Thursday, July 24, 2014

കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നന്നാകാം; ഇല്ലെങ്കില്‍ പൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍

mathrubhoomi 25 Jul 2014

അനീഷ് ജേക്കബ്ബ്‌

തിരുവനന്തപുരം : കുട്ടികള്‍ തീരെ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നന്നാകാന്‍ ഒരവസരം. ഇല്ലെങ്കില്‍ പൂട്ടും. അനാദായകരമായ സ്‌കൂളുകള്‍ സംബന്ധിച്ച നിര്‍ണായക തീരുമാനത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിര്‍ദേശം തയാറാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.
ഒരു ക്ലാസ്സില്‍ 15 കുട്ടികളെങ്കിലുമില്ലെങ്കില്‍ അത് അനാദായകരമാണെന്നാണ് സര്‍ക്കാര്‍ കണക്ക്. നാലാം ക്ലാസ് വരെയുള്ള ഒരു സ്‌കൂളില്‍ 60 കുട്ടികള്‍ വേണം. ഒന്നുമുതല്‍ പത്തുവരെയുള്ള സ്‌കൂളാണെങ്കില്‍ 150 കുട്ടികള്‍ ഉണ്ടാകണം. ഈ കണക്കനുസരിച്ച് സംസ്ഥാനത്ത് 3500 ല്‍പ്പരം സ്‌കൂളുകള്‍ അനാദായകരമാണ്. ഇത്രയും സ്‌കൂളുകളിലായി 14,800 അധ്യാപകരുമുണ്ട്.

60 കുട്ടികളെങ്കിലും വേണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ തത്കാലം കടുംപിടിത്തത്തിനില്ല. ഒരു സ്‌കൂളില്‍ 10 കുട്ടികളെങ്കിലും വേണ്ടേയെന്നാണ് ചോദ്യം. 190 സ്‌കൂളുകളില്‍ പത്തില്‍ താഴെയാണ് വിദ്യാര്‍ഥികളുടെ എണ്ണം. ഇവരെ പഠിപ്പിക്കാന്‍ 543 അധ്യാപകരുണ്ട്. 20 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളുടെ എണ്ണം 593 ആണ്. 30 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ 717. 40 കുട്ടികളെങ്കിലും ഇല്ലാത്ത സ്‌കൂളുകള്‍ 756 ഉം 50 കുട്ടികളില്‍ കുറവുള്ളത് 710 ഉമാണ്.

വിദ്യാഭ്യാസചട്ടപ്രകാരം സ്‌കൂള്‍ പൂട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും മുമ്പ് നോട്ടീസ് നല്‍കണം. കുട്ടികള്‍ തീരെ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസരം സര്‍ക്കാര്‍ നല്‍കും. പി.ടി. എ., തദ്ദേശസ്ഥാപനം, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവക്കൊക്കെ ശ്രമിച്ച് സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാം. കുട്ടികള്‍ കൂടാന്‍ ഒരു സാധ്യതയുമില്ലെങ്കില്‍ അവിടെയുള്ള കുട്ടികളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റിയിട്ടായിരിക്കും പൂട്ടുക. നിലവില്‍ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ അവിടെ ആ ക്ലാസ് ഉണ്ടാകും.

പലപ്പോഴും അധ്യാപകര്‍ക്ക് സ്ഥലം മാറ്റം വരാതിരിക്കാനുള്ള കവചമായിരിക്കും ഈ ഒറ്റക്കുട്ടി. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള ഒരു സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളില്‍ എല്ലാത്തിലും ഓരോ കുട്ടി വീതമേയുള്ളൂ. ഒരു കുട്ടിയെമാത്രം ഒരു ക്ലാസ്സില്‍ ഇരുത്തുന്നത് ആ വിദ്യാര്‍ഥിയുടെ സാമൂഹിക ഇടപെടലിന് നന്നല്ലെന്ന വിലയിരുത്തലുമുണ്ട്.

സാഹചര്യമിതാണെങ്കിലും സമീപത്ത് സ്‌കൂള്‍ ഇല്ലെങ്കിലോ, ഭൂപരമായി ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലോ, ആദിവാസി ഊരുപോലെ പിന്നാക്കപ്രദേശമാണെങ്കിലോ കുട്ടികളുടെ എണ്ണം നോക്കാതെ അവ നിലനിര്‍ത്തും. നിര്‍ത്തലാക്കുന്ന സ്‌കൂളുകളുടെ വിഭവവുംകൂടി മറ്റ് സ്‌കൂളുകള്‍ക്ക് വിനിയോഗിക്കാം. എന്നാല്‍ സ്‌കൂള്‍ പൂട്ടുന്നത് പലപ്രദേശത്തും വളരെ വൈകാരികമായ പ്രശ്‌നമാണ്. ഇത് മറികടക്കാനാണ് പത്തില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ മാത്രം മുന്നറിയിപ്പ് നല്‍കി പൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടക്കാലത്ത് കുട്ടികള്‍ കൂടിയാല്‍ സ്‌കൂള്‍ നിലനിര്‍ത്തുകയും ചെയ്യും

സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
 25 Jul 2014

സി.എം. ജിനോ

ആലപ്പുഴ: സര്‍ക്കാര്‍, എയ്ഡഡ് സ്‌കുളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണംകൂട്ടാന്‍ എസ്.എസ്.എ.യും വിദ്യാഭ്യാസവകുപ്പും രംഗത്ത്. 'ഫോക്കസ് 2014' എന്നു പേരിട്ടിരിക്കുന്ന പദ്ധതി 60ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
'സ്‌കൂളില്‍ കുട്ടികള്‍ എന്തുകൊണ്ട് കുറയുന്നു' എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പദ്ധതിയുടെ ആദ്യപടി. പിന്നീട് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പൊതുസമൂഹത്തെ സ്‌കൂളുമായി ബന്ധിപ്പിക്കും. രക്ഷിതാക്കള്‍, അധ്യാപകര്‍, തദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ആവിഷ്‌കരിക്കുന്നത്. സ്‌കൂളിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരവും വേദിയും നല്‍കും. ഇതിനായി പൊതുസമൂഹത്തെ ഉള്‍പ്പെടുത്തി കമ്മിറ്റി ഉണ്ടാക്കും.

സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ നിലവാരം, കുട്ടികളുടെ നിലവാരം, മറ്റ് വസ്തുതകള്‍ തുടങ്ങിയവ കമ്മിറ്റി പഠനവിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് സ്‌കൂളില്‍ പൊതുയോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. ഇതില്‍ ഉരുത്തിരിയുന്ന പ്രശ്‌നപരിഹാരങ്ങള്‍ സ്‌കൂളില്‍ അടിയന്തരമായി നടപ്പാക്കും. വിദ്യാഭ്യാസവകുപ്പും എസ്.എസ്.എ.യും ഇതിനുവേണ്ടുന്ന സഹായങ്ങള്‍ നല്‍കും.
സ്‌കൂളുകളില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിനു പിന്നില്‍
ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങളായിരിക്കാം. പ്രാദേശിക അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ച് പരക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തഗതമായി ബോധവത്കരണവും നടത്തും. ഈ വര്‍ഷം പദ്ധതി വിജയകരമായി നടത്തി അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍സ്‌കൂളിലെ തലയെണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്

പുതിയ പ്ലസ്ടു സ്‌കൂളുകള്‍: അധ്യാപകര്‍ ആശങ്കയില്‍
Posted on: 25 Jul 2014

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് പുതുതായി 226 പ്ലസ്ടു സ്‌കൂള്‍ അനുവദിച്ചതോടെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ ആശങ്കയില്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഹയര്‍ സെക്കന്‍ഡറിയിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്ന് അധ്യാപകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്ക് സംസ്ഥാനത്ത്് ആകെ 4,87,366 അപേക്ഷകരാണ് ഉള്ളത്. സീറ്റുകള്‍ 4,42,678 എണ്ണവും. ഈ കണക്കുകള്‍െവച്ചാണ് പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എസ്.എസ്.എല്‍.സി. പാസ്സാകുന്ന മുഴുവന്‍ കുട്ടികളും പ്ലസ്വണ്‍ കോഴ്‌സുകള്‍ക്കല്ല പ്രവേശം നേടുന്നതെന്നകാര്യം അധികൃതര്‍ ചിന്തിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ചവരെ 20170 മെറിറ്റ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ മാനേജ്‌മെന്റ് സീറ്റുകളും വരും. അണ്‍ എയ്ഡഡ് മേഖലയിലും ഓപ്പണ്‍ സ്‌കൂളിലും പ്രവേശം നേടുന്നവരും ഇതിനുപുറമെ വരും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക് കോഴ്‌സുകള്‍, ഐ.ടി.ഐ. മേഖലയിലെ കോഴ്‌സുകള്‍ എന്നിവയ്ക്ക് പോകുന്നവരുമുണ്ട്.

മെറിറ്റ് ക്വാട്ടയില്‍ ജില്ലതിരിച്ച് ഒഴിവുള്ള സീറ്റുകളുടെ കണക്ക് ഇതാണ്: തിരുവനന്തപുരം-1321, കൊല്ലം-1399, കോട്ടയം-1577, എറണാകുളം-1942, പത്തനംതിട്ട-1017, ആലപ്പുഴ-1295, ഇടക്കി-1093, തൃശ്ശൂര്‍-2068, പാലക്കാട്-1358, മലപ്പുറം-2440, വയനാട്-501, കാസര്‍കോട്-837, കണ്ണൂര്‍-1448. എയ്ഡഡ്, മാനേജ്‌മെന്റ് സ്‌കൂളുകളിലെയുംമറ്റും സീറ്റുകള്‍കൂടി കണക്കാക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം 60,000ലധികം വരുമെന്നാണ് അധ്യാപകസംഘടനകള്‍ പറയുന്നത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികളെ കിട്ടാതാവുന്നതിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം കാരണമാകുമെന്നും വിലയിരുത്തുന്നു. ശാസ്ത്രീയമായ പഠനം നടത്താതെയാണ് സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചതെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി പാരിപ്പള്ളി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍മേഖലയില്‍ 25,535 സീറ്റും എയ്ഡഡ് മേഖലയില്‍ 1965 സീറ്റും ഉള്‍പ്പെടെ 27,500 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതില്‍ 4125 സീറ്റില്‍ കുട്ടികളെത്തിയിട്ടില്ല. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്, അധ്യാപകരുടെ ജോലിസ്ഥിരത നഷ്ടപ്പെടുത്തും. വി.എച്ച്.എസ്.ഇ.യില്‍ തിരുവനന്തപുരം-371, കൊല്ലം-478, ആലപ്പുഴ-179, പത്തനംതിട്ട-535, കോട്ടയം-263, എറണാകുളം-273, ഇടുക്കി-143, പാലക്കാട്-370, തൃശ്ശൂര്‍-279, മലപ്പുറം-342, കോഴിക്കോട്-380, വയനാട്-125, കണ്ണൂര്‍-231, കാസര്‍കോട്-156 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ വിവരം. പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍മേഖലയെ പാേട അവഗണിച്ചതില്‍ ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം പ്രതിഷേധിച്ചു.

അധ്യയനവര്‍ഷം രണ്ടുമാസം പിന്നിടുമ്പോഴും 18 വിദ്യാഭ്യാസ ജില്ലകളില്‍ ഡി.ഇ.ഒ. മാരില്ല
: 25 Jul 2014

താമരശ്ശേരി: അധ്യയനവര്‍ഷം രണ്ട് മാസമായിട്ടും 18 വിദ്യാഭ്യാസ ജില്ലകളില്‍ ഡി.ഇ.ഒ. തസ്തികകള്‍ നികത്തിയില്ല.
സ്‌കൂളുകളില്‍ അക്കാദമിക് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്‌ േമല്‍നോട്ടം വഹിക്കേണ്ടത് ഡി.ഇ.ഒ. മാരാണ്. ഇവരുടെ ചുമതലകള്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്ക് അധികഭാരമാവുകയാണ്.
സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതിനെ വിദ്യാഭ്യാസജില്ലാ തലത്തില്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ വിദ്യാഭ്യാസജില്ലാ തലത്തില്‍ വിവിധ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നതും ഇപ്പോഴാണ്. ഇതിനെല്ലാം ഡി.ഇ.ഒ.യാണ് മേല്‍നോട്ടം വഹിക്കേണ്ടത്. അക്കാദമികവും ഭരണപരവുമായ കാര്യങ്ങള്‍ ഈ വിദ്യാഭ്യാസ ജില്ലകളില്‍ നിര്‍വഹിക്കാനാളില്ലാത്ത സ്ഥിതിയാണ്.
സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യശേഷി കാര്യക്ഷമമായി വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഡി.ഇ.ഒ.യും ഒരുമാസത്തില്‍ പത്ത് സ്‌കൂളെങ്കിലും സന്ദര്‍ശിച്ച് അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തണം. ഡി.ഇ.ഒ. മാരില്ലാത്ത വിദ്യാഭ്യാസ ജില്ലകളില്‍ ഇത് ഡയറ്റിലെ അധ്യാപകര്‍ ചെയ്യാനാണ് നിര്‍ദേശം.
വിവിധ മേളകള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോഴാണ് നടക്കുക. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് നിര്‍ദേശം വന്നുകഴിഞ്ഞു. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനവും വരുന്നുണ്ട്. ഇത് അധ്യാപകരെ ഏകോപിപ്പിച്ച് നടത്തുന്നതിന് നേതൃത്വം നല്‍കാന്‍ ഡി.ഇ.ഒ.മാരില്ലാത്തത് പ്രയാസമാകും.
മാര്‍ച്ച് 31-ന് വിരമിച്ച ഡി.ഇ.ഒ.മാരുടെ തസ്തികകളാണ് ഇനിയും നികത്താതെ കിടക്കുന്നത്. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാനാണ് വകുപ്പുതല നീക്കം നടക്കുന്നത്. ഇതിന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊമോഷന്‍ കമ്മിറ്റിചേര്‍ന്നാണ് തിരുമാനമെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട് കമ്മിറ്റി ചേരാന്‍ വൈകിയതാണ് തസ്തിക നികത്തല്‍ നീണ്ടുപോകാന്‍ കാരണമായത്.
കമ്മിറ്റിയുടെ യോഗം അടുത്തിടെ ചേര്‍ന്നെന്നും ഡി.ഇ.ഒ. നിയമനത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഡി.പി.ഐ. ഓഫീസില്‍നിന്ന് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഡി.ഇ.ഒ. തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 

ദേശീയ അവാര്‍ഡിന് നിര്‍ദേശം നല്‍കിയില്ല; അധ്യാപകരുടെ അവസരം നഷ്ടമാകും
: 25 Jul 2014

തിരുവനന്തപുരം : അധ്യാപകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡിന് സംസ്ഥാനത്തുനിന്നുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതില്‍ ഈ വര്‍ഷവും വീഴ്ച. അധ്യാപകര്‍ക്കുള്ള ഐ.സി.ടി അവാര്‍ഡിന് ജൂലായ് 31നകം സംസ്ഥാനത്തുനിന്നുള്ള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ഇതിനുള്ള നടപടി എങ്ങുമെത്തിയില്ല.

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ വികസിപ്പിച്ചെടുത്ത മികവിനാണ് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. കേരളത്തിന്റെ ക്വാട്ടയില്‍ ഈ വര്‍ഷം മൂന്ന് അധ്യാപകര്‍ക്ക് അവാര്‍ഡ് ലഭിക്കും. പരിഗണനാര്‍ഹമായി സംസ്ഥാനത്ത് പല മാതൃകകളും നിലവിലുണ്ട്. താഴെത്തട്ടില്‍ നിന്നുവരുന്ന നിര്‍ശേങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയടങ്ങുന്ന സമിതിയാണ് പരിശോധിച്ച് നാമനിര്‍ദേശം തയ്യാറാക്കേണ്ടത്.

ഈ നിര്‍ദേശം എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് നേരില്‍ വിളിച്ച് അഭിമുഖവും നടത്തണം.
മുന്‍വര്‍ഷം ദേശീയ ഹയര്‍സെക്കന്‍ഡറി അവാര്‍ഡിന് സംസ്ഥാനത്തുനിന്നുള്ള നിര്‍ദേശം നല്‍കിയിരുന്നില്ല. ഇത് വിവാദമായപ്പോള്‍ അവസാനനിമിഷം രാത്രിയില്‍ ശുപാര്‍ശ എത്തിച്ചു. ഇതുമൂലം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന വിരുന്നിലും മറ്റും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെ അന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

അധ്യാപക നിയമനവും സ്ഥലംമാറ്റവും വൈകുന്നു
സ്വന്തം ലേഖകന്‍
desabhimani 23-Jul-2014 

പിറവം: സ്കൂള്‍തുറന്ന് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴും അധ്യാപകര്‍ക്കായുള്ള കുട്ടികളുടെ കാത്തിരിപ്പ് തുടരുന്നു. രണ്ടുദിവസം മുമ്പിറങ്ങിയ സര്‍ക്കുലര്‍പ്രകാരം ആഗസ്തിലും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നാണ് സൂചന. ജൂണിലെ ആറാം പ്രവൃത്തിദിനംമുതല്‍ തുടങ്ങിയ കുട്ടികളുടെ കണക്കെടുപ്പും തുടര്‍ന്നുള്ള അധ്യാപക തസ്തിക നിര്‍ണയവും അനന്തമായി നീളുന്നതാണ് വിരമിച്ച ഒഴിവുകള്‍പോലും നികത്താന്‍ തടസ്സമാകുന്നത്.

മുന്‍കാലങ്ങളില്‍ തസ്തിക നിര്‍ണയത്തിനു മുമ്പേ നടത്തിയ ജില്ലാ സ്ഥലംമാറ്റങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തസ്തികനിര്‍ണയം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലംമാറ്റംപോലും പരിഗണിക്കൂവെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്ന് അറിയിച്ചത്. തസ്തിക നിര്‍ണയം സംബന്ധിച്ച് 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അധ്യാപകരെ നിയമിക്കുന്നതു സംബന്ധിച്ച് നിശ്ചിത തീയതിയോ സമയക്രമമോ സൂചിപ്പിക്കുന്നില്ല. ഇതുമൂലം ഓണത്തിനുമുമ്പ് അധ്യാപകരെ സ്കൂളില്‍ കിട്ടാനിടയില്ല.

സര്‍ക്കുലര്‍പ്രകാരം ജില്ലയിലെയോ ഉപജില്ലയിലെയോ സര്‍ക്കാര്‍ സ്കൂളുകളില്‍ 1:45 ആനുപാതത്തില്‍ തസ്തികനിര്‍ണയം നടത്തുമ്പോള്‍ അധികംവരുന്ന അധ്യാപകരെ അതേ സ്കൂളില്‍ എല്‍പിയില്‍ 1:30 അനുപാതത്തിലും യുപിയില്‍ 1:35 അനുപാതത്തിലും നിയമിക്കാം. എന്നിട്ടും അധികമാണെങ്കില്‍ 150 കുട്ടികളില്‍ കൂടുതലുള്ള സ്കൂളില്‍ പ്രധാനാധ്യാപകനെ ക്ലാസ്ചുമതലയില്‍നിന്ന് ഒഴിവാക്കിയും പുറത്തുപോകുന്നവരെ അതേ സ്കൂളില്‍ നിലനിര്‍ത്താം. അതിനും സാഹചര്യമില്ലെങ്കില്‍ സബ്ജില്ലയിലോ ജില്ലയിലോ മറ്റ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതേ രീതിയില്‍ അധ്യാപകരെ നിയമിക്കാം. ഇതിനായി പുറത്തുപോകുന്ന അധ്യാപകരുടെ പട്ടികയും ഏതു സ്കൂളില്‍ നിയമിക്കാമെന്നും കാണിച്ച് ഉപജില്ലാ ഓഫീസര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണമെന്നും പറയുന്നു.

ജൂലൈ ആദ്യമിറങ്ങിയ ഉത്തരവും 10ന് ഇറങ്ങിയ സര്‍ക്കുലറുംപ്രകാരം 15നുമുമ്പ് തസ്തികനിര്‍ണയം നടത്തണമെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, 21ന് ഇറങ്ങിയ പുതിയ ഉത്തരവില്‍ തസ്തികനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നോ നിശ്ചിതതീയതിയോ നല്‍കിയിട്ടില്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ നീളാനാണ് സാധ്യത. ഇത്തരത്തില്‍ അധ്യാപക തസ്തികനിര്‍ണയം നടത്തി പുനര്‍ വിന്യസിക്കുമ്പോള്‍ പിഎസ്സിവഴിയുള്ള പുതിയ നിയമനങ്ങളും മരവിക്കും.

അധ്യാപകരുടെ എണ്ണക്കൂടുതല്‍ മാത്രം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പഠിപ്പിക്കാനാളില്ലാത്ത ക്ലാസ്മുറികളിലെ കുട്ടികളുടെ കാര്യം അധികൃതരും പൊതുസമൂഹവും വിസ്മരിക്കുകയാണ്. മുന്‍കാലങ്ങളില്‍ സാങ്കേതിക തടസ്സവും കോടതി ഉത്തരവുകളും സ്ഥലംമാറ്റത്തെയും നിയമനങ്ങളെയും ബാധിച്ചപ്പോള്‍ ജൂണില്‍ത്തന്നെ താല്‍ക്കാലിക അധ്യാപക നിയമനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രണ്ടുമാസം പിന്നിടുമ്പോഴും മെല്ലേപ്പോക്ക് തുടരാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. പാഠപുസ്തക വിതരണത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്.

അധ്യാപക നിയമനവും സ്ഥലംമാറ്റവും വൈകുന്നു
സ്വന്തം ലേഖകന്‍
Posted on: 23-Jul-2014 11:16 PM

- See more at: http://www.deshabhimani.com/newscontent.php?id=485410#sthash.PU3ngKUe.dpuf

No comments: