Saturday, January 28, 2012

പഠിക്കാന്‍ യാചകിയായ ആന്ധ്രാ പെണ്‍കുട്ടി


(28 Jan 2012  നു മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത, നാട്ടിലെ പഠിക്കാന്‍ അവസരം തേടുന്ന പാവങ്ങളായ വിദ്യാര്‍ഥി സമൂഹത്തിന്റെ ചിത്രം വരച്ചിടുന്നു. പണം കൊടുത്തു പഠിക്കാന്‍ തെരുവില്‍ പണപ്പിരിവിന് ഇറങ്ങേണ്ടി വരുന്ന മക്കള്‍ . ഭാരതമേ..!)


ആലപ്പുഴ: അധ്യാപികയാവണമെന്നാണ് ഇവള്‍ക്കാഗ്രഹം. പക്ഷെ, പണമില്ല. ടി.ടി.സിക്ക് പഠിക്കാന്‍ ചേരണം. രോഗിയായ അമ്മ, പുട്ടപര്‍ത്തിയിലെ ആസ്​പത്രിവരാന്തയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍. പഠിക്കാന്‍ പണമെവിടുന്ന്? ഈ ചിന്തയാണ് 17കാരി ശ്രാവണയെ യാചകവൃത്തിക്കായി ആലപ്പുഴയില്‍ കൊണ്ടുവന്നെത്തിച്ചത്. ഒമ്പതുദിവസത്തെ പിച്ചതെണ്ടല്‍. ഇവള്‍ക്ക് കിട്ടിയത് 2834 രൂപ. അരച്ചാണ്‍ വയറുനിറയ്ക്കാനായുള്ള ഇരക്കലല്ലിത്. പഠിക്കാനുള്ളആവേശത്തില്‍ വിശപ്പറിയാറില്ലെന്ന് ഇവള്‍ പറയുന്നു.

ഭിക്ഷാടനത്തിന് പതിവായി ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപം എത്തുന്ന ശ്രാവണയെക്കണ്ട് സംശയംതോന്നിയ ഓട്ടോഡ്രൈവറായ ഹാരിസ് വെള്ളിയാഴ്ച രാവിലെ ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദിനെ അറിയിച്ചു. തുടര്‍ന്ന് സൗത്ത് പോലീസെത്തി ശ്രാവണയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് മാറ്റി.


ആന്ധ്രപ്രദേശ് അനന്തപുര്‍ ജില്ലക്കാരിയായ ശ്രാവണ ആലപ്പുഴയിലെത്തിയിട്ട് ഒമ്പതുദിവസം കഴിഞ്ഞു. അനന്തപുര്‍ ജില്ലയില്‍നിന്ന് ഭിക്ഷാടനത്തിനെത്തിയ ഗംഗുലപ്പയുടെ കൂടെയാണ് ഇവള്‍ ആലപ്പുഴയിലെത്തിയത്. നഴ്‌സിങ്ങിന് പോകാനായിരുന്നു ആദ്യം ഇവള്‍ക്ക് താത്പര്യം. എന്നാല്‍, ഇടതുകൈയുടെ സ്വാധീനക്കുറവ് ഇതിന് തടസ്സമാകുമെന്ന് കണ്ട ശ്രാവണ, അധ്യാപികയാവാന്‍ തീരുമാനിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തെ കോഴ്‌സിനായി ഇവള്‍ക്ക് ഒടുക്കേണ്ടത് 24,000 രൂപയായിരുന്നു. പഠിയ്ക്കാന്‍ പണം സമ്പാദിക്കാന്‍ മറ്റ് പല ജോലികളും തേടിയെങ്കിലും ഇടതുകൈയുടെ സ്വാധീനക്കുറവുമൂലം ജോലി ലഭിച്ചില്ല. ഒടുവില്‍, ഭിക്ഷാടനത്തിന് പോകുന്ന ഗംഗുലപ്പയോട് താനും ഭിക്ഷാടനത്തിന് വരുന്നുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നുവെന്ന് ശ്രാവണ പറയുന്നു.


ആലപ്പുഴ ബീച്ചിനു സമീപം 20 ആന്ധ്രാ സ്വദേശികള്‍ക്കൊപ്പം ഒരു കൂരയ്ക്കുള്ളിലാണ് ഇവളും താമസിച്ചിരുന്നത്. ഇതില്‍ നിര്‍മ്മാണജോലികള്‍ക്ക് പോകുന്നവരും ഭിക്ഷാടനം തൊഴിലാക്കിയവരും ഉണ്ടായിരുന്നു. മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ക്കൊപ്പം 10 രൂപ വാടകയ്ക്കുള്ള ഷെഡ്ഡില്‍ തിങ്ങിഞെരുങ്ങിയാണ് ജീവിതം. രാവിലെ എട്ടുമണിക്ക് ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപമെത്തി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങും. ഒരുദിവസം ഇവള്‍ക്ക് 150 മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന വില്ലേജ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ബാക്കിസമയം ചെലവഴിച്ചിരുന്നു എന്ന് ശ്രാവണയും പ്രദേശവാസികളും പോലീസിന് മൊഴിനല്‍കി.


താന്‍ പ്ലസ് ടു പാസ്സായെന്നും കൊമേഴ്‌സ് വിഷയത്തില്‍ 1000ത്തില്‍ 752 മാര്‍ക്ക് ഉണ്ടായിരുന്നെന്നും ശ്രാവണ പോലീസിന് മൊഴിനല്‍കി. ഇംഗ്ലീഷ് സ്ഫുടതയോടെ സംസാരിക്കുന്ന ഇവള്‍ക്ക് തെലുഗുഭാഷയാണ് പിന്നെ അറിയാവുന്നത്. അച്ഛന്‍ എസ്. നരസിംഹലുവിനൊപ്പം ശ്രാവണ ഒരുമാസം മുമ്പ് ആലപ്പുഴയില്‍ വന്നിരുന്നു. അന്ന് നരസിംഹലു കെട്ടിടനിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. പിന്നീട് ഇരുവരും മടങ്ങിപ്പോയി. ശ്രാവണയുടെ അമ്മ രഞ്ജനമ്മയുടെ രോഗം മൂര്‍ച്ഛിതോടെ നരസിംഹലുവിന് ജോലിക്കുപോകാന്‍ പറ്റാതായി. രണ്ട് സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീടുകളിലാണ്. പഠനത്തിന് ഒരു വഴിയുമില്ലെന്ന് കണ്ടപ്പോഴാണ് താന്‍ ഭിക്ഷാടനത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ശ്രാവണ പറയുന്നു. അച്ഛനും അമ്മയും എതിര്‍ത്തെങ്കിലും താന്‍ പിന്മാറിയില്ലെന്നും ഇവള്‍ പറയുന്നു.


ഞായാറാഴ്ച നടക്കുന്ന പരീക്ഷയെഴുതാന്‍ ശനിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കവെയാണ് മഹിളാമന്ദിരത്തിലാക്കിയത്. പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കില്‍ മരണം മാത്രമാണ് തനിക്ക് മുന്നിലുള്ള വഴിയെന്നും ഇവള്‍ കണ്ണീരോടെ പറഞ്ഞു. അയല്‍ക്കാരനായ സൂര്യനാരായണന്റെ ഫോണ്‍നമ്പര്‍ മാത്രമാണ് ഇവള്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള ഏക വഴി. അനന്തപുര്‍ ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കി പെണ്‍കുട്ടിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദ് പറഞ്ഞു.


മഹിളാമന്ദിരത്തിലാക്കിയ ശ്രാവണയെ അവര്‍ താമസിച്ചിരുന്ന ബീച്ചിന് സമീപമുള്ള വീട്ടില്‍ എത്തിച്ച് സൗത്ത് പോലീസ് എസ്.ഐ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തു. ബന്ധപ്പെട്ടവര്‍ എത്തുന്നതുവരെ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാനാണ് അധ്കൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

No comments: