Wednesday, July 2, 2014

നൂറുമേനി വിജയത്തിനായി സ്കൂളില്‍നിന്ന് ടിസി -പഠനം മുടങ്ങും


: 02-Jul-2014 12:49 AM
മൂവാറ്റുപുഴ: നൂറുമേനി വിജയത്തിനായി സ്കൂളില്‍നിന്ന് ടിസി നല്‍കി വിട്ട പ്ലസ്ടു വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനാവില്ലെന്ന് റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ പി എം മായ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. ഇതുമൂലം കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് നിര്‍ബന്ധിത ടിസി നല്‍കി വിട്ട 11 പേരില്‍ 10 പേര്‍ക്കും പ്ലസ്ടുവിന് തുടര്‍ന്ന് പഠിച്ച് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാകും. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ബ്ലസന്‍ മോഹന് മാത്രമാണ് വീണ്ടും സ്കൂളില്‍ പഠിക്കാന്‍ അവസരമുണ്ടാകുക. ബ്ലസന്‍ ഒഴികെ മറ്റുള്ളവരുടെ ടിസി നല്‍കിയ ഉടന്‍തന്നെ ഇവരുടെ ഹയര്‍ സെക്കന്‍ഡറി രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. ബ്ലസന്റെ ടിസി അവസാനം നല്‍കിയതിനാല്‍ രജിസ്ട്രേഷന്‍ റദ്ദായില്ലെന്നാണ് അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വിദ്യാര്‍ഥികളും രക്ഷിതാക്കളും റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമായി ചര്‍ച്ച നടത്തിയപ്പോഴാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത് അറിയിച്ചത്. സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്ന് അറിയുന്നു. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ വിഷ്ണു ബിജു, ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍, സ്റ്റെബിന്‍ റോയി, അലക്സ് ജോസഫ്, ബയോളജി വിഭാഗത്തിലെ സജിന്‍ സാബു, ദിവ്യ ചന്ദ്രന്‍, റോബിന്‍ ഡൊമിനി, ഹ്യൂമാനിറ്റീസിലെ നിതിന്‍ മാത്യു, സിബിന്‍ കുര്യന്‍, കൊമേഴ്സിലെ രാജി രാജന്‍ എന്നിവര്‍ക്കാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നഷ്ടമാകുന്നത്. പ്ലസ്വണ്‍ പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരാണിവര്‍. പരീക്ഷാഫലം വരുന്നതിനു മുമ്പ് രക്ഷാകര്‍ത്താക്കള്‍ അറിയാതെയാണ് വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കിയത്. പരീക്ഷയില്‍ 11 വിദ്യാര്‍ഥികളും തോല്‍ക്കുമെന്നും വേറെ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് അവസരം നല്‍കാമെന്നും സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. തക്കതായ കാരണമില്ലാതെ വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിക്കെതിരെ രക്ഷാകര്‍ത്താക്കള്‍ റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും റീജണല്‍ ഡയറക്ടറെ കണ്ട് വിവരം ധരിപ്പിച്ചത്. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് ബഹുജനമാര്‍ച്ചും സമരവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും നാട്ടുകാരും അണിചേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ തിരിച്ചെടുക്കുമെന്ന് അറിയിച്ചിരുന്നു. രജിസ്ട്രേഷന്‍ റദ്ദായതിനാല്‍ പക്ഷെ തിരിച്ചെടുക്കാനാവില്ല. നിര്‍ബന്ധിത ടിസി നല്‍കി വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി വിവരം ബോധ്യപ്പെടുത്തിയത്. സ്കൂള്‍ അധികൃതരും ഹയര്‍സെക്കന്‍ഡറിവകുപ്പ് അധികൃതരും കൈയൊഴിഞ്ഞതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന ആവശ്യമുയര്‍ന്നു.

No comments: