Friday, January 6, 2012

അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനാകില്ല


 07 Jan 2012
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് സമീപ സ്‌കൂളുകളില്‍ ചേര്‍ന്ന് പരീക്ഷയെഴുതുന്നതില്‍നിന്നുള്ള സൗകര്യം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ലഭിക്കില്ല. അഞ്ച്, ഏഴ് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഞ്ച്, ഏഴ്, പത്ത് ക്ലാസ്സുകളില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളുകളില്‍ ചേര്‍ന്ന് വാര്‍ഷിക പരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ അംഗീകാരം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.


പത്താംക്ലാസ്സിലെ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയം അനംഗീകൃത സ്‌കൂളിലെ അധ്യാപകന്‍ നടത്തി മാര്‍ക്കിടുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് വിമര്‍ശനമുയര്‍ന്നു. ജനനത്തീയതിയും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അനംഗീകൃത സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യവും എതിര്‍പ്പിനിടയാക്കി. ഇതിനെല്ലാമുപരി അനംഗീകൃത സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നടപടിയാണിതെന്ന വിമര്‍ശവും ഉണ്ടായി. അധ്യാപക സംഘടനകളാണ് പ്രധാനമായും ഈ നിര്‍ദേശത്തെ എതിര്‍ത്തത്.


എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിച്ചശേഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്ന് പരീക്ഷയെഴുതാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിക്കുന്നവര്‍ അടുത്തവര്‍ഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചാലേ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിയൂവെന്നതാണ് പുതിയ നിര്‍ദേശംമൂലം പ്രായോഗികമായി ഉണ്ടാകുന്ന സാഹചര്യം. അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് കുട്ടികള്‍ക്ക് പരീക്ഷയെഴുതുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് എ.കെ.എസ്.ടി.യു. ജന.സെക്രട്ടറി എന്‍.ശ്രീകുമാര്‍ ആവശ്യപ്പെട്ടു

No comments: