Friday, July 18, 2014

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്ക് നോട്ടീസ്


പത്തനംതിട്ട: ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വ പരിശോധന നടത്തി.
കഴിഞ്ഞദിവസം ജില്ലയില്‍ 107 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 

  • 323 സര്‍ക്കാര്‍ സ്കൂളുകളിലും 
  • 391 സ്വകാര്യ സ്കൂളുകളിലും 
  • 30 ഹോസ്റ്റലുകളിലും പരിശോധന നടന്നു. 
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 184 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. ഉച്ചഭക്ഷണ പരിപാടിക്കുള്ള സ്കൂളുകളിലെ പാചകപ്പുരകളുടെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്‍െറയും ഗുണമേന്മ, ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വം, പാചകക്കാരുടെ ആരോഗ്യം, ശുചിത്വം, യൂറിനല്‍, ടോയ്ലറ്റ് എന്നിവയുടെ ശുചിത്വം, കൊതുകുജന്യരോഗ സാഹചര്യം എന്നിവയും പുകയില നിരോധിത മേഖല, പുകയില ഉല്‍പന്നങ്ങള്‍ 100 വാര/400 മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കാന്‍ പാടില്ല എന്നീ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
പരിശോധനയില്‍ 

  • ഉച്ചഭക്ഷണപരിപാടി നടപ്പാക്കുന്ന 262 സ്കൂളുകളില്‍ കുടിവെള്ളത്തിന്‍െറ ഗുണമേന്മ പരിശോധന നടത്തിയിട്ടില്ലെന്നും 
  • എട്ട് സ്കൂളുകളുടെ പാചകപ്പുരകള്‍ ശുചിത്വമില്ലാത്തവയാണെന്നും കണ്ടെത്തി. 
  • പരിസരശുചിത്വം പാലിക്കാത്ത 69 സ്കൂളുകളും 
  • യൂറിനല്‍, ടോയ്ലറ്റ് എന്നിവയുടെ ശുചിത്വം പാലിക്കാത്ത 134 സ്കൂളുകളും കണ്ടെത്തിയിട്ടുണ്ട്. 
  • കൂടാതെ കൊതുകുജന്യ രോഗസാഹചര്യമുള്ള 65 സ്കൂളുകളും 
  • പുകവലി നിരോധിത മേഖല എന്ന ബോര്‍ഡ് ഇല്ലാത്ത 122 സ്കൂളുകളും 
  • പുകയില ഉല്‍പന്നങ്ങള്‍ 100 വാര-400 മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കാന്‍ പാടില്ല എന്ന ബോര്‍ഡില്ലാത്ത 223 സ്കൂളുകളും ജില്ലയിലുണ്ടെന്ന് കണ്ടെത്തി. 
  • ജില്ലയിലെ മൂന്ന് ഹോസ്റ്റലുകള്‍ അടിസ്ഥാനസൗകര്യം, പരിസരശുചിത്വം എന്നിവ ഇല്ലാത്തവയാണെന്നും തെളിഞ്ഞു. 
 ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.

No comments: