Tuesday, July 8, 2014

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടണം- മനുഷ്യാവകാശ കമ്മീഷന്‍


09 Jul 2014

കണ്ണൂര്‍: സര്‍ക്കാര്‍ അംഗീകാരമോ അടിസ്ഥാനസൗകര്യമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.

കണ്ണൂര്‍, മുഴക്കുന്ന് ശ്രീനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ യു.കെ.ജി. വിദ്യാര്‍ഥിയായിരുന്ന കെ.പി.അദ്വിക് സ്‌കൂളിന് കുറച്ചകലെയുള്ള രവിമംഗലം കോതക്കുളത്തില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ആര്‍.വി.നിഷാന്ത് ഫയല്‍ചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21-നായിരുന്നു സംഭവം. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് സ്‌കൂള്‍സമയത്ത് കുട്ടി 300 മീറ്റര്‍ അകലെയുള്ള ക്ഷേത്രക്കുളത്തിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ കണ്ണൂര്‍ ഉപ വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശ്രീനികേതന്‍ സ്‌കൂളിന് അംഗീകാരമില്ലെന്നും സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണമാണ് കുട്ടി മരിക്കാനിടയായതെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. സംഭവത്തിനുശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിശദീകരണത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും കെ.ഇ.ഗംഗാധരന്‍ ഉത്തരവില്‍ പറഞ്ഞു.
 ഒരു ഓട്ടോയില്‍ പതിനഞ്ചു കുട്ടികളെ കുത്തിനിറച്ചു. ഒരു മരണം


No comments: