സ്ഥലമാറ്റമായി പരിമിതപ്പെടുത്താനാണ് സംഘടനകള്‍ ശ്രമിക്കുന്നത്.
പാക്കേജിനുള്ള വിവരങ്ങള്‍ നല്‍കുന്നതിലെ വീഴ്ചക്കെതിരെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ശക്തമായി ഇടപെട്ടിരുന്നു. എ.ഇ.ഒ മുതലുള്ള ഓഫീസര്‍മാര്‍ക്കായി പ്രത്യേക ക്ലാസും വീഡിയോ കോണ്‍ഫറന്‍സും നടത്തി. എന്നിട്ടും പട്ടിക കുറ്റമറ്റതാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം. മലപ്പുറത്തിനൊപ്പം കൊല്ലം ഡി.ഡിക്കും ഒരേ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍. അതുകൊണ്ടുതന്നെ മലപ്പുറം ഡി.ഡിയുടെ സസ്‌പെന്‍ഷന്‍ സ്ഥലംമാറ്റത്തില്‍ ഒതുങ്ങിയാല്‍ കൊല്ലം ഡി.ഡിയും രക്ഷപ്പെട്ടേക്കും. mathrubhumi
പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാന്‍ സമഗ്ര വിദ്യാലയ വികസന പദ്ധതി
വടകര: പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാന്‍ തിരുവള്ളൂര്‍ പഞ്ചായത്തില്‍ സമഗ്ര വിദ്യാലയ വികസന പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെയും എസ്എസ്എയുടെയും എംഎല്‍എ, എംപി ഫണ്ടുകളുടെയും സഹായത്താല്‍ 2015ഓടെ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള നക്ഷത്ര വിദ്യാലയം സാധ്യമാക്കുന്നതാണ് പദ്ധതി. സ്വപ്ന പദ്ധതിക്ക് രൂപം നല്‍കാനുള്ള ശില്‍പശാല പൈങ്ങോട്ടായി ഗവ. യുപി സ്കൂളില്‍ നടന്നു. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെങ്കിലും തുടര്‍ന്ന് സ്വകാര്യ വിദ്യാലയങ്ങള്‍ക്കും പരിഗണന ലഭിക്കും. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ , പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിദ്യാലയവും സമൂഹവും, വളരുന്ന വിദ്യാലയം, ഭാവി വിദ്യാലയത്തിലെ അധ്യാപകര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തി ശില്‍പശാലയില്‍ ക്രോഡീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. എഇഒ സദാനന്ദന്‍ മണിയോത്ത് അധ്യക്ഷനായി. "2015ലെ വിദ്യാലയം-വികസന സമീപനം" എന്ന വിഷയത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ് ബാബു സംസാരിച്ചു. ബിപിഒ വി പി പ്രഭാകരന്‍ , സി പി അബ്ദുറഹിമാന്‍ , വാര്‍ഡംഗം പി കെ അശോകന്‍ , സി പി ചന്ദ്രി, എം പി ശശികുമാര്‍ , വി പി കുഞ്ഞമ്മദ്, പി എം ബാലന്‍ , ടി കെ അലി, കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ വി ശശി സ്വാഗതവും പി രാജന്‍ നന്ദിയും പറഞ്ഞു. deshabhimani
സംസ്ഥാന സിലബസ്സിലെ സ്‌കൂളുകളെ സി.ബി.എസ്.ഇ.യിലേക്ക് മാറ്റേണ്ട സമയമായി- മന്ത്രി ഷിബു ബേബിജോണ്‍
07 Nov 2011
ആലപ്പുഴ: സംസ്ഥാന സിലബസ്സിലെ സ്‌കൂളുകളെ സി.ബി.എസ്.ഇ. യിലേക്ക് മാറ്റുകയോ സി.ബി.എസ്.ഇ. നിലവാരത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യേണ്ട സമയാമായെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സാധാരണ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഇന്നും ഉന്നത വിദ്യാഭ്യാസം അകലെയാണ്. സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. സിലബസ്സുകളില്‍ പഠിച്ചവരാണ് ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതില്‍ ഭൂരിഭാഗവും. ഇത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണലിന്റെ 14-ാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സി.ബി.എസ്.ഇ. സ്‌കൂളുകള്‍ വരുമ്പോള്‍ എതിര്‍ക്കേണ്ട കാര്യമില്ല. പകരം നമ്മുടെ സ്‌കൂളുകളില്‍ക്കൂടി സി.ബി.എസ്.ഇ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. സി.ബി.എസ്.ഇ.യിലേക്ക് എന്തുകൊണ്ടു കൂടുതല്‍ ആളുകള്‍ പോകുന്നുവെന്നതും നമ്മള്‍ ചിന്തിക്കേണ്ടതാണ്. അതില്‍ രാഷ്ട്രീയം കാണരുത്. ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുന്നുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. കോടികള്‍ മുടക്കി കോടികള്‍ കൊയ്യുന്ന സമ്പ്രദായമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ കാണുന്നത്. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്ഥിരമായി സ്ഥാനം പിടിക്കാറില്ല. വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാരും സമുദായസംഘടനകളുമെല്ലാം നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഇതിനായി തീരദേശ പാക്കേജ് നടപ്പിലാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമുദായരത്‌ന പുരസ്‌കാരം ഡോ. ജോര്‍ജ് ജോസഫിനും സമുദായ പ്രതിഭാ പുരസ്‌കാരങ്ങള്‍ ജാക്‌സണ്‍ ആറാട്ടുകുളം, ആന്റണി ജോണ്‍, അശ്വതി ജുഗേഷ്, എന്നിവര്‍ക്കും വിതരണം ചെയ്തു. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ട്രഷറര്‍ എം. എക്‌സ്. ജോസഫ് അധ്യക്ഷനായി. തോമസ് ഐസക് എം.എല്‍.എ., ആലപ്പുഴ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി ഡായന മാസിഡോ, സേവ്യര്‍ കാനപ്പിള്ളി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. ആന്റണി ജേക്കബ്, സി.എ. ക്ലീറ്റസ്, ജൂലിയറ്റ് സാംസണ്‍, ജോര്‍ജ് ജോസഫ്, എ.ഇ. ആന്റണി എ്‌നിവര്‍ പ്രസംഗിച്ചു.
mathrubhumi
No comments:
Post a Comment