Monday, September 19, 2011

നെയില്‍ പോളിഷും സുഗന്ധ സ്പ്രേകളും വേണ്ട,

  -ചെറുതാഴം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാതൃക
19-Sep-2011
പയ്യന്നൂര്‍ : "ഞാന്‍ ജീവിതത്തില്‍ നെയില്‍ പോളിഷും സുഗന്ധ സ്പ്രേകളും ഉപയോഗിക്കില്ല" പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ച് ഓസോണ്‍ ദിനത്തില്‍ ചെറുതാഴം ഗവ. ഹയര്‍സെക്കഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞ. സ്കൂളിലെ മഴത്തുള്ളി പരിസ്ഥിതി ക്ലബ്, സീഡ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാക്കുന്ന ഹൈഡ്രോ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ പുറംതള്ളുന്ന നെയില്‍ പോളിഷും സുഗന്ധസ്പ്രേകളും ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്. കുടകള്‍ക്ക് മുകളില്‍ ഓസോണ്‍സംരക്ഷണ മുദ്രാവാക്യങ്ങള്‍ എഴുതിയും പോസ്റ്റര്‍ രചിച്ചും ഓസോണ്‍ദിനാചരണ സന്ദേശം കൈമാറി. പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിന ശാസ്ത്രക്ലാസ് നടത്തി. ശാസ്ത്രജ്ഞന്‍ കെ വി രവീന്ദ്രന്‍ ക്ലാസെടുത്തു. വൈ വി വിജയന്‍ , രാജേഷ്, കെ കെ അതുല്യ എന്നിവര്‍ സംസാരിച്ചു. 
മുന്തിരിക്ക് പുളിതന്നെ! കുറുക്കന് കംപ്യൂട്ടറിലും രക്ഷയില്ല

മലപ്പുറം: കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കുറുക്കനെ മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുനവര്‍ ഒരിക്കല്‍ക്കൂടി ചാടിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഇത്തവണത്തെ ചാട്ടം. പക്ഷേ, ഇത്തവണയും രക്ഷയുണ്ടായില്ല. മുന്തിരി പുളിക്കുമെന്ന വിശ്വവിഖ്യാത കമന്റുമടിച്ച് മുനവറിന്റെ കുറുക്കനും ഓടിയകന്നു. ഐടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ഓണക്കാല അനിമേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് കുറുക്കന്റേതടക്കമുള്ള അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചത്. മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും പ്രമുഖരുടെ കവിതകളും കുട്ടികള്‍ക്ക് ചലിക്കുന്ന ചിത്രങ്ങളുടെ വിഷയമായി. പ്രകൃതിഭംഗിക്കും കുട്ടിക്കഥകള്‍ക്കുമപ്പുറം ക്രിയാത്മകമായ വിമര്‍ശങ്ങളും സന്ദേശങ്ങളുമുണ്ട്. കുഴിയിലകപ്പെട്ട ഉറുമ്പിന് തുമ്പി രക്ഷയായ കഥയ്ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകളിലുള്ള മരത്തിന്റെ വിഷമവും ചിത്രമായി. നിലാവില്‍ കുളിച്ച പുഴയിലൂടെ തെന്നിനീങ്ങുന്ന പായ്ക്കപ്പലും പട്ടം പറത്തികളിക്കുന്ന കുട്ടിയും പൂന്തേന്‍ തേടി പറക്കുന്ന പൂമ്പാറ്റയുമെല്ലാം വിദ്യാര്‍ഥികളുടെ ഭാവനക്കനുസരിച്ച് ചിറകുവിരിച്ചു. മഴു പുഴയില്‍പ്പോയ മരംവെട്ടുകാരന്‍ ദാമുവിന് മുന്നില്‍ വനദേവത പ്രത്യക്ഷപ്പെടുന്നതും വരംനല്‍കിയതും അവതരിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കാതെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്ക് കൂട്ടുന്ന ജനക്കൂട്ടത്തെ കുട്ടികള്‍ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്നു. മണ്ണും മരങ്ങളും പുഴകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും വിരല്‍ചൂണ്ടുന്നു. മലപ്പുറം കേന്ദ്രത്തില്‍ പരിശീലനംനേടിയ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അനിമേഷന്‍ ചിത്രങ്ങള്‍ ംംം.രെവീീഴഹല.ിലേ.ശി എന്ന വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകളിലെ 12,000 കുട്ടികള്‍ ഓണാവധിക്കാലത്ത് അനിമേഷന്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. 412 കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്. സ്വതന്ത സോഫ്റ്റ്വെയറും കെ-ടൂണ്‍ , ജിമ്പ് സോഫ്റ്റ് വെയറുകളും ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവ വെബ്സൈറ്റിലും വിക്ടേഴ്സ് ചാനലിലും പ്രദര്‍ശിപ്പിക്കുമെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
 
ഐടി അറിവ് പകര്‍ന്ന് പൂമാല സ്കൂളില്‍ അനിമേഷന്‍ ക്യാമ്പ്

മൂലമറ്റം: പഠന പ്രവര്‍ത്തനങ്ങളിലെ മികവ് വിപുലപ്പെടുത്തി ഐടി അറിവ് സ്വായത്തമാക്കാന്‍ പൂമാല ഗവ. ട്രൈബല്‍ സ്കൂളില്‍ നടന്നുവന്ന നാലുദിവസത്തെ അനിമേഷന്‍ ക്യാമ്പ് സമാപിച്ചു. ഐടി അറ്റ് സ്കൂളിന്റെ സഹായത്തോടെ നടന്ന ക്യാമ്പില്‍ ആറ് സ്കൂളുകളില്‍നിന്നായി 230 കുട്ടികള്‍ പങ്കെടുത്തു. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് കുട്ടികള്‍ കാര്‍ട്ടൂര്‍ സിനിമകള്‍ ചിത്രീകരിക്കുകയും പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കുട്ടികള്‍തന്നെ തിരക്കഥയെഴുതിയാണ് ഓരോ ഫ്രെയിമും ചിത്രീകരിച്ചത്. പുകവലിയുടെ ദൂഷ്യം അനാവരണം ചെയ്ത് തയ്യാറാക്കിയ "ദി കില്ലര്‍" സിനിമയും പ്രകൃതിയോടുള്ള അഗാധമായ പ്രണയം വിളിച്ചറിയിച്ചുകൊണ്ട് പ്രകൃതിസ്നേഹം വളര്‍ത്തുന്ന "ലൈഫ് ഓഫ് ഫ്ളവര്‍" എന്ന ലഘുചിത്രവും കുട്ടികളുടെ അഭിരുചിയും സാമര്‍ഥ്യവും വിളിച്ചോതുന്നതായിരുന്നു. ടെക്നോ ലോകത്തെ ചിലന്തികള്‍ എന്ന ചിത്രവും കൂടുതല്‍ മികവ് പുലര്‍ത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിസ്റ്റം മാത്രം ഉപയോഗിച്ചാണ് പരിശീലനവും ചിത്രീകരണവും നടന്നത്. ജില്ലയില്‍ നടന്നതില്‍ കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും പരിശീലനത്തിന്റെ ഉള്ളടക്കവും പൂമാല ക്യാമ്പിനെ ശ്രദ്ധേയവും മാതൃകാപരവുമാക്കി. പൂമാല സ്കൂളിലെ ഇരുപതിലധികം അധ്യാപകര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. പരിശീലനത്തിന്റെ സമാപനത്തില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം, മികച്ച കാര്‍ട്ടൂണ്‍ സിനിമയ്ക്ക് സമ്മാനവിതരണവും നടന്നു. കലയന്താനി സ്കൂളിലെ അര്‍ജുന്‍ തയ്യാറാക്കിയ ലൈഫ് ഓഫ് ഫ്ളവര്‍ , ജയറാണി സ്കൂളിലെ ജിയോ വര്‍ക്കി, ജിനോ വര്‍ക്കി എന്നീ ഇരട്ട സഹോദരന്‍മാര്‍ നിര്‍മിച്ച കാര്‍ട്ടൂണ്‍ സിനിമയും മികച്ചവയായി തെരഞ്ഞെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ നാസര്‍ നിര്‍വഹിച്ചു. വിവര സാങ്കേതിക വിദ്യ ഇന്ന്, ഇന്നലെ, നാളെ എന്ന വിഷയത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി ക്ലാസെടുത്തു. രശ്മി എം രാജ്, സെലിന്‍ , റെറ്റി എന്നിവരും കുട്ടികളില്‍നിന്ന് ഉജിത്, സ്റ്റെഫിന്‍ , അഭിനവ്, അമീന്‍ എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കി. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടകസമിതി പ്രവര്‍ത്തിച്ചു. സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജിയാണ് ക്യാമ്പിന് ചുക്കാന്‍ പിടിച്ചത്.

No comments: