Sunday, November 27, 2011

മലയാളം ഒന്നാം ഭാഷ: ഉത്തരവിറങ്ങി മാസം മൂന്നായിട്ടും നടപ്പായില്ല

  28 Nov 2011
കോഴിക്കോട്: മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും ഇനിയും ഇത് സ്‌കൂളുകളില്‍ നടപ്പിലായില്ല.

പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഇതിനായി ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം.


അറബി, സംസ്‌കൃതം സ്‌കൂളുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എട്ട് പീരിയഡായി ക്രമീകരിച്ച് മൂന്നു പീരിയഡുകള്‍ അധികമായി കണ്ടെത്തി മലയാളം പഠിപ്പിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ഉത്തരവില്‍ പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതിനെത്തുടര്‍ന്നാണ് വിശദമായ മാര്‍ഗനിര്‍ദേശമടങ്ങിയ പുതിയ ഉത്തരവ് വന്നത്.


ഇത്രയുമായി മൂന്നുമാസം പിന്നിട്ടെങ്കിലും ഇത് നടപ്പാക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ട്. ഡി.ഡി.ഇ.മാര്‍ ജില്ലകളില്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം പീരിയഡുകള്‍ ക്രമീകരിക്കാനോ പുതിയ അധ്യാപകനെ നിശ്ചയിക്കാനോ ഒരു സ്‌കൂളുകളും തയ്യാറായിട്ടില്ല. ഉത്തരവ് ഇറങ്ങിയെന്നല്ലാതെ ഇതുസംബന്ധിച്ച വിശദാംശം രേഖാമൂലം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സ്‌കൂളുകളുടെ അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പതിഞ്ഞിട്ടില്ലെന്നാണ് അവസ്ഥ

ഉച്ചഭക്ഷണദിനം ഇന്ന്; സ്‌കൂളുകളില്‍ പായസം കൂട്ടി സദ്യ

മല്ലപ്പള്ളി: നവംബര്‍ 28 ഉച്ചഭക്ഷണദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഉച്ചഭക്ഷണം വിതരണംചെയ്യുന്ന എല്ലാ സ്‌കൂളുകളിലും പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ നല്‍കാന്‍ ഡി.പി.ഐ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്ക് പുറമെ, സ്‌കൂള്‍ അധ്യാപകരും മറ്റു ജീവനക്കാരും പി.ടി.എ അംഗങ്ങളും സദ്യയില്‍ പങ്കെടുക്കണം. അധികതുക ഇതിനായി പിന്നീട് അനുവദിക്കും.
വെള്ളമേഘങ്ങളെ തൊട്ട് ... കായല്‍ച്ചന്തം നുകര്‍ന്നൊരു വിമാനയാത്ര 



കൊച്ചി: ആകാശക്കാഴ്ചകളുടെ വിസ്മയങ്ങളിലൂടെ വട്ടമിട്ടുപറക്കുമ്പോള്‍ ആലുവയിലെ അന്ധവിദ്യാലയത്തിലെ മൂന്നാംക്ലാസുകാരി ഫാത്തിമയും താഴേക്കു വിരല്‍ചൂണ്ടി. അന്ധതയെയും മറികടക്കുന്ന ആവേശമായിരുന്നു ആദ്യ വിമാനയാത്ര അവള്‍ക്കേകിയത്. എയര്‍ ഇന്ത്യയുടെ താഴ്ന്നുപറന്ന എ-1 2011 നമ്പര്‍ ജംബോ വിമാനത്തിലിരുന്ന് ശാരീരികവൈകല്യമുള്ള മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ കന്യാകുമാരി വിവേകാനന്ദപ്പാറയും ത്രിവേണീസംഗമവും കണ്‍കുളിര്‍ക്കെ കണ്ടു. മേഘങ്ങളെ വകഞ്ഞുമാറ്റി കുതിച്ചുയര്‍ന്ന വിമാനത്തിനുംമുന്നേ ഇവരുടെ മനസ്സുകള്‍ ക്ലാസ്മുറികളുടെ ഇടുങ്ങിയ കാഴ്ചകളില്‍ നിന്ന് അനന്തവിഹായസ്സിലേക്കു പറന്നിരുന്നു. ജനപ്രതിനിധികളും സിനിമാതാരങ്ങളും ഈ യാത്രയില്‍ ഇവര്‍ക്കൊപ്പംചേര്‍ന്നു. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകള്‍ക്ക് അവധിനല്‍കി പാമ്പാടി അഭയഭവനിലെ അന്തേവാസികളും ഒപ്പമുണ്ടായിരുന്നു. എയര്‍ ഇന്ത്യയും കൊച്ചിന്‍ റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് സ്പെഷ്യല്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സൗജന്യ വിമാനയാത്ര ഒരുക്കിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച പകല്‍ 12.55ന് വിമാനം പറന്നുപൊങ്ങി. 2.25ന് ഇവിടെ തിരികെ ഇറങ്ങുന്നതുവരെ സ്വപ്നലോകത്തിലായിരുന്നു കുട്ടികള്‍ . നഗരക്കാഴ്ചകള്‍ക്കൊപ്പം കടലും കായലുകളും വിരുന്നായി. ഇടയ്ക്ക് എല്ലാം മറച്ച് ചുറ്റിലും വെളുത്ത മേഘങ്ങള്‍മാത്രം. പൊട്ടുപോലെ താഴെക്കണ്ട സ്ഥലങ്ങള്‍നോക്കി സ്വന്തം സ്കൂള്‍ കണ്ടുപിടിക്കാന്‍ മെനക്കെട്ടവരുമുണ്ടായിരുന്നു. റണ്‍വേയില്‍നിന്നുയരുമ്പോള്‍ കണ്ണടച്ചിരുന്നവര്‍ പീന്നീട് ഇമപൂട്ടിയില്ല. സാന്ത്വനം പബ്ലിക് സ്കൂളിലെ നിഷ മാത്യുവിന്റെ ഏഴാംജന്മദിനവും ആകാശയാത്രയില്‍ ആഘോഷിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള 33 സ്പെഷ്യല്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് വിമാന യാത്രയിലുണ്ടായിരുന്നത്. പാമ്പാടി എംജിഎം അഭയഭവനിലെ 70 പിന്നിട്ട 17 പേരും ഇവരോടൊപ്പം വിമാനംകയറി. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് എയര്‍ ഇന്ത്യ ശാരീരികവൈകല്യമുള്ള കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കിയത്. റോട്ടറി ക്ലബ്ബിനൊപ്പം ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, സിയാല്‍ , സിയാല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ , കാസിനോ എയര്‍ ഫ്ളൈറ്റ് സര്‍വീസസ് എന്നിവരും സഹകരിച്ചു. എംഎല്‍മാരായ ജോസ് തെറ്റയില്‍ , അന്‍വര്‍ സാദത്ത്, ചലച്ചിത്രതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, മീര നന്ദന്‍ , ടിനി ടോം, സിയാല്‍ എംഡി വി ജെ കുര്യന്‍ , റോട്ടറി പ്രസിഡന്റ് സ്കറിയ ഡി പാറയ്ക്കല്‍ , സെക്രട്ടറി സന്തോഷ് പൂവത്തിങ്കില്‍ , തോമസ് മാത്യു എന്നിവരും കുട്ടികള്‍ക്ക് ആവേശംപകരാനുണ്ടായി.

No comments: