Wednesday, July 16, 2014

സ്വപ്‌നങ്ങള്‍ക്കൊപ്പം അച്ഛന്‍ കൂടെ നടന്നു; അമലിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല


16 Jul 2014


തിരുവനന്തപുരം:
ജനിച്ചനാള്‍ മുതല്‍ തന്റെ ചൂണ്ടുവിരല്‍ത്തുമ്പില്‍ മകന്റെ കൈപിടിച്ച് വിജയേന്ദ്രദാസ് നടത്തിയ പോരാട്ടങ്ങള്‍ക്ക് വിജയത്തിളക്കം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മകന്റെ കൂടെ നടന്ന് അദ്ദേഹം അവന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി.

ജന്മനാ ശരീരത്തെ തളര്‍ത്തിയ സെറിബ്രല്‍പാള്‍സിയെന്ന രോഗത്തില്‍ നിന്ന് ഈ അച്ഛന്‍ മകനെ കൈപിടിച്ച് ഉയര്‍ത്തിയത് പുതിയൊരു ജീവിതത്തിലേക്കാണ്. ഒപ്പം അമ്മയുടെ സ്‌നേഹപരിചരണം കൂടിയായപ്പോള്‍ അമിത് വി. ഭാസ് ജീവിതത്തോട് പോരാടി ഉന്നത വിജയങ്ങള്‍ നേടി.

ഒടുവില്‍ കേരള സര്‍വകലാശാലയുടെ ബി.കോം. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ രണ്ട് പേരില്‍ ഒരാളായി. മാത്രവുമല്ല ഐ.സി.എയുടെ സി.എ. പഠിക്കാനുള്ള യോഗ്യതയും ഈ മിടുക്കന്‍ നേടിയെടുത്തു.

ശ്രീകാര്യം, കല്ലമ്പള്ളി, ടി.സി. 9/43-1, ശാര്‍ങി വില്ലയില്‍ യമനിലെ ഹദ്രാമോദ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. വി.എസ്. വിജയേന്ദ്ര ഭാസിന്റെയും കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വര്‍ണവിയുടെയും മകന്‍ അമിത് വി. ഭാസാണ് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ബി.കോം. ( സി.ബി.സി.എസ്.എസ്.) പരീക്ഷ വിജയിച്ചത്. കൈകൊണ്ട് എഴുതാന്‍ കഴിയാത്തതിനാല്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് അമിത് പരീക്ഷ എഴുതിയത്.

അമിത്തിനെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിജയേന്ദ്രന്റെ കൈയില്‍ ഡോക്ടര്‍ എടുത്തു നല്‍കിയത് ചലനശേഷി ഒട്ടുമില്ലാത്ത കുഞ്ഞിനെയായിരുന്നു. പക്ഷേ തളരാത്തമനസ്സുമായി അമിത്തിന്റെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും വിജയേന്ദ്രഭാസ് തന്റെ സമയം ചെലവിട്ടു. അമിത്തിന് ചലനശേഷി വീണ്ടെടുക്കുന്നതിനായി പലവഴികളും തേടി. ഒടുവില്‍ ചെറിയതോതിലുള്ള കൃഷി ചെയ്യാന്‍ മകനെ ഒപ്പം കൂട്ടി. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെന്ന ആശയവും അങ്ങിനെ രൂപപ്പെട്ടു.

മകന്റെ ജീവിതം വിധിക്ക് വിട്ട് കൊടുക്കാതെ ഈ അച്ഛന്‍ ഒരു കൈത്താങ്ങായി മകനൊപ്പം കൂടി. ചലനശേഷി കിട്ടുന്നതിനായി അമിത്തിനെക്കൊണ്ട് വിജയേന്ദ്രഭാസ് ഇരുനൂറിലേറെ ഫിസിയോതെറാപ്പി വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്.

ഭിന്നശേഷിയുള്ള കുട്ടിയായതിനാല്‍ പല വിദ്യാലയ അധികൃതരും മുഖം തിരിച്ചു. സ്‌പെഷ്യല്‍ സ്‌കൂളില്‍ വിടാന്‍ വിജയേന്ദ്രഭാസും തയാറായില്ല.സംസാരിക്കാനും എഴുതാനുമുള്ള ശേഷി കുറവായതിനാല്‍ കുട്ടിയായിരിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് എഴുതിയിരുന്നത്.

ശ്രീകാര്യം ഹോളിട്രിനിറ്റി സ്‌കൂളില്‍ നിന്ന് 85 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.വിജയിച്ചു. എഴുതാനുള്ള കഴിവില്ലാത്തതിനാല്‍ വിജയേന്ദ്രന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി സര്‍ക്കാര്‍ അമിത്തിന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വിഷങ്ങള്‍ക്കും അമിത് എ പ്ലസ് നേടി. ബി. കോമിന് മാര്‍ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്.

നടക്കാന്‍ പ്രയാസപ്പെടുന്ന അമിത്തിന് പക്ഷേ ചെറുപ്പത്തിലേയുള്ള പരിശ്രമത്തിന്റെ ഫലമായി സൈക്കിളില്‍ യാത്രചെയ്യാന്‍ കഴിയും. വിദേശ സര്‍വകലാശാലകളിലെ ജേര്‍ണലുകളില്‍ അമിത്തിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെക്കുറിച്ച് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിജയേന്ദ്രന്റെ ഇടപെടലുകളാണ് അമിത്തിന് പഠനത്തിനുള്ള ഓരോ അവസരങ്ങളും തുറന്ന് കിട്ടിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിവിധ പരീക്ഷകള്‍ എഴുതാന്‍ അമിത്തിന് അവസരം ലഭിച്ചത് വിജയേന്ദ്രന്‍ പരാതിയുമായി സര്‍ക്കാറിന് മുന്നില്‍ കയറിഇറങ്ങിയത് കൊണ്ട് മാത്രമാണ്. സി.എ പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതാനുള്ള വിധി നേടിയെടുത്തതും ഇത്തരത്തിലാണ്. ഇത്തരത്തിലൊരു വിധി ഇന്ത്യയില്‍ തന്നെ ആദ്യമായാണ്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലിക്കുന്ന അമിത്തിന് ഇതും കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതാന്‍ ദേശീയ ഡിസെബിലിറ്റി കമ്മീഷന് പരാതി നല്‍കി കാത്തിരിക്കുകയാണ് വിജയേന്ദ്ര ഭാസ്. രണ്ടാഴ്ച മുന്‍പ് എസ്.ബി.ഐയുടെ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ അമിത് എഴുതിയതും കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്.

വിജയേന്ദ്ര ഭാസ് മകന്‍ അമിത്തിനായി നേടിയെടുക്കുന്ന ഓരോ ഉത്തരവുകളും വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് ഗുണകരമാവും. വിഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കാണ് പരിശീലനം നല്‍കേണ്ടതെന്ന് വിജയേന്ദ്ര ഭാസ് പറയുന്നു. എന്നാലെ ഈ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനാവൂ. അമിത്തിന്റെ സഹോദരന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അമല്‍ വി.ഭാസാണ്. ദ്രാവിഡ ഭാഷാ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ വിജയേന്ദ്ര ഭാസ് അവധിയെടുത്താണ് യെമനില്‍ ജോലി നോക്കുന്നത്.

No comments: