Thursday, September 22, 2011

വിദ്യാഭ്യാസ പാക്കേജ്: കെ.എസ്.ടി.എ. പ്രക്ഷോഭത്തിലേക്ക്

: 23 Sep 2011

കൊല്ലം:വിദ്യാഭ്യാസ പാക്കേജ് 97 വരെ സംരക്ഷണമുണ്ടായിരുന്ന 72,000 അധ്യാപകരുടെ കൂടി ജോലിസ്ഥിരത ഇല്ലാതാക്കിയെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. തൊഴില്‍ സംരക്ഷിക്കാന്‍ കഴിയാത്ത പാക്കേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ മുന്നറിയിപ്പ് നല്‍കി.

പാക്കേജിനെ മാനേജര്‍മാര്‍ക്ക് കോഴ വാങ്ങാന്‍ സഹായിക്കുന്ന ഒന്നാക്കി മാറ്റി. പ്രൊട്ടക്ടഡ് അധ്യാപകരെ സംരക്ഷിക്കാനുള്ള 1:1 എന്ന അനുപാതവും ഇല്ലാതാക്കി. 10,503 അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. യു.പി.സ്‌കൂളില്‍ എട്ടാംക്ലാസ് വരുന്നതോടുകൂടി നിലവിലുള്ള പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ അധ്യാപകരായി തരംതാഴേ്ത്തണ്ടിവരും.

സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തികകള്‍ നിര്‍ത്തലാക്കി വിദ്യാഭ്യാസ ഓഫീസുകളില്‍ നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. കൂടാതെ സ്ഥിരം തസ്തികയിലുണ്ടായിരുന്ന ഇത്തരം അധ്യാപകരെ വിവിധ സ്‌കൂളുകളില്‍ വിന്യസിച്ച് തൊഴില്‍സ്ഥിരത ഇല്ലാത്തവരായി മാറ്റും. തസ്തികയില്ലാതെ ടീച്ചേഴ്‌സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കാന്‍ ധനകാര്യവകുപ്പും അക്കൗണ്ടന്റ് ജനറലും അനുവദിക്കാന്‍ സാധ്യതയില്ല. പുനര്‍വിന്യസിക്കാന്‍ കഴിയാത്ത പതിനായിരക്കണക്കിന് അധ്യാപകരാണ് പാക്കേജ് നടപ്പാക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്-ഷാജഹാന്‍ ചൂണ്ടിക്കാട്ടി.
ജൈവവൈവിധ്യങ്ങളുടെ പൊരുള്‍ തേടി കുട്ടികളുടെ യാത്ര

ചെറുവത്തൂര്‍: പ്രകൃതിയെ കണ്ടറിയാന്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ കൊങ്ങിണിച്ചാല്‍ കാവ്, കാനായി കാനം, മാടായിപ്പാറ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി.
ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദര്‍ശനവേളയില്‍ ഓരോ സ്ഥലത്തിന്റെയും പ്രാധാന്യവും സവിശേഷതകളും ആനന്ദ് പേക്കടം വിദ്യാര്‍ഥികള്‍ക്ക് വിവരിച്ചുകൊടുത്തു. എന്‍.എസ്.എസ്.
പ്രോഗ്രാം ഓഫീസര്‍ വി.മനോജ്, അധ്യാപകരായ വിവേക്, ചിത്രകല, ബേബി രഞ്ജിനി, രാജുമോന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വംനല്കി. 
 
മാതാപിതാക്കള്‍ക്ക് 'വെളിച്ച'മേകാന്‍ കൈപ്പുസ്തകം
ചെറായി: വിദ്യാഭ്യാസം ഇക്കാലത്ത് അനിവാര്യമാണന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

വൈപ്പിന്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ തീവ്ര വികസന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച 'വെളിച്ചം' പദ്ധതിയുടെ മുന്നൊരുക്കമായി എടവനക്കാട് എച്ച്‌ഐഎച്ച്എസ്എസില്‍ 'മാതാപിതാക്കളോട്' സന്ദേശപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം പുസ്തകം ഏറ്റുവാങ്ങി. എസ്. ശര്‍മ്മ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ വിജ്ഞാന വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ സിലബസിന് സഹായകരമായ നിലയിലാണ് 'വെളിച്ചം പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളതെന്ന് എസ്. ശര്‍മ എംഎല്‍എ അറിയിച്ചു.

മുന്‍ എംഎല്‍എ എം.കെ. പുരുഷോത്തമന്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ആര്‍. സുഭാഷ്, എം.ജെ. ടോമി, വിജയമോഹന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ആനന്ദവല്ലി ചെല്ലപ്പന്‍ (എടവനക്കാട്) ടി.ജി. വിജയന്‍ (കുഴുപ്പിള്ളി) ബിയാട്രീസ് (എളങ്കുന്നപ്പുഴ) ടാജി റോയി (നായരമ്പലം) എഡിഎം സുജാത എന്നിവര്‍ പ്രസംഗിച്ചു.

വെളിച്ചം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും.

പുസ്തകം തയ്യാറാക്കിയിരിക്കുന്നത് കേരള എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിചയസമ്പന്നരായ അധ്യാപകരാണ്.

കുട്ടികളുടെ ചിന്തയേയും ബുദ്ധിയേയും അറിയുക വഴി മക്കളെ അടുത്തറിയുന്നതിനുള്ള പ്രേരണ നല്‍കുന്ന പുസ്തകം മാതാപിതാക്കളായിരിക്കുക ഉത്തരവാദിത്വമുള്ള കാര്യമാണെന്ന് അടിവരയിടുന്നു. മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന മാതാപിതാക്കള്‍ തന്നെയാകണം കുട്ടികളുടെ മാതൃകയെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൈപ്പുസ്തകം വൈകാതെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ 78 സ്‌കൂളുകളിലെ മാതാപിതാക്കളുടെ കൈകളിലെത്തും.
പൊതുവിദ്യാഭ്യാസമേഖല കോര്‍പറേറ്റുകള്‍ കൈയടക്കുന്നു: ഡോ. സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: പൊതുവിദ്യാഭ്യാസമേഖല കോര്‍പറേറ്റുകള്‍ കൈയടക്കുന്നത് കേരളത്തിന്റെ ഭാവിക്ക് ഗുണകരമല്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ . മതനിരപേക്ഷതയും സമത്വവും പുലര്‍ത്തുന്നതോടൊപ്പം ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. കേരള വിദ്യാഭ്യാസ സമിതി ജില്ലാകമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച "കേരള വിദ്യാഭ്യാസം കാലികപ്രശ്നങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ മിഷണറിമാര്‍ നടത്തിയ സേവനങ്ങള്‍ മഹത്തരമാണ്. എന്നാല്‍ അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവ സമുദായം സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരായിമാറി. ക്രൈസ്തവ മതമേലധ്യക്ഷന്‍ ഒരിക്കല്‍ പറഞ്ഞത് ക്രൈതസ്തവരുടെ മക്കള്‍ സമുദായ വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മതിയെന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ടവരുടെ മക്കള്‍ പഠിക്കാന്‍ തെരഞ്ഞെടുക്കുന്നത് സിബിഎസ്ഇ സ്കൂളുകളാണ്. കുറഞ്ഞ വരുമാനക്കാരുടെയും ദരിദ്രരുടെയും മക്കള്‍ക്ക് പഠിക്കാനുള്ള സ്ഥാപനങ്ങളായി പൊതുവിദ്യാലയങ്ങള്‍ മാറുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ അക്കാദമിക ഗുണനിലവാരവും കാര്യക്ഷമതയും പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുന്നില്ലെങ്കില്‍ കുട്ടികള്‍ മത്സരാധിഷ്ഠിതമായ കാര്യങ്ങളില്‍ പിന്നോട്ടുപോകും.അത് സംഭവിക്കാതിരിക്കണമെങ്കില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇ പ്രേംകുമാര്‍ അധ്യക്ഷനായി. ഡോ. വി എന്‍ ചന്ദ്രമോഹനന്‍ , മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. കെ കെ രഘുനാഥന്‍ സ്വാഗതവും കെ കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

No comments: