Wednesday, May 30, 2012

സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യും


1 May 2012

തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം വരുന്ന അധ്യാപക ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുക. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും വന്ന ഒഴിവുകളുടെ എണ്ണം സര്‍ക്കാര്‍ ശേഖരിച്ചു.

ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്താന്‍ എയ്ഡഡ് മാനേജ്‌മെന്‍റുകള്‍ക്കാവില്ല. നിയമിതരാകുന്നവര്‍ കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്‍ കൂടി ചേര്‍ത്ത് വിജ്ഞാപനം ചെയ്താല്‍ മതിയെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എയ്ഡഡ് സ്‌കൂളിലെ വിരമിക്കല്‍ ഒഴിവില്‍ മാനേജര്‍ക്ക് നിയമനം നല്‍കാം. അധ്യാപക, വിദ്യാര്‍ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്‍ വരുന്ന ഒഴിവാണെങ്കില്‍ ആദ്യത്തേത് സര്‍ക്കാരിന് വിട്ടുനല്‍കണം. തുടര്‍ന്നുള്ള ഒഴിവുകളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാനേജ്‌മെന്‍റിന് നിയമനം നടത്താം. പുതിയ അധ്യയന വര്‍ഷം മുതല്‍ വരുന്ന ഒഴിവില്‍ അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്‍ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടത്തും.

വിദ്യാര്‍ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്‍ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം മുതല്‍ തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു.ഐ.ഡി സംവിധാനം.

വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്‍ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്‍ ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്‍ വേണമെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്‍ അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്‍ വരെ ഒരു ക്ലാസില്‍ തുടരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഫലത്തില്‍ അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്‍ അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്‍ സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്‍ ഇക്കുറി അധ്യാപകര്‍ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്‍വര്‍ഷങ്ങളില്‍ കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ മത്സരിച്ചിരുന്നെങ്കില്‍ ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്‍ക്ക് ഒഴിവാക്കാനായി


പ്രവേശനോത്സവം ഫ്ലക്‌സില്‍ മുക്കാന്‍ ചെലവിടുന്നത് 15 ലക്ഷം

  31 May 2
കാസര്‍കോട്: പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച്‌ലക്ഷത്തോളം രൂപ.

വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്. 1,18,986 ചതുരശ്രയടി ഫ്ലക്‌സ് ഷീറ്റാണ് മണിക്കൂറുകള്‍ മാത്രംനീളുന്ന പ്രവേശനോത്സവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുമിയാന്‍പോകുന്നത്.

ഏകീകൃത സ്വാഗതഗാനത്തോടെയാണ് ഇക്കുറി പ്രവേശനോത്സവം തുടങ്ങുക. അതിനായുള്ള സി.ഡി.യും സ്‌കൂളുകളില്‍ എത്തിക്കുന്നുണ്ട്. ചിലര്‍സി.ഡി. ചെലവിലേക്കായി 250 രൂപയില്‍നിന്ന് പത്ത് രൂപ പിടിക്കുന്നുമുണ്ട്.

പരിസ്ഥിതിസ്നേഹത്തെയും മാലിന്യപ്രശ്‌നത്തെയും പറ്റി വിദ്യാര്‍ഥികളില്‍ ബോധവത്കരണമുണ്ടാക്കാന്‍ കൊണ്ടുപിടിച്ചശ്രമം നടക്കുമ്പോഴാണ് അധികൃതരുടെ ഈ ഫ്ലക്‌സ് പ്രേമം. ഫ്ലക്‌സിന് പകരം തുണിയില്‍ ബാനര്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Saturday, May 26, 2012

അധ്യയന ദിവസങ്ങള്‍ 200; ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യയന ദിവസം 220 ആക്കണം. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 200 ആക്കിയത്. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.


കേന്ദ്രനിയമപ്രകാരം എല്‍.പി. സ്‌കൂളുകള്‍ 200 ദിവസം അല്ലെങ്കില്‍ 800 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. യു.പി.യില്‍ 220 ദിവസം അല്ലെങ്കില്‍ ആയിരം മണിക്കൂര്‍ ക്ലാസ് നടക്കണം. ഇതില്‍ ആയിരം മണിക്കൂര്‍ എന്ന മാനദണ്ഡം പൊതുവായി സ്വീകരിച്ചാണ് ഇപ്പോള്‍ 200 ദിവസമായി തീരുമാനിച്ചിരിക്കുന്നത്. 200 ദിവസം ക്ലാസ് നടത്തിയാല്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

Thursday, May 24, 2012

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; പുത്തനുടുപ്പില്ലാതെ കുട്ടികള്‍

: 24-May-2012 
കൊച്ചി: സംസ്ഥാനത്തെ ഒമ്പതര ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കടലാസില്‍ത്തന്നെ. സര്‍ക്കാരിനെ വിശ്വസിച്ച് യൂണിഫോം വാങ്ങാന്‍ ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയാക്കിയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ കുരുക്കിലായി. പതിവായി യൂണിഫോം സൗജന്യമായി വിതരണം ചെയ്തിരുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ നല്‍കുമെന്നുകരുതി പിന്മാറിയതിനാല്‍ പുത്തനുടുപ്പില്ലാതെയാകും ഇക്കുറി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 4,88,815 വിദ്യാര്‍ഥികള്‍ക്ക് രണ്ടു സെറ്റ് യൂണിഫോം സൗജന്യമായി നല്‍കുമെന്നായിരുന്നു മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. പിന്നീട് എയ്ഡഡ് സ്കൂളിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. യൂണിഫോം വാങ്ങാനാവശ്യമായ പണം മെയ് 15നുള്ളില്‍ അതത് സ്കൂളുകള്‍ക്ക് നല്‍കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്ക് 400 രൂപ നിരക്കില്‍ യൂണിഫോം വാങ്ങാനുള്ള 37.37 കോടി രൂപ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍നിന്നു നല്‍കാനായിരുന്നു പദ്ധതി. ഓരോ സ്കൂളിനോടും അവിടുത്തെ ആവശ്യമനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് പര്‍ച്ചേസിന് കരാറുണ്ടാക്കാനും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ആയിരക്കണക്കിന് രൂപ സ്വന്തം ഫണ്ടില്‍നിന്നുചെലവാക്കി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കരാറും ഉറപ്പിച്ചു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. എസ്എസ്എയില്‍ ആവശ്യത്തിന് പണമുണ്ടെന്ന വിവരമാണ് കമ്മിറ്റികളുടെ അന്വേഷണത്തില്‍ ലഭിച്ചത്. പദ്ധതിയില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ ശേഷം അധികമായി കണ്ടെത്തേണ്ട തുക സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. എയ്ഡഡ് മേഖലയില്‍ ഈ ആവശ്യത്തിന് എസ്എസ്എയുടെ പണം ചെലവഴിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തണം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അധ്യാപക, രക്ഷാകര്‍തൃ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍തീരുമാനം ഇനിയും വൈകിയാല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ പണം കണ്ടെത്തി യൂണിഫോം വാങ്ങി നല്‍കേണ്ടിവരും.

Tuesday, May 22, 2012

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നുPosted on: 23 May 2012

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.


പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.


നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.


ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.

mathrubhoomi 

Monday, May 14, 2012

മറ്റൊരു പാഠപുസ്തക വിവാദം കൂടി


  14 May 2012
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലെ ഗണിതവും രസതന്ത്രവും ഭൗതികവും അതുപോലുള്ള 'ശുദ്ധ' ശാസ്ത്രവിഷയങ്ങളും കൂടി വിവാദങ്ങള്‍ക്ക് ആസ്പദമായേക്കാം. ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആരും അങ്ങനെ ചിന്തിച്ചുപോകും.ചരിത്രപുസ്തകങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ, പാഠപുസ്തകങ്ങളും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുക ഇപ്പോള്‍ അത്രകണ്ട് പതിവായിരിക്കുന്നു. സാമൂഹ്യശാസ്ത്രവും ചരിത്രവും സംബന്ധിച്ച പുസ്തകങ്ങള്‍ക്കാണ് പൊതുവേ ഈ ദുര്‍വിധി.

ഈ വിഷയങ്ങളെ വ്യത്യസ്തരീതിയില്‍ നോക്കിക്കാണാമെന്നതു കൊണ്ട് അവ സംബന്ധിച്ച് വിയോജിപ്പുകള്‍ക്ക് പഴുതുണ്ടാവും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇവയെ പ്രയോജനപ്പെടുത്താന്‍ ധാരാളം സാധ്യതകളുമുണ്ട്. എന്നാല്‍ പല തട്ടിലുമുള്ള നീരീക്ഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, രചയിതാക്കളുടെ വ്യക്തിനിഷ്ഠമായനിലപാടുകള്‍ പരമാവധി ചോര്‍ത്തിക്കളഞ്ഞ്, തയ്യാറാക്കപ്പെടുന്ന പുസ്തകങ്ങളില്‍പ്പോലും ഏതെങ്കിലും ഒരു വിഭാഗത്തിന് അനിഷ്ടകരമായ എന്തെങ്കിലും ചിലത് സങ്കല്പിച്ച് ഉണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.

ഇത് ഉന്നയിക്കുക ഒരു രാഷ്ട്രീയ ആവശ്യമാവുന്നതോടെ പുസ്തകവും അവയുടെ പിന്നില്‍ ഉപദേശകരായും മറ്റും പ്രവര്‍ത്തിച്ച ആളുകളും വിവാദത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെടുകയായി. 11-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ബി.ആര്‍. അംബേദ്കറുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള കോലാഹലങ്ങള്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഒടുവിലത്തേതാണ്.ഇങ്ങനെ പോയാല്‍ ഇത് അവസാനത്തേതുമാകാന്‍ ഇടയില്ല.

വിദ്യാഭ്യാസ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമുള്ള ദേശീയസമിതി (എന്‍.സി.ഇ.ആര്‍.ടി.) തയ്യാറാക്കിയ പുസ്തകമാണ് ഇപ്പോള്‍ ചിലരുടെ കോപത്തിന് ഇരയായിരിക്കുന്നത്. സി.ബി.എസ്.ഇ.പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസുകളില്‍ 2006 മുതല്‍ പഠിപ്പിച്ചു വരുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഈ പുസ്തകം എന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍ എടുത്തു ചേര്‍ത്തിട്ടുള്ള കാര്‍ട്ടൂണാകട്ടെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949-ല്‍ വരച്ചതാണ്.

അന്ന് 'ശങ്കേഴ്‌സ് വീക്ക്‌ലി'യില്‍ വന്ന ഈ കാര്‍ട്ടൂണ്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കണം. ഭരണഘടനാനിര്‍മാണം വൈകുന്നതിനോടുള്ള ഒരു കാര്‍ട്ടൂണിസ്റ്റിന്റേതായ പ്രതികരണമായി കണ്ട് ഇത് ഒരുപാടുപേര്‍ ആസ്വദിച്ചിട്ടുമുണ്ടായിരിക്കണം. അത് മറ്റു തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. അത് ഒരുകാലം!

ഭരണഘടന എന്നെഴുതിയിട്ടുള്ള ഒച്ചിന്റെ പുറത്തിരുന്ന് ചാട്ട ചുഴറ്റുന്ന അംബേദ്കറെയും പിന്നില്‍ നിന്ന് ചാട്ട വീശുന്ന നെഹ്രുവിനെയും ചിത്രീകരിച്ചിട്ടുള്ള ഈ കാര്‍ട്ടൂണ്‍ കാലം ഇത്ര കഴിഞ്ഞിട്ടും കാഴ്ചക്കാരില്‍ ചിരിയുയര്‍ത്തും. പഴയ സംഭവങ്ങളെയും ആവിഷ്‌കാരങ്ങളെയും പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുക പതിവാണ്. അങ്ങനെ ചെയ്താല്‍ പോലും അംബേദ്കറെ നിന്ദിക്കുന്നതായി എന്തെങ്കിലും ഇതില്‍ കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

കാര്‍ട്ടൂണ്‍ നീക്കാന്‍ മന്ത്രി കപില്‍സിബല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ ഉപദേശക സ്ഥാനം രാജിവെച്ച സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.അംബേദ്കറെക്കുറിച്ച് പഠിപ്പിക്കുന്ന പത്താം ക്ലാസിലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഇത്. പുസ്തകത്തില്‍ 'പാഠ'ത്തോടൊപ്പം, കുട്ടികളുടെ അന്വേഷണത്വര ഉദ്ദീപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രങ്ങളും അക്കാലത്തെ രേഖകളുടെ പകര്‍പ്പുകളും കാര്‍ട്ടൂണുകളും എടുത്തു ചേര്‍ത്തിട്ടുണ്ട്.

അവയിലൊന്നാണ് ശങ്കറുടെ കാര്‍ട്ടൂണ്‍. പതിവിന്‍പടി കാര്‍ട്ടൂണ്‍ നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും സുഹാസ് പല്‍ഷികറുടെ , പുണെ സര്‍വകലാശാലയിലെ മുറി ചില അക്രമികള്‍ കേടുപാടു വരുത്തിയതിന്റെ ലക്ഷ്യം രാഷ്ട്രീയനേട്ടമല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.
അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും. മഹാനായ ഒരിന്ത്യക്കാരനായ അംബേദ്കറെ നിന്ദിക്കുന്നതില്‍ ഇവര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും തന്നെ ഖേദമുണ്ടാവും. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നു പറയാന്‍ പറ്റില്ല.

അതിരുവിട്ടത് എന്നനിലയ്‌ക്കേ ഇപ്പോഴുണ്ടായിട്ടുള്ള പ്രതികരണങ്ങളെ കാണാന്‍ കഴിയൂ. അതേസമയം, ഗുണകരമായ നിയമനിര്‍മാണങ്ങള്‍ പലതും നടന്നിട്ടും ഭാഷാ പ്രയോഗങ്ങളിലും ചിത്രീകരണങ്ങളിലും സമീപനങ്ങളിലും ദളിതരോടുള്ള നിന്ദ ഇപ്പോഴും സമൂഹത്തില്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കിടക്കുന്നു എന്നത് വാസ്തവമാണ്.സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കേണ്ട വിഷയമാണി
mathrubhumi

Thursday, May 10, 2012

ഇടമലക്കുടിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി കേന്ദ്രം തള്ളിPosted on: 10 May 2012തൊടുപുഴ: ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള എസ്.എസ്.എ പദ്ധതി കേന്ദ്രതീരുമാനം വിഭവശേഷി മന്ത്രാലയം നിരാകരിച്ചു.

ആദിവാസി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ താമസിച്ചു പഠിക്കാന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മൂന്നുകോടി രൂപയുടെ പദ്ധതിയാണ് എസ്.എസ്.എ തയ്യാറാക്കിയിരുന്നത്. എന്നാല്‍, റസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ ആവശ്യകത ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പദ്ധതിരേഖയ്‌ക്കൊപ്പം ചേര്‍ത്തിരുന്നില്ല. വിദ്യാഭ്യാസ അവകാശചട്ടം നിലവില്‍ വന്നതിനാല്‍, സ്‌കൂള്‍ മാപ്പിങ് പഠനം ഇതിന് വേണ്ടിയിരുന്നു. പഠനം നടത്താന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കി നല്‍കുമ്പോള്‍ ഇവരുടെ പഠനം പൂര്‍ത്തിയായിരുന്നില്ല. കെട്ടിടം പണിയാന്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കാന്‍ വനംവകുപ്പ് സമ്മതിച്ചിരുന്നു.

ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്താന്‍ കേരളാ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എസ്.എസ്.എ ഇനി തയ്യാറാക്കി നല്‍കുന്ന സപ്ലിമെന്ററി പദ്ധതിയില്‍ ഇടമലക്കുടി സ്‌കൂള്‍ വികസനം കൂടി ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ വിവിധ സ്‌കൂളുകള്‍ക്കായി 62 കോടി രൂപയുടെ പദ്ധതി നല്‍കിയതില്‍ 21.32 കോടി രൂപയ്ക്കുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതു കണക്കിലെടുത്താല്‍ സപ്ലിമെന്ററി പദ്ധതി അംഗീകരിക്കാന്‍ സാധ്യതയില്ല.

പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലുള്ള സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകള്‍ മാത്രമാണുള്ളത്. കുട്ടികള്‍ക്ക് അധ്യാപകര്‍ക്കൊപ്പം താമസിച്ചു പഠിക്കാന്‍ ഹോസ്റ്റല്‍, ലൈബ്രറി സൗകര്യം, ഭക്ഷണം, ആരോഗ്യ പരിചരണം, എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പ്രഥമാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്. അധ്യാപകര്‍ കൃത്യമായി എത്താത്തതിനാല്‍ കുട്ടികളും പഠനത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.

2000ല്‍ ഡി.പി.ഇ.പി വിദ്യാഭ്യാസ പദ്ധതി തുടങ്ങിയപ്പോള്‍ ഇടമലക്കുടി സ്‌കൂളിന് കെട്ടിടം പണിയാന്‍ രണ്ട് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയോട് അനുകൂല നിലപാടല്ല കൈക്കൊണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞു.

ഇടമലക്കുടിയിലെ 28 കുടികളില്‍ 211 കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറച്ചുപേര്‍ മൂന്നാറിലെ സ്‌കൂളിലാണ് പഠനം. കുട്ടികളെ ഇടമലക്കുടിക്ക് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കളില്‍ പലര്‍ക്കും താല്‍പ്പര്യവുമില്ല. സൊസൈറ്റി കുടിയിലെ എല്‍.പി സ്‌കൂളിന്റെ പദവി ഉയര്‍ത്തിയാല്‍, വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയും.

വിദൂര സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളില്‍ എത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. ഇതു കാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. 53 കുട്ടികള്‍ ഹാജര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ദിവസവും എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

എസ്.എസ്.എയുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പിയുടെ കീഴില്‍ അഞ്ചും ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളിലുണ്ട്. ഇതില്‍ ആണ്ടവന്‍കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ കുട്ടികളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തില്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെക്കുറച്ചുപേര്‍ക്ക് മാത്രമാണ്.
maathru bhoomi