Wednesday, September 7, 2011

മലയംപള്ളിയിലെ മതസൗഹാര്‍ദ്ദത്തിന്റെ ഓണമഹിമയ്ക്ക് ഒരു ദശാബ്ദം


08 Sep 2011


തിരൂരങ്ങാടി: മലയംപള്ളി കുടുംബത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഓണം മഹിമയ്ക്ക് പത്ത്‌വയസ്സ്. ജാതിമതഭേദമെന്യെ മുറ്റത്ത് പന്തലിട്ട് നടത്തുന്ന ഓണസ്സദ്യയാണ് ഇതില്‍ പ്രധാനം.അധ്യാപകനായ മലയംപള്ളി കൃഷ്ണകുമാറും കുടുംബവും എല്ലാ വര്‍ഷവും പൂരാടം നാളിലാണ് പരിപാടി നടത്തുന്നത്.

തിരൂരങ്ങാടി ഒ.യു.പി. സ്‌കൂളില്‍നിന്ന് വിരമിച്ച ശ്രീകുമാരന്‍ നായരുടെയും വെന്നിയൂര്‍ ജി.എം.യു.പി.എസിലെ റിട്ട. പ്രധാനാധ്യാപിക ലീലാവതിയുടെയും മകനാണ് കൃഷ്ണകുമാര്‍ എന്ന ബിജുമാഷ്.


തൃക്കുളം എ.എം.എല്‍.പി. സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം. ഭാര്യ: അനിത കക്കാട് ജി.എം.യു.പി. സ്‌കൂളില്‍ ജോലി ചെയ്യുന്നു.

മുസ്‌ലിങ്ങളായ അയല്‍ക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി 2002ലാണ് ആദ്യമായി ഓണസ്സദ്യ ഒരുക്കിയത്.

ബുധനാഴ്ച നടന്ന സദ്യയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. എല്ലാതവണയും സ്വന്തം നിലയ്ക്കാണ് കൃഷ്ണകുമാര്‍ സദ്യ ഒരുക്കാറ്. എന്നാല്‍ ഇത്തവണ ഇദ്ദേഹത്തിന്റെ ബന്ധുക്കളും ചേര്‍ന്നു.


ഊണ് കഴിഞ്ഞ് പോകുന്നവരെ അടുത്ത ഓണസ്സദ്യയ്ക്ക് മുന്‍കൂറായി ക്ഷണിക്കാനും മറക്കുന്നില്ല. കൃഷ്ണകുമാറിന്റെ അയല്‍ക്കാരും സുഹൃത്തുക്കളുമായ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. സക്കീന, നന്മ ജില്ലാ സെക്രട്ടറി കുഞ്ഞാലന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ ബുധനാഴ്ച നടന്ന സത്കാരത്തില്‍ പങ്കെടുത്തു. 
 
പൂവിളി' കാണുന്നവര്‍


ഓണാഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ 'പൂവിളി'യുടെ ദൃശ്യവിരുന്നുമായി ജഗതി ബധിരവിദ്യാലയം വീണ്ടും ശ്രദ്ധനേടിയിരിക്കുന്നു. ഓണപ്പാട്ടിന്റെ 'പൂവിളി 2011' എന്ന വീഡിയോ ആല്‍ബം നിര്‍മ്മിച്ചാണ് ഈ സ്‌കൂള്‍ അപൂര്‍വമായ ഓണവിരുന്ന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് സ്‌കൂള്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ലളിതമായ സംഗീത ആല്‍ബത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം പുതുമകളുള്ളൊരു ആല്‍ബം നിര്‍മ്മിച്ചത്.
ബി.എന്‍. ദീപക് എന്ന അധ്യാപകന്റെ നേതൃത്വത്തിലാണ് ശബ്ദമില്ലാത്ത കൗമാരക്കാരുടെ പരിമിതികള്‍ മറികടന്നുകൊണ്ട് ആല്‍ബം നിര്‍മ്മിച്ചത്.
സ്‌കൂളിലെ ജീവനക്കാരനായ ജയശങ്കര്‍ എഴുതിയ 'ആടിമാസം ഓടിയകന്നു, കാര്‍മേഘം പോയിമറഞ്ഞു.....' എന്ന ഓണപ്പാട്ടിന് ബി.എന്‍. ദീപക് തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശബ്ദമില്ലാത്തവരുടെ കലാശില്പത്തിന് ശബ്ദം നല്‍കാന്‍ എത്തിയത് പ്രശസ്ത ഗായകന്‍ വേണുഗോപാലും നവാഗത സിനിമാ ഗായിക നേഹയുമാണ്. ഇവര്‍ പാടി ഹൃദ്യമാക്കിയ ഗാനത്തിന് ദൃശ്യാവിഷ്‌കാരം നര്‍വഹിച്ചത് ബധിര വിദ്യാലയത്തിലെ അറുപതോളം കുട്ടികളാണ്. ഒരു നൃത്ത അധ്യാപികയെക്കൊണ്ടുവന്ന് കഴിവുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച ശേഷമാണ് അഭിനയിപ്പിച്ചത്.
വെള്ളനാട് മിത്രാനികേതന്‍ പരിസരത്തെ പച്ചവിരിച്ച വയലേലകളും തോട്ടുവരമ്പുകളും പൂഞ്ചോലകളും തണല്‍ പരപ്പുകളുമാണ് ഷൂട്ടിങ് ലൊക്കേഷനായി തിരഞ്ഞെടുത്തത്. വീഡിയോ സി.ഡി.യുടെ പ്രകാശനം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ആഴ്ച ആല്‍ബം സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് ദീപക് ബി.എന്‍. പറഞ്ഞു.
പഴയകാലത്തേക്കൊരു തിരിച്ചുപോക്കിന് വിദ്യാര്‍ഥിക്കൂട്ടം


പത്തനാപുരം:അന്യംനിന്നുകൊണ്ടിരിക്കുന്ന ഓണക്കളികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി വിദ്യാര്‍ഥികളുടെ കൂട്ടായ്മ. പട്ടാഴി നടുത്തേരി വരിക്കപ്ലാമൂട് കവല കേന്ദ്രീകരിച്ച് പ്രദേശത്തെ അമ്പതോളം വിദ്യാര്‍ഥികള്‍ രൂപംകൊടുത്ത വേദിക സാംസ്‌കാരികസമിതിയുടെ ലക്ഷ്യം പഴയകാല ഓണാഘോഷത്തിന്റെ പുനരാവിഷ്‌കരണമാണ്.

പഴമക്കാരുടെ മനസ്സില്‍ മായാതെ കിടന്ന പാട്ടുകള്‍ എഴുതിയെടുത്ത് ഈണമിട്ട് നാടന്‍പാട്ടുകളുടെ ശേഖരംതന്നെ അവരുണ്ടാക്കി. അവയ്ക്ക് ദൃശ്യാവിഷ്‌കരണവും ഒരുക്കി. മുളകൊണ്ടുള്ള വാദ്യോപകരണങ്ങള്‍ നിര്‍മ്മിച്ചു. തിരുവാതിര, പൂപ്പട, പുലികളി, കരടികളി, പശുവും പുലിയും കളി, കൊയ്ത്തുപാട്ട്, നാടോടിനൃത്തം തുടങ്ങിയവയെല്ലാം അവര്‍ക്കിന്ന് മനഃപാഠം. തിരുവോണദിവസം അരങ്ങേറ്റം നടത്താന്‍ ഒന്നരമാസമായി കരയോഗമന്ദിരത്തില്‍ പരിശീലനം നടത്തുകയായിരുന്നു എല്‍.കെ.ജി.മുതല്‍ എന്‍ജിനിയറിങ്‌വരെയുള്ള വിദ്യാര്‍ഥികള്‍. എല്ലാത്തിനും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിട്ട. അധ്യാപകന്‍ എം.രവീന്ദ്രന്‍ നായര്‍, രക്ഷാധികാരികൂടിയായ റിട്ട. ക്യാപ്റ്റന്‍ എന്‍.പി.മുരളീധരന്‍ നായര്‍, അജയന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ട്.
 
 
 
വിദ്യാഭ്യാസ പാക്കേജ്: ആശങ്കപ്പെടേണ്ടതില്ല; കെപിഎസ്ടിയു

കൊച്ചി: വിദ്യാഭ്യാസമേഖലയിലെ സംഘടനകളുമായി ചര്‍ച്ചചെയ്ത് സമന്വയത്തോടെ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ ചില സംഘടനകള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അസ്ഥാനത്താണെന്നും കെപിഎസ്ടിയു സംസ്ഥാന സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനത്തിന് നാന്ദിയാവുന്ന വിദ്യാഭ്യാസ പാക്കേജിന് തുരങ്കംവെയ്ക്കുന്ന ചില അധ്യാപക സംഘടനകളുടെ നടപടികള്‍ അപലപനീയമാണെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും അധ്യാപകരോടഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസപാക്കേജ്: മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങരുത് -എം. എസ്.എഫ്

കോഴിക്കോട്: മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി വിദ്യാഭ്യാസപാക്കേജില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്ന് എം. എസ്എഫ് ആവശ്യപ്പെട്ടു.

പാക്കേജിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്ന തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണം. അധ്യാപക, അനധ്യാപകനിയമനം പി. എസ്. സിക്കു വിടണമെന്നും സംസ്ഥാനപ്രസിഡന്റ് പി.കെ. ഫിറോസും, ജനറല്‍ സെക്രട്ടറി ടി.പി.അഷറഫലിയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
 
ടീച്ചേഴ്‌സ് ബാങ്ക് അംഗീകരിക്കില്ല - പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ്

മലപ്പുറം: റവന്യു ജില്ലാ തലത്തില്‍ ഇതുവരെ ജോലിചെയ്ത മുഴുവന്‍ അധ്യാപകരെയും എയ്ഡഡ് വിദ്യാലയങ്ങളില്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നും ടീച്ചേഴ്‌സ് ബാങ്ക് അംഗീകരിക്കേണ്ടതില്ലെന്നും കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. മാനേജ്‌മെന്റുകള്‍ക്കുള്ള അധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.  

വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി മാവേലി എത്തി


തൃക്കരിപ്പൂര്‍: ഓണസ്സദ്യയുണ്ണുന്ന കുട്ടികളുടെ ക്ഷേമമന്വേഷിച്ച് എത്തിയ കുട്ടി മാവേലിയും സംഘവും വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി. മൈത്താണി ജി.എല്‍.പി. സ്‌കൂളില്‍ മാവേലി പരിവാരസമേതമാണ് എത്തിയത്. ഓണാഘോഷപരിപാടികള്‍ക്ക് പ്രധാനാധ്യാപിക ഒ.ടി.സുഹ്‌റ, പി.ടി.എ. പ്രസിഡന്റ് ടി.തമ്പാന്‍ അധ്യാപകരായ എ.വി.ചന്ദ്രന്‍, രാധാമണി, സക്കീനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കുട്ടികള്‍ക്ക് ഓണമുണ്ണാനുള്ള ടണ്‍കണക്കിന് അരി  കെട്ടികിടക്കുന്നു.
ആലപ്പുഴ: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണമുണ്ണാനുള്ള ടണ്‍കണക്കിന് അരി സപ്ലൈകോ, എഫ്സിഐ ഗോഡൗണുകളിലും മാവേലിസ്റ്റോറുകളിലും കെട്ടികിടക്കുന്നു. ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടച്ചശേഷം അരി എത്തിച്ചതാണ് കാരണം. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഉച്ചഭക്ഷണം ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഓണത്തിന് അഞ്ചു കിലോ അരി നല്‍കുന്നത്. എഫ്സിഐ ഗോഡൗണില്‍ എത്തിക്കുന്ന അരി 56 സപ്ലൈകോ ഗോഡൗണുകള്‍ മുഖേന 1300ല്‍പരം മാവേലിസ്റ്റോറുകളിലൂടെയാണ് സ്കൂളുകള്‍ക്ക് നല്‍കുക. ഈ വര്‍ഷം 27,80,000 കുട്ടികള്‍ക്ക് അരി ലഭിക്കണം. ഭൂരിപക്ഷം സ്കൂളുകളിലും അരി നല്‍കിയിട്ടില്ല. ആഗസ്ത് 19നാണ് അരിവിതരണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് എഫ്സിഐ ഗോഡൗണില്‍നിന്ന് അരി എടുക്കുന്നതിന് നടപടി സ്വീകരിച്ചുവരുമ്പോഴേക്കും ഓണാവധിയായി. സപ്ലൈകോ കോഴിക്കോട്, പാലക്കാട് റീജണല്‍ ഓഫീസുകള്‍ക്കു കീഴിലുള്ള ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. ഇവിടെ പല ജില്ലകളിലേക്കുമുള്ള അരി എഫ്സിഐ ഗോഡൗണില്‍നിന്ന് എടുക്കാനുമായില്ല. കോഴിക്കോട് റീജണല്‍ ഓഫീസിനു കീഴില്‍ കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട്, വയനാട് ജില്ലകളും പാലക്കാട് റീജണു കീഴില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുമാണ്. സപ്ലൈകോ എറണാകുളം റീജണു കീഴിലുള്ള എറണാകുളം, ആലപ്പുഴ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആലപ്പുഴയില്‍ 227 സ്കൂളുകള്‍ക്ക് അരി നല്‍കാനുണ്ട്. ആലപ്പുഴ എഫ്സിഐ ഗോഡൗണില്‍നിന്ന് ആലപ്പുഴ ഡിപ്പോയില്‍ കൊണ്ടുവന്ന 103 ലോഡ് അരി കെട്ടികിടക്കുന്നു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തും വിതരണം ചില സ്കൂളുകളില്‍ ഒതുങ്ങി. കോട്ടയം റീജണു കീഴിലുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഭൂരിപക്ഷം സ്കൂളുകളിലും അരി ലഭിച്ചില്ല.

No comments: