: 02 Sep 2011
വടക്കാഞ്ചേരി: ഓണക്കവിതകളുമായി ഉപജില്ലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കാവ്യപൂക്കളം ഹൃദ്യമായി.
വൈലോപ്പിള്ളിയുടെയും കുഞ്ഞിരാമന്‍ നായരുടെയും ഒ.എന്‍.വി.യുടെയും ഓണക്കവിതകള്‍ വിദ്യാര്‍ത്ഥികള്‍ഹൃദ്യമാക്കി. വടക്കാഞ്ചേരി ശ്രീ കേരളവര്‍മ്മ പബ്ലിക് ലൈബ്രറിയും വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച കാവ്യപൂക്കളം, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.
ഓണം ചാനലുകളുടെ ഉത്സവമായി മാറിയതോടെ മലയാളി സ്വന്തം സംസ്‌കൃതിയെ വില്പനച്ചരക്കാക്കിയെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. പുതിയ തലമുറയിലെ കവികള്‍ക്കൊന്നും ഓണം ഭാവനയിലെത്തുന്നില്ല.
വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലീലാമണി, ശ്രീകേരളവര്‍മ്മ പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി. മുരളി, വിദ്യാരംഗം കണ്‍വീനര്‍ വി.ബി. കൃഷ്ണകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എം. ബാലാമണി, സി. രവീന്ദ്രനാഥ്, ജോണ്‍സന്‍ പോണല്ലൂര്‍, റഷീദ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാവ്യപൂക്കളത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം പി.എസ്. അമൃത (ദേശമംഗലം ഹൈസ്‌കൂള്‍), ടി.എം. മേഘ (തളി യു.പി. സ്‌കൂള്‍), എസ്. ഷിഫ (പരുത്തിപ്ര സ്‌കൂള്‍) എന്നിവര്‍ ഒന്നാംസമ്മാനാര്‍ഹരായി. രണ്ടാം സ്ഥാനം മുഹമ്മദ് ഫാറൂഖ് (വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍), കെ. രജനി (പൈങ്കുളം ഗവ. യു.പി. സ്‌കൂള്‍), സി.എം. നിത്യ (ചേലക്കോട്എല്‍.പി. സ്‌കൂള്‍) എന്നിവര്‍ കരസ്ഥമാക്കി.
അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള പൂവിളിയോടെയായിരുന്നു കാവ്യപൂക്കളമൊരുക്കിയവരുടെ വിടവാങ്ങല്‍.
വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും 'ഗസ്റ്റ്ഭരണം'
കാസര്‍കോട്: അധ്യാപകരില്ലെങ്കിലും വകുപ്പ് തലവനില്ലെങ്കിലും ഇവിടെ വിദ്യാഭ്യാസം നടക്കും. കാസര്‍കോടിന്റെ സമീപകാലചരിത്രം പഠിപ്പിക്കുന്നതിതാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലതിലും പഠനംനടക്കുന്നത് ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ്. ജില്ലയുടെ വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്ത് കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്നതും ഒരുതരം 'ഗസ്റ്റ്ഭരണം' തന്നെ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കസേരയില്‍ ഇരുന്നും ഇരിക്കാതെയും ഭരണചക്രം തിരിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ്. ഡെപ്യൂട്ടി ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല നല്‍കിയാണ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ നിയമിച്ചിരിക്കുന്നത്.
മാര്‍ച്ച് 31 നാണ് കാസര്‍കോട്ടുനിന്ന് ഡി.ഡി.ഇ. പടിയിറങ്ങിയത്. വിദ്യാലയവര്‍ഷാരംഭത്തില്‍ ഒരാളെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ചുമതല ഏറ്റില്ല. വിരമിക്കാന്‍ ഒരുവര്‍ഷംമാത്രം ബാക്കിനില്‍ക്കെ കാസര്‍കോട് ഡി.ഡി.ഇ. ചുമതല ഏല്‍ക്കാനാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ തിരക്കിന്റെകാലമാണ് വരുന്നത്. കലാ-കായിക മേളകള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവ നടത്തേണ്ടതുണ്ട്.
ഡെപ്യൂട്ടി ഡയറക്ടര്‍ ഇല്ലാത്തതിനെതിരെ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥിസംഘടനകള്‍ സമരവുമായി രംഗത്തുവന്നിരുന്നു.
No comments:
Post a Comment