Friday, September 30, 2011

ഇവിടെ നിയമനങ്ങള്‍ക്ക് കോഴയില്ല

30-Sep-2011
അധ്യാപക നിയമനത്തിന് കോഴവാങ്ങാത്ത സ്കൂളെന്നതാണ് പാണക്കാട് സികെഎം എല്‍പി സ്കൂളിന്റെ ഖ്യാതി. 1923ല്‍ ബാപ്പ കുഞ്ഞഹമ്മദ് സ്ഥാപിച്ച സ്കൂള്‍ ഇതിനകം പാവപ്പെട്ട നിരവധിപേര്‍ക്ക് ജോലിനല്‍കി. ചില്ലിക്കാശുപോലും വാങ്ങാതെ. ബാപ്പ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. 29 വര്‍ഷം സിപിഐ എം ലോക്കല്‍ സെക്രട്ടറിയായതിന്റെ ആത്മബലമുണ്ടെനിക്ക്. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ആ അനുഭവ സമ്പത്ത് കരുത്തുപകരും. സാക്ഷാല്‍ പാണക്കാട് കുടുംബത്തോട് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം നടത്തിയ ചരിത്രമാണ് സ്കൂളിന്റേത്. ബാപ്പ തുടങ്ങിവച്ച പോരാട്ടം ഏറ്റെടുക്കാനുള്ള ബാധ്യത എനിക്കായിരുന്നു. സ്കൂളിന്റെ ഭൂമി കൈയടക്കല്‍ , കമ്യൂണിസം പഠിപ്പിക്കുന്നെന്നാരോപിച്ചുള്ള ബഹിഷ്കരണ ആഹ്വാനങ്ങള്‍ , രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ... എല്ലാത്തിനെയും ചെറുത്തുതോല്‍പ്പിക്കാനായത് ജനങ്ങളുടെ ഉറച്ച പിന്തുണകൊണ്ടാണ്. സാമ്പത്തിക പരാധീനതമൂലം സ്കൂളിന്റെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാണെങ്കിലും മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാനില്ല. 1963ലാണ് ബാപ്പ വിരമിച്ച ഒഴിവില്‍ ഞാന്‍ അധ്യാപകനായെത്തുന്നത്. അതിന് മുമ്പ് ഉള്ളണം എഎല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു. എന്റെയും ഭാര്യ സഫിയയുടെയും ശമ്പളം ഉപയോഗിച്ചാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരും വിരമിച്ചതോടെ ആ വഴി അടഞ്ഞു. 1923ലാണ് ബാപ്പ ചുണ്ടയില്‍ കുഞ്ഞഹമ്മദ് സ്കൂള്‍ ആരംഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ദേവധാര്‍ മലബാര്‍ റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റിന് (ഡിഎംആര്‍ടി) കൈമാറി. 1944ല്‍ കടം മൂലം വീടും സ്കൂള്‍ നിന്ന സ്ഥലവും പുരയിടവും വില്‍ക്കാന്‍ ബാപ്പ നിര്‍ബന്ധിതനായി. പിന്നീട് മൂന്നു സെന്റ് സ്ഥലത്തേക്ക് സ്കൂള്‍ മാറ്റിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളോട് നിയമയുദ്ധം നടത്തേണ്ടിവന്നു. പിന്നീടാണ് ഇന്ന് നില്‍ക്കുന്നിടത്തേക്ക് സ്കൂള്‍ മാറ്റിയത്. 1957ല്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ആലപിച്ച പാട്ടിന്റെ പേരിലും വലിയ കോലാഹലമുണ്ടായി. ഇന്നത്തെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. അദ്ദേഹവും കണ്ടംചിറ വേലായുധന്‍ എന്ന വിദ്യാര്‍ഥിയും ചേര്‍ന്ന് ആലപിച്ച പാട്ടില്‍ "അരിവാള്‍" കടന്നുവന്നതാണ് പൊല്ലാപ്പായത്. സ്കൂളില്‍ കമ്യൂണിസമാണ് പഠിപ്പിക്കുന്നതെന്നായി പ്രചാരണം. സ്കൂള്‍ ബഹിഷ്കരിക്കാന്‍ പൂക്കോയ തങ്ങള്‍ ആഹ്വാനംചെയ്തു. ഇരുനൂറിലേറെ പേര്‍ പഠിച്ചിരുന്ന സ്കൂളില്‍ കുട്ടികളുടെ എണ്ണം ഏഴായി ചുരുങ്ങി. 1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ബഹിഷ്കരണ ആഹ്വാനം പിന്‍വലിച്ചു. പിന്നീട് തങ്ങള്‍ കുടുംബത്തിലെ പിന്‍തലമുറയ്ക്കെല്ലാം അറിവിന്റെ വെളിച്ചംപകര്‍ന്നത് ഈ സ്കൂളാണ്. പുതിയ തലമുറയിലെ കുരുന്നുകളും ഇപ്പോള്‍ ഇവിടെ വിദ്യാര്‍ഥികളാണ്.(deshabhimani )
വാളകം സ്കൂളിലേക്ക് അധ്യാപകരുടെ പ്രതിഷേധമാര്‍ച്ച്

കൊല്ലം: വാളകം ആര്‍വിവിഎച്ച്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ നേതൃത്വത്തില്‍ സ്കൂളിലേക്ക് അധ്യാപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ നടക്കുന്ന ഗൂഢശ്രമങ്ങളില്‍ അധ്യാപകര്‍ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് കെഎസ്ടിഎ നേതൃത്വം നല്‍കും. നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്ന മാര്‍ച്ച് വാളകം ജങ്ഷനില്‍നിന്ന് ആരംഭിച്ചു. സ്കൂളിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് ഡി വിമല, ജോണ്‍ഫിലിപ്പ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ് അജയകുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആര്‍ രാധാകൃഷ്ണന്‍ , എസ് പയസ്, കെ ആര്‍ ദാമോദരന്‍പിള്ള, ആര്‍ കമല്‍ദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് വി വിക്രമന്‍നായര്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സഹോദരിമാര്‍ക്ക് മൂന്നുവര്‍ഷം തടവും 30,000 രൂപ പിഴയും


കൊച്ചി: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതികളായ സഹോദരിമാര്‍ക്ക് സിബിഐ പ്രത്യേക കോടതി മൂന്നുവര്‍ഷം വീതം തടവും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷാ വിധിക്കു ശേഷം പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. കുട കൊണ്ട് മുഖം പൂര്‍ണമായും മറച്ചാണ് പ്രതികള്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് വന്നത്.


2005-ല്‍ കോളിളക്കം സൃഷ്ടിച്ച കേസാണിത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തപ്പോള്‍ എല്ലാ ചോദ്യപേപ്പറുകളും ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.


തിരുവനന്തപുരം വഞ്ചിയൂരിലെ ബിന്ദു വിജയന്‍, സഹോദരിയായ ചെന്നൈ ടി നഗറിലെ സിന്ധു സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ചെന്നൈയില്‍ ചോദ്യക്കടലാസുകള്‍ അച്ചടിച്ചിരുന്ന വിശ്വനാഥന്‍ പ്രിന്‍േറഴ്‌സിലെ സുരേഷ് എന്ന ജീവനക്കാരന്‍ വഴിയാണ് ചോദ്യപേപ്പറുകള്‍ സിന്ധുവിനും ബിന്ദുവിനും കിട്ടിയത്. ബിന്ദുവിന്റെ മകന്‍ ഗൗതമിനു വേണ്ടിയാണ് അവ സുരേഷ് കൈമാറിയിരുന്നത്. കുറ്റകൃത്യം സമൂഹത്തില്‍ ഏല്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതുന്ന അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് അത് ബാധിക്കുന്നത്. പ്രതികള്‍ വീട്ടമ്മമാരായതിനാല്‍ ഇതേക്കുറിച്ചൊന്നും ആലോചിച്ചുകാണില്ല. എങ്കിലും ശിക്ഷയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള മോഷണം, ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ബോധിപ്പിച്ചിരുന്നു. അത് സ്വീകരിച്ചുകൊണ്ടാണ് കോടതി വിധി.


കേസില്‍ പ്രതിയായിരുന്ന സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. രണ്ട് ഘട്ടങ്ങളിലുള്ള കുറ്റപത്രമാണ് സിബിഐ നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശ്വനാഥന്‍ പ്രിന്‍േറഴ്‌സ് മാനേജര്‍ ആയിരുന്ന രാജന്‍ ചാക്കോയും മറ്റും പ്രതികളായ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.

Thursday, September 29, 2011

മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് മടങ്ങി

  30-Sep-2011
തിരു: പൈശാചിക പീഡനത്തിനിരയായി അത്യാസന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അധ്യാപകന്‍ അബോധാവസ്ഥയിലായതിനാല്‍ മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് തിരിച്ചുപോയി. മാരകമായ മുറിവിനെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. കൃത്രിമശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാലേ ശസ്ത്രക്രിയ നടത്താനാവൂ. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (5) എ എം അഷറഫ് ആണ് കൃഷ്ണകുമാറിന്റെ മൊഴിയെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന കൃഷ്ണകുമാറിനെ മജിസ്ട്രേട്ട് സന്ദര്‍ശിച്ചെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കൃഷ്ണകുമാര്‍ അത്യാസന്ന നിലയിലായതിനാല്‍ ആശുപത്രിയിലെത്തി മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര സിഐ വ്യാഴാഴ്ച രാവിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കലാം പാഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിജെഎം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടി (5)നെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ രഹസ്യാന്വേഷണവിഭാഗവും കൊട്ടാരക്കര സിഐയും മെഡിക്കല്‍ കോളേജിലെത്തി കൃഷ്ണകുമാറിന്റെ ഭാര്യയുടെ മൊഴിയെടുത്തു. അതിനിടെ, ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതുവച്ച് കേസിനെ വഴിതിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. ഈ കാര്‍ പെട്രോള്‍ തീര്‍ന്ന് റോഡരികില്‍ തല്‍ക്കാലം നിര്‍ത്തിയിട്ടതാണെന്നും കണ്ടെത്തി. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി പത്മകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയുടെ ക്വട്ടേഷന്‍ സംഘമാണ് സംശയത്തിന്റെ നിഴലിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തനാപുരത്തിനടുത്ത് കണ്ടെത്തിയ വെള്ള അള്‍ട്ടോ കാര്‍ ദുരൂഹതയുണര്‍ത്തിയിരുന്നു. ഇതിനിടെ, അന്വേഷണം വഴിതെറ്റിച്ച് കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചു. വാളകത്തെ സ്കൂളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഗണേശ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ പത്താനാപുരത്ത് മാര്‍ച്ച് നടത്തി. കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യന്‍ ശ്രീകുമാര്‍ , ഭാര്യ, മകന്‍ എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ രാത്രി വൈകിയും ചോദ്യംചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍നിന്ന് വന്നശേഷം ശ്രീകുമാര്‍ കടയ്ക്കലില്‍ ജ്യോത്സ്യനെ കാണാന്‍ പോയെന്ന് ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തുള്ള ജ്യോത്സ്യന്മാരെയെല്ലാം വ്യാഴാഴ്ച ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. പത്തനാപുരത്ത് പട്ടാഴി-പിടവൂര്‍ റോഡിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കെഎല്‍ 23-8632 നമ്പര്‍ അള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. എന്നാല്‍ , രാത്രി പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കാറെന്ന് പിന്നീടു വ്യക്തമായി

ഉച്ചക്കഞ്ഞിക്കുള്ള അരി ആനയ്ക്ക് ഭക്ഷണം

കൊല്ലം: വാളകം ആര്‍വിഎച്ച്എസ്എസില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ വ്യാപക തിരിമറി നടക്കുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. 1054 കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ കൊട്ടാരക്കര അഡീഷണല്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അത്രയും കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യത്തിന് അനുമതിയും നല്‍കി. എന്നാല്‍ , 300 കുട്ടികള്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ചില ദിവസങ്ങളില്‍ ഉച്ചഭക്ഷണം നല്‍കാറുമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഹെഡ്മിസ്ട്രസിനെയും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള മറ്റൊരു അദ്ധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു. ഉച്ചക്കഞ്ഞിക്കുള്ള അരി മാനേജരുടെ വീട്ടിലെ ആനയ്ക്ക് നല്‍കാനായി കടത്തുന്നെന്നായിരുന്നു ആക്ഷേപം
വാളകം സ്കൂളിലേക്ക് ഇന്ന് അധ്യാപകരുടെ പ്രതിഷേധമാര്‍ച്ച്
കൊല്ലം: വാളകം ആര്‍വിഎച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാറിനെ വധിക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വാളകം ആര്‍വിഎച്ച്എസ്എസിലേക്ക് അധ്യാപകര്‍ മാര്‍ച്ച് നടത്തും. സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ അധ്യാപക ദ്രോഹനടപടികള്‍ക്കും സ്കൂളില്‍ നടന്ന അഴിമതികള്‍ക്കും എതിരെ പ്രതികരിച്ചതിനാണ് കൃഷ്ണകുമാറിനെ പൈശാചികമായി വധിക്കാന്‍ ശ്രമിച്ചതെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിന്ദ്യവും നീചവുമായ നടപടികള്‍ക്ക് ഉത്തരവാദികളായവരെ അടിയന്തരമായി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരത്തിന് കെഎസ്ടിഎ നേതൃത്വം നല്‍കും. 
 
പിള്ളയുടെ സ്കൂളിലെ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വി എച്ച്എസ്എസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കി. വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി അഞ്ചുമാസം കഴിഞ്ഞിട്ടും സ്കൂളിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ മാര്‍ച്ച് 23നാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ത്ഥികളുടെയും ഡിവിഷനുകളുടെയും എണ്ണം പെരുപ്പിച്ചുകാട്ടി അദ്ധ്യാപക-അനദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനത്തിനായി പിള്ള ലക്ഷങ്ങള്‍ വാങ്ങുന്നെന്ന് സ്കൂളിന്റെ ആരംഭം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പരാതിയാണ്. ഇല്ലാത്ത തസ്തികയ്ക്ക് പണം നല്‍കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുറവല്ല. പണം വാങ്ങി രണ്ട് വര്‍ഷം അധ്യാപകനായി ജോലിയെടുപ്പിച്ച ശേഷം പോസ്റ്റില്ലെന്നു പറഞ്ഞ് കബളിപ്പച്ച പരാതിയും നിലവിലുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയത്രെ. ആര്‍വി എച്ച്എസില്‍ തലയെണ്ണലില്‍ വ്യാപക ക്രമക്കേട് നടക്കുന്നെന്ന പരാതിയും വ്യാപകമാണ്. വാര്‍ഷിക തലയെണ്ണല്‍ ദിവസം മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഇവിടേക്ക് കൊണ്ടുവന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തലയെണ്ണല്‍ വേളയില്‍ 300 മീറ്റര്‍ അകലെയുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതം കണക്കാക്കി സൂപ്പര്‍ചെക്ക്സെല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഡ്മിഷന്‍ , അറ്റന്‍ഡന്‍സ് രജിസ്റ്ററുകളില്‍ സ്കൂള്‍ അധികൃതര്‍ തിരിമറി നടത്തിയിരുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇത്രയും ഗുരുതരമായ ക്രമക്കേടുകള്‍ വെളിപ്പെട്ടിട്ടും ലഘുവായ അച്ചടക്ക നടപടി മാത്രമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൈക്കൊണ്ടതെന്നും കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
 
 
ഒരുബസ്സില്‍ 140 കുട്ടികള്‍, ഒമ്‌നി വാനില്‍ 20

പൊന്നാനിയില്‍ സ്‌കൂള്‍ വാഹനവേട്ട


എടപ്പാള്‍: 52 പേരെ കയറ്റാവുന്ന ഒരു ബസ്സില്‍ 140 കുട്ടികള്‍, രണ്ട് അധ്യാപികമാര്‍, കുട്ടികളുടെ ബാഗുകള്‍, നാലോ അഞ്ചോ പേര്‍ക്കിരിക്കാവുന്ന മാരുതി ഒമ്‌നി വാനില്‍ 20 കുട്ടികള്‍, നാല് അധ്യാപികമാര്‍, മറ്റു സാധനങ്ങളും. മലപ്പുറം ആര്‍.ടി.ഒ. പി.ടി. എല്‍ദോയുടെ നിര്‍ദേശാനുസരണം മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പൊന്നാനിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടുബസ്സുകളും ഒരു വാനും പരിശോധിച്ചപ്പോഴാണ് ഈ കാഴ്ച കണ്ടത്.കഴിഞ്ഞ ജൂലായ് മാസത്തില്‍ വാഹനപരിശോധനയില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ അതേബസ്സാണ് ഇപ്പോള്‍ 140 കുട്ടികളുമായി പിടിച്ചത്. മറ്റൊരു ബസ്സില്‍ 120 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. വാന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബസ്സുകള്‍ വിട്ടുകൊടുത്തെങ്കിലും സ്‌കൂളധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതായി നേതൃത്വം നല്‍കിയ ജൂനിയര്‍ ആര്‍.ടി.ഒ. ടി.സി. വിനീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനസ് മുഹമ്മദ്, അനൂപ് എന്നിവര്‍ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളും വാഹനസംബന്ധ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വിദ്യാലയത്തിനു മുന്നില്‍ നിന്നും നാലു പൂവാലന്‍മാരെയും ഒരു കാറും ഇവര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
ആഹ്ലാദപ്രകടനം നടത്തി


മലപ്പുറം: സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദേശിക്കുന്ന അധ്യാപക പാക്കേജ് അംഗീകരിച്ച യു.ഡി.എഫ്. മന്ത്രിസഭാ തീരുമാനത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കെ.പി.എസ്.ടി.യു. മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ മലപ്പുറത്ത് ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി വി.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി. പ്രശാന്ത്, ഒ.പി.കെ. ഗഫൂര്‍, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സി.കെ. പൗലോസ്, പി.ടി. ജോര്‍ജ്, പി.ഇ. അഷ്‌റഫ്, ജോയ് മത്തായി, ടി.പി. സലീം, എം.കെ. സതീശന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
അധ്യാപക പാക്കേജ്: മാനേജര്‍മാര്‍ക്ക് കൊള്ളയ്ക്ക് അവസരം
മലപ്പുറം: അധ്യാപകര്‍ക്കെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് നേട്ടമാകുക സ്കൂള്‍ മാനേജര്‍മാര്‍ക്ക്. അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍പി വിഭാഗത്തില്‍ 1:30 ഉം യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ 1:35 ഉം ആയി നിജപ്പെടുത്തുമ്പോള്‍ വരുന്ന ഒഴിവുകളുടെ നിയമനത്തിലൂടെ ലക്ഷങ്ങള്‍ കൊയ്യാന്‍ മാനേജര്‍മാര്‍ക്ക് അവസരമൊരുങ്ങുകയാണ്. പുതുതായി വരുന്ന ഒഴിവില്‍ ടീച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരെ നിയമിക്കണമെന്നായിരുന്നു പാക്കേജിലെ ആദ്യ വ്യവസ്ഥ. ഇത് മാനേജര്‍മാര്‍ അംഗീകരിച്ചില്ല. പുതിയ ധാരണയനുസരിച്ച് അധിക തസ്തികയില്‍ ഒന്നുമാത്രമേ ടീച്ചേഴ്സ് ബാങ്കിനായി മാറ്റിവയ്ക്കേണ്ടതുള്ളൂ. ബാക്കിയുള്ള എല്ലാ തസ്തികകളിലും നിയമനം പൂര്‍ണമായും മാനേജര്‍മാര്‍ക്ക് നടത്താം. നിലവില്‍ സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ 7278 സ്കൂളുകളാണുള്ളത്. പുതിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം വരുമ്പോള്‍ 26,290 ഒഴിവാണ് പുതുതായി ഉണ്ടാവുക. യുപി, ഹൈസ്കൂള്‍ തലത്തില്‍ 14,713. എല്‍പി വിഭാഗത്തില്‍ 11,577. നിലവില്‍ ഒരു തസ്തികക്ക് പത്ത് മുതല്‍ 15 ലക്ഷംവരെയാണ് മാനേജര്‍മാര്‍ വാങ്ങുന്നത്. സംസ്ഥാനത്ത് 3644 അണ്‍ എക്കണോമിക് സ്കൂളുകളാണുള്ളത്. ഇവിടെ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചതുകൊണ്ട് പുതിയ തസ്തിക സൃഷ്ടിക്കപ്പെടില്ല. ഒന്നാംക്ലാസ് പ്രവേശനത്തില്‍ പ്രതിവര്‍ഷം ഒന്നരലക്ഷത്തോളം കുട്ടികളുടെ കുറവുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍ . കുട്ടികളുടെ എണ്ണം കുറയുന്നതുമൂലം ജോലി നഷ്ടമാകുന്ന അധ്യാപകരുടെ പുനര്‍നിയമനത്തെ സംബന്ധിച്ച് പാക്കേജില്‍ പരാമര്‍ശമില്ല. പുതിയ അധ്യാപകനിയമനത്തിന് യോഗ്യതാപരീക്ഷ നടത്തുമെന്ന നിര്‍ദേശത്തിലും വ്യക്തതയില്ല. പിഎസ്സി റാങ്ക്ലിസ്റ്റിലുള്ളവരെ യോഗ്യതാപരീക്ഷയില്‍നിന്ന് ഒഴിവാക്കിയതായി പറയുന്നില്ല. യോഗ്യതാപരീക്ഷയുടെ ഫലം വരുന്നത് വരെയുള്ള ഒഴിവുകളില്‍ ടിച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരെ നിയമിക്കാനാണ് സാധ്യത. ഇത് നിയമന നിരോധനത്തിലേക്ക് നയിക്കും. ടീച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരുടെ ശമ്പളം ഏത് വിധത്തിലായിരിക്കുമെന്നതില്‍ വ്യക്തതയില്ല.
വിദ്യാര്‍ഥികള്‍ക്കായി പുള്ളുവന്‍പാട്ടിന്റെ അരങ്ങ്

ആനക്കര: നാട്ടുപാട്ടുകള്‍ കുട്ടികളെ പരിചയപ്പെടുത്താനായി കുമരനല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പുള്ളുവന്‍പാട്ടിന് അരങ്ങൊരുക്കി. കലാകാരന്മാരായ കുഞ്ഞിമാന്‍, പങ്കജാക്ഷി എന്നിവര്‍ പരിപാടി അവതരിപ്പിച്ചു. പുതിയപാട്ടിനും അനുഷ്ഠാനഗാനരൂപങ്ങള്‍ക്കുമുള്ള സാദൃശ്യവൈജാത്യങ്ങള്‍ കുട്ടികള്‍ക്ക് ഇവര്‍ പറഞ്ഞുകൊടുത്തു.

അധ്യാപക പാക്കേജിന് അംഗീകാരം


29 Sep 2011

* 8076 പേര്‍ ടീച്ചേഴ്‌സ് ബാങ്കില്‍
നിയമനത്തിന് മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ നിയമനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന അധ്യാപക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 8076 അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപക പാക്കേജ് രൂപവത്കരിച്ചത്. 
പുതിയ അധ്യാപക- വിദ്യാര്‍ഥി അനുപാതം 
 • എല്‍.പി.യില്‍ 1:30ഉം 
 • യു.പി.യില്‍ 1:35ഉം ആയിരിക്കും.
അധ്യാപക നിയമനം
 • അധ്യാപക നിയമനത്തിന് മാനേജ്‌മെന്റ് മുന്‍കൂര്‍ അനുമതി തേടണം. 
 • പുതുക്കിയ അനുപാതം പ്രകാരം വരുന്ന അധിക തസ്തിക നിര്‍ണയത്തിന് യു.ഐ.ഐ.ഡി. നിര്‍ബന്ധമാക്കും.
 • കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 
 • അനുപാതം വര്‍ധിപ്പിക്കുന്നതുകൊണ്ട് കൂടുതലായി ഉണ്ടാകുന്ന തസ്തികകളില്‍ ആദ്യത്തേതില്‍ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്നായിരിക്കും നിയമിക്കുക.
 • ബാക്കിയുള്ള ഒഴിവുകളില്‍ മാനേജ്‌മെന്റിന് നിയമനം നടത്താം. പുതിയ അധ്യാപക നിയമനത്തിന് അധ്യാപകയോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തും.

അധ്യാപക പാക്കേജിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍:-

* ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 അധ്യാപകര്‍ക്ക് 2011 ജൂണ്‍ ഒന്നുമുതല്‍ നിയമന അംഗീകാരം നല്‍കും.

* 2010-11 അധ്യയനവര്‍ഷത്തില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ രാജി, മരണം, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് എന്നീ കാരണങ്ങള്‍ മൂലമുണ്ടായ ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കും അംഗീകാരം നല്‍കും. അവര്‍ നിയമിതരായ ദിവസം മുതല്‍ അംഗീകാരവും ശമ്പളവും നല്‍കും.

* 2987 പ്രൊട്ടക്ടഡ് അധ്യാപകരും പ്രൊട്ടക്ഷന്‍ കാലാവധിക്കുശേഷം സ്ഥിര തസ്തികകളില്‍ നിയമനം നേടിയവരും കുട്ടികളുടെ കുറവുകാരണം ജോലി നഷ്ടപ്പെട്ടവരുമായ 1700 പേരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 പേരും ഉള്‍പ്പെടെ മൊത്തം 8076 അധ്യാപകരെ ഉള്‍പ്പെടുത്തിയതാണ് ടീച്ചേഴ്‌സ് ബാങ്ക്. 
 • റവന്യൂ ജില്ലാടിസ്ഥാനത്തിലായിരിക്കും ബാങ്ക് രൂപവത്കരിക്കുക.

* നിലവില്‍ എല്ലാ സ്‌കൂളിലെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്ത് ടീച്ചേഴ്‌സ് ബാങ്കില്‍ നിയോഗിക്കുകയും അവരുടെ സേവനം എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കുകയും ചെയ്യും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പി.എസ്.സി. വഴിയാകും നികത്തുക.

തസ്തിക നികത്താന്‍ മുന്‍ഗണനാക്രമം

പുതുക്കിയ അനുപാതപ്രകാരമുള്ള അധിക തസ്തികകള്‍ നികത്തുന്നത് താഴെ പറയുന്ന മുന്‍ഗണനയനുസരിച്ചായിരിക്കും:-

(1) ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആ സ്‌കൂളിലെ തന്നെ അധ്യാപകര്‍

(2) ടീച്ചേഴ്‌സ് ബാങ്കിലെ ഒരു അധ്യാപകന്‍

(3) അതത് സ്‌കൂളില്‍ ക്ലെയിമുള്ളവരുടെ സീനിയോറിട്ടി ലിസ്റ്റില്‍ നിന്ന് സീനിയോറിട്ടി ക്രമപ്രകാരം.

* ഓരോ സ്‌കൂളിലും ക്ലെയിമുള്ളവരുടെ സീനിയോറിട്ടി പട്ടിക ഒരു മാസത്തിനകം തയ്യാറാക്കും. ഇതിന്റെ പരാതികള്‍ കൂടി പരിശോധിച്ച് അന്തിമപട്ടിക തയ്യാറാക്കും.

*എയ്ഡഡ് സ്‌കൂളുകളിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് അധികാരി ഹെഡ്മാസ്റ്റര്‍മാര്‍ ആയിരിക്കും.

* ഹ്രസ്വകാല ഒഴിവുകളിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് മാനേജര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം.

*അപ്രകാരം അധ്യാപകന്‍ ലഭ്യമല്ലാത്ത പക്ഷം 48 മണിക്കൂറിനകം യോഗ്യതയുള്ള അധ്യാപകനെ നിയമിക്കാന്‍ മാനേജര്‍ക്ക് അംഗീകാരം നല്‍കും.

ഒരുദിവസമെങ്കിലും അംഗീകാരത്തോടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തവര്‍ക്ക് ഇനിമുതല്‍ ശമ്പളം ഉണ്ടാകും  . 
 • തലയെണ്ണലും പ്രൊട്ടക്ഷനും സര്‍വീസില്‍ നിന്ന് പുറത്തുപോകലും ഇനിയുണ്ടാകില്ല.
 • എന്നാല്‍ അനധികൃതമായി അധ്യാപകരെ നിയമിക്കാന്‍ ഇനി മാനേജ്‌മെന്റുകള്‍ക്ക് കഴിയില്ല. മാനേജ്‌മെന്റിന്റെ ഒരധികാരവും കവര്‍ന്നിട്ടില്ല. എന്നാല്‍ ഇനിയുള്ള നിയമനം സര്‍ക്കാര്‍ അറിഞ്ഞേ നടത്താന്‍ പറ്റൂ. മാനേജരും ഡി.ഇ.ഒ.യും കൂടി അറിഞ്ഞാല്‍ നിയമനം നടത്താമെന്ന സ്ഥിതി മാറും. 
 • കൃത്രിമമായി അവധിയെടുപ്പിച്ച് നിയമനം നടത്തി ക്ലെയിം ഉണ്ടാക്കാനും അനുവദിക്കില്ല. തത്കാല ഒഴിവുകളിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നിയമനം നിര്‍ബന്ധമാക്കിയത് ഇക്കാരണത്താലാണ്.
സംരക്ഷിതാധ്യാപകര്‍ മടങ്ങണം
നിലവില്‍ പ്രൊട്ടക്ഷനിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന 1700-ഓളം പേര്‍ ടീച്ചേഴ്‌സ് ബാങ്ക് വഴി എയ്ഡഡ് സ്‌കൂളിലേക്ക് മടങ്ങും.
അധ്യാപക ബാങ്ക് നടപ്പാകുന്നതോടെ ശമ്പളമില്ലാത്ത അധ്യാപകരുണ്ടാകില്ല. പ്രൊട്ടക്റ്റഡ് അധ്യാപകരെ പുനര്‍നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 1600 ല്‍ അധികം ഒഴിവുകള്‍ വരും.സര്‍ക്കാര്‍ സ്‌കൂളില്‍ ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളില്‍ പി.എസ്.സി. വഴി നിയമനം നടത്തും.
സാമ്പത്തികം
പൂര്‍ണമായും കേന്ദ്രസഹായത്തോടെയാണ് പാക്കേജ് നടപ്പാക്കുക. 6.68 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിനായി ചെലവ് വരുമെന്ന് ആദ്യം കണക്കാക്കിയെങ്കിലും കേന്ദ്രപദ്ധതികളുടെ ഭാഗമാക്കിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തികഭാരം വരില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ശിവശങ്കറും മുഖ്യമന്ത്രിയോടൊപ്പം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തി
 
 

Monday, September 26, 2011

ഫണ്ടില്ല; സ്കൂള്‍ കലോത്സവവും കായികമേളയും പ്രതിസന്ധിയില്‍


: 26-Sep-2011
ഇരവിപേരൂര്‍ : ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവവും കായികമേളയും ഫണ്ടില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് പിരിക്കുന്നത് തടഞ്ഞ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പകരം ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മറ്റ് തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. ആഗസ്്ത് 24ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പോര്‍ട്സ് (1) 40450/11/നമ്പര്‍ സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെയ് 26ലെ 124/11 നമ്പര്‍ ഉത്തരവും പ്രകാരമാണ് സ്കൂളുകളിലെ പണപ്പിരിവ് തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനാല്‍ അഞ്ചാംതരം മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷ്യല്‍ ഫീസ്, അത്ലറ്റിക് ഫീസ്, ഫെസ്റ്റിവല്‍ ഫീസ് എന്നിവയും എല്ലാവിധ കൂപ്പണ്‍ പിരിവുകളും നിര്‍ത്തിയതായാണ് ഉത്തരവ്. ഒക്ടോബര്‍ 15നുമുമ്പ് സ്കൂള്‍ തലത്തിലും നവംബര്‍ 30നു മുമ്പ് ഉപജില്ലാ തലത്തിലും ഡിസംബര്‍ 31നു മുമ്പ് ജില്ലാ തലത്തിലും കലാമത്സരങ്ങള്‍ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് കലണ്ടറില്‍ പറയുന്നുണ്ട്. വിവിധ തലങ്ങളിലെ മത്സര നടത്തിപ്പിന് ഈ മാസംതന്നെ സംഘാടകസമിതിയും സബ്കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. ഇത്തവണ മേളയുടെ ആലോചനായോഗം പോലും നടത്താന്‍ ഭൂരിപക്ഷം ഉപജില്ലകളിലും കഴിഞ്ഞിട്ടില്ല. ആലോചന നടന്ന ചില സ്ഥലങ്ങളില്‍ അധ്യാപകര്‍ പണം മുന്‍കൂര്‍ നല്‍കി മേള നടത്തണമെന്നാണ് ഓഫീസര്‍മാര്‍ നിര്‍ദേശിച്ചത്. പണം തിരികെ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അതിന് അധ്യാപകര്‍ തയാറല്ല. കലാ കായികമേളകള്‍ക്ക് ആവശ്യമായ ഫണ്ട് അഞ്ചാം തരംമുതലുള്ള വിദ്യാര്‍ഥികളില്‍നിന്ന് ഫെസ്റ്റിവല്‍ ഫീസ്, അത്ലറ്റിക് ഫീസ് എന്നീ ഇനങ്ങളില്‍ ജൂണ്‍മാസം സ്പെഷ്യല്‍ ഫീസിനൊപ്പം സമാഹരിക്കുകയാണ് പതിവ്. ഈ ഫണ്ടില്‍നിന്ന് കുറഞ്ഞത് 10,000 രൂപ വീതം ഉപജില്ലകള്‍ക്കും ഒരുലക്ഷം രൂപ വീതം ജില്ലകള്‍ക്കും മത്സര നടത്തിപ്പിനായി വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കും. ഇത്തരത്തില്‍ കായികമേളയ്ക്കും ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ക്കും വിഹിതം അനുവദിക്കും. ഉപജില്ലകളില്‍ ഒരുലക്ഷം രൂപയും ജില്ലകളില്‍ എട്ടുലക്ഷം രൂപയും കലോത്സവങ്ങള്‍ക്കു മാത്രം ചെലവാകുമെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 
 
ഹയര്‍ സെക്കന്‍ഡറിവരെ സൗജന്യ വിദ്യാഭ്യാസത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശകൊച്ചി: ഹയര്‍ സെക്കന്‍ഡറിതലംവരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശനല്‍കി. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുള്ള ശുപാര്‍ശയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചത്. കഴിഞ്ഞദിവസം കൊച്ചിയില്‍ വച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.

പ്രസ്തുതതലംവരെ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും വേണം. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വേണം. ഈ അധ്യയനവര്‍ഷത്തില്‍ 200 പ്രവൃത്തിദിനങ്ങളെങ്കിലും വേണം. അനൗപചാരിക വിദ്യാഭ്യാസത്തിന്കൂടി പ്രാമുഖ്യം നല്‍കണം. സ്‌കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകൂടി പങ്കാളിത്തം വേണം. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കണം. സ്‌കൂള്‍പ്രവേശനത്തിനായി സംഭാവന ഈടാക്കരുത്. സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന് ചട്ടങ്ങള്‍ രൂപവത്കരിക്കാവുന്നതാണ്.
 
പൂച്ചെടി-വിത്ത ് പ്രദര്‍ശനം

തലപ്പുഴ: തലപ്പുഴ ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന "ഉദ്യാനത്തില്‍ ഒരു വിദ്യാലയം" പരിപാടിക്ക് ശേഖരിച്ച ചെടികളുടെയും വിത്തുകളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. "ഊഴം കാക്കുന്നവര്‍" എന്ന പേരിട്ട പ്രദര്‍ശനം തലപ്പുഴ കെഎസ്ഇബി സബ് എന്‍ജിനീയര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം എസ് വിഷ്ണു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ , ഗിരീഷ്കട്ടക്കളം, ഹെഡ്മാസ്റ്റര്‍ സി വി മാധവന്‍ , സ്റ്റാഫ് സെക്രട്ടറി കെ ജെ മോളി എന്നിവര്‍ സംസാരിച്ചു. തീമാറ്റിക് ഫ്ളോര്‍ അക്വേറിയം തവളയുടെ സ്റ്റില്‍മോഡല്‍ , കുട്ടികള്‍ പേരിട്ട പന്ത്രണ്ടോളം ചെടിചേമ്പുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ പ്രത്യേക രീതിയില്‍ വേര് പിടിപ്പെിച്ചെടുത്ത പൂച്ചെടികള്‍ , 4000 ഡ്രൈലില്ലി വിത്തുകള്‍ , 1600 ചേമ്പ് വിത്തുകള്‍ എന്നിവ മുഖ്യ ഇനങ്ങളായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിശ്രമത്തിന്റെ ഫലമായാണ് പ്രദര്‍ശനം ഒരുക്കിയത്. 
 

Saturday, September 24, 2011

പത്തില്‍ ചരിത്രം ഒഴിവാക്കുന്നു, അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്കരിച്ചു

: 25-Sep-2011
പയ്യന്നൂര്‍ : പത്താം ക്ലാസിലെ പാഠപുസ്തകങ്ങളില്‍നിന്ന് ചരിത്രം ഒഴിവാകുന്നു. കാല്‍ക്കൊല്ല പരീക്ഷയില്‍ ചരിത്രത്തില്‍നിന്ന് ചോദ്യങ്ങളില്ല. ഭൂമിശാസ്ത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് സ്കൂളുകളില്‍ ലഭിച്ച അനൗദ്യോഗിക നിര്‍ദേശം. സബ്ജില്ലയിലെ സാമൂഹ്യശാസ്ത്രം അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നിറങ്ങി ധര്‍ണ നടത്തി. തുടര്‍ന്ന് അധികാരികള്‍ക്ക് നിവേദനവും നല്‍കി.
166 പേജുള്ള സാമൂഹ്യശാസ്ത്രത്തിന്റെ ഒന്നാം ഭാഗം സ്കൂള്‍ അധ്യയനവര്‍ഷത്തിന്റെ നാല് മാസം പിന്നിടുമ്പോഴും പഠിപ്പിച്ചിട്ടില്ല. ആദ്യ അധ്യായം "ആധുനിക ലോകത്തിന്റെ ഉദയം" എന്നാണ്. ഇതില്‍ മധ്യകാല മതപുരോഹിതര്‍ ലോകത്തിന് അറിവ് പകര്‍ന്നവര്‍ക്കുനേരെ നടത്തിയ പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് സഭയ്ക്കുനേരെയുള്ള അവഹേളനമാണെന്ന് പറഞ്ഞ് പാഠഭാഗം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ബാബുപോള്‍ കമീഷന്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ പത്താം ക്ലാസില്‍ ചരിത്രം പഠിപ്പിക്കേണ്ടെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പെടുത്തതെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകരടക്കം പരിശീലനത്തില്‍നിന്നിറങ്ങി പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു. ടി വി അനീഷ്, എം കുഞ്ഞികൃഷ്ണന്‍ , വി കെ കമലാക്ഷന്‍ , കെ കെ സിന്ധുമോള്‍ , കെ കെ വിനോദ്കുമാര്‍ എന്നി


ഷോളയൂര്‍ സ്‌കൂള്‍ ഇനി ഹൈടെക്‌

ഷോളയൂര്‍: കേരളത്തിലെ ഹൈടെക് നഗരങ്ങള്‍ക്കുപോലും കഴിയാതെപോയ അസൂയാര്‍ഹമായ നേട്ടം അട്ടപ്പാടിക്ക്. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയ ആദ്യത്തെ സര്‍ക്കാര്‍സ്‌കൂളെന്ന പേര് ഇനി അട്ടപ്പാടിയിലെ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം. സ്‌കൂളിലെ ആയിരത്തോളം ആദിവാസിക്കുട്ടികളുടെ ഇ-മെയില്‍ വിലാസം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ശനിയാഴ്ച വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു.
സ്‌കൂളിന്റെ ചരിത്രവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങളും മറ്റും അടങ്ങുന്നതാണ് വെബ്‌സൈറ്റ്. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സാഹിത്യരചനകളും ഫോട്ടോഗാലറിയുമെല്ലാം ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്പന. സ്മാര്‍ട്ട്‌സ്‌കൂളിന്റെഭാഗമായി സൗജന്യ ലാപ്‌ടോപ്പ് വിതരണംചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.


ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന്റെ ചെലവ് വിതരണംചെയ്യണം

മലപ്പുറം: ഓണപ്പരീക്ഷയ്ക്കാവശ്യമായ ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയതിന്റെ ചെലവുകള്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഓണപ്പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയെ്തടുത്ത് ആവശ്യമുള്ള ഫോട്ടോസ്റ്റാറ്റെടുക്കാനാണ് പ്രധാനാധ്യാപകര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇതിന് വരുന്ന ചെലവുകള്‍ എസ്.എസ്.എ വഹിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ എസ്.എസ്.എ നല്‍കുമെന്ന് പറഞ്ഞിട്ടുള്ള തുക വളരെ കുറവാണ്. ഒരു പേജിന് ഒരുരൂപയെങ്കിലും കിട്ടിയാലേ പരീക്ഷാ സംബന്ധമായ ചെലവുകളുടെ കടം വീട്ടാനാവൂ.


ഓണത്തിന് കുട്ടികള്‍ക്കുള്ള അരിവിതരണം പല വിദ്യാലയങ്ങളിലും നടന്നിട്ടില്ല. സിവില്‍സപ്ലൈസ് ഡിപ്പോകളിലും മാവേലിസ്റ്റോറുകളിലും അരി സ്റ്റോക്കില്ലാത്തതാണ് കാരണം. ഉച്ചഭക്ഷണവിതരണവും പലയിടത്തും അരി കിട്ടാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഉടന്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് പി.എ. ഉബൈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സെയ്തലവി, കെ. അബ്ദുല്‍ലത്തീഫ്, എന്‍.കെ. അബ്ദുള്ള, കെ.പി.എസ്.എം തങ്ങള്‍, എ.കെ. ഹംസത്ത്, എം. അബ്ദുസ്സമദ് എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകര്‍ ധര്‍ണ നടത്തി

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ ധര്‍ണ നടത്തി. 2004നുശേഷം സര്‍വീസില്‍ കയറിയവരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ തുടക്കശമ്പള സ്കെയിലുകള്‍ ഉയര്‍ത്തുക, കഴിഞ്ഞവര്‍ഷം ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക തസ്തിക അനുവദിച്ച് ശമ്പളം നല്‍കുക, പ്രിന്‍സിപ്പല്‍ തസ്തിക അധിക തസ്തികയായി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ. സിവില്‍സ്റ്റേഷനുമുമ്പില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി രഘു അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ശശീന്ദ്രന്‍ , പി രജനി, പി കെ സതീശ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ രഘുനാഥ് സ്വാഗതവും കെ സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

Friday, September 23, 2011

വിദ്യാഭ്യാസമന്ത്രിയോട് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്

24 Sep 2011
അഗളി: 'സര്‍, ഷോളയൂരിലെ ഒരു കോളനിയില്‍നിന്നാണ് ഞാന്‍ വരുന്നത്. സ്‌കൂളുകളില്‍ ആവശ്യത്തിന് ഹോസ്റ്റല്‍സൗകര്യമില്ലാത്തതിനാല്‍ ഞങ്ങളുടെ സഹോദരര്‍ പലരും സ്‌കൂളുകളില്‍ പോവുന്നില്ല. ഇതിനുപുറമെ എല്‍.പി.സ്‌കൂളില്‍ പഠിക്കണമെങ്കില്‍പോലും മറ്റ് ജില്ലകളില്‍ പോവേണ്ടിവരുന്നു. ഇതിന് പരിഹാരം കാണണം'. വെള്ളിയാഴ്ച അഹാഡ്‌സില്‍നടന്ന ഐ.ജി. ഡോ. ബി.സന്ധ്യയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത ഒരുവിദ്യാര്‍ഥി ഇതുപറയുമ്പോള്‍ സദസ്സ് ഏകസ്വരത്തില്‍ പിന്തുണനല്‍കുകയായിരുന്നു.


അട്ടപ്പാടിയുടെ സ്‌കൂള്‍വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഈ വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഐ.ജി.യോടുപറഞ്ഞ അതേപരാതിതന്നെയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച അട്ടപ്പാടിയിലെത്തുന്ന വിദ്യാഭ്യാസമന്ത്രിയോടും പറയാനുള്ളത്. ഹോസ്റ്റല്‍സൗകര്യമില്ലാത്തതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അട്ടപ്പാടിക്കുപുറത്ത് വിവിധജില്ലകളിലായി പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ്. ഉള്‍പ്രദേശങ്ങളിലെ ഊരുകളിലെ കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.


അട്ടപ്പാടിയില്‍ പുതിയകോളേജ് അനുവദിച്ച സര്‍ക്കാര്‍, സ്‌കൂള്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താത്പര്യമെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്രദേശത്തെ വിവിധ സര്‍ക്കാര്‍സ്‌കൂളുകളിലായി അമ്പതോളം അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതനക്കാരെ നിയമിച്ചാണ് അധികൃതര്‍ പലപ്പോഴും ഈപ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍, മൂന്നും നാലും തവണ അപേക്ഷ ക്ഷണിച്ചാലേ ഇതിനും ആളെ കിട്ടൂ എന്നതാണ് അവസ്ഥ. പി.എസ്.സി. നിയമനം ലഭിച്ച് അട്ടപ്പാടിയിലെത്തുന്നവര്‍ പെട്ടെന്നുതന്നെ സ്ഥലംമാറ്റം വാങ്ങി പോകുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉള്‍പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ എത്തിപ്പെടാനുള്ള ക്ലേശമാണ് പല അധ്യാപകരെയും ഇവിടെ ജോലിചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.


അട്ടപ്പാടിയിലെ നാല് സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പാലൂര്‍, മട്ടത്തുകാട് യു.പി. സ്‌കൂളുകളെ ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും മട്ടത്തുക്കാട് മാത്രമാണ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരധ്യാപകരെയും നിയമിച്ചിട്ടില്ല.


പാലൂരില്‍ ഹൈസ്‌കൂള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇവിടെ ഹോസ്റ്റല്‍സൗകര്യംകൂടി ഏര്‍പ്പെടുത്തിയാലേ ഗുണം ലഭിക്കൂ. ഹോസ്റ്റല്‍ സൗകര്യവും ആവശ്യത്തിനില്ല.
1085 പ്രൈമറി സ്‌കൂളുകള്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഐ.സി.ടി. വിദ്യാഭ്യാസം പ്രൈമറിതലത്തിലേക്കും


കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എ.സി.ടി.) വിദ്യാഭ്യാസം പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലയില്‍ 1085 പ്രൈമറി സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 586ഉം തലശ്ശേരിയില്‍ 499ഉം പ്രൈമറി സ്‌കൂളുകളുണ്ട്.


ഐ.സി.ടി.വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഴുവന്‍ എല്‍.പി., യു.പി. സ്‌കൂളുകള്‍ക്കും വേഗമേറിയ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. നേരത്തെ ഐ.സി.ടി. വിദ്യാഭ്യാസം ഹൈസ്‌കൂള്‍ തലത്തിലാണ് നടപ്പാക്കിയത്. എട്ട്,ഒമ്പത്,പത്ത് ക്ലാസുകള്‍ ഐ.ടി. വിദ്യാഭ്യാസത്തില്‍നിന്ന് ഐ.ടി.അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് മാറുകയാണ്.


സ്‌കൂളുകളിലെ അരി വിതരണം തടസ്സപ്പെട്ടത് അന്വേഷിക്കണം-കെ.പി.എസ്.ടി.യു.


നാദാപുരം: സ്‌കൂളുകളില്‍ ഓണം-റംസാന്‍ അരി വിതരണം തടസ്സപ്പെട്ടത് പരിശോധിക്കണമെന്ന് കെ.പി.എസ്.ടി.യു. കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി കെ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു.


ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഉത്സവകാലത്തെ അരിവിതരണം നടന്നിട്ടില്ല. സാങ്കേതികത്വം പറഞ്ഞൊഴിയുന്ന സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിലപാട് നീതീകരിക്കാന്‍ കഴിയില്ല. അര്‍ഹതപ്പെട്ട അരി കൃത്യസമയത്ത് ലഭിക്കേണ്ടത് വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അരി വിതരണം ഉടന്‍ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമമംഗലം ഹൈസ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടത്തി
പിറവം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമമംഗലം ഹൈസ്‌കൂളില്‍ കുട്ടികളുടെ സഹകരണത്തോടെ പുസ്തകപ്രദര്‍ശനം നടത്തി. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍നിന്നായി രണ്ടായിരത്തിലേറെ പുസ്തകങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തിനൊരുക്കി. വിവിധ ക്ലാസുകളിലെ 50 കുട്ടികള്‍ തങ്ങളുടെ പുസ്തകശേഖരം പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഭാരവാഹികളായ പി.ബി. രഞ്ജിത്ത്, ലിജി ഭരത്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ പ്രദര്‍ശനംകണ്ട് മൂല്യനിര്‍ണയം നടത്തി. മത്സരാടിസ്ഥാനത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ മിഥുന്‍ ജോര്‍ജ്, അന്ന ബേബി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഡിസംബറില്‍ കൊച്ചിയില്‍ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.


പുസ്തകപ്രദര്‍ശനത്തിന് പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍, സ്റ്റാഫംഗങ്ങളായ എം.എന്‍. പ്രസീദ, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, കെ.സി. സ്‌കറിയ, എസ്. ജയചന്ദ്രന്‍, അനൂപ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം-കെ.പി.എസ്.ടി.യു.
ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.യു. ആലപ്പുഴ റവന്യു ജില്ലാ കമ്മിറ്റി അറിയിച്ചു. എല്ലാവിഭാഗം അധ്യാപകരും ഇതിനെ സ്വാഗതം ചെയ്തു. പാക്കേജിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും അധ്യാപകസംഗമവും മാവേലിക്കരയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.


യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി വി.രാധാകൃഷ്ണന്‍ നായര്‍, ജോണ്‍ഫിലിപ്പോസ്, പി.ബി.ജോസി, ബിനു കെ.കുഞ്ഞപ്പന്‍, ബി.ബിജു, പി.ആര്‍.യേശുദാസ്, ടി.ജെ.എഡ്വേര്‍ഡ്, രാമദാസ്, ജോണ്‍ബ്രിട്ടോ, ബിനോയ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thursday, September 22, 2011

വിദ്യാഭ്യാസ പാക്കേജ്: കെ.എസ്.ടി.എ. പ്രക്ഷോഭത്തിലേക്ക്

: 23 Sep 2011

കൊല്ലം:വിദ്യാഭ്യാസ പാക്കേജ് 97 വരെ സംരക്ഷണമുണ്ടായിരുന്ന 72,000 അധ്യാപകരുടെ കൂടി ജോലിസ്ഥിരത ഇല്ലാതാക്കിയെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. തൊഴില്‍ സംരക്ഷിക്കാന്‍ കഴിയാത്ത പാക്കേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ മുന്നറിയിപ്പ് നല്‍കി.

പാക്കേജിനെ മാനേജര്‍മാര്‍ക്ക് കോഴ വാങ്ങാന്‍ സഹായിക്കുന്ന ഒന്നാക്കി മാറ്റി. പ്രൊട്ടക്ടഡ് അധ്യാപകരെ സംരക്ഷിക്കാനുള്ള 1:1 എന്ന അനുപാതവും ഇല്ലാതാക്കി. 10,503 അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. യു.പി.സ്‌കൂളില്‍ എട്ടാംക്ലാസ് വരുന്നതോടുകൂടി നിലവിലുള്ള പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ അധ്യാപകരായി തരംതാഴേ്ത്തണ്ടിവരും.

സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തികകള്‍ നിര്‍ത്തലാക്കി വിദ്യാഭ്യാസ ഓഫീസുകളില്‍ നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. കൂടാതെ സ്ഥിരം തസ്തികയിലുണ്ടായിരുന്ന ഇത്തരം അധ്യാപകരെ വിവിധ സ്‌കൂളുകളില്‍ വിന്യസിച്ച് തൊഴില്‍സ്ഥിരത ഇല്ലാത്തവരായി മാറ്റും. തസ്തികയില്ലാതെ ടീച്ചേഴ്‌സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കാന്‍ ധനകാര്യവകുപ്പും അക്കൗണ്ടന്റ് ജനറലും അനുവദിക്കാന്‍ സാധ്യതയില്ല. പുനര്‍വിന്യസിക്കാന്‍ കഴിയാത്ത പതിനായിരക്കണക്കിന് അധ്യാപകരാണ് പാക്കേജ് നടപ്പാക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്-ഷാജഹാന്‍ ചൂണ്ടിക്കാട്ടി.
ജൈവവൈവിധ്യങ്ങളുടെ പൊരുള്‍ തേടി കുട്ടികളുടെ യാത്ര

ചെറുവത്തൂര്‍: പ്രകൃതിയെ കണ്ടറിയാന്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ കൊങ്ങിണിച്ചാല്‍ കാവ്, കാനായി കാനം, മാടായിപ്പാറ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി.
ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദര്‍ശനവേളയില്‍ ഓരോ സ്ഥലത്തിന്റെയും പ്രാധാന്യവും സവിശേഷതകളും ആനന്ദ് പേക്കടം വിദ്യാര്‍ഥികള്‍ക്ക് വിവരിച്ചുകൊടുത്തു. എന്‍.എസ്.എസ്.
പ്രോഗ്രാം ഓഫീസര്‍ വി.മനോജ്, അധ്യാപകരായ വിവേക്, ചിത്രകല, ബേബി രഞ്ജിനി, രാജുമോന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വംനല്കി. 
 
മാതാപിതാക്കള്‍ക്ക് 'വെളിച്ച'മേകാന്‍ കൈപ്പുസ്തകം
ചെറായി: വിദ്യാഭ്യാസം ഇക്കാലത്ത് അനിവാര്യമാണന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

വൈപ്പിന്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ തീവ്ര വികസന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച 'വെളിച്ചം' പദ്ധതിയുടെ മുന്നൊരുക്കമായി എടവനക്കാട് എച്ച്‌ഐഎച്ച്എസ്എസില്‍ 'മാതാപിതാക്കളോട്' സന്ദേശപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം പുസ്തകം ഏറ്റുവാങ്ങി. എസ്. ശര്‍മ്മ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ വിജ്ഞാന വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ സിലബസിന് സഹായകരമായ നിലയിലാണ് 'വെളിച്ചം പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളതെന്ന് എസ്. ശര്‍മ എംഎല്‍എ അറിയിച്ചു.

മുന്‍ എംഎല്‍എ എം.കെ. പുരുഷോത്തമന്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ആര്‍. സുഭാഷ്, എം.ജെ. ടോമി, വിജയമോഹന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ആനന്ദവല്ലി ചെല്ലപ്പന്‍ (എടവനക്കാട്) ടി.ജി. വിജയന്‍ (കുഴുപ്പിള്ളി) ബിയാട്രീസ് (എളങ്കുന്നപ്പുഴ) ടാജി റോയി (നായരമ്പലം) എഡിഎം സുജാത എന്നിവര്‍ പ്രസംഗിച്ചു.

വെളിച്ചം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും.

പുസ്തകം തയ്യാറാക്കിയിരിക്കുന്നത് കേരള എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിചയസമ്പന്നരായ അധ്യാപകരാണ്.

കുട്ടികളുടെ ചിന്തയേയും ബുദ്ധിയേയും അറിയുക വഴി മക്കളെ അടുത്തറിയുന്നതിനുള്ള പ്രേരണ നല്‍കുന്ന പുസ്തകം മാതാപിതാക്കളായിരിക്കുക ഉത്തരവാദിത്വമുള്ള കാര്യമാണെന്ന് അടിവരയിടുന്നു. മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന മാതാപിതാക്കള്‍ തന്നെയാകണം കുട്ടികളുടെ മാതൃകയെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൈപ്പുസ്തകം വൈകാതെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ 78 സ്‌കൂളുകളിലെ മാതാപിതാക്കളുടെ കൈകളിലെത്തും.
പൊതുവിദ്യാഭ്യാസമേഖല കോര്‍പറേറ്റുകള്‍ കൈയടക്കുന്നു: ഡോ. സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: പൊതുവിദ്യാഭ്യാസമേഖല കോര്‍പറേറ്റുകള്‍ കൈയടക്കുന്നത് കേരളത്തിന്റെ ഭാവിക്ക് ഗുണകരമല്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ . മതനിരപേക്ഷതയും സമത്വവും പുലര്‍ത്തുന്നതോടൊപ്പം ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. കേരള വിദ്യാഭ്യാസ സമിതി ജില്ലാകമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച "കേരള വിദ്യാഭ്യാസം കാലികപ്രശ്നങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ മിഷണറിമാര്‍ നടത്തിയ സേവനങ്ങള്‍ മഹത്തരമാണ്. എന്നാല്‍ അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവ സമുദായം സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരായിമാറി. ക്രൈസ്തവ മതമേലധ്യക്ഷന്‍ ഒരിക്കല്‍ പറഞ്ഞത് ക്രൈതസ്തവരുടെ മക്കള്‍ സമുദായ വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മതിയെന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ടവരുടെ മക്കള്‍ പഠിക്കാന്‍ തെരഞ്ഞെടുക്കുന്നത് സിബിഎസ്ഇ സ്കൂളുകളാണ്. കുറഞ്ഞ വരുമാനക്കാരുടെയും ദരിദ്രരുടെയും മക്കള്‍ക്ക് പഠിക്കാനുള്ള സ്ഥാപനങ്ങളായി പൊതുവിദ്യാലയങ്ങള്‍ മാറുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ അക്കാദമിക ഗുണനിലവാരവും കാര്യക്ഷമതയും പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുന്നില്ലെങ്കില്‍ കുട്ടികള്‍ മത്സരാധിഷ്ഠിതമായ കാര്യങ്ങളില്‍ പിന്നോട്ടുപോകും.അത് സംഭവിക്കാതിരിക്കണമെങ്കില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇ പ്രേംകുമാര്‍ അധ്യക്ഷനായി. ഡോ. വി എന്‍ ചന്ദ്രമോഹനന്‍ , മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. കെ കെ രഘുനാഥന്‍ സ്വാഗതവും കെ കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

Wednesday, September 21, 2011

വായന പ്രോത്സാഹിപ്പിക്കാന്‍ പുസ്തകസഞ്ചികള്‍

 22 Sep 2011


കോലഞ്ചേരി: വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോലഞ്ചേരി ഉപജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക സഞ്ചിവിതരണം ചെയ്തു. ഉപജില്ലയിലെ ടീച്ചേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി.യുടെയും ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് പുസ്തകസഞ്ചി വിതരണം ചെയ്തത്. ഒരു ഡിവിഷന് ഒരു സഞ്ചി എന്ന നിരക്കില്‍ 200ഓളം ഡിവിഷനുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. 41സ്‌കൂളുകളിലായി അയ്യായിരത്തോളം പുസ്തകങ്ങളാണ് വിതരണം നടത്തിയത്. സഞ്ചിയിലെ പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച് തിരികെ ഏല്പിക്കാം. കുറിപ്പുതയ്യാറാക്കലും സമ്മാനവിതരണവും പദ്ധതിയുടെ തുടര്‍ പരിപാടിയായിരിക്കും. ടീച്ചേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ടി.വി. പീറ്ററിന്റെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. പുസ്തകസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അയ്യപ്പന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ധനുജദേവരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.എസ്. രാജി, രമാസാജൂ, നിബു കെ. കുര്യാക്കോസ്, ഷൈല നൗഷാദ്, ഏലിയാമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി അലക്‌സ്, ബിനീഷ് പുല്യാട്ടേല്‍, ശശിധരന്‍ വെണ്ണ്യാര്‍വീട്ടില്‍, സന്തോഷ് പി. പ്രഭാകര്‍, ടി.എസ്. രാമകൃഷ്ണന്‍, സി.ഡി. പത്മാവതി, എം.പി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്രപദ്ധതി

പത്തനംതിട്ട: ജില്ലയില്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറിതലം വരെയുളള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങും മറ്റ് സഹായങ്ങളും നല്‍കുന്നതിനും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുളള പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. സ്ക്കൂള്‍ അധിക്യതരുടേയും, അധ്യപക രക്ഷകര്‍തൃ സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി. ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ഡയറക്ടര്‍ ഡോ . എം കെ സി നായര്‍ ആണ് ഇതിനുവേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 14 ന് നടത്തും. പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുളള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങള്‍ സര്‍വശിക്ഷാ അഭിയാനും ഒന്‍പത് പത്ത് ക്ലാസുകളിലേത് ജില്ലാപഞ്ചായത്തും ഹയര്‍ സെക്കണ്ടറി തലത്തിലേത് ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും ഏറ്റെടുത്ത് നടത്തും. യോഗത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പഴകുളം മധു, കലക്ടര്‍ പി വേണുഗോപാല്‍ ഡിഎംഒ ഡോ. ലൈലാ ദിവാകര്‍ , വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി ശിവരാമന്‍ , എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി എന്‍ വിദ്യാധരന്‍ , ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസ്സോസിയേറ്റ് പ്രൊഫ. ഡോ. നിഷ എന്നിവര്‍ സംസാരിച്ചു.

പരിശീലകരാകാന്‍ അധ്യാപകര്‍ക്ക് വൈമുഖ്യം


കാഞ്ഞങ്ങാട്: അധ്യാപകരുടെ പ്രതിമാസ ക്ലസ്റ്റര്‍ പരിശീലനം ദുര്‍ബലമാവുന്നു. പരിശീലനം നല്‍കേണ്ട അധ്യാപകര്‍ (റിസോഴ്‌സ് പേഴ്‌സണ്‍) ജോലി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ പരിശീലനം പലപ്പോഴും കൃത്യമായിനടത്താന്‍ വകുപ്പധികാരികള്‍ക്ക് കഴിയുന്നില്ല. ശനിയാഴ്ചകളിലാണ് ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നത്. പരിശീലകര്‍ക്ക് 200 രൂപയും പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് 100രൂപയും മെസ്സ് അലവന്‍സായി എസ്.എസ്.എ. ഫണ്ടില്‍നിന്ന് ബി.പി.ഒ. (ബ്ലോക്ക് പ്രോജക്ട്ഓഫീസര്‍) നല്‍കുന്നുണ്ട്.എന്നാല്‍ അവധിദിവസമാകുന്നതിനാലും റിസോഴ്‌സ് പേഴ്‌സണ്‍ ആകുമ്പോള്‍ അധികതയ്യാറെടുപ്പുകള്‍ വേണ്ടിവരുന്നതിനാലും പലരും പരിശീലനത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന് അധികാരികള്‍ പറയുന്നു.


ബേക്കല്‍ ഉപജില്ലയിലെ പ്രധാനാധ്യാപകരോട് പരിശീലകരാകാന്‍ താത്പര്യമുള്ള അധ്യാപകരുടെ വിവരങ്ങള്‍ ബി.പി.ഒ.വിന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരധ്യാപകന്റെ പേരുപോലും ലഭിച്ചില്ല. അതേത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ഒരുതവണയെങ്കിലും പരിശീലനംനല്‍കിയവരോട് പരിശീലനംനല്‍കാന്‍ തയ്യാറാവണമെന്ന് ബി.പി.ഒ. ആവശ്യപ്പെട്ടിരിക്കുകയാണ്.


ചെറുവത്തൂര്‍ ഉപജില്ല, കണ്ണൂര്‍ജില്ല തുടങ്ങിയ സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ പരിശീലനം തൃപ്തികരമായി നടക്കുന്നുണ്ട്. എന്നാല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന ബേക്കല്‍, കാസര്‍കോട് പ്രദേശങ്ങളില്‍ അധ്യാപകപരിശീലനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത് ഇവിടങ്ങളിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം ക്ലസ്റ്ററുകളിലെ ക്ലാസുകള്‍ ഫലപ്രദമല്ലാത്തതാണ് പരിശീലനത്തിന് പങ്കെടുക്കുന്നതില്‍ വിമുഖതകൂടാന്‍ കാരണമെന്ന് അധ്യാപകര്‍പറയുന്നു. മുന്‍മാസങ്ങളിലെ അവലോകനങ്ങളും വരുംമാസത്തെ ആസൂത്രണങ്ങളും ക്ലസ്റ്ററുകളില്‍ നടക്കാറില്ല. കേവലം ചടങ്ങുകള്‍പോലെ നടക്കുന്ന പരിപാടിയില്‍നിന്ന് മാറി ഫലപ്രദമായ ക്ലാസുകള്‍ സംഘടിപ്പിച്ചാല്‍ പൂര്‍ണപങ്കാളിത്തം പരിശീലനങ്ങളില്‍ ഉറപ്പുവരുത്താമെന്നും ഇവര്‍ പറയുന്നു.
യുപി സ്കൂളുകളിലെ കംപ്യൂട്ടര്‍ പഠനം അവതാളത്തില്‍


കല്‍പ്പറ്റ: പ്രാഥമിക തലം മുതല്‍ തന്നെ ഈ വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ കംപ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. ടെക്സ്റ്റ് ബുക്കില്ലാത്തതും അധ്യാപകരെനിയമിക്കാത്തതുമാണ് എല്‍പി, യു പി സ്കൂളുകളിലെ കംപ്യുട്ടര്‍ പഠനം അനിശ്ചിത്വത്തിലാക്കിയത്. ഇതോടെ സ്കൂളുകളില്‍ സ്ഥാപിച്ച നൂറ് കണക്കിന് കമ്പ്യൂട്ടറുകള്‍ ഉപയോഗ ശൂന്യമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റടുത്ത ഉടന്‍ എല്‍പി, യു പി സ്കൂളുകളില്‍ കംപ്യുട്ടര്‍ പഠനം നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം നടപ്പായിട്ടില്ല. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കംപ്യൂട്ടറുകള്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെല്ലാം ആവശ്യത്തിലധികം കംപ്യൂട്ടറുകള്‍ വാങ്ങി കൂട്ടുകയും ചെയ്തു. ജില്ലയിലെ 38 യുപി സ്കൂളുകളില്‍ പത്ത് വീതം കംപ്യൂട്ടറുകള്‍ ഉണ്ട്. 91 സര്‍ക്കാര്‍ ജിഎല്‍പി സ്കൂളുകളിലാകട്ടെ ഒരോ കംപ്യൂട്ടറുകളും ഉണ്ട്. എന്നാല്‍ കംപ്യൂട്ടറിന് ഒരു പിരിയഡ് നിര്‍ബന്ധമാക്കാത്തതിനാലാണ് പഠനം തടസപ്പെടുന്നത്. കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും പഠനം മുടങ്ങാന്‍ കാരണമാകുന്നുണ്ട്. യുപി വിഭാഗത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് പിരിയഡിലാണ് ചില സ്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബില്‍ കുട്ടികളെ കയറ്റുന്നത്. എന്നാല്‍ വേണ്ട നിര്‍ദേശം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗപ്പെടുന്നില്ല. ഹൈസ്കൂളുകളില്‍ ആധുനികസൗകര്യങ്ങളോടെയുള്ള ലബോറട്ടറികള്‍ ഉണ്ടെങ്കിലും കംപ്യൂട്ടര്‍ പഠനം വേണ്ടത്ര ഫല പ്രദമല്ലെന്ന് വിമര്‍ശനമുണ്ട്.ഹൈസ്കൂളുകളില്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ രണ്ട് പിരിയഡ് തിയറി ക്ലാസും രണ്ട്പിരിയഡ് പ്രാക്ടിക്കല്‍ ക്ലാസും ഉണ്ട്. പത്താം ക്ലാസില്‍ ഐടി പരീക്ഷയുമുണ്ട്. ഓരോ ഹൈസ്കൂളിലും 50 നടുത്ത് കംപ്യൂട്ടറുകളുമുണ്ട്. പുതിയ സാങ്കേതികവിദ്യ അതിവേഗം പുരോഗതി പ്രാപിക്കുന്ന ഈകാലഘട്ടത്തില്‍ കൂടുതല്‍ പിരിയഡുകള്‍ നല്‍കി സാങ്കേതിക വിദ്യ പാഠ്യ പദ്ധതിയില്‍ ഉപയോഗിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഹൈസ്കൂളുകളില്‍ പാഠ്യ പദ്ധതി കംപ്യൂട്ടര്‍ ഉപയോഗിച്ച് പഠിപ്പിക്കാനാണ് നിര്‍ദേശം. ഇതും ഭൂരിഭാഗം സ്കൂളുകളിലും നടപ്പാക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഹൈസ്കൂളുകളില്‍ കംപ്യൂട്ടറിന് പുറമേ ലാപ്ടോപ്, ഹാന്‍ഡി ക്യാമറ,സ്റ്റില്‍ ക്യാമറ, പെന്‍ഡ്രൈവ്, പ്രിന്റര്‍ തുടങ്ങിയവയും നല്‍കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഈ സംവിധാനങ്ങളെല്ലാം ഒരുക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാത്തതിനാല്‍ ഇതിന്റെ ഗുണം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ഭൗതിക സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ കംപ്യുട്ടര്‍ പഠനം വേണ്ടത്ര ഫല പ്രദമാക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധമുണ്ട്. അതേ സമയം മെച്ചപ്പെട്ട ഒരു കംപ്യൂട്ടര്‍ ലാബ് പോലുമില്ലാത്ത സ്വകാര്യ സ്കൂളുകളില്‍ കംപ്യൂട്ടര്‍ പഠനത്തിന്റെ പേരില്‍ വന്‍ തുക ഫീസ് വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ കംപ്യൂട്ടര്‍ പഠനം ഒന്ന് കുടി കാര്യക്ഷമമാക്കിയാല്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മാങ്ങാട് എല്‍.പി. സ്‌കൂളില്‍ വിജിലന്‍സ് പരിശോധന
കണ്ണൂര്‍: മാങ്ങാട് എല്‍.പി. സ്‌കൂളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ പരിശോധന നടത്തി. സ്‌കൂളില്‍ ഫണ്ട് തിരിമറി നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


സഞ്ചയിക പദ്ധതി, പി.ടി.എ., എസ്.എസ്.എ., ഉച്ചക്കഞ്ഞി ഫണ്ടുകളില്‍ തിരിമറി നടന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി അറിയുന്നു. സഞ്ചയികാ പദ്ധയില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിച്ച പണം ബാങ്കില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എല്‍.കെ.ജി.വിദ്യാര്‍ഥിയെ അടിച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസ്


ആലത്തൂര്‍: നാലരവയസ്സുള്ള എല്‍.കെ.ജി.വിദ്യാര്‍ഥിയെ തല്ലിയതിന് അധ്യാപികയ്‌ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. ചുണ്ടക്കാട് പട്ടത്താഴത്ത്‌വീട്ടില്‍ ഷാജിയുടെ മകന്‍ മിഥുനിനാണ് അടികൊണ്ടത്.


വെസ്റ്റ്കാട്ടുശ്ശേരി (ചുണ്ടക്കാട്) കെ.കെ.എം. എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. എഴുതാന്‍ പറഞ്ഞത് അനുസരിക്കാത്തതിന് അധ്യാപിക അടിച്ചെന്നാണ് പരാതി. താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മുതുകില്‍ അടിയേറ്റ പാടുകളുണ്ട്. എല്‍.കെ.ജി. അധ്യാപിക സൗരിയത്തിനെതിരെ കേസെടുത്തു.
അധ്യാപക ശാക്തീകരണം 23നും 24നും


പെരിന്തല്‍മണ്ണ: മേലാറ്റൂര്‍, പെരിന്തല്‍മണ്ണ വിദ്യാഭ്യാസ ഉപജില്ലകളില്‍ എല്‍.പി, യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്ക് വെള്ളി ശനി ദിവസങ്ങളില്‍ അധ്യാപക ശാക്തീകരണ പരിശീലനം നടത്തും. വെള്ളിയാഴ്ച മുസ്‌ലിം സ്‌കൂളുകളിലെയും ശനിയാഴ്ച ജനറല്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കായിരിക്കും പരിശീലനം.


വെള്ളിയാഴ്ചത്തെ പരിശീലനകേന്ദ്രങ്ങളും പങ്കെടുക്കേണ്ടവരും: എരവിമംഗലം എ.എം.യു.പി.എസ്: പെരിന്തല്‍മണ്ണ ഉപജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍. മേലാറ്റൂര്‍ എ.എം.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് നാല് ക്ലാസുകളിലെ അധ്യാപകര്‍. പെരിന്തല്‍മണ്ണ എ.ഇ.ഒ. ഓഫീസിലെ അക്കാദമിക് ഹാള്‍: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ എല്‍.പി. അറബിക് അധ്യാപകര്‍. എരവിമംഗലം എ.എം.യു.പി.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ യു.പി. വിഭാഗം മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്റര്‍: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ ബേസിക് സയന്‍സ് അധ്യാപകര്‍.


ശനിയാഴ്ചയിലെ കേന്ദ്രങ്ങളും പങ്കെടുക്കേണ്ടവരും: ചെറുകര എ.യു.പി.എസ്: പുലാമന്തോള്‍, ഏലംകുളം പഞ്ചായത്തുകളിലെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍. പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി.എസ്: താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകര്‍. കക്കൂത്ത് ജി.എം.എല്‍.പി.എസ്: താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍. പട്ടിക്കാട് ജി.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകര്‍. ചെമ്മാണിയോട് ജി.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകരും എല്‍.പി. അറബിക് അധ്യാപകരും. പെരിന്തല്‍മണ്ണ എ.ഇ.ഒ. ഓഫീസിലെ അക്കാദിക് ഹാള്‍: പെരിന്തല്‍മണ്ണ ഉപജില്ലയിലെ എല്‍.പി. അറബിക് അധ്യാപകര്‍. പട്ടിക്കാട് ജി.എല്‍.പി.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ യു.പി. വിഭാഗം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍. പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജി.എം.എല്‍.പി.എസ്: മേലാറ്റൂര്‍, പെരിന്തല്‍മണ്ണ ഉപജില്ലകളിലെ അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ സോഷ്യല്‍ സയന്‍സ്, മാത്‌സ് അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്റര്‍: പെരന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ ബേസിക് സയന്‍സ് അധ്യാപകര്‍.

Tuesday, September 20, 2011

ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളാക്കി ഉയര്‍ത്താന്‍ നടപടി

 21 Sep 2011
തൊടുപുഴ: ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. പ്രാരംഭ നടപടി എന്ന നിലയില്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ എ.ഇ.ഒ.മാര്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണം, അടിസ്ഥാനസൗകര്യങ്ങള്‍, ഇപ്പോഴുള്ള അധ്യാപകരുടെ യോഗ്യത എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്.

എ.ഇ.ഒ.മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതനുസരിച്ചായിരിക്കും സ്‌കൂളുകളായി ഉയര്‍ത്തുന്ന നടപടി. സംസ്ഥാനത്ത് നിലവിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളെ സ്‌കൂളുകളായി ഉയര്‍ത്തുന്നതുസംബന്ധിച്ച വിജ്ഞാപനം അടുത്തകാലത്താണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് എസ്.എസ്.എ.യില്‍ നിന്ന് ഇത്തരം സ്‌കൂളുകളുടെ നടത്തിപ്പുസംബന്ധിച്ച് കാര്യങ്ങള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലേക്ക് മാറ്റി. ഡി.ഡി.യുടെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോള്‍ എ.ഇ.ഒ.മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ജില്ലയില്‍ 87 ഏകാധ്യാപക വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പോതമേട് വിദ്യാലയം പുതിയ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ള വിദ്യാലയങ്ങളിലാണ് എ.ഇ.ഒ.മാര്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ മികച്ച റിപ്പോര്‍ട്ട് ലഭിക്കുന്ന വിദ്യാലയങ്ങള്‍ സ്‌കൂളുകളായി ഉയര്‍ത്തും. അടുത്തടുത്ത് ഇത്തരം വിദ്യാലയങ്ങളുണ്ടെങ്കില്‍ അവയെ സംയോജിപ്പിച്ചാവും സ്‌കൂളുകളാക്കുക.

ഇപ്പോള്‍ ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ താത്കാലിക അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. അധ്യാപകര്‍ക്ക് നിശ്ചിതയോഗ്യതയുണ്ടെങ്കില്‍ സ്‌കൂളായി ഉയര്‍ത്തുമ്പോള്‍ ഇത്തരക്കാര്‍ക്ക് ജോലിസ്ഥിരത ലഭിക്കാന്‍ സാധ്യതയുണ്ട്. അവരുടെ യോഗ്യകൂടി പരിഗണിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിക്കുന്നത് ഇതിനാണ്.

ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളായി ഉയര്‍ത്തുമ്പോള്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യങ്ങളും ലഭിക്കും. ആദിവാസിക്കുടികള്‍ ധാരാളമുള്ള ഇടുക്കി ജില്ലയില്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കണക്കാക്കുന്ന

അധ്യാപകപാക്കേജിന്റെ നേട്ടം മാനേജുമെന്റുകള്‍ക്കായി -എന്‍.പി.ടി.എ.
: 21 Sep 2011

കോഴിക്കോട്: ജോലിനഷ്ടപ്പെട്ടവരും നിയമനാംഗീകാരം ലഭിക്കാത്തവരുമായ അധ്യാപകരുടെ ദുരിതം അകറ്റാന്‍ വേണ്ടി പ്രഖ്യാപിച്ച പാക്കേജ് ഇപ്പോള്‍ മാനേജ്മന്റുകള്‍ക്കുള്ളതായി മാറിയെന്ന് നോണ്‍പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതികുറ്റപ്പെടുത്തി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1: 30 ആയികുറയ്ക്കുബോള്‍ ഉണ്ടാവുന്ന അധിക തസ്തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് ജോലിനഷ്ടപ്പെട്ട അധ്യാപകര്‍ക്ക് നിയമനം നല്‍കുമെന്നായിരുന്നു മുന്‍തീരുമാനം. ഇപ്പോള്‍ ഈ തസ്തികകളില്‍ മാനേജുമെന്റുകള്‍ക്ക് നിയമനം നടത്താന്‍ അധികാരം നല്‍കുന്നതിലൂടെ പാക്കേജ് തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. പി. എം. അഷ്‌റഫ്, എ. ശിവദാസന്‍, വി.കെ. വിനോദ്, സി.രജനി, കെ. സുബിദ, കെ. വി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

നാടന്‍പാട്ടിന് പുത്തന്‍ ആവിഷ്‌കാരവുമായി കുട്ടിസംഘം

സമൂഹത്തില്‍ നിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടിന് പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ കുട്ടിസംഘം ക്ലബ്ബ് തുടങ്ങി. ആരക്കുന്നം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ആര്‍ട്‌സ് ക്ലബ്ബ് വിദ്യാര്‍ത്ഥികളാണ് നാടന്‍പാട്ട് അവതരണത്തിനായി പുതിയ ക്ലബ്ബ് തുടങ്ങിയത്.സമൂഹത്തില്‍ നാടന്‍പാട്ടിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കുട്ടികള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമങ്ങളിലും മറ്റും നടത്തിയിരുന്ന കൊയ്ത്ത് ഉത്സവങ്ങളിലും ആഘോഷങ്ങളിലും അവതരിപ്പിച്ചിരുന്ന പാട്ടുകള്‍ അതേ രൂപത്തില്‍ തന്നെയാണ് വേദിയിലെത്തിക്കുന്നത്.

പഴയ വേഷങ്ങള്‍ ധരിച്ച് ഉപകരണങ്ങളുമായി പാടങ്ങളുടെയും ഉത്സവപ്പറമ്പുകളുടെയും പശ്ചാത്തലം ഒരുക്കിയാണ് കുട്ടികള്‍ എത്തുന്നത്.നാടന്‍ പാട്ട് അവതാരകന്‍ എം.എ. സുരേന്ദ്രനാഥ് ആണ് കുട്ടികളെ പാട്ടുകളും ഉപകരണ പ്രയോഗവും പഠിപ്പിക്കുന്നത്. സിനിമ-സീരിയല്‍ ഛായാഗ്രാഹകന്‍ ശിവദാസ് എടയ്ക്കാട്ടുവയല്‍ ആണ് വേദിയില്‍ പശ്ചാത്തലം ഒരുക്കുന്നത്. ആര്‍ട്‌സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന്‍ ജിനു ജോര്‍ജ്, പ്രിന്‍സിപ്പല്‍ പ്രീത ജോസ്, വിദ്യാര്‍ത്ഥികളായ അമല്‍ പൗലോസ്, ജോസ്‌വിന്‍ ജോഷി, അപര്‍ണ ചന്ദ്രന്‍, ബിനില എം.എസ്, അഭിരാം, ബിബിന്‍ ബേബി തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 
കായികാധ്യാപകനെ മാറ്റിയതില്‍ പ്രതിഷേധം; കല്ലാനോട് ഹൈസ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു

കൂരാച്ചുണ്ട്: അന്‍പത് വര്‍ഷത്തോളമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ചരിത്രത്തിലാദ്യമായി സമരത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചു.

കായികരംഗത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച നേട്ടം കൈവരിച്ച കായികാധ്യാപകനെ മയിലള്ളംപാറ യു.പി. സ്‌കൂളിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് കല്ലാനോട് യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കിയത്.

ചൊവ്വാഴ്ച ഹൈസ്‌കൂള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്‌കൂള്‍ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ തീരുമാനമായില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളും അധ്യാപകരുമായി ചര്‍ച്ച നടത്തി പ്രശ്‌നം വീണ്ടും വെള്ളിയാഴ്ച ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

കാരണമില്ലാതെ സ്ഥലം മാറ്റിയ കായികാധ്യാപകനെ ഈ അധ്യയനവര്‍ഷം തീരുന്നതുവരെയെങ്കിലും ഈ സ്‌കൂളില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. വര്‍ഷങ്ങളായി ഇരുവിഭാഗം അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Monday, September 19, 2011

പത്തുവരെ ഇനി തോല്‍വിയില്ല


: 20 Sep 2011


സാധ്യായദിവസം 220 ആക്കും
അഞ്ചാംക്ലാസിലെ പഠനഭാരം കുറയ്ക്കണം
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാന കമ്മീഷന്‍


തിരുവനന്തപുരം : പത്താംക്ലാസ് വരെ ഇനി തോല്‍ക്കാതെ പഠിക്കാം. മൂന്നാംക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലും ഓള്‍ പ്രൊമോഷന്‍ നല്‍കണമെന്ന് നിര്‍ദേശം. നിലവില്‍ ഒന്നും രണ്ടും ക്ലാസില്‍ മാത്രമാണ് ഇതുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എസ്.എസ്.എയുടെ പ്രോഗ്രാം അംഗീകാര ബോര്‍ഡ് ഈ നിര്‍ദേശത്തിന് അനുമതി നല്‍കുകയും കഴിഞ്ഞദിവസം അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇ ഗ്രേഡ് ലഭിക്കുന്നവരെ തോല്പിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. നിരന്തര മൂല്യനിര്‍ണയം പരിഷ്‌കരിച്ചും അധ്യാപനം മെച്ചപ്പെടുത്തിയും ആരും തോല്‍ക്കാത്ത സ്ഥിതിയില്‍ കൊണ്ടെത്തിക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാകുന്നതോടെ സ്‌കൂള്‍തലത്തില്‍ ആരും തോല്‍ക്കാത്ത സ്ഥിതിയുണ്ടാകണമെന്നതാണ് എസ്.എസ്.എ. മുന്നോട്ടുവെച്ചിരിക്കുന്ന ശുപാര്‍ശ.

സംസ്ഥാനത്തെ സാധ്യായ ദിവസങ്ങള്‍ എല്‍.പിയില്‍ 200 ഉം യു.പിയില്‍ 220 ഉം ആക്കി കൂട്ടണമെന്നാണ് മറ്റൊരു നിര്‍ദേശം. അല്ലെങ്കില്‍ 1000 മണിക്കൂറെങ്കിലും ഉണ്ടാകണം. ഇപ്പോള്‍ 180 ദിവസത്തില്‍ കൂടുതല്‍ അധ്യയനം നടക്കാറില്ല. 200 ദിവസം ലക്ഷ്യമിടാറുണ്ടെങ്കിലും പലവിധത്തിലുള്ള അവധികള്‍ വരുന്നതിനാല്‍ 175 ദിവസത്തില്‍ കൂടുതല്‍ സാധ്യായ ദിവസങ്ങള്‍ വരാറില്ല. കേരളത്തില്‍ നിലവില്‍ എല്‍.പി, യു.പി. ക്ലാസുകള്‍ക്ക് സാധ്യായ ദിവസങ്ങളില്‍ വ്യത്യാസവുമില്ല.

അഞ്ചാം ക്ലാസ്എല്‍.പിയിലേക്ക് മാറ്റണമെന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദേശം അടിയന്തരമായി നടപ്പാക്കണം. അഞ്ചാംക്ലാസ് യു.പി.യിലായതിനാല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, പരിസ്ഥിതി എന്നിവ പ്രത്യേകമായി പഠിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ക്ലേശകരമാണ്. അഞ്ചാംക്ലാസ് എല്‍. പിയിലാക്കിയാല്‍ ഈ വിഷയങ്ങള്‍ ഒന്നായി പഠിച്ചാല്‍ മതിയാകും. കുട്ടികളുടെ പഠനക്ലേശം ലഘൂകരിക്കാന്‍കൂടി അഞ്ചാംക്ലാസ് എല്‍.പിയിലേക്ക് മാറ്റി ഘടനാമാറ്റം നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് 130 പ്രൈമറിയുടെയും രണ്ട് യു.പിയുടെയും കുറവുണ്ടെന്നാണ് കണക്ക്. ഇത് നികത്തണം. കൂടാതെ 118 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളാക്കുകയും വേണം. വിദ്യാഭ്യാസ അവകാശന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി വിദ്യാലയങ്ങള്‍ ആക്കാന്‍ കഴിയും. അധ്യാപകര്‍ക്കുള്ള അഭിരുചി പരീക്ഷ ഉടന്‍ ഏര്‍പ്പെടുത്തുക, ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുക, അധ്യാപക പരിശീലനത്തിനുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ ക്ലസ്റ്റര്‍ തലത്തില്‍ ആരംഭിച്ച് പരിശീലകരെ നിയമിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

-mathrubhumi

നെയില്‍ പോളിഷും സുഗന്ധ സ്പ്രേകളും വേണ്ട,

  -ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാതൃക
19-Sep-2011
പയ്യന്നൂര്‍ : "ഞാന്‍ ജീവിതത്തില്‍ നെയില്‍ പോളിഷും സുഗന്ധ സ്പ്രേകളും ഉപയോഗിക്കില്ല" പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ച് ഓസോണ്‍ ദിനത്തില്‍ ചെറുതാഴം ഗവ. ഹയര്‍സെക്കഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞ. സ്കൂളിലെ മഴത്തുള്ളി പരിസ്ഥിതി ക്ലബ്, സീഡ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാക്കുന്ന ഹൈഡ്രോ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ പുറംതള്ളുന്ന നെയില്‍ പോളിഷും സുഗന്ധസ്പ്രേകളും ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്. കുടകള്‍ക്ക് മുകളില്‍ ഓസോണ്‍സംരക്ഷണ മുദ്രാവാക്യങ്ങള്‍ എഴുതിയും പോസ്റ്റര്‍ രചിച്ചും ഓസോണ്‍ദിനാചരണ സന്ദേശം കൈമാറി. പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിന ശാസ്ത്രക്ലാസ് നടത്തി. ശാസ്ത്രജ്ഞന്‍ കെ വി രവീന്ദ്രന്‍ ക്ലാസെടുത്തു. വൈ വി വിജയന്‍ , രാജേഷ്, കെ കെ അതുല്യ എന്നിവര്‍ സംസാരിച്ചു. 
മുന്തിരിക്ക് പുളിതന്നെ! കുറുക്കന് കംപ്യൂട്ടറിലും രക്ഷയില്ല

മലപ്പുറം: കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കുറുക്കനെ മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുനവര്‍ ഒരിക്കല്‍ക്കൂടി ചാടിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഇത്തവണത്തെ ചാട്ടം. പക്ഷേ, ഇത്തവണയും രക്ഷയുണ്ടായില്ല. മുന്തിരി പുളിക്കുമെന്ന വിശ്വവിഖ്യാത കമന്റുമടിച്ച് മുനവറിന്റെ കുറുക്കനും ഓടിയകന്നു. ഐടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ഓണക്കാല അനിമേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് കുറുക്കന്റേതടക്കമുള്ള അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചത്. മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും പ്രമുഖരുടെ കവിതകളും കുട്ടികള്‍ക്ക് ചലിക്കുന്ന ചിത്രങ്ങളുടെ വിഷയമായി. പ്രകൃതിഭംഗിക്കും കുട്ടിക്കഥകള്‍ക്കുമപ്പുറം ക്രിയാത്മകമായ വിമര്‍ശങ്ങളും സന്ദേശങ്ങളുമുണ്ട്. കുഴിയിലകപ്പെട്ട ഉറുമ്പിന് തുമ്പി രക്ഷയായ കഥയ്ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകളിലുള്ള മരത്തിന്റെ വിഷമവും ചിത്രമായി. നിലാവില്‍ കുളിച്ച പുഴയിലൂടെ തെന്നിനീങ്ങുന്ന പായ്ക്കപ്പലും പട്ടം പറത്തികളിക്കുന്ന കുട്ടിയും പൂന്തേന്‍ തേടി പറക്കുന്ന പൂമ്പാറ്റയുമെല്ലാം വിദ്യാര്‍ഥികളുടെ ഭാവനക്കനുസരിച്ച് ചിറകുവിരിച്ചു. മഴു പുഴയില്‍പ്പോയ മരംവെട്ടുകാരന്‍ ദാമുവിന് മുന്നില്‍ വനദേവത പ്രത്യക്ഷപ്പെടുന്നതും വരംനല്‍കിയതും അവതരിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കാതെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്ക് കൂട്ടുന്ന ജനക്കൂട്ടത്തെ കുട്ടികള്‍ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്നു. മണ്ണും മരങ്ങളും പുഴകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വിരല്‍ചൂണ്ടുന്നു. മലപ്പുറം കേന്ദ്രത്തില്‍ പരിശീലനംനേടിയ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അനിമേഷന്‍ ചിത്രങ്ങള്‍ ംംം.രെവീീഴഹല.ിലേ.ശി എന്ന വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകളിലെ 12,000 കുട്ടികള്‍ ഓണാവധിക്കാലത്ത് അനിമേഷന്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. 412 കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്. സ്വതന്ത സോഫ്റ്റ്വെയറും കെ-ടൂണ്‍ , ജിമ്പ് സോഫ്റ്റ് വെയറുകളും ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവ വെബ്സൈറ്റിലും വിക്ടേഴ്സ് ചാനലിലും പ്രദര്‍ശിപ്പിക്കുമെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
 
ഐടി അറിവ് പകര്‍ന്ന് പൂമാല സ്കൂളില്‍ അനിമേഷന്‍ ക്യാമ്പ്

മൂലമറ്റം: പഠന പ്രവര്‍ത്തനങ്ങളിലെ മികവ് വിപുലപ്പെടുത്തി ഐടി അറിവ് സ്വായത്തമാക്കാന്‍ പൂമാല ഗവ. ട്രൈബല്‍ സ്കൂളില്‍ നടന്നുവന്ന നാലുദിവസത്തെ അനിമേഷന്‍ ക്യാമ്പ് സമാപിച്ചു. ഐടി അറ്റ് സ്കൂളിന്റെ സഹായത്തോടെ നടന്ന ക്യാമ്പില്‍ ആറ് സ്കൂളുകളില്‍നിന്നായി 230 കുട്ടികള്‍ പങ്കെടുത്തു. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് കുട്ടികള്‍ കാര്‍ട്ടൂര്‍ സിനിമകള്‍ ചിത്രീകരിക്കുകയും പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കുട്ടികള്‍തന്നെ തിരക്കഥയെഴുതിയാണ് ഓരോ ഫ്രെയിമും ചിത്രീകരിച്ചത്. പുകവലിയുടെ ദൂഷ്യം അനാവരണം ചെയ്ത് തയ്യാറാക്കിയ "ദി കില്ലര്‍" സിനിമയും പ്രകൃതിയോടുള്ള അഗാധമായ പ്രണയം വിളിച്ചറിയിച്ചുകൊണ്ട് പ്രകൃതിസ്നേഹം വളര്‍ത്തുന്ന "ലൈഫ് ഓഫ് ഫ്ളവര്‍" എന്ന ലഘുചിത്രവും കുട്ടികളുടെ അഭിരുചിയും സാമര്‍ഥ്യവും വിളിച്ചോതുന്നതായിരുന്നു. ടെക്നോ ലോകത്തെ ചിലന്തികള്‍ എന്ന ചിത്രവും കൂടുതല്‍ മികവ് പുലര്‍ത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിസ്റ്റം മാത്രം ഉപയോഗിച്ചാണ് പരിശീലനവും ചിത്രീകരണവും നടന്നത്. ജില്ലയില്‍ നടന്നതില്‍ കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും പരിശീലനത്തിന്റെ ഉള്ളടക്കവും പൂമാല ക്യാമ്പിനെ ശ്രദ്ധേയവും മാതൃകാപരവുമാക്കി. പൂമാല സ്കൂളിലെ ഇരുപതിലധികം അധ്യാപകര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. പരിശീലനത്തിന്റെ സമാപനത്തില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം, മികച്ച കാര്‍ട്ടൂണ്‍ സിനിമയ്ക്ക് സമ്മാനവിതരണവും നടന്നു. കലയന്താനി സ്കൂളിലെ അര്‍ജുന്‍ തയ്യാറാക്കിയ ലൈഫ് ഓഫ് ഫ്ളവര്‍ , ജയറാണി സ്കൂളിലെ ജിയോ വര്‍ക്കി, ജിനോ വര്‍ക്കി എന്നീ ഇരട്ട സഹോദരന്‍മാര്‍ നിര്‍മിച്ച കാര്‍ട്ടൂണ്‍ സിനിമയും മികച്ചവയായി തെരഞ്ഞെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ നാസര്‍ നിര്‍വഹിച്ചു. വിവര സാങ്കേതിക വിദ്യ ഇന്ന്, ഇന്നലെ, നാളെ എന്ന വിഷയത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി ക്ലാസെടുത്തു. രശ്മി എം രാജ്, സെലിന്‍ , റെറ്റി എന്നിവരും കുട്ടികളില്‍നിന്ന് ഉജിത്, സ്റ്റെഫിന്‍ , അഭിനവ്, അമീന്‍ എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കി. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടകസമിതി പ്രവര്‍ത്തിച്ചു. സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജിയാണ് ക്യാമ്പിന് ചുക്കാന്‍ പിടിച്ചത്.

Sunday, September 18, 2011

ഐ.ടി. പരിശീലനം: വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിന്റെ അഭിനന്ദനം

: 19 Sep 2011 തിരുവനന്തപുരം: ഐ.ടി. അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാഴ്ചശക്തിയില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്ട്‌വേറില്‍ ഐ.ടി. പരിശീലനം നല്‍കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര മാനവശേഷി വകുപ്പിന്റെ അഭിനന്ദനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കറിനയച്ച അഭിനന്ദന കത്തില്‍ കേന്ദ്ര മാനവശേഷി വകുപ്പ് സെക്രട്ടറി അന്‍ഷു വൈഷ് അറിയിച്ചു. ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്തിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കാഴ്ചശക്തിയില്ലാത്ത 238 അധ്യാപകരാണ് 


പരിശീലനം പൂര്‍ത്തീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കാഴ്ചശക്തിയില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ക്ലസ്റ്റര്‍ രൂപത്തില്‍ പരിശീലനം നടത്താനുള്ള പദ്ധതിയും ഐ.ടി. അറ്റ് സ്‌കൂള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കെ.എസ്.ആര്‍.ടി.സി. കുത്തനെ കൂട്ടി

ആലപ്പുഴ: ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സി. വിദ്യാര്‍ഥികളുടെ യാത്രാനിരക്കും കുത്തനെ കൂട്ടി. മുന്‍ നിരക്കിനെ അപേക്ഷിച്ച് 21 ശതമാനം മുതല്‍ 87.5 ശതമാനംവരെയാണ് കണ്‍സെഷന്‍ നിരക്ക് വര്‍ധന. നിരക്കുവര്‍ധന നിലവില്‍വന്ന ആഗസ്ത് എട്ടുമുതലുള്ള തീയതി കണക്കാക്കി മുന്‍കാലപ്രാബല്യത്തോടെ കൂട്ടിയ നിരക്ക് കണ്‍സെഷന്‍ കാര്‍ഡ് പുതുക്കാനെത്തുന്ന വിദ്യാര്‍ഥികളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ബസ്ചാര്‍ജ് വര്‍ധനയ്ക്ക് ആനുപാതികമായിട്ടാണ് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടിയിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഇതുസംബന്ധിച്ച് അപാകം നിലനില്‍ക്കുകയാണ്.

മൂന്നുമാസം വീതമാണ് കെ.എസ്.ആര്‍.ടി.സി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നത്. അതനുസരിച്ച് മൂന്നുമാസത്തേക്കുള്ള മിനിമം നിരക്ക് 75 രൂപയാണ്. ഇതില്‍ മാറ്റം വരുത്താതെയാണ് മറ്റ് പോയിന്റുകളില്‍ വന്‍ വര്‍ധന വരുത്തിയിട്ടുള്ളത്. 90 രൂപ, 105 രൂപ കണ്‍സെഷന്‍ നിരക്ക് 150 രൂപയായി ഉയര്‍ത്തി. 66.67 ശതമാനം വരെയാണ് നിരക്കുവര്‍ധന. ബസ് ചാര്‍ജ് അഞ്ചുരൂപയും ആറുരൂപയും വരുന്ന റൂട്ടുകളിലാണ് വിദ്യാര്‍ഥികള്‍ ഇത്രയധികം തുക നല്‍കേണ്ടത്. 120, 165 രൂപ കണ്‍സെഷനുകള്‍ 225 രൂപയായിട്ടാണ് ഉയര്‍ത്തിയത്. 87.5 ശതമാനമാനംവരെ തുക ഇവിടെ ഉയര്‍ന്നു. ഇവിടെ സാധാരണ ബസ് ചാര്‍ജ് ഏഴു രൂപയും ഒന്‍പത് രൂപയുമാണ്.


195, 240 കണ്‍സെഷന്‍ നിരക്കുകള്‍ 300 രൂപയായി കൂട്ടി. 53.84 ശതമാനംവരെ വര്‍ധനയുണ്ടായി. 11 രൂപയും 13 രൂപയും ബസ്ചാര്‍ജുള്ള സ്ഥലങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഈ നിരക്ക് നല്‍കേണ്ടത്. 255, 300 കണ്‍സെഷന്‍ നിരക്കുകള്‍ 375 രൂപയായി കൂട്ടി. 47.05 ശതമാനംവരെ വര്‍ധനയുണ്ടായി. 15 രൂപയും 16 രൂപയും സാധാരണ ബസ്ചാര്‍ജുള്ള സ്ഥലങ്ങളിലാണ് ഈ നിരക്ക്. 330, 375 കണ്‍സെഷന്‍ നിരക്കുകള്‍ 450 ആയും (വര്‍ധന 36.36 ശതമാനംവരെ) 420, 465 കണ്‍സെഷന്‍ നിരക്കുകള്‍ 525 രൂപയായും (വര്‍ധന 25 ശതമാനം വരെ) ആണ് ഉയര്‍ന്നത്. 40 കിലോമീറ്റര്‍വരെ യാത്ര ചെയ്യുന്നതിനുള്ള വിദ്യാര്‍ഥികളുടെ കുറഞ്ഞനിരക്ക് നേരത്തെ 495 രൂപയായിരുന്നു. ചാര്‍ജ് വര്‍ധനയോടെ ഇത് 600 രൂപയായി. 21 ശതമാനമാണ് നിരക്കുവര്‍ധന. കുറഞ്ഞദൂരത്തില്‍ യാത്രചെയ്യേണ്ട വിദ്യാര്‍ഥികളാണ് കൂടുതല്‍ പണം നല്‍കേണ്ടി വരിക.


വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതോടെ പാഴ്‌വാക്കായി. കെ.എസ്.ആര്‍.ടി.സി. യുടെ നടപടിക്കെതിരെ ആലപ്പുഴയില്‍ ചില രക്ഷിതാക്കള്‍ മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് കുത്തനെ കൂട്ടിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.


ചാനലുകളിലെ കൗതുകക്കാഴ്ച വിരല്‍ത്തുമ്പിലാക്കി കുട്ടികള്‍

തൃക്കരിപ്പൂര്‍ : കാര്‍ട്ടൂണ്‍ ചാനലുകളിലെ അനിമേഷന്‍ സിനിമകളില്‍ നേരംകളയുന്ന കുരുന്നുകള്‍ക്ക് വിട. ചാനലുകളില്‍ കൗതുകത്തോടെ നോക്കിയിരിക്കുന്ന കാര്‍ട്ടൂണ്‍ സിനിമ സ്വയം നിര്‍മിച്ച് അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുക്കിയത് ഐ ടി അറ്റ് സ്കൂളാണ്. അനിമേഷന്‍ സിനിമ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിചയപ്പെടുത്താനും അത് വഴി തൊഴില്‍പരമായ സാധ്യതകള്‍ കുട്ടികള്‍ക്ക് തുറന്ന് നല്‍കാനുമാണ് ഐടി അറ്റ് സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിച്ചത.് സര്‍ക്കാര്‍ , എയ്ഡഡ് ഹൈസ്കൂളില്‍ നിന്നും അഞ്ചുവീതം കുട്ടികളാണ് പങ്കെടുത്തത്. സ്വതന്ത്ര സോഫ്റ്റ്വെയറായ കെടൂണ്‍ ആണ് ഉപയോഗിക്കുന്നത്. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായി ഇരുന്നൂറോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശീലനം നല്‍കും.

Saturday, September 17, 2011

വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കി വിശ്വകര്‍മദിനം ആചരിച്ചു

 18 Sep 2011

മങ്കൊമ്പ്: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിശാഖ വിശ്വകര്‍മദിനാചരണം നടത്തിയത് വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കിക്കൊണ്ട്. വെളിയനാട് 1317 ാം നമ്പര്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായാണ് ഗവ.എല്‍.പി.ജി.സ്‌കൂളില്‍ പുതിയഡെസ്‌ക്കും ബെഞ്ചും നിര്‍മിച്ച് നല്‍കുകയും കേടുവന്നവയുടെ അറ്റകുറ്റപ്പണികള്‍ ശ്രമദാനമായി നടത്തുകയും ചെയ്തത്.

രാവിലെ 9 മുതല്‍ ശാഖയിലെ അംഗങ്ങളായ ഇരുപത്തഞ്ചോളം മരപ്പണി ചെയ്യുന്ന ചെറുപ്പക്കാരാണ് ഉപകരണനിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഏര്‍പ്പെട്ടത്. 1912 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗേള്‍സ് എല്‍.പി.സ്‌കൂളില്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി ചെയ്യാത്ത ഉപകരണങ്ങളാണുള്ളത്. നശിച്ചുകിടന്ന 30 ബെഞ്ച്, 12 ഡെസ്‌ക്ക്, 10 മേശ, ക്ലാസ്‌റൂമുകളുടെ ജനല്‍പ്പാളികള്‍, കതക്, കട്ടള എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചസംഘം വൈകീട്ട് 4ന് പണി അവസാനിപ്പിക്കുമ്പോള്‍ സ്‌കൂളിലേക്ക് മൂന്ന് ചാരുബെഞ്ചുകള്‍ അധികമായി നിര്‍മിച്ചുനല്‍കിയിരുന്നു. ശാഖയിലെ മരപ്പണി തൊഴിലാളികളായ സുരേഷ്‌കുമാര്‍, മനോജ്, മജേഷ്, സുനീഷ്, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, അഭിലാഷ്, സന്തോഷ്, ശ്രീജിത്ത്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ നടന്നത്.


ശാഖാപ്രസിഡന്റ് കെ.എം.ശശിധരന്‍, സെക്രട്ടറി സുഭാഷ്‌കുമാര്‍ എന്നിവര്‍ ഉപകരണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശാഖയിലെ വനിതാ സമാജം പ്രവര്‍ത്തകരായ ലീലമ്മ, ഗീത, ജയലക്ഷ്മി, സുമ, ശ്രീകല, സരസ്വതി, തങ്കമണി, ജിജി, മഞ്ജു, അനിത എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു. വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ശാഖാംഗങ്ങളുടെ ശ്രമദാനപ്രവര്‍ത്തനങ്ങളെ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ തോമസ് അഭിനന്ദിച്ചു.
ഐ.ടി. പരിശീലനത്തില്‍ നിറഞ്ഞുനിന്നത് അമ്മമാര്‍
പടന്ന: ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ മുന്‍പന്തിയില്‍ അമ്മമാര്‍. പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ആദ്യബാച്ചില്‍ പങ്കെടുത്ത പതിനാറുപേരും അമ്മമാരായിരുന്നു.


ഇതുവരെ കമ്പ്യൂട്ടര്‍ തൊട്ടുനോക്കിയിട്ടുപോലുമില്ലാത്ത കര്‍ഷകത്തൊഴിലാളികളും ഉമ്മമാരുമായിരുന്നു ഒരു ദിവസംമുഴുവന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിച്ചത്. തുടര്‍ന്നുള്ള അവധിദിവസങ്ങളിലും പരിശീലനം തുടരും. സ്റ്റുഡന്റ് ഐ.ടി. കൊ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിശീലനച്ചുമതല. പി.ടി.എ. പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

പഠനനിലവാരമുയര്‍ത്താന്‍ ഇനി മാനേജ്‌മെന്റ് കമ്മിറ്റിയും

കാസര്‍കോട്: വിദ്യാലയങ്ങളില്‍ പഠന നിലവാരമുയര്‍ത്താന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി)നിലവില്‍ വരുന്നു. വിദ്യാര്‍ഥി പ്രതിനിധിയായി സ്‌കൂള്‍ ലീഡറടക്കമുള്ളവര്‍ ഇതില്‍ അംഗങ്ങളാകും എന്നത് ഈ കമ്മിറ്റിയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ രൂപവത്കരണം ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ സ്‌കൂളുകളിലുണ്ടാകും. ഇതിനായി അധ്യാപകര്‍ക്കും മറ്റുമായി പഞ്ചായത്ത് തലത്തില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (പി.ടി.എ)നിലനില്‍പ്പ് കെ.ഇ.ആര്‍ ഭേദഗതിക്കനുസൃതമായിട്ടായിരിക്കും തീരുമാനിക്കുക. പി.ടി.എ യും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അടക്കമുള്ളവയുടെ പൂര്‍ണ്ണമായ രൂപരേഖ തയ്യാറായിട്ടില്ലെന്ന് സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ശശികുമാര്‍ പറഞ്ഞു.

രണ്ടു വര്‍ഷം കാലാവധിയുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പരമാവധി 16 അംഗങ്ങളാണ് ഉണ്ടാവുക. 750 ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ 20 അംഗങ്ങളാകാം. മദര്‍ പി.ടി.എ. ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ 75 ശതമാനം കമ്മിറ്റിയില്‍ വേണമെന്ന് നിര്‍ബന്ധമാണ്. ബാക്കിയുള്ള 25 ശതമാനത്തില്‍ വാര്‍ഡ് അംഗം, പ്രധാനാധ്യാപകന്‍, അധ്യാപകര്‍,സ്‌കൂള്‍ ലീഡര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടും. കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീകളായിരിക്കണം. രക്ഷിതാക്കളില്‍ നിന്നാണ് ചെയര്‍പേഴ്‌സണ്‍, വൈസ ്‌ചെയര്‍പേഴ്‌സണ്‍ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. എയ്ഡഡ് സ്‌കൂളില്‍ സ്‌കൂള്‍ മാനേജരോ അദ്ദേഹത്തിന്റെ നോമിനിയോ ആയിരിക്കും ചെയര്‍പേഴ്‌സണ്‍. പ്ലസ്ടു വരെയുളള സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കും കണ്‍വീനര്‍. ഹെഡ് മാസ്റ്റര്‍ ജോയിന്റ് കണ്‍വീനര്‍ ആയിരിക്കും. ക്വാറത്തിന്റെ ഭാഗമാണെങ്കിലും വോട്ടവകാശമില്ലാത്ത മൂന്ന് വിദഗ്ദ്ധരും കമ്മിറ്റിയില്‍ ഉണ്ടാകും. വിദ്യാര്‍ഥി സംരക്ഷണം, ആരോഗ്യപരിപാലനം അടക്കമുള്ള വിഷയങ്ങളില്‍ ഈ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ തേടാം. രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചേരണം.

22 ബഡ്‌സ് സ്‌കൂളുകള്‍ക്ക് കുടുംബശ്രീ വക മിനിബസ്സുകള്‍ നല്‍കി

മലപ്പുറം: ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 22 ബഡ്‌സ് സ്‌കൂളുകള്‍ക്ക് കുടുംബശ്രീ മിഷന്‍ വഴി മിനിബസ്സുകള്‍ നല്‍കി. സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് നടപ്പാക്കിയ പദ്ധതിയില്‍, വാഹനങ്ങളുടെ താക്കോല്‍ദാനകര്‍മം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പ്രസംഗിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, കൗണ്‍സിലര്‍ കല്ലുവളപ്പില്‍ ആശ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സി.കെ.എ റസാഖ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. ബാബു എന്നിവര്‍ സംബന്ധിച്ചു. എ. ജയകുമാര്‍ സ്വാഗതവും കുടുംബശ്രീമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ആര്‍. മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം, എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ചെല്ലാനം, ആലങ്ങാട്, കടുങ്ങല്ലൂര്‍, എഴിക്കര, കുന്നുകര, വേങ്ങൂര്‍, അശമന്നൂര്‍, പല്ലാരിമംഗലം, കോഴിക്കോട്ടെ ചോറോട്, ഒഞ്ചിയം, ഏറാമല, വില്യാപ്പള്ളി, കാസര്‍കോട് ജില്ലയിലെ എന്‍മകജെ, മുളിയാര്‍, കാറടുക്ക, കയ്യൂര്‍ ചീമേനി, പുല്ലൂര്‍ പെരിയ, കള്ളാര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക്, കാസര്‍കോട്ടെ നീലേശ്വരം നഗരസഭ എന്നിവയ്ക്കുമാണ് വാഹനങ്ങള്‍ നല്‍കിയത്.

പഠനവൈകല്യ പരിഹാരത്തിന് മാര്‍ഗം പകര്‍ന്ന് 'സ്‌പര്‍ശം' വാര്‍ഷികം

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ പഠനവൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പഠനവൈകല്യ ക്ലിനിക്കിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. തിരൂരങ്ങാടി താലൂക്ക് ആസ്​പത്രി, പരപ്പനങ്ങാടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. പരപ്പനങ്ങാടി സി.ആര്‍.സിയില്‍ ആണ് ഒന്നിടവിട്ട ആഴ്ചകളില്‍ ക്ലിനിക്ക് നടക്കുന്നത്. 2010-11 അധ്യാന വര്‍ഷത്തില്‍ 432 വിദ്യാര്‍ഥികളാണ് ക്ലിനിക്കിലെത്തിയത്. 25 വിദ്യാര്‍ഥികളില്‍ പഠനവൈകല്യം കണ്ടെത്തി. മറ്റുള്ളവരെ അവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പക്കലേക്കയയ്ക്കുകയും ചെയ്തു.

പ്രദേശത്തെ അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസുകള്‍, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍, യോഗ, ധ്യാനം എന്നിവ ക്ലിനിക്കിന്റെ ഭാഗമാണ്.


'സ്​പര്‍ശം 2011' വാര്‍ഷികാഘോഷ, ശില്‍പശാലയില്‍, ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ അമ്മമാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എഴുത്തിലും പെരുമാറ്റത്തിലും കുട്ടികളേറെ മെച്ചപ്പെട്ടതായി അവര്‍ സാക്ഷ്യപ്പെടുത്തി.


കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇംഹാന്‍സിലെ ഡോ. സുഷമ, ഡോ സാദിഖ് എന്നിവര്‍ ക്ലാസെടുത്തു. പരപ്പനങ്ങാടി ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.കെ. ദിലീപ് വര്‍മ രാജ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജനപ്രതിനിധികളായ ഫിറോസ് കള്ളിയില്‍, എം.എ. ഖാദര്‍, കല്ല്യാണി രാമചന്ദ്രന്‍, വി.പി. അഹമ്മദ്കുട്ടി ഹാജി, സീനത്ത് അലിബാപ്പു, കാരിക്കുട്ടി, വി.പി. സൈതലവി, കെ.ടി.സഫിയ, കെ.പി. ഷാഹിന, ഉദ്യോഗസ്ഥരായ വി.സി. സതീശന്‍, ഡോ. ശ്രീബിജു, അബ്ദുള്‍ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.വി. ജമീല സ്വാഗതവും കെ. ഹസ്സന്‍ നന്ദിയും പറഞ്ഞു.


വിദ്യാര്‍ഥിയെ അടിച്ചതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്

ഒറ്റപ്പാലം: നഗരത്തിലെ അണ്‍ എയിഡഡ് ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്പിച്ചതായി പരാതി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ മലയത്തുംകുഴിയില്‍ മുജീബ്‌റഹ്മാന്റെ മകന്‍ എം.കെ. ജാഷിഫിനാണ് (11) ചൂരല്‍കൊണ്ട് കാലിനും കൈക്കും അടിയേറ്റ് ഒറ്റപ്പാലം താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രധാനാധ്യാപിക പങ്കജത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

നാലാംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ ഹിന്ദിഅധ്യാപികകൂടിയായ പങ്കജം ഹോംവര്‍ക്ക്‌ചെയ്യാത്തതിനാണ് അടിച്ചതെന്ന് ജാഷിഫ് പറഞ്ഞു. വെള്ളിയാഴ്ചഉച്ചയ്ക്ക് പ്രധാനാധ്യാപികയുടെ മുറിയില്‍വെച്ചാണ് സംഭവം.


മാധ്യമ വിമര്‍ശം വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം -മന്ത്രി തിരുവഞ്ചൂര്‍
കോട്ടയം: വിദ്യാഭ്യാസരംഗം ഗുണമേന്മയിലെത്തിക്കാന്‍ മാധ്യമങ്ങളുടെ വിമര്‍ശം ആവശ്യമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അന്ധകാരത്തിലാഴ്ത്തിയിരുന്നു. അതിന്റെ മോചനത്തിനായി യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായതിന്റെ ഫലമാണ് പുതിയ വിദ്യാഭ്യാസ പാക്കേജ് -മന്ത്രി കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി.യു. സംസ്ഥാന സമിതി സംഘടിപ്പിച്ച 'പൊതുവിദ്യാഭ്യാസവും മാധ്യമങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സംസ്ഥാന പ്രസിഡന്റ് ജെ. ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. സാജു മാത്യു വിഷയം അവതരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ പി.കെ. ജയചന്ദ്രന്‍, മനോരമ സീനിയര്‍ സബ് എഡിറ്റര്‍ വി. വേണുഗോപാല്‍, ഡോ. ഹരി ലക്ഷ്മീന്ദ്രകുമാര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ജി.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദിന്‍, ഭാരവാഹികളായ ടി.എസ്. സലിം, കെ. സുരേഷ്‌കുമാര്‍, അഡ്വ. ടോമി കല്ലാനി, എം.ഒ. നാരായണന്‍, ആര്‍. മുരളീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.ഐ.ടി.യുഗത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണംനടവയല്‍: ഐ.ടി.യുഗത്തിലെ സാധ്യതകള്‍ കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച വിവരവിനിമയ സാങ്കേതികവിദ്യ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റി പോലുള്ള വന്‍ പദ്ധതികള്‍ വരുമ്പോള്‍ വയനാട്ടിലെ കുട്ടികള്‍ പിന്‍തള്ളപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.


പി.ടി.എ. പ്രസിഡന്റ് ഷാന്റി ചേനപ്പാടി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജെയിംസ് കുന്നത്തേട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സ്‌കൂള്‍ ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍ വി.ജെ.തോമസ് കുട്ടികള്‍ നിര്‍മിച്ച ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനംചെയ്തു. പ്രധാനാധ്യാപകന്‍ എം.എം.ടോമി, സാലിഷാജി, എം.കെ.ജോണ്‍, രാജന്‍ നായര്‍, എന്‍.യു.ടോമി, സി.വി.രതീഷ് സംസാരിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ക്ലാസെടുത്തു. കുട്ടികള്‍ നിര്‍മിച്ച ആനിമേഷന്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു.

Friday, September 16, 2011

വിദ്യാഭ്യാസ പാക്കേജ് ഗവ.സ്കൂളിലേക്ക് 2500 ഓളം പേര്‍; സംരക്ഷിതരെ പിന്‍വലിക്കുംതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പാക്കേജിന്‍െറ ഭാഗമായി 2500ഓളം പേരെ സര്‍ക്കാര്‍ സ്കൂളില്‍ നിയമിക്കും. അതേസമയം, നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷിത പദവിയുള്ള 1564 പേരെ സ്കൂളുകളില്‍ നിന്ന് തിരിച്ചുവിളിക്കും. അവരെ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റും. എയ്ഡഡ് അധ്യാപകരായ 10,503 പേരുടെ നിയമനപ്രശ്നം പരിഹരിക്കാനായാണ് സര്‍ക്കാര്‍ പാക്കേജ് തയാറാക്കിയത്.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30ഉം 1:35ഉം ആക്കിയാണ് സ്കൂളുകളില്‍ കൂടുതല്‍ ഒഴിവുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലാകില്ല സര്‍ക്കാര്‍ സ്കൂളിലെ നിയമനം എന്നാണ് സൂചന. 100ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പിയിലും 150ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പിയിലും പ്രധാനാധ്യാപകനെ ക്ളാസ്ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. പ്രധാനാധ്യാപകന്‍െറ പകരക്കാരനായി അധ്യാപകനെ നിയമിച്ചായിരിക്കും ഇത് നടപ്പാക്കുക. ആയിരത്തോളം ഒഴിവുകള്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഈ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും.
കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമിക്കുന്ന സ്പെഷലിസ്റ്റ് അധ്യാപക തസ്തികകളിലാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ബാക്കി നിയമനം നടത്തുക. ഇത് 1500ഓളം ഒഴിവുകളുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, സ്പെഷലിസ്റ്റ് വിഭാഗത്തില്‍ മൂന്നുതരം അധ്യാപകരെ നിയമിക്കാം. ഒരു സ്കൂളില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കാനാണ് സാധ്യത. എന്നാല്‍ മൂന്ന് അധ്യാപകരെനിയമിക്കുന്നുവെങ്കില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടും. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ സ്കൂളില്‍ നിയമിക്കപ്പെടുന്നവരുടെ എണ്ണത്തിലും അവസാന കണക്കായിട്ടില്ല.
തസ്തിക നഷ്ടം വന്നിട്ടും സംരക്ഷിത പദവിയുള്ളതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ അവിടെ നിന്ന് പിന്‍വലിക്കും. 1564 അധ്യാപകര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ മാതൃ സ്കൂളില്‍ ഒഴിവുണ്ടെങ്കില്‍ അവിടെ നിയമിക്കും. ഇല്ളെങ്കില്‍ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റും. ഇതോടെ സര്‍ക്കാര്‍ സ്കൂളില്‍ ഇത്രയും ഒഴിവുകള്‍ സൃഷ്ടിക്കപ്പെടും.

മാധ്യമം