Thursday, September 29, 2011

മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് മടങ്ങി

  30-Sep-2011
തിരു: പൈശാചിക പീഡനത്തിനിരയായി അത്യാസന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അധ്യാപകന്‍ അബോധാവസ്ഥയിലായതിനാല്‍ മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് തിരിച്ചുപോയി. മാരകമായ മുറിവിനെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. കൃത്രിമശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാലേ ശസ്ത്രക്രിയ നടത്താനാവൂ. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (5) എ എം അഷറഫ് ആണ് കൃഷ്ണകുമാറിന്റെ മൊഴിയെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന കൃഷ്ണകുമാറിനെ മജിസ്ട്രേട്ട് സന്ദര്‍ശിച്ചെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കൃഷ്ണകുമാര്‍ അത്യാസന്ന നിലയിലായതിനാല്‍ ആശുപത്രിയിലെത്തി മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര സിഐ വ്യാഴാഴ്ച രാവിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കലാം പാഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിജെഎം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടി (5)നെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ രഹസ്യാന്വേഷണവിഭാഗവും കൊട്ടാരക്കര സിഐയും മെഡിക്കല്‍ കോളേജിലെത്തി കൃഷ്ണകുമാറിന്റെ ഭാര്യയുടെ മൊഴിയെടുത്തു. അതിനിടെ, ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതുവച്ച് കേസിനെ വഴിതിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. ഈ കാര്‍ പെട്രോള്‍ തീര്‍ന്ന് റോഡരികില്‍ തല്‍ക്കാലം നിര്‍ത്തിയിട്ടതാണെന്നും കണ്ടെത്തി. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി പത്മകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയുടെ ക്വട്ടേഷന്‍ സംഘമാണ് സംശയത്തിന്റെ നിഴലിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തനാപുരത്തിനടുത്ത് കണ്ടെത്തിയ വെള്ള അള്‍ട്ടോ കാര്‍ ദുരൂഹതയുണര്‍ത്തിയിരുന്നു. ഇതിനിടെ, അന്വേഷണം വഴിതെറ്റിച്ച് കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചു. വാളകത്തെ സ്കൂളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഗണേശ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ പത്താനാപുരത്ത് മാര്‍ച്ച് നടത്തി. കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യന്‍ ശ്രീകുമാര്‍ , ഭാര്യ, മകന്‍ എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ രാത്രി വൈകിയും ചോദ്യംചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍നിന്ന് വന്നശേഷം ശ്രീകുമാര്‍ കടയ്ക്കലില്‍ ജ്യോത്സ്യനെ കാണാന്‍ പോയെന്ന് ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തുള്ള ജ്യോത്സ്യന്മാരെയെല്ലാം വ്യാഴാഴ്ച ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. പത്തനാപുരത്ത് പട്ടാഴി-പിടവൂര്‍ റോഡിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കെഎല്‍ 23-8632 നമ്പര്‍ അള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. എന്നാല്‍ , രാത്രി പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കാറെന്ന് പിന്നീടു വ്യക്തമായി

ഉച്ചക്കഞ്ഞിക്കുള്ള അരി ആനയ്ക്ക് ഭക്ഷണം

കൊല്ലം: വാളകം ആര്‍വിഎച്ച്എസ്എസില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ വ്യാപക തിരിമറി നടക്കുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. 1054 കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ കൊട്ടാരക്കര അഡീഷണല്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അത്രയും കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യത്തിന് അനുമതിയും നല്‍കി. എന്നാല്‍ , 300 കുട്ടികള്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ചില ദിവസങ്ങളില്‍ ഉച്ചഭക്ഷണം നല്‍കാറുമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഹെഡ്മിസ്ട്രസിനെയും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള മറ്റൊരു അദ്ധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു. ഉച്ചക്കഞ്ഞിക്കുള്ള അരി മാനേജരുടെ വീട്ടിലെ ആനയ്ക്ക് നല്‍കാനായി കടത്തുന്നെന്നായിരുന്നു ആക്ഷേപം
വാളകം സ്കൂളിലേക്ക് ഇന്ന് അധ്യാപകരുടെ പ്രതിഷേധമാര്‍ച്ച്
കൊല്ലം: വാളകം ആര്‍വിഎച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാറിനെ വധിക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വാളകം ആര്‍വിഎച്ച്എസ്എസിലേക്ക് അധ്യാപകര്‍ മാര്‍ച്ച് നടത്തും. സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ അധ്യാപക ദ്രോഹനടപടികള്‍ക്കും സ്കൂളില്‍ നടന്ന അഴിമതികള്‍ക്കും എതിരെ പ്രതികരിച്ചതിനാണ് കൃഷ്ണകുമാറിനെ പൈശാചികമായി വധിക്കാന്‍ ശ്രമിച്ചതെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിന്ദ്യവും നീചവുമായ നടപടികള്‍ക്ക് ഉത്തരവാദികളായവരെ അടിയന്തരമായി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരത്തിന് കെഎസ്ടിഎ നേതൃത്വം നല്‍കും. 
 
പിള്ളയുടെ സ്കൂളിലെ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വി എച്ച്എസ്എസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കി. വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി അഞ്ചുമാസം കഴിഞ്ഞിട്ടും സ്കൂളിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ മാര്‍ച്ച് 23നാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ത്ഥികളുടെയും ഡിവിഷനുകളുടെയും എണ്ണം പെരുപ്പിച്ചുകാട്ടി അദ്ധ്യാപക-അനദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനത്തിനായി പിള്ള ലക്ഷങ്ങള്‍ വാങ്ങുന്നെന്ന് സ്കൂളിന്റെ ആരംഭം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പരാതിയാണ്. ഇല്ലാത്ത തസ്തികയ്ക്ക് പണം നല്‍കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുറവല്ല. പണം വാങ്ങി രണ്ട് വര്‍ഷം അധ്യാപകനായി ജോലിയെടുപ്പിച്ച ശേഷം പോസ്റ്റില്ലെന്നു പറഞ്ഞ് കബളിപ്പച്ച പരാതിയും നിലവിലുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയത്രെ. ആര്‍വി എച്ച്എസില്‍ തലയെണ്ണലില്‍ വ്യാപക ക്രമക്കേട് നടക്കുന്നെന്ന പരാതിയും വ്യാപകമാണ്. വാര്‍ഷിക തലയെണ്ണല്‍ ദിവസം മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഇവിടേക്ക് കൊണ്ടുവന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തലയെണ്ണല്‍ വേളയില്‍ 300 മീറ്റര്‍ അകലെയുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതം കണക്കാക്കി സൂപ്പര്‍ചെക്ക്സെല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഡ്മിഷന്‍ , അറ്റന്‍ഡന്‍സ് രജിസ്റ്ററുകളില്‍ സ്കൂള്‍ അധികൃതര്‍ തിരിമറി നടത്തിയിരുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇത്രയും ഗുരുതരമായ ക്രമക്കേടുകള്‍ വെളിപ്പെട്ടിട്ടും ലഘുവായ അച്ചടക്ക നടപടി മാത്രമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൈക്കൊണ്ടതെന്നും കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
 
 
ഒരുബസ്സില്‍ 140 കുട്ടികള്‍, ഒമ്‌നി വാനില്‍ 20

പൊന്നാനിയില്‍ സ്‌കൂള്‍ വാഹനവേട്ട


എടപ്പാള്‍: 52 പേരെ കയറ്റാവുന്ന ഒരു ബസ്സില്‍ 140 കുട്ടികള്‍, രണ്ട് അധ്യാപികമാര്‍, കുട്ടികളുടെ ബാഗുകള്‍, നാലോ അഞ്ചോ പേര്‍ക്കിരിക്കാവുന്ന മാരുതി ഒമ്‌നി വാനില്‍ 20 കുട്ടികള്‍, നാല് അധ്യാപികമാര്‍, മറ്റു സാധനങ്ങളും. മലപ്പുറം ആര്‍.ടി.ഒ. പി.ടി. എല്‍ദോയുടെ നിര്‍ദേശാനുസരണം മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പൊന്നാനിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടുബസ്സുകളും ഒരു വാനും പരിശോധിച്ചപ്പോഴാണ് ഈ കാഴ്ച കണ്ടത്.കഴിഞ്ഞ ജൂലായ് മാസത്തില്‍ വാഹനപരിശോധനയില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ അതേബസ്സാണ് ഇപ്പോള്‍ 140 കുട്ടികളുമായി പിടിച്ചത്. മറ്റൊരു ബസ്സില്‍ 120 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. വാന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബസ്സുകള്‍ വിട്ടുകൊടുത്തെങ്കിലും സ്‌കൂളധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതായി നേതൃത്വം നല്‍കിയ ജൂനിയര്‍ ആര്‍.ടി.ഒ. ടി.സി. വിനീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനസ് മുഹമ്മദ്, അനൂപ് എന്നിവര്‍ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളും വാഹനസംബന്ധ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വിദ്യാലയത്തിനു മുന്നില്‍ നിന്നും നാലു പൂവാലന്‍മാരെയും ഒരു കാറും ഇവര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
ആഹ്ലാദപ്രകടനം നടത്തി


മലപ്പുറം: സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദേശിക്കുന്ന അധ്യാപക പാക്കേജ് അംഗീകരിച്ച യു.ഡി.എഫ്. മന്ത്രിസഭാ തീരുമാനത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കെ.പി.എസ്.ടി.യു. മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ മലപ്പുറത്ത് ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി വി.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി. പ്രശാന്ത്, ഒ.പി.കെ. ഗഫൂര്‍, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സി.കെ. പൗലോസ്, പി.ടി. ജോര്‍ജ്, പി.ഇ. അഷ്‌റഫ്, ജോയ് മത്തായി, ടി.പി. സലീം, എം.കെ. സതീശന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
അധ്യാപക പാക്കേജ്: മാനേജര്‍മാര്‍ക്ക് കൊള്ളയ്ക്ക് അവസരം
മലപ്പുറം: അധ്യാപകര്‍ക്കെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് നേട്ടമാകുക സ്കൂള്‍ മാനേജര്‍മാര്‍ക്ക്. അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍പി വിഭാഗത്തില്‍ 1:30 ഉം യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ 1:35 ഉം ആയി നിജപ്പെടുത്തുമ്പോള്‍ വരുന്ന ഒഴിവുകളുടെ നിയമനത്തിലൂടെ ലക്ഷങ്ങള്‍ കൊയ്യാന്‍ മാനേജര്‍മാര്‍ക്ക് അവസരമൊരുങ്ങുകയാണ്. പുതുതായി വരുന്ന ഒഴിവില്‍ ടീച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരെ നിയമിക്കണമെന്നായിരുന്നു പാക്കേജിലെ ആദ്യ വ്യവസ്ഥ. ഇത് മാനേജര്‍മാര്‍ അംഗീകരിച്ചില്ല. പുതിയ ധാരണയനുസരിച്ച് അധിക തസ്തികയില്‍ ഒന്നുമാത്രമേ ടീച്ചേഴ്സ് ബാങ്കിനായി മാറ്റിവയ്ക്കേണ്ടതുള്ളൂ. ബാക്കിയുള്ള എല്ലാ തസ്തികകളിലും നിയമനം പൂര്‍ണമായും മാനേജര്‍മാര്‍ക്ക് നടത്താം. നിലവില്‍ സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ 7278 സ്കൂളുകളാണുള്ളത്. പുതിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം വരുമ്പോള്‍ 26,290 ഒഴിവാണ് പുതുതായി ഉണ്ടാവുക. യുപി, ഹൈസ്കൂള്‍ തലത്തില്‍ 14,713. എല്‍പി വിഭാഗത്തില്‍ 11,577. നിലവില്‍ ഒരു തസ്തികക്ക് പത്ത് മുതല്‍ 15 ലക്ഷംവരെയാണ് മാനേജര്‍മാര്‍ വാങ്ങുന്നത്. സംസ്ഥാനത്ത് 3644 അണ്‍ എക്കണോമിക് സ്കൂളുകളാണുള്ളത്. ഇവിടെ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചതുകൊണ്ട് പുതിയ തസ്തിക സൃഷ്ടിക്കപ്പെടില്ല. ഒന്നാംക്ലാസ് പ്രവേശനത്തില്‍ പ്രതിവര്‍ഷം ഒന്നരലക്ഷത്തോളം കുട്ടികളുടെ കുറവുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍ . കുട്ടികളുടെ എണ്ണം കുറയുന്നതുമൂലം ജോലി നഷ്ടമാകുന്ന അധ്യാപകരുടെ പുനര്‍നിയമനത്തെ സംബന്ധിച്ച് പാക്കേജില്‍ പരാമര്‍ശമില്ല. പുതിയ അധ്യാപകനിയമനത്തിന് യോഗ്യതാപരീക്ഷ നടത്തുമെന്ന നിര്‍ദേശത്തിലും വ്യക്തതയില്ല. പിഎസ്സി റാങ്ക്ലിസ്റ്റിലുള്ളവരെ യോഗ്യതാപരീക്ഷയില്‍നിന്ന് ഒഴിവാക്കിയതായി പറയുന്നില്ല. യോഗ്യതാപരീക്ഷയുടെ ഫലം വരുന്നത് വരെയുള്ള ഒഴിവുകളില്‍ ടിച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരെ നിയമിക്കാനാണ് സാധ്യത. ഇത് നിയമന നിരോധനത്തിലേക്ക് നയിക്കും. ടീച്ചേഴ്സ് ബാങ്കിലുള്ള അധ്യാപകരുടെ ശമ്പളം ഏത് വിധത്തിലായിരിക്കുമെന്നതില്‍ വ്യക്തതയില്ല.
വിദ്യാര്‍ഥികള്‍ക്കായി പുള്ളുവന്‍പാട്ടിന്റെ അരങ്ങ്

ആനക്കര: നാട്ടുപാട്ടുകള്‍ കുട്ടികളെ പരിചയപ്പെടുത്താനായി കുമരനല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പുള്ളുവന്‍പാട്ടിന് അരങ്ങൊരുക്കി. കലാകാരന്മാരായ കുഞ്ഞിമാന്‍, പങ്കജാക്ഷി എന്നിവര്‍ പരിപാടി അവതരിപ്പിച്ചു. പുതിയപാട്ടിനും അനുഷ്ഠാനഗാനരൂപങ്ങള്‍ക്കുമുള്ള സാദൃശ്യവൈജാത്യങ്ങള്‍ കുട്ടികള്‍ക്ക് ഇവര്‍ പറഞ്ഞുകൊടുത്തു.

No comments: