Posted on: 16 Sep 2011
തിരുവനന്തപുരം: അധ്യാപക പാക്കേജ് പ്രാവര്‍ത്തികമാകുന്നതോടെ, രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കുന്നതിന് ഒരു ക്ലാസില്‍ 40 കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയേക്കും. 35 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്ന് അഭി്ര്രപായം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും 40 അടിസ്ഥാനമാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. അങ്ങനെ വരുമ്പോള്‍ ഫലത്തില്‍ ഒരു ഡിവിഷനില്‍ 20 കുട്ടികളേ ഉണ്ടാകൂ.
2010-11 ല്‍ സര്‍വീസിലുണ്ടെങ്കില്‍ സുരക്ഷിതരായി എന്നതാണ് പാക്കേജ്മൂലം അധ്യാപകര്‍ക്ക് ഉണ്ടാകുന്ന ഗുണം. 2011 മാര്‍ച്ച് 31 ന് മുമ്പ് ഉണ്ടായ ഒഴിവാണെങ്കില്‍ അതിനുശേഷം നിയമിതരായവര്‍ക്കും സര്‍വീസില്‍ തുടരാം. ഈ കാലയളവിനുശേഷം നിയമിതരായവര്‍ക്ക് 2014 ജൂണ്‍വരെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടിവരും. പാക്കേജ് നടപ്പാകുന്നതോടെ, പുതിയ നിയമനം രണ്ട് വര്‍ഷത്തേക്ക് നടക്കില്ലെന്ന് കരട് പാക്കേജില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
നടപ്പ് അധ്യയന വര്‍ഷം ജൂണില്‍ എടുത്ത കുട്ടികളുടെ കണക്കാണ് അടിസ്ഥാനരേഖയായി നിശ്ചയിക്കുക. കുട്ടികള്‍ കൂടിയാല്‍ ഡിവിഷന്‍ വര്‍ദ്ധനയ്ക്കനുസരിച്ച് അധ്യാപകരെ നിയമിക്കാന്‍ അനുവാദം നല്‍കും. എന്നാല്‍ കുട്ടികള്‍ കുറഞ്ഞാല്‍ പാക്കേജിലൂടെ അംഗീകാരം കിട്ടിയവര്‍ക്ക് ജോലി നഷ്ടപ്പെടില്ല. കാരണം പാക്കേജ് നടപ്പാകുന്നതോടെ അംഗീകാരമുള്ള അധ്യാപകര്‍ മാത്രമേ സ്‌കൂളുകളിലുണ്ടാകൂ. ഇതേസമയം തീരെ കുറയുന്നിടത്ത് നിലവിലുള്ള അധ്യാപകര്‍ വിരമിക്കുന്ന സ്ഥാനങ്ങളില്‍ പകരം നിയമനത്തിന് അംഗീകാരം നല്‍കണമോയെന്ന കാര്യം ഇനിയും നിശ്ചയിച്ചിട്ടില്ല.
പാക്കേജ് മന്ത്രിസഭ അംഗീകരിക്കുന്നതോടെ, കെ. ഇ ആറിലും മാറ്റം വരുത്തേണ്ടിവരും. നിയമത്തില്‍ മാറ്റം വന്നാലേ ഈ നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയൂ.
തലയെണ്ണല്‍ ഇനിയുണ്ടാകില്ല. എന്നാല്‍ പകരം സംവിധാനമായി കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖ വരുന്നുണ്ട്. ഈ രേഖ വന്നുകഴിഞ്ഞാല്‍ ഒരു സ്‌കൂളിലെ കുട്ടികളെ മറ്റൊരു സ്‌കൂളില്‍ പഠിക്കുന്നതായി രേഖയുണ്ടാക്കി അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് തടയാനാകും. പ്രൊട്ടക്ഷന്‍ പ്രശ്‌നം പാക്കേജ് നടപ്പിലാകുന്നതോടെ ഇല്ലാതാകും എന്നതാണ് ഗുണകരം. നിലവില്‍ സര്‍വീസില്‍ ഉള്ളവര്‍ സുരക്ഷിതരാകും. ഇപ്പോള്‍ പ്രൊട്ടക്ഷനിലൂടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ടീച്ചേഴ്‌സ് ബാങ്കിലേക്ക് വരും. അവരവരുടെ സ്‌കൂളിലോ, അധികമായി ഉണ്ടാകുന്ന അധ്യാപക തസ്തികകളിലോ അവര്‍ക്ക് നിയമനം ലഭിക്കും.
അനുപാതം കുറച്ചതിലൂടെ അധികമായി ഉണ്ടാകുന്ന അധ്യാപക തസ്തികകളില്‍ മുഴുവന്‍ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്നായിരുന്നു കരടിലെ നിര്‍ദേശം. എന്നാല്‍ മാനേജ്‌മെന്റുകള്‍ വഴങ്ങാതെ വന്നതിനെതുടര്‍ന്നാണ് ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളില്‍ ഓരോന്നില്‍ ബാങ്കില്‍ നിന്ന് നിയമനം നടത്താമെന്ന ഒത്തുതീര്‍പ്പിലേക്ക് സര്‍ക്കാര്‍ വഴങ്ങിയത്. ഇനിമുതലുണ്ടാകുന്ന ഒഴിവുകള്‍ വിജ്ഞാപനം ചെയ്യണമെന്ന നിര്‍ദേശത്തോടും മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ താമസിക്കുമെന്നായിരുന്നു ഇതിന് മാനേജ്‌മെന്റുകള്‍ നിരത്തിയ ന്യായം. ഈ തര്‍ക്കത്തില്‍ കുടുങ്ങി പാക്കേജ് അനിശ്ചിതത്വത്തിലായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പോംവഴി നിര്‍ദേശിച്ചത്. മാനേജ്‌മെന്റുകള്‍ ഒഴിവ് നികത്താന്‍ അനുമതി ചോദിച്ചാല്‍ 48 മണിക്കൂറിനകം അത് നല്‍കാമെന്ന വ്യവസ്ഥ അദ്ദേഹം മുന്നോട്ടുവയ്ക്കുകയായിരുന്നു. അംഗീകാരമില്ലാത്ത തസ്തികകളിലേക്ക് നിയമനം നടത്തുന്ന രീതിക്ക് ഇത് മൂലം തടയിടാനാകും. സര്‍ക്കാര്‍ അനുമതിയോടെ നിയമിതരാകുന്നതിനാല്‍ പിന്നീട് അംഗീകാരം ചോദ്യം ചെയ്യപ്പെടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
പതിനായിരത്തില്‍പ്പരം അധ്യാപകര്‍ക്കാണ് പാക്കേജ് മൂലം നിയമനാംഗീകാരം ലഭിക്കുക. അധിക തസ്തികളിലേക്ക് നിയമനം നല്‍കുക, പരിശീലനത്തിന് നിശ്ചിത ശതമാനം അധ്യാപകരെ സ്ഥിരമായി നിയോഗിക്കുക, ഹെഡ്മാസ്റ്റര്‍മാരെ അധ്യാപനചുമതലയില്‍നിന്ന് ഒഴിവാക്കി പകരം തസ്തിക സൃഷ്ടിക്കുക എന്നിങ്ങനെയാണ് പാക്കേജില്‍ അധ്യാപകരെ ഉള്‍ക്കൊള്ളാന്‍ വഴികണ്ടെത്തിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം പണം നല്‍കിയാലേ പാക്കേജ് വിജയിക്കൂ. അനുപാതം കണക്കാക്കുന്നത് സ്‌കൂള്‍ തലത്തില്‍ വേണമെന്നാണ് കേന്ദ്ര നിയമം. എന്നാല്‍ സംസ്ഥാനത്ത് ഇത് ക്ലാസ് അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേകമായി കേന്ദ്രം ഇളവ് നല്‍കിയാലേ പദ്ധതി പ്രാവര്‍ത്തികമാകൂ.
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര; ബസ്സുകളില്‍ നോട്ടീസ് പതിച്ചു
ആലപ്പുഴ: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്രചെയ്യുന്നതിനായി സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നോട്ടീസ് രൂപത്തില്‍ സ്വകാര്യബസ്സുകളില്‍ പതിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമുണ്ടെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പോളിടെക്‌നിക്, ഐ.ടി.ഐ. എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ സപ്തംബര്‍ 20ന് മുമ്പ് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും നോട്ടീസ്സില്‍ പറയുന്നു.
സര്‍വകലാശാല അംഗീകരിച്ച കോഴ്‌സുകള്‍ക്ക് പാരലല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും സൗജന്യനിരക്കില്‍ യാത്ര ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പോലീസ്സിന്റെ ക്രൈം സ്റ്റോപ്പര്‍ നമ്പറില്‍ (1090) വിളിക്കാം. കൂടാതെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും നോട്ടീസ്സില്‍ പതിച്ചിട്ടുണ്ട്.
ചേര്‍ത്തല 8547639171, ചെങ്ങന്നൂര്‍ 8547639169, മാവേലിക്കര 8547639170, കായംകുളം 8547639168, ആലപ്പുഴ 8547639143.
അടച്ചുപൂട്ടിയ തോട്ടങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരവിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഉപ്പുതറ:അടച്ചുപൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സമ്പൂര്‍ണ്ണ പോഷകാഹാരവിതരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്സില്‍ നടക്കും. പീരുമേട് ടീ കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി എസ്റ്റേറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത്. എന്നാല്‍, തോട്ടംമേഖലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച കഴിഞ്ഞവര്‍ഷം വരെ ആനുകൂല്യം ലഭിച്ച തോട്ടങ്ങള്‍കൂടി പരിഗണിക്കുന്നതിനാല്‍ പീരുമേട് താലൂക്കിലെ ഭൂരിഭാഗം സ്‌കൂളുകളിലെയും മുഴുവന്‍ കുട്ടികള്‍ക്കും പദ്ധതി പ്രയോജനപ്പെടും.
നിലവിലുള്ള ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്ന പാല്‍, മുട്ട എന്നീ പോഷകാഹാരങ്ങള്‍ക്കു പുറമെ, ഓരോ ദിവസം കണക്കാക്കി ഒരു ഗ്ലാസ് പാല്‍, ഒരു നേന്ത്രപ്പഴം, മുട്ട, കടലമിഠായി എന്നിങ്ങനെയാണ് നല്‍കുന്നത്. നിലവിലുണ്ടായിരുന്ന പോഷകാഹാരം ഉച്ചഭക്ഷണം നല്‍കുന്ന കുട്ടികള്‍ക്ക് മാത്രമായിരുന്നു. പുതിയ പദ്ധതിയുടെ പ്രയോജനം, സ്‌കൂളില്‍ പഠിക്കുന്ന ഒന്നുമുതല്‍ 12 വരെയുള്ള എല്ലാ കുട്ടികള്‍ക്കും ലഭിക്കും.
16ന് രാവിലെ 10ന് ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്യും. ഉപ്പുതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രമോഹന്‍ദാസ് അധ്യക്ഷയായിരിക്കും. ജില്ലാപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി.തോമസ് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാഭ്യാസ-ആരോഗ്യ-തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
കുട്ടികള്‍ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത് - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
കളമശ്ശേരി: ജീവിക്കാനുള്ള അവകാശമെന്നാല്‍ പട്ടിണിയില്ലാതെ ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള അവകാശമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. കളമശ്ശേരി നിയോജകമണ്ഡലത്തില്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന അക്ഷയ ഉച്ചഭക്ഷണ പദ്ധതി കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുള്ളതാണ്. അത് നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം പൂര്‍ണമായ സ്വാതന്ത്ര്യമില്ലാതാക്കും. പട്ടിണി കിടക്കുന്ന ഒരുശിശുവോ, കുട്ടിയോ ഉണ്ടാകാന്‍ പാടില്ല. കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സുഖമായി ഭക്ഷണം കഴിച്ച് വിദ്യാഭ്യാസം നേടാനുള്ള സൗകര്യമൊരുക്കണം.
നമുക്ക് മുതിര്‍ന്നവര്‍ക്ക് പട്ടിണികിടക്കാം. എന്നാലും ഒരു കുട്ടിപോലും പട്ടിണി കിടക്കരുത്. പട്ടിണികിടന്ന് എന്ത് വിദ്യാഭ്യാസം നേടാനാണ്. ഏതെങ്കിലും ഒരു കുട്ടി ഭക്ഷണം കിട്ടാതെ കരയുകയാണെങ്കില്‍ ഞാനും കരയും. നമ്മുടെ അയല്‍ക്കാരന്റെ പട്ടിണി നമ്മുടെ പട്ടിണിയായി കാണണമെന്നും ജസ്റ്റിസ് പറഞ്ഞു.
ആദ്യ സംഭാവന മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് കൈമാറി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ 190 'പഠനവീടു'കളുടെ ഉദ്ഘാടനം 19ന്
പാലക്കാട്: ജില്ലയില്‍ എസ്.സി./എസ്.ടി. ന്യൂനപക്ഷവിഭാഗങ്ങളില്‍ പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ 190 പഠനവീടുകള്‍ ഒരുങ്ങുന്നു.
ഓരോ പഞ്ചായത്തിലും രണ്ട് സെന്റര്‍ ഉണ്ടാവും. ഓരോ പഠനവീടിനും 10,000 രൂപവീതം 19 ലക്ഷം രൂപ വിതരണംചെയ്തിട്ടുണ്ട്. പഠനവീടിന്റെ ഔദ്യോഗിക ഉദ്ഘാടനം 19ന് ശേഖരീപുരം ഗ്രന്ഥശാലാഹാളില്‍ നടക്കുമെന്ന് എസ്.എസ്.എ. പ്രോജക്ട് ഓഫീസര്‍ ലീലാമ്മ വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ കെ.ജി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനക്കൂട്ടായ്മയാണ് പഠനവീട്. സംസ്ഥാനത്തുതന്നെ ആദ്യമായി പദ്ധതിനടപ്പാക്കുന്നത് പാലക്കാട്ടാണ്. ക്ലാസ്മുറിയിലും വിദ്യാലയത്തിലും ഒറ്റപ്പെടുന്ന കുട്ടികളെ പഠനതാത്പര്യമുള്ളവരാക്കുകയാണ് പ്രധാനലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം വൈകീട്ട് നാലിന് പാലക്കാട് നഗരസഭാചെയര്‍മാന്‍ അബ്ദുള്‍ഖുദ്ദൂസ് നിര്‍വഹിക്കും.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം
ബത്തേരി: പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മീനങ്ങാടിയില്‍ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിച്ചു. മാനന്തവാടി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി കെ രേശ്മ ഏറ്റുവാങ്ങി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ , ജില്ലാ പഞ്ചായത്ത് അംഗം ബീനവിജയന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ഇ വിനയന്‍ , പി വാസുദേവന്‍ , എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ കച്ചവടനയങ്ങള്‍ക്കെതിരെ അണിചേരുക: കണ്‍വന്‍ഷന്‍
മലപ്പുറം: വിദ്യാഭ്യാസരംഗം മൂലധനശക്തികള്‍ക്ക് തീറെഴുതുന്ന നയങ്ങള്‍ക്കെതിരെ പ്രതിരോധമുയരണമെന്ന് ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ മേഖലപോലും കുത്തകകളുടെ കൈകളില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. കേരള വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസം മൂലധന താത്പര്യങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവായിരിക്കും സമീപഭാവിയില്‍ വിദ്യാഭ്യാസരംഗം നേരിടാനിരിക്കുന്ന വലിയ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വിനര്‍ വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കെ സന്ദീപ് വിഷയാവതരണം നടത്തി. കെഎസ്ടിഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഉസ്മാന്‍ , കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ബദറുന്നീസ, സിപിഐ എം ജില്ലാസെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ , സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്‍ , സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ കെ ശശീന്ദ്രന്‍ സ്വാഗതവും എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ അബ്ദുറഹിം നന്ദിയും പറഞ്ഞു. കണ്‍വന്‍ഷനില്‍ കേരള വിദ്യാഭ്യാസസമിതി ജില്ലാ കമ്മിറ്റിക്ക് രൂപംനല്‍കി. ഭാരവാഹികള്‍ : പി കെ നാരായണന്‍ (ചെയര്‍മാന്‍), സി ഉസ്മാന്‍ , കെ സുന്ദരരാജന്‍ , വി പി അനില്‍ (വൈസ് ചെയര്‍മാന്‍), ടി കെ എ ഷാഫി, അഡ്വ. കെ കെ സമദ് (കണ്‍വീനര്‍).
No comments:
Post a Comment