Wednesday, January 18, 2012

കല്ലോളം പരുക്കനായ ജീവിതത്തില്‍നിന്നൊരു കഥ


19 Jan 2012
(മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത ജീവിതത്തിനു പകിട്ടില്ലാത്തവര്‍ക്കും യുവജനോത്സവം ഇടം നല്‍കുമെന്ന് സൂചിപ്പിക്കുന്നു.)
തൃശ്ശൂര്‍:''എന്നെ സംബന്ധിച്ചിടത്തോളം സമൂഹം ഒരു പാഠപുസ്തകവും അനുഭവങ്ങള്‍ ഗുരുക്കന്മാരുമാണ്. എന്റെ ജീവിതത്തിന്റെ വഴികാട്ടി എന്റെ അനുഭവങ്ങള്‍ തന്നെയാണ്. അതില്‍നിന്ന് ഉന്നതങ്ങളിലേക്ക് പറക്കുമ്പോള്‍ കടന്നുവന്നവഴികള്‍, അവയോടുള്ള സ്‌നേഹം...

(സ്വന്തം ജീവിതം കഥയാക്കിയാല്‍ എന്ന ചോദ്യത്തിന് മറുപടിയായി കെ. ദിവ്യ എഴുതിയ 'ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍'... എന്ന കഥയുടെ ആദ്യത്തെ വരികള്‍...)
അഞ്ചുരൂപയുടെ അകലമേയുള്ളൂ ദിവ്യയുടെ വീട്ടില്‍നിന്ന് കര്‍ണാടകയിലേക്ക്. കാടിനപ്പുറം കന്നഡ. കാതങ്ങള്‍ താണ്ടി അമ്മയ്ക്കും കാലുവയ്യാത്ത അധ്യാപികയ്ക്കുമൊപ്പം തൃശ്ശൂരിലേക്ക് വരുമ്പോള്‍ അവളുടെ മനസ്സ് കടലാസുപോലെ ശൂന്യമായിരുന്നു. പക്ഷേ, അനുഭവങ്ങളുടെ മഷിപ്പാത്രമായിരുന്നു മനസ്സ്. അത് പകര്‍ത്തിയപ്പോള്‍ ദിവ്യയ്ക്ക് കിട്ടിയത് കഥയെഴുത്തിലെ മൂന്നാം സ്ഥാനം. ഒന്നിനേക്കാള്‍ മധുരിക്കുകയാണ് കന്നഡക്കാരിയായ പെണ്‍കുട്ടിയുടെ മലയാളം.
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥാരചനയിലെ മൂന്നാം സ്ഥാനക്കാരിയുടെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ക്ക് പൊള്ളുക. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ മുള്ളേരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയാണിവള്‍. കന്നഡയാണ് മാതൃഭാഷ. പക്ഷേ, അവള്‍ക്ക് മലയാളമാണ് അമ്മ. വീട് അക്ഷരത്തെറ്റുള്ള കഥപോലെ. അച്ഛന്‍ ഗണേഷിന് ക്വാറിയില്‍ പണി. വീടിനോട് ചേര്‍ന്ന് പീടിക നടത്തുന്ന അമ്മ ജയന്തിയുടെ അനുഭവങ്ങള്‍ സ്വന്തം ചേലപോലെ നിറം മങ്ങിയത്. ചേട്ടന്‍ അസുഖബാധിതന്‍. അനിയന് സന്തോഷമെന്നത് കിട്ടാത്ത കളിപ്പാട്ടം. സ്‌കൂളിലേക്ക് പത്തുകിലോമീറ്റര്‍ നടന്ന് പിന്നെ രണ്ട് ബസ്സില്‍ കയറി യാത്ര. സ്വന്തം വീടില്ലാത്ത ദിവ്യയും കുടുംബവും ബന്ധുവീട്ടിലാണ് താമസം.
ഇതില്‍നിന്നാണ് നിറംപോയ മൂക്കുത്തിയിട്ടുകൊണ്ട് ദിവ്യ അമ്പത്തിയൊന്നക്ഷരങ്ങളെ സ്‌നേഹിച്ചത്. 'ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാര് പറഞ്ഞു കഥയ്ക്ക് കൂടാന്‍. ഞാന്‍ കൂടി, സമ്മാനവും കിട്ടി'. കഥയെഴുതിത്തുടങ്ങിയതിനെക്കുറിച്ച് ദിവ്യ. കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു തൃശ്ശൂരിലെ വിഷയം. എങ്ങോ പോയ്മറഞ്ഞ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ കാഴ്ചപ്പാടിലായിരുന്നു ദിവ്യയുടെ കഥ. 'പ്രഭാതത്തില്‍ പ്രധാന വാര്‍ത്തയുമായി പറന്നുവന്ന കാറ്റിന് പുട്ടിന്റെയും കടലയുടെയും ഗന്ധമായിരുന്നു...' എന്ന വാചകത്തില്‍ ആരംഭിച്ച കഥയുടെ പേര്: 'ചിലര്‍ ആഗ്രഹിക്കുന്നതും ചിലര്‍ ആഗ്രഹിക്കാത്തതും'.ആരും കൂട്ടുവരാനില്ലാതിരുന്നതിനാല്‍ തൃശ്ശൂരില്‍ പോകാമെന്ന മോഹം ഉപേക്ഷിച്ചതാണ് ഈ കഥാകാരി. ഒടുവില്‍ കാലിന് സുഖമില്ലാത്ത അധ്യാപിക ഭാരതികൃഷ്ണന്‍ ഒപ്പം വന്നു. ബുധനാഴ്ച പ്രധാനവേദിയില്‍ പൂരത്തിനു നടുവിലെന്നപോലെ അമ്മയ്ക്കും അധ്യാപികയ്ക്കുമൊപ്പം നില്‍ക്കുമ്പോള്‍ സന്ധ്യയേക്കാള്‍ പ്രകാശിച്ചത് ദിവ്യയുടെ മൂക്കുത്തിയായിരുന്നു

No comments: