Saturday, September 24, 2011

പത്തില്‍ ചരിത്രം ഒഴിവാക്കുന്നു, അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്കരിച്ചു

: 25-Sep-2011
പയ്യന്നൂര്‍ : പത്താം ക്ലാസിലെ പാഠപുസ്തകങ്ങളില്‍നിന്ന് ചരിത്രം ഒഴിവാകുന്നു. കാല്‍ക്കൊല്ല പരീക്ഷയില്‍ ചരിത്രത്തില്‍നിന്ന് ചോദ്യങ്ങളില്ല. ഭൂമിശാസ്ത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് സ്കൂളുകളില്‍ ലഭിച്ച അനൗദ്യോഗിക നിര്‍ദേശം. സബ്ജില്ലയിലെ സാമൂഹ്യശാസ്ത്രം അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നിറങ്ങി ധര്‍ണ നടത്തി. തുടര്‍ന്ന് അധികാരികള്‍ക്ക് നിവേദനവും നല്‍കി.
166 പേജുള്ള സാമൂഹ്യശാസ്ത്രത്തിന്റെ ഒന്നാം ഭാഗം സ്കൂള്‍ അധ്യയനവര്‍ഷത്തിന്റെ നാല് മാസം പിന്നിടുമ്പോഴും പഠിപ്പിച്ചിട്ടില്ല. ആദ്യ അധ്യായം "ആധുനിക ലോകത്തിന്റെ ഉദയം" എന്നാണ്. ഇതില്‍ മധ്യകാല മതപുരോഹിതര്‍ ലോകത്തിന് അറിവ് പകര്‍ന്നവര്‍ക്കുനേരെ നടത്തിയ പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് സഭയ്ക്കുനേരെയുള്ള അവഹേളനമാണെന്ന് പറഞ്ഞ് പാഠഭാഗം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ബാബുപോള്‍ കമീഷന്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ പത്താം ക്ലാസില്‍ ചരിത്രം പഠിപ്പിക്കേണ്ടെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പെടുത്തതെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകരടക്കം പരിശീലനത്തില്‍നിന്നിറങ്ങി പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു. ടി വി അനീഷ്, എം കുഞ്ഞികൃഷ്ണന്‍ , വി കെ കമലാക്ഷന്‍ , കെ കെ സിന്ധുമോള്‍ , കെ കെ വിനോദ്കുമാര്‍ എന്നി


ഷോളയൂര്‍ സ്‌കൂള്‍ ഇനി ഹൈടെക്‌





ഷോളയൂര്‍: കേരളത്തിലെ ഹൈടെക് നഗരങ്ങള്‍ക്കുപോലും കഴിയാതെപോയ അസൂയാര്‍ഹമായ നേട്ടം അട്ടപ്പാടിക്ക്. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയ ആദ്യത്തെ സര്‍ക്കാര്‍സ്‌കൂളെന്ന പേര് ഇനി അട്ടപ്പാടിയിലെ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം. സ്‌കൂളിലെ ആയിരത്തോളം ആദിവാസിക്കുട്ടികളുടെ ഇ-മെയില്‍ വിലാസം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ശനിയാഴ്ച വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു.
സ്‌കൂളിന്റെ ചരിത്രവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങളും മറ്റും അടങ്ങുന്നതാണ് വെബ്‌സൈറ്റ്. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സാഹിത്യരചനകളും ഫോട്ടോഗാലറിയുമെല്ലാം ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്പന. സ്മാര്‍ട്ട്‌സ്‌കൂളിന്റെഭാഗമായി സൗജന്യ ലാപ്‌ടോപ്പ് വിതരണംചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.


ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന്റെ ചെലവ് വിതരണംചെയ്യണം





മലപ്പുറം: ഓണപ്പരീക്ഷയ്ക്കാവശ്യമായ ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയതിന്റെ ചെലവുകള്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഓണപ്പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയെ്തടുത്ത് ആവശ്യമുള്ള ഫോട്ടോസ്റ്റാറ്റെടുക്കാനാണ് പ്രധാനാധ്യാപകര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇതിന് വരുന്ന ചെലവുകള്‍ എസ്.എസ്.എ വഹിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ എസ്.എസ്.എ നല്‍കുമെന്ന് പറഞ്ഞിട്ടുള്ള തുക വളരെ കുറവാണ്. ഒരു പേജിന് ഒരുരൂപയെങ്കിലും കിട്ടിയാലേ പരീക്ഷാ സംബന്ധമായ ചെലവുകളുടെ കടം വീട്ടാനാവൂ.


ഓണത്തിന് കുട്ടികള്‍ക്കുള്ള അരിവിതരണം പല വിദ്യാലയങ്ങളിലും നടന്നിട്ടില്ല. സിവില്‍സപ്ലൈസ് ഡിപ്പോകളിലും മാവേലിസ്റ്റോറുകളിലും അരി സ്റ്റോക്കില്ലാത്തതാണ് കാരണം. ഉച്ചഭക്ഷണവിതരണവും പലയിടത്തും അരി കിട്ടാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഉടന്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് പി.എ. ഉബൈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സെയ്തലവി, കെ. അബ്ദുല്‍ലത്തീഫ്, എന്‍.കെ. അബ്ദുള്ള, കെ.പി.എസ്.എം തങ്ങള്‍, എ.കെ. ഹംസത്ത്, എം. അബ്ദുസ്സമദ് എന്നിവര്‍ പ്രസംഗിച്ചു.




അധ്യാപകര്‍ ധര്‍ണ നടത്തി

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ ധര്‍ണ നടത്തി. 2004നുശേഷം സര്‍വീസില്‍ കയറിയവരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ തുടക്കശമ്പള സ്കെയിലുകള്‍ ഉയര്‍ത്തുക, കഴിഞ്ഞവര്‍ഷം ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക തസ്തിക അനുവദിച്ച് ശമ്പളം നല്‍കുക, പ്രിന്‍സിപ്പല്‍ തസ്തിക അധിക തസ്തികയായി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ. സിവില്‍സ്റ്റേഷനുമുമ്പില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി രഘു അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ശശീന്ദ്രന്‍ , പി രജനി, പി കെ സതീശ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ രഘുനാഥ് സ്വാഗതവും കെ സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

No comments: