Tuesday, August 30, 2011

വിദ്യാഭ്യാസ പാക്കേജ് സ്വപ്നവും യാഥാര്‍ഥ്യവും


എം ഷാജഹാന്‍
: 29-Aug-2011 
അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ , കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിലോമകരവും അപകടകരവുമായ നിരവധി നിര്‍ദേശങ്ങള്‍ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച പാക്കേജിലുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദേശം. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീ ക്രമത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോഴുണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിയെന്തെന്ന് വിശദീകരിച്ചിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാന്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.

എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമ്പോഴുണ്ടാവുന്ന ഒഴിവുകളില്‍ ഒരു പ്രൊട്ടക്ട് അധ്യാപകനെ നിയമിച്ചതിനുശേഷം ബാക്കിയുള്ള എല്ലാ ഒഴിവിലും ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാനുള്ള അവകാശം പാക്കേജ് മാനേജര്‍മാര്‍ക്ക് നല്‍കുന്നു. പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ കോഴ വാങ്ങി വീണ്ടും നിയമനം നടത്താനുള്ള അവസരമാണ് ഇതുവഴി മാനേജര്‍മാര്‍ക്ക് ലഭിക്കുന്നത്. പുറത്തുപോയവരെയും തസ്തിക നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുക എന്ന പാക്കേജിന്റെ ലക്ഷ്യംതന്നെ ഇതിലൂടെ ഇല്ലാതാവുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആയി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ആറാംക്ലാസ് മുതല്‍ 1:35 എന്ന നിലയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണം മാറിയതുകൊണ്ടുമാത്രമാണ് 1:35 എന്ന അനുപാതത്തിലേക്ക് മാറിയത്. കേരളത്തിലെ മിക്ക സ്കൂളുകളിലും ശരാശരി രണ്ട് ഡിവിഷനുകള്‍ വീതമാണുള്ളത്. 51 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന്‍ അനുവദിക്കാന്‍ നിലവിലുള്ള കെഇആറില്‍ (കേരള വിദ്യാഭ്യാസ നിയമം) വ്യവസ്ഥയുണ്ട്. പാക്കേജില്‍ പറയുന്നതനുസരിച്ച് എല്‍പിയില്‍ 60 കുട്ടികള്‍വരെയും യുപിയില്‍ 70 കുട്ടികള്‍വരെയും രണ്ട് ഡിവിഷന്‍ ആയി നിലനില്‍ക്കും. അതുകൊണ്ടുതന്നെ നിലവില്‍ രണ്ട് ഡിവിഷനുള്ള സ്കൂളുകളില്‍ തസ്തികകളുടെ എണ്ണം കൂടുകയില്ല. ചില സ്കൂളുകളിലെങ്കിലും നിലവില്‍ കുട്ടികളുടെ എണ്ണം 1:30 നു താഴെയാണെന്നതാണ് വസ്തുത. കുട്ടികള്‍ കുറവുള്ള സ്കൂളുകളുടെ നിലനില്‍പ്പും ഈ പാക്കേജ് ആശങ്കയിലാക്കുന്നു. പഠിക്കാന്‍ കുട്ടികളുണ്ടെങ്കില്‍ സ്കൂളുകള്‍ നിലനിര്‍ത്തണം എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. എന്നാല്‍ , പാക്കേജ് നടപ്പാകുമ്പോള്‍ കുട്ടികള്‍ കുറവുള്ള 3000ല്‍ അധികം സ്കൂളുകളുടെ ഭാവി എന്താവുമെന്ന കാര്യം ആശങ്കയുണര്‍ത്തുന്നു. അധ്യാപകരുടെ തൊഴില്‍സംരക്ഷണം പാക്കേജ് നിലവില്‍വരുന്നതോടെ ഇല്ലാതാവുകയാണ്.

അധ്യാപകരെ സംരക്ഷിക്കാന്‍ ടീച്ചേഴ്സ് ബാങ്കുണ്ടെന്നാണ് പാക്കേജ് പറയുന്നത്. പ്രൊട്ടക്ഷന് പകരം അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കുമെന്നാണ് പറയുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിനപ്പുറം എന്തുസംരക്ഷണമാണുള്ളത്? പാക്കേജില്‍ ഉള്‍പ്പെടുത്തിയാലും പുനര്‍നിയമനം നല്‍കുന്നതിനനുസരിച്ചാണ് ശമ്പളം നല്‍കുക. ഫലത്തില്‍ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഇനി തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകും. തസ്തികയില്ലാതെ എങ്ങനെ ശമ്പളം കൊടുക്കാനാകും? പുനര്‍നിയമനം നടത്തേണ്ട ഒഴിവുകളില്‍പ്പോലും നിയമനാധികാരം മാനേജര്‍മാര്‍ക്ക് കൊടുക്കുകയല്ലേ? പിന്നെ എങ്ങനെയാണ് പുനര്‍വിന്യസിക്കപ്പെടേണ്ട അധ്യാപകരെ നിലനിര്‍ത്തുക? 2752 അധ്യാപകരെ എസ്എസ്എയില്‍ സ്പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി 14,440 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുമെന്ന് പറയുന്നു. പാക്കേജ് നടപ്പാകുന്നതോടെ സ്കൂള്‍തലത്തിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക ഇല്ലാതാകും. ഫലത്തില്‍ അധ്യാപക തസ്തികയില്‍നിന്ന് അവരെ നിശ്ചിത ശമ്പളംമാത്രം വാങ്ങുന്ന വേതന വ്യവസ്ഥയില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ 2677 പേരെ നിയമിക്കുമെന്നും പറയുന്നു. എല്‍പിയിലും യുപിയിലുമാണ് ഇങ്ങനെ തസ്തികയുണ്ടാകുന്നത്. എന്നാല്‍ , ഘടനാപരമായ മാറ്റം വരാതെ കേരളത്തില്‍ ഇത് സാധ്യമല്ല. 641 പേരെ എസ്എസ്എയില്‍ ബിആര്‍സി പരിശീലകരാക്കുമെന്നും ബാക്കി വരുന്നവരെ സ്ഥിരം പരിശീലനത്തിന് വിടും എന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍ . ഫലത്തില്‍ ടീച്ചേഴ്സ് ബാങ്കുവഴി സംരക്ഷിക്കുമെന്നുപറയുന്ന 10,503 പേരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കും. 2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം തസ്തികയില്‍ മാറ്റം വരില്ലെന്നും അതിനിടയിലുള്ള നിയമനങ്ങള്‍ ദിവസക്കൂലിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പാക്കേജില്‍ പറയുന്നു. അതായത് 2013-14 ല്‍ മാത്രമായിരിക്കും അനുപാതം കുറയുമ്പോള്‍ ഉണ്ടാകുന്ന തസ്തികകളില്‍ നിയമനം നടക്കുന്നത്. അങ്ങനെവരുമ്പോള്‍ 2011 മാര്‍ച്ചിലെ റിട്ടയര്‍മെന്റ് ഒഴിവില്‍ നിയമിക്കപ്പെട്ടവരും ദിവസക്കൂലിക്കാരാകും. പാക്കേജ് നടപ്പില്‍വരുന്നതിനുമുമ്പ് റഗുലര്‍ ഒഴിവില്‍ നിയമിച്ചവരെ ദിവസക്കൂലിക്കാരാക്കുന്നത് കടുത്ത അനീതിയാണ്. എയ്ഡഡ് സ്കൂളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ട് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവും ഇല്ലാതാകും. പാക്കേജിലെ അധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദേശം ശാസ്ത്രീയമല്ല. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും മൂന്നു മാസത്തെ നിര്‍ബന്ധിത പരിശീലനം നല്‍കുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ സര്‍വീസിനിടയില്‍ പരിശീലനമേ ഇല്ലെന്നാണോ? പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി നടക്കുന്ന പാഠപുസ്തക പരിഷ്കാരം ഒരു തുടര്‍പ്രക്രിയയാണ്. അതനുസരിച്ച് പരിശീലനത്തിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലത്തും ക്ലസ്റ്റര്‍തലത്തിലുമായി ഇപ്പോള്‍ നടത്തുന്ന പരിശീലനങ്ങള്‍ നിലനിര്‍ത്തി, അതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അക്കാദമിക് നിര്‍ദേശമാണ് ഉണ്ടാവേണ്ടത്. ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മൂന്നുവര്‍ഷം വേണ്ടിവരും. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (ടിഇടി) പിഎസ്സി നിയമനവും കഴിയാന്‍ കാലതാമസമെടുക്കും എന്നതാണ് ഇതിനുള്ള ന്യായീകരണം. ഈ വര്‍ഷംതന്നെ ടെസ്റ്റ് നടത്തിയാല്‍ നിയമനത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയില്ലേ? 2013-14 ല്‍ തസ്തിക നിര്‍ണയം നടത്തിയതിനുശേഷമേ പിഎസ്സി നിയമനനടപടികളാരംഭിക്കൂ എന്ന നിര്‍ദേശം നിയമനനിരോധനം ഏര്‍പ്പെടുത്തുന്നതിനു തുല്യമാണ്. എയ്ഡഡ് സ്കൂളുകളില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ അവസരം കൊടുക്കുകയും സര്‍ക്കാര്‍ സ്കൂളില്‍ ബാങ്കില്‍നിന്ന് പുനര്‍നിയമനം നടത്തുകയും ചെയ്യാനുള്ള നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. 1997 ലെ പ്രൊട്ടക്ഷന്‍ ഉത്തരവനുസരിച്ച് അധ്യാപകരെ എയ്ഡഡ് സ്കൂളുകളില്‍ത്തന്നെ വിന്യസിക്കാനാണ് തീരുമാനിച്ചത്. അല്ലാതെ സര്‍ക്കാര്‍സ്കൂളുകളിലെ തസ്തികയില്‍ സ്ഥിരമായി നിയമിച്ചിട്ടില്ല. പിഎസ്സി നിയമനത്തിന് കാലതാമസം വരുമെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം നടത്തണമെന്ന നിര്‍ദേശം പിഎസ്സി നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. ഒരു വര്‍ഷം പതിനായിരത്തോളം അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്ന വിദ്യാഭ്യാസമേഖലയില്‍ പുതിയ നിയമനത്തിലുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് തൊഴില്‍രഹിതരോടുള്ള ക്രൂരതയായേ കാണാനാവൂ. അധ്യാപകരെ വിലയിരുത്തുന്നതിന് സമൂഹത്തിലെ പൊതുസമ്മതനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല ഓഡിറ്റിങ് ആന്‍ഡ് മോണിറ്ററിങ് അതോറിറ്റി രൂപീകരിക്കുക എന്നതാണ് പാക്കേജിലെ മറ്റൊരു നിര്‍ദേശം. എല്ലാ അധ്യാപകരും കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള വിലയിരുത്തലിന് വിധേയമാകണം. ഏതെങ്കിലും അധ്യാപകര്‍ക്ക് ഓഡിറ്റ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ വീണ്ടും പരിശീലനത്തിന് പോകണം. പരിശീലനംകഴിഞ്ഞ് അതോറിറ്റിയുടെ ഗ്രേഡ് കരസ്ഥമാക്കിയതിനുശേഷമേ അധ്യാപകനെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കൂ. ആധുനിക വിദ്യാഭ്യാസ തത്വമനുസരിച്ചുള്ള അധ്യാപനശേഷി പരിശോധിക്കാന്‍ പൊതുസമ്മതര്‍ക്കെങ്ങനെ കഴിയും?

എസ്സിഇആര്‍ടിയിലും ഡയറ്റിലും സീമാറ്റിലും പ്രഗത്ഭരായ നിരവധി ഉദ്യോഗസ്ഥന്മാരും അധ്യാപകരുമുള്ളപ്പോള്‍ മോണിറ്ററിങ്ങിന് പുറമെയുള്ളവരെ ചുമതലപ്പെടുത്തുന്നതിനു പിന്നിലെ താല്‍പ്പര്യം അക്കാദമികമല്ല. മാത്രമല്ല, പാക്കേജിന്റെതന്നെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും പാക്കേജിലില്ല. കുട്ടികളുടെ കുറവ് പരിഹരിച്ചുകൊണ്ടുമാത്രമേ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുസമൂഹത്തിന്റെ ആഗ്രഹമനുസരിച്ചുള്ള സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളില്ലെങ്കിലും അധ്യാപകര്‍ സംരക്ഷിക്കപ്പെടും എന്ന രീതിയിലുള്ള പാക്കേജിലെ നിര്‍ദേശങ്ങള്‍ സ്ഥായിയായ പരിഹാരത്തിനുതകുന്നതല്ല. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള തീരുമാനം നിലനില്‍ക്കെ, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പാക്കേജ് കൊണ്ടുവന്ന യുഡിഎഫിന്റെ ഉദ്ദേശശുദ്ധിയില്‍ അധ്യാപകര്‍ക്ക് സംശയമുണ്ട്. പാക്കേജിലെ പല നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തേണ്ടിവരും. എന്നാല്‍ മാനേജര്‍മാരുടെ അധികാരത്തില്‍ കൈകടത്താനുള്ള ധൈര്യം യുഡിഎഫ് സര്‍ക്കാരിനില്ലതാനും. ചുരുക്കത്തില്‍ അധ്യാപകരുടെ തൊഴില്‍സംരക്ഷണം എന്ന വ്യവസ്ഥതന്നെ ഇല്ലാതാക്കുന്നതാണ് പാക്കേജ്്. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍

Monday, August 29, 2011

അധ്യാപക നിയമന പാക്കേജിനെ എതിര്‍ക്കും -മാര്‍ പവ്വത്തില്‍

 30 Aug 2011

കോട്ടയം: വിദ്യാഭ്യാസ വകുപ്പു നിര്‍ദേശിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജിന്റെ പലഭാഗങ്ങളും നിയമത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഈ നിര്‍ദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും അവഗണിക്കപ്പെട്ടു. എല്ലാ തലങ്ങളിലുമുള്ള വിശദമായ പഠനങ്ങള്‍ക്കും കൃത്യമായ കൂടിയാലോചനകള്‍ക്കുംശേഷം മാത്രമെ അധ്യാപക നിയമന പാക്കേജിനു രൂപം നല്‍കാവൂ -മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവര്‍ക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങളെ വളര്‍ത്തുന്നതിനുപകരം സര്‍ക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ദേശസാല്‍ക്കരണത്തിനുള്ള നീക്കമാണ് ഇപ്പോഴത്തെ പാക്കേജില്‍ കാണാന്‍ കഴിയുന്നത് -അദ്ദേഹം ആരോപിച്ചു.
ഓര്‍മകളുടെ ഒന്നാം പാഠത്തിന്റെ മധുരവുമായി സതീര്‍ഥ്യ സംഗമം
 29-Aug-2011
കാഞ്ഞങ്ങാട്: ഒന്നാം പാഠപുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പിലീത്തുണ്ടുകള്‍ ആത്മാവിനോട് ചേര്‍ത്തുവയ്ക്കാന്‍ പഴയ സഹപാഠികളെല്ലാം തിരികെയെത്തി. മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരുമിച്ചു ചേര്‍ന്നു. ഒന്നാംതരം മുതല്‍ ഏഴുവരെ പഠിച്ച പഴയ ഓലപ്പുരയും രണ്ട് കെട്ടിടങ്ങളും ഇപ്പോഴില്ല. പള്ളിക്കൂട മുറ്റത്തെ നെല്ലിമരത്തില്‍ കായ്ച്ച് നിന്നിരുന്ന നെല്ലിക്കയുടെ മാധുര്യം വീണ്ടും ഓര്‍ത്തെടുത്തു. കാഞ്ഞങ്ങാട് യുപി സ്കൂളിലെ 1976-83 കാലഘട്ടില്‍ ഒന്നാംതരം മുതല്‍ ഏഴാം ക്ലാസ് വരെ പഠിച്ച വിദ്യാര്‍ഥികളാണ് നീണ്ട കാലയളവിനുശേഷം കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഞായറാഴ്ച രാവിലെ സംഗമിച്ചത്. 
പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ സതീര്‍ഥ്യ എന്ന പേരില്‍ സംഘടന രൂപീകരിച്ച് അക്കാലത്തെ സ്കൂള്‍ രജിസ്റ്റര്‍ കണ്ടെത്തി എ, ബി, സി ഡിവിഷനുകളിലെ മുഴുവന്‍ സഹപാഠികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് സംഗമത്തിന് വേദിയൊരുക്കിയത്. നൂറോളം പൂര്‍വ വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത് .
രാവിലെ ഒമ്പതുമണിക്ക് ഫസ്റ്റ് ബെല്ലും തുടര്‍ന്ന് അസംബ്ലി ബെല്ലും അടിച്ചതോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്്. സ്കൂള്‍ അങ്കണത്തിലെ ഗാന്ധിജിയുടെ പ്രതിമയ്ക്കുമുമ്പില്‍ ചേര്‍ന്ന അസംബ്ലിയില്‍ അന്നത്തെ സ്കൂള്‍ ലീഡര്‍ തന്നെ തന്റെ റോള്‍ ഏറ്റെടുത്തു. പൂര്‍വ വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. പിന്നെ ഗ്രൂപ്പ് ഫോട്ടോ. ക്ലാസ് ടീച്ചര്‍ അറ്റന്‍ഡന്‍സ് വിളിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഹാജര്‍ പറഞ്ഞതും ചടങ്ങിനെത്താനാവാത്തവര്‍ ലീവ് ലെറ്റര്‍ നല്‍കിയതും ശ്രദ്ധേയമായി. 
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശോഭ സംഗമം ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ പനങ്കാവ് അധ്യക്ഷനായി. ആദ്യകാല ഗുരുനാഥന്മാരായ നീലേശ്വരത്തെ ഗോവിന്ദന്‍ , എം വി ഭഭാസ്കരന്‍ , കാഞ്ഞങ്ങാട്ടെ വി ഭാസ്കരന്‍ , എറണാകുളത്തെ കുര്യന്‍ , അലവിക്കുട്ടി, അധ്യാപികമാരായ മാധവി, കെ ലക്ഷി, പി നാരായണി, ടി രാധക്കുട്ടി, പി ലക്ഷ്മി എന്നിവരെ ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക എച്ച് എസ് വിജയലക്ഷ്മി പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഗംഗാധരന്‍ , ഡോ. കെ ജയശ്രി, കെ വി ദാമോദരന്‍ , എം അസിനാര്‍ , ബഷീര്‍ ആറങ്ങാടി എന്നിവര്‍ സംസാരിച്ചു. കെ തങ്കമണി സ്വാഗതവും പി ജയരാജന്‍ നന്ദിയും പറഞ്ഞു.

കൈയെത്തുംദൂരെ ഒരു കുട്ടിക്കാലം...
 30 Aug 2011കാഞ്ഞങ്ങാട്: പതിവുപോലെ കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളില്‍ ബെല്ലടിച്ചു. എല്ലാവരും ക്ലാസില്‍ കയറിയിരുന്നു. അധ്യാപകരെത്തി, പിന്നെ ഓര്‍മകളുടെ പെരുമഴക്കാലമായി.

1976 മുതല്‍ 83 വരെ ഒരുമിച്ച് പഠിച്ചവരാണ് ഓര്‍മകള്‍ പുറത്തെടുത്തത്. വാര്‍ധക്യത്തിന്റെ അവശത മറന്ന് ഗോവിന്ദന്‍ നായരും കോട്ടയത്തുള്ള കുര്യന്‍ മാഷും സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ പി.ഭാസ്‌കരന്‍ നായരും തുടങ്ങി അന്നത്തെ അധ്യാപകരും സതീര്‍ഥ്യസംഗമത്തിലെത്തി. മാതാപിതാക്കളെപ്പോലും മറന്നുപോകുന്ന ഇന്നത്തെ കാലത്ത് ഗുരുനാഥന്മാരെ ഓര്‍ക്കാന്‍ നിങ്ങള്‍ തയ്യാറായല്ലോ... ഇതിനേക്കാള്‍ വലിയ ഗുരദക്ഷിണയില്ല... അധ്യാപകര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ കെ.ജയശ്രീയും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി.ശോഭയും പത്രപ്രവര്‍ത്തകന്‍ ബഷീര്‍ ആറങ്ങാടിയും തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സതീര്‍ഥ്യരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിദേശത്തുനിന്നും കേരളത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും പഴയ കൂട്ടുകാരെ കണ്ട് പുതിയ ജീവിതാനുഭവങ്ങള്‍ കൈമാറി.

Sunday, August 28, 2011

മലയാളം കുറ്റകൃത്യമാകുന്നത്‌ അടിമ മനോഭാവത്തില്‍

ഡോ സുകുമാര്‍ അഴിക്കോട്‌

സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ നൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക്‌ ആയിരം രൂപ വീതം പിഴ. പിഴ അടച്ചില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളിനു പുറത്ത്‌. സംഭവം അന്വേഷിക്കുന്നവരോട്‌ `കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കും മുമ്പ്‌ മലയാളം സംസാരിക്കുന്നത്‌ കുറ്റകൃത്യമാണെന്ന്‌ അറിയിച്ചിരുന്നു' എന്ന മറുപടി നല്‍കുന്ന സ്‌കൂള്‍ അധികൃതര്‍. വിവരം അറിഞ്ഞ മലയാളത്തിന്റെ കവയത്രി സുഗതകുമാരി ചോദിക്കുന്നു, `ഇവര്‍ ഏതു ലോകത്താണ്‌ ജീവിക്കുന്നത്‌, ഇത്തരക്കാരെ രാജ്യദ്രോഹ കുറ്റത്തിന്‌ വിചാരണ ചെയ്യണം'. മലയാളികളുടെ തലമുതിര്‍ന്ന സാംസ്‌കാരിക നായകന്‍ ഡോ സുകുമാര്‍ അഴിക്കോട്‌ ഈ പ്രതിഭാസത്തെ ഒറ്റവാക്കില്‍ വിലയിരുത്തി. `നാണക്കേട്‌'. ഇത്തരം സ്‌കൂളുകള്‍ നാടിനും നാട്ടാര്‍ക്കും അമ്പെ നാണക്കേടാണ്‌.

സ്വന്തം ഭാഷയെക്കുറിച്ചുള്ള ന്യായമായ ആത്മാഭിമാനത്തിന്റെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന ഭാഷാഭ്രാന്ത്‌ മലയാളത്തിന്റെയും മലയാളിയുടെയും സ്വത്വമല്ല. ഭൂമിശാസ്‌ത്രപരവും കാര്‍ഷികോല്‍പ്പന്നമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും മറ്റും പരിമിതിമൂലവും പശ്ചിമഘട്ടത്തെയും അറബിക്കടലിനെയും കടന്ന്‌ ലോകമെങ്ങും വ്യാപിക്കാന്‍ നിര്‍ബന്ധിതനാണ്‌ മലയാളി. അതുകൊണ്ട്‌ തന്നെ സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും മിഥ്യാഭിമാനിയാവാന്‍ മലയാളിക്കാവില്ല. എത്തിപ്പെടുന്ന നാടുകളില്‍ അവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും ആദരിക്കാനും സ്വായത്തമാക്കാനുമുള്ള യാഥാര്‍ഥ്യബോധം അവനുണ്ട്‌. മലയാളി ലാളിത്യവും വിനീതത്വവുമുള്ള വിശ്വപൗരനായി മാറിയത്‌ അങ്ങനെയാണ്‌. അതാണ്‌ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ലോകം അംഗീകരിക്കുന്ന `കേരളാ മോഡലി'നു ഉടമകളാക്കി നമ്മെ മാറ്റിയതും.

ആധുനിക വിവരവിജ്ഞാന വിനിമയ സാങ്കേതങ്ങളുടെ വിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ ചുരുങ്ങികൂടുന്ന ഭാഷാഭ്രാന്തന്‍മാരാകാന്‍ നാം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ സ്‌കൂള്‍ പൂര്‍വകാലം മുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിനും സര്‍ക്കാര്‍ - എയ്‌ഡഡ്‌ മേഖലയെന്ന വ്യത്യാസം കൂടാതെ നാം ഊന്നല്‍ നല്‍കാന്‍ തുടങ്ങിയത്‌. സ്വാശ്രയമേഖലയുള്‍പ്പെടെ സെക്കന്‍ഡറി തലംവരെ മലയാളം ഒന്നാം ഭാഷയാക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്‌ ഈ യാഥാര്‍ഥ്യത്തെ ഒട്ടും വിസ്‌മരിച്ചുകൊണ്ടും അല്ല. എന്നാല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനമാണ്‌, അത്‌ മാത്രമാണ്‌, മലയാളിക്ക്‌ രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്ന ചിന്തയും കാഴ്‌ചപ്പാടും പലരെയും ഇനിയും വിട്ടുപിരിയാത്ത അടിമ മനോഭാവമാണ്‌, കോളനി വിധേയത്വ ചിന്തയാണ്‌. അത്‌ മലയാളത്തോടും ഈ നാടിന്റെ മഹത്തായ സംസ്‌കാരത്തോടുമുള്ള അനാദരവില്‍ നിന്നും അവജ്ഞയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.

കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നത്‌ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടം ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നിയമമാണ്‌. അതിലുപരി, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ സംസാരിക്കുന്നത്‌ കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ നിയമലംഘനമാണ്‌. ഈ നിയമലംഘനം തൂശൂര്‍ ജില്ലയിലെ മാളയില്‍ ഹോളി ഗ്രേസ്‌ സ്‌കൂളില്‍ മാത്രമാണ്‌ നടക്കുന്നതെന്നും കരുതുന്നില്ല. ഹോളി ഗ്രേസ്‌ സ്‌കൂള്‍ ഒരു മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌. ഈ വിധം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ നാടുഭരിക്കുന്ന ഗവണ്‍മെന്റ്‌ തയ്യാറാവണം. നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ നാട്ടിലുടനീളം കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ സ്വാശ്രയ സി ബി എസ്‌ ഇ-ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ മതസമുദായപ്രീണനത്തിന്റെ തളികയില്‍ അംഗീകാരം വച്ചുനീട്ടുന്ന ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്‌ അതിനുള്ള തന്റേടവും നിശ്ചയദാര്‍ഢ്യവും ഉണ്ടോ എന്നാണ്‌ ഇവിടെ ഉയരുന്ന ചോദ്യം.

ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ പിഴയും പുറത്താക്കലും ഭീഷണിയുമല്ല മാര്‍ഗമെന്ന്‌ വിദ്യാഭ്യാസ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തിരിച്ചറിയണം. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റുന്നവര്‍ ഭാഷാപഠനത്തിനുള്ള ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും എന്താണെന്ന്‌ പഠിക്കണം. തങ്ങള്‍ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ചിലവഴിച്ചാല്‍ ഏത്‌ ഭാഷാപഠനത്തിനും ആവശ്യമായ ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കാന്‍ കഴിയും. അതൊരുക്കി നല്‍കാതെ മലയാളഭാഷയെന്ന അമ്മയുടെ നെഞ്ചില്‍ കുതിര കയറാന്‍ നടത്തുന്ന ഏതു ശ്രമത്തെയും അഭിമാനബോധമുള്ള മലയാളി എതിര്‍ത്തു പരാജയപ്പെടുത്തും.

കൊളോണിയല്‍ ദാസ്യമനോഭാവവും അശാസ്‌ത്രീയ ബോധനരീതികളും അസ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷവും കൈമുതലും മുഖമുദ്രയുമാക്കിയ സ്വകാര്യ സ്വാശ്രയ പാഠശാലകളിലേയ്‌ക്ക്‌ തങ്ങളുടെ കുട്ടികളെ അടിമകളെപ്പോലെ തെളിച്ചുവിടുന്ന രക്ഷിതാക്കള്‍ സ്വയം ചിന്തിക്കാന്‍ ഈ അവസരം വിനിയോഗിക്കണം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും വെള്ളിവെളിച്ചവുമുള്ള പാഠശാലകള്‍ക്കെ ഉത്തമ പൗരന്‍മാരെയും നല്ല മനുഷ്യരെയും സൃഷ്‌ടിക്കാനാവൂ. അത്‌ ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്‌. അത്‌ നിഷേധിക്കരുത്‌.

കുടിവെള്ള ഗുണനിലവാര പരിശോധനാ പരിപാടി

29 Aug 2011

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ ടൗണില്‍ ജലസുരക്ഷാ പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വേണുഗോപാല്‍, പി.ടി.ജോസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും.
 
 
 
വാരാമ്പറ്റ ഗവ. യു.പി.യില്‍ 'എല്ലാവരും പാടത്തേക്ക്' തുടങ്ങി

വാരാമ്പറ്റ: ഗവ. യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'എല്ലാവരും പാടത്തേക്ക്' പദ്ധതി തുടങ്ങി.
കൃഷിഓഫീസര്‍ കെ. മമ്മുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മമ്മുട്ടി അധ്യക്ഷതവഹിച്ചു. ഇക്കോ ക്ലബ്കണ്‍വീനര്‍ ബിനോയ് ബേബി, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ഷിനൂബ്, എം.കെ. കമലാദേവി, കെ.എം. പ്രകാശന്‍, ഒ.നാസര്‍, രവി, എം.പി. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.ആദിവാസി ഊരുകളില്‍നിന്നെത്തിയ തുടിവാദ്യകലാകാരന്മാരുടെ വാദ്യത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് 'കമ്പളനാട്ടി' പുനരാവിഷ്‌കരിച്ചു. വികസനക്കുതിപ്പില്‍ പ്രകൃതിയെ മറക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന് കൃഷിയുടെ ആവേശം മനസ്സിലാക്കാന്‍ വേണ്ടിയാണ് സംഗീതത്തിന്റെ അകമ്പടിയോടെ നാട്ടിപ്പണി ചെയ്തത്. കുട്ടികള്‍ വയലില്‍ ഇറങ്ങിയത് വാരാമ്പറ്റ ഗ്രാമത്തിന് നവ്യാനുഭവമായി. 
ആരോഗ്യ ശുചിത്വ സര്‍വേയും ബോധവത്കരണ ക്ലാസ്സും

തേറ്റമല: ഗവ.യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെയും ഗ്രീന്‍ ക്രോസിന്റെയും നേതൃത്വത്തില്‍സ്‌കൂളിനു സമീപത്തുള്ള ബട്ടേരിക്കുന്ന് കോളനിയില്‍ ആരോഗ്യ ശുചിത്വ സര്‍വേയും ബോധവത്കരണ ക്ലാസ്സും നടത്തി.
കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയത്. ഇരുപതോളം കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനിയില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. ഒറ്റ വീടുകള്‍ക്കും കക്കൂസോ, കിണറുകളോ ഇല്ല. കുടിവെള്ളത്തിനായി കേണികളെയാണ് ആശ്രയിക്കുന്നത്.ജില്ലയില്‍ കോളറ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടുന്ന സാഹചര്യത്തില്‍ കോളനികളില്‍ ജലവിതരണ സംവിധാനമുണ്ടാക്കണം. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുകയും വേണം. ഇക്കാലത്ത് കക്കൂസുകളോ കൂടി വെള്ള സൗകര്യമോ ഇല്ലാത്ത കോളനികളുടെ വികസന കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് സീഡ് ക്ലബ്ബംഗങ്ങള്‍.
സര്‍വേയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പി.ടി.എ.പ്രസിഡന്റ് ആര്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ.ഓര്‍ഡിനേറ്റര്‍ വി.വി. അജിദര്‍, പ്രധാനാധ്യാപകന്‍ കെ.സത്യന്‍, കെ.ആര്‍.ഹര്‍ഷിന്‍, ഷിനറ്റ് ജോണി, കെ.പി.റമീസ് തുടങ്ങിയവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.
 
പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസവും സംരക്ഷിക്കണം- ജനകീയ സദസ്
തൊടുപുഴ: പൊതുവിദ്യലായങ്ങളും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കണമെന്ന ആഹ്വാനംനല്‍കി ജനകീയ വിദ്യാഭ്യാസ സദസ്. കേരളാ വിദ്യാഭ്യാസ സമിതി ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വാഴത്തോപ്പില്‍ നടന്ന ജനകീയ വിദ്യാഭ്യാസ സദസാണ് പൊതുനന്മയിലേക്കും മേന്മയിലേക്കും വിദ്യാഭ്യാസത്തെ കൊണ്ടുപോകേണ്ട ആവശ്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. ജനകീയ വിദ്യാഭ്യാസ സദസ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനാകെ മാതൃകയായിട്ടുള്ളതാണ് കരളത്തിന്റെ പൊതുവിദ്യാലയങ്ങളും പൊതു വിദ്യാഭ്യാസവുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഇടതുപക്ഷ പ്രസ്ഥാനം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. മിഷനറിമാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കിയിട്ടുണ്ട്. ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ വിപുലപ്പെടുത്തുകയും അതിനനുയോജ്യമായ വിദ്യാഭ്യാസ ഘടന രൂപപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത് 1957ലെ ഈഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. പതിറ്റാണ്ടുകളുടെ ശ്രമഫലമായി കേരളം ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. സിബിഎസ്സി മേഖലയില്‍ അനിയന്ത്രിതമായി സ്കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനം ഈ രംഗത്ത് കുത്തകകള്‍ക്ക് കടന്നുവരാനുള്ള സാഹചര്യം, പാഠ്യപദ്ധതിയും പരീക്ഷാ രീതിയുമെല്ലം തകര്‍ക്കുന്ന സമീപനം ഇവയെല്ലാം പൊതു വിദ്യഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം ആവശ്യമാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ജി എസ് ഗോപിനാഥ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശശീന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. എല്‍ഡിഡഎഫ് ജില്ലാ കണ്‍വീനര്‍ സി കെ കൃഷ്ണന്‍കുട്ടി, ആംനസ്, കെ ജെ ജയിംസ്, പ്രിന്‍സ് മാത്യു, എ എന്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി എം സുബൈര്‍ സ്വാഗതവും ജി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 
 
മലയാളം സംസാരിക്കാനുള്ള അവകാശത്തിനായി പോരാടണം
ചെന്ത്രാപ്പിന്നി: മലയാളം സംസാരിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടണമെന്ന് പുരോഗമന കലാസഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം ഉച്ചരിക്കുന്നതുതന്നെ കുറ്റകൃത്യമായി കണക്കാക്കുകയും വന്‍ തുക പിഴ ഈടാക്കുകയും ചെയ്യുന്ന പതിവുമുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതവിഷയമാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ നഗ്നമായി അട്ടിമറിച്ചിരിക്കുന്നതെന്ന് പ്രമേയത്തില്‍ പറഞ്ഞു. 
സതീര്‍ഥ്യര്‍ക്ക് പുതുവസ്ത്രങ്ങളുമായി തളങ്കരയിലെ വിദ്യാര്‍ഥികള്‍
കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണം- പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എഴുപതോളം വിദ്യാര്‍ഥികള്‍ക്ക് പുതുവസ്ത്രം നല്‍കി. പ്ലസ്ടു വിഭാഗത്തില്‍ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് വസ്ത്രം വാങ്ങുമ്പോള്‍ കൂട്ടുകാര്‍ക്കും ഒരുവസ്ത്രം എന്ന ആശയം പ്രാവര്‍ത്തികമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനത്തിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ പിന്തുണനല്‍കി.. കാസര്‍കോട് ടൗണിലെ ചില വസ്ത്രവ്യാപാരികളും സഹായവുമായെത്തിയതോടെ പരിപാടി മികവുറ്റതായി. ദാരിദ്ര്യത്തിനും ഇല്ലായ്മക്കും മുന്നില്‍ ജാതി-മത ചിന്ത വഴിമാറിയപ്പോള്‍ കുട്ടികള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിളംബരമായി മാറി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ അബ്ദുള്‍റഹ്മാന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള ഉപഹാരം നല്‍കി.

അധ്യാപക സംരക്ഷണ പാക്കേജ് - ആശങ്ക അകറ്റണം: കെഎസ്ടിഎ
കാസര്‍കോട്: സംസ്ഥാനത്ത് അധ്യാപക സംരക്ഷണ പാക്കേജ് നടപ്പാക്കുമ്പോള്‍ അധ്യാപകരുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തണമെന്ന് കെഎസ്ടിഎ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രൊട്ടക്ഷന്‍ ആനുകൂല്യമുള്ളവരും സര്‍വീസില്‍നിന്ന് പുറത്തുപോയവരും ഉള്‍പ്പെടുന്ന അധ്യാപക ബാങ്ക് രൂപീകരിക്കുമെന്നും താല്‍ക്കാലികമായോ സ്ഥിരമായോ ഒഴിവുകള്‍ വരുമ്പോള്‍ ഇതില്‍നിന്ന് പരിഗണിക്കുമെന്നുമാണ് പാക്കേജില്‍ പറയുന്നത്. ഇവര്‍ക്ക് എന്നുമുതല്‍ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പ്രൊട്ടക്ടഡ് അധ്യാപകരെ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത് ദോഷകരമാകും. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1ഃ 30 എല്ലാ ക്ലാസിനും ബാധകമാക്കി സര്‍വീസില്‍ നിന്ന് പുറത്തുപോയവര്‍ക്കും അതത് മേഖലയില്‍ ജോലി നല്‍കണമെന്നും ശമ്പളമില്ലാതെ ജോലിചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കണമെന്നും ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ സി അലി ഇക്ബാല്‍ സംഘടനാ റിപ്പോര്‍ട്ടും കെ രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
 
 
 
 

വിദ്യാഭ്യാസ പാക്കേജ്: നിലവിലുള്ള സംരക്ഷണവും നഷ്ടപ്പെടുത്തി - കെ.എസ്.ടി.എ

28 Aug 2011


കൊല്ലം: അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുമെന്ന അവകാശവാദത്തോടെ കൊണ്ടുവരുന്ന വിദ്യാഭ്യാസ പാക്കേജ് നിലവിലുള്ള സംരക്ഷണംകൂടി നഷ്ടപ്പെടുത്തുന്നതാണെന്ന് കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ആരോപിച്ചു. തസ്തിക നഷ്ടപ്പെട്ട എല്ലാ അധ്യാപകരെയും ടീച്ചേഴ്‌സ് ബാങ്കിലേക്ക് മാറ്റുന്നതോടെ 1997 ജൂലൈ 14 വരെ സര്‍വീസിലിരുന്ന മുഴുവന്‍ അധ്യാപകര്‍ക്കുമുണ്ടായിരുന്ന തൊഴില്‍ സംരക്ഷണം എന്നത്തേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ടീച്ചേഴ്‌സ് ബാങ്ക്‌വഴി സംരക്ഷിക്കുമെന്നു പറയുന്ന 10503 അധ്യാപകരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കേണ്ട അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന നിരോധനത്തിലൂടെ പി.എസ്.സി.നിയമനം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യവും പാക്കേജില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പ്രതിലോമകരവും അപകടകരവുമായ നിര്‍ദ്ദേശങ്ങള്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ചചെയ്ത് ഒഴിവാക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കൊല്ലം ടൗണ്‍ യു.പി.എസില്‍ ചേര്‍ന്ന യോഗം കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വിക്രമന്‍ നായര്‍ അധ്യക്ഷനായി. അജയകുമാര്‍, കെ.ആര്‍. ദാമോദരന്‍ പിള്ള, ആര്‍.രാധാകൃഷ്ണന്‍, കമല്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.ബാബു സ്വാഗതവും ജോ. സെക്രട്ടറി പി.കുട്ടപ്പന്‍ പിള്ള നന്ദിയും പറഞ്ഞു.
 
എട്ടാംക്ലാസ്സിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ നല്‍കും-മന്ത്രി ജയലക്ഷ്മി
 28 Aug 2011പൈനാവ്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എട്ടാംക്ലാസ്സിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ നല്‍കുമെന്ന് പട്ടിക വര്‍ഗ - യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എന്‍ജിനിയറിങ് -മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം അഡ്മിഷന്‍ നേടിയവര്‍ക്ക് ലാപ്‌ടോപ്പ് നല്‍ക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകള്‍ക്കും ലൈബ്രറി സൗകര്യവും ഒരുക്കും. സൗകര്യങ്ങളുടെ കുറവുമൂലം പഠനം പകുതിവഴിക്ക് ഉപേക്ഷിക്കുന്ന നിരവധി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. അത്തരമൊരവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ സ്വാഗതവും ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എം. അരുണഗിരി കൃതജ്ഞതയും പറഞ്ഞു.
പി.ഡബ്ല്യു.ഡി. എക്‌സി. എന്‍ജിനിയര്‍ ജോസ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

-
പൂമാല ട്രൈബല്‍ സ്‌കൂളിന് മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതി അവാര്‍ഡ്

തൊടുപുഴ: ജില്ലയിലെ ഹൈസ്‌കൂളുകളിലെ മികച്ച അധ്യാപക രക്ഷാകര്‍തൃസമിതിക്ക് വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പി.ടി.എ.യുടെ ഇടപെടലാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

സുവര്‍ണജൂബിലിയുടെ ഭാഗമായി രൂപപ്പെടുത്തിയ വിദ്യാഭ്യാസ വികസന രേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍. കളിത്തട്ട് വിദ്യാപദ്ധതി എന്ന പേരില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ഒരു പൊതുവേദി പ്രവര്‍ത്തിക്കുന്നു. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ കീഴില്‍ ആദിവാസി മേഖലയിലുള്ള പ്രാദേശിക രക്ഷാകര്‍തൃസമിതികള്‍ പ്രാദേശിക പിന്തുണ നല്‍കുന്നു.


അവധിക്കാലത്തും മറ്റ് അവധിദിവസങ്ങളിലും നടത്തുന്ന പ്രാദേശിക പഠനോത്സവങ്ങള്‍, പഠനവീടുകള്‍, രക്ഷിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിവിധ ക്ലാസ്സുകള്‍ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. പത്തുവര്‍ഷമായി കുട്ടികളുടെ എണ്ണവും വിജയശതമാനവും വര്‍ധിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98 ശതമാനമാണ് വിജയം. വിദ്യാര്‍ഥികളില്‍ 68 ശതമാനവും ആദിവാസിമേഖലയില്‍ ഉള്ളവരാണ്.


സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. സ്‌പെഷല്‍ ജൂറി അവാര്‍ഡ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്മാര്‍ട്ട്‌സ്‌കൂള്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളുകളില്‍ ഒന്ന് പൂമാലയാണ്. ഒന്നേകാല്‍ കോടി രൂപയുടെ ഐ.ടി. വികസനമാണ് സ്‌കൂളില്‍ നടക്കുന്നതെന്ന് പ്രഥമാധ്യാപകന്‍ ടി.എ.അബ്ദുള്‍നാസര്‍, പ്രിന്‍സിപ്പല്‍ റോയി തോമസ്, പി.ടി.എ. പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, മാതൃസംഗമം പ്രസിഡന്റ് സുശീല ഗോപി എന്നിവര്‍ പറഞ്ഞു.
 
  മൈലാഞ്ചിമൊഞ്ചോടെ കുരുന്നുകള്‍ പെരുന്നാളിനെ വരവേറ്റു


കാളികാവ്: മൈലാഞ്ചിക്കൈകളുമായി കുരുന്നുകള്‍ പെരുന്നാള്‍ വരവേല്പ് ഗംഭീരമാക്കി. അഞ്ചച്ചവിടി ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈലാഞ്ചി ഉത്സവം സംഘടിപ്പിച്ച് പെരുന്നാളിനെ വരവേറ്റത്. എല്‍.പി, യു.പി വിഭാഗങ്ങളായി തിരിച്ച് നടത്തിയ മത്സരത്തില്‍ 40ല്‍ അധികം ടീമുകള്‍ പങ്കെടുത്തു. പെരുന്നാള്‍ അവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന വെള്ളിയാഴ്ചയാണ് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചത്.

കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല, വൈസ്​പ്രസിഡന്റ് കെ. കുഞ്ഞാപ്പ ഹാജി, പി.ടി.എ പ്രസിഡന്റ് കെ.ടി. റഷീദ്, വൈസ്​പ്രസിഡന്റ് കെ. മുഹമ്മദാലി, കാളികാവ് സഹകരണബാങ്ക് പ്രസിഡന്റ് ഇ.പി. യൂസുഫ് ഹാജി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. അധ്യാപകരായ എന്‍.ടി. സുബൈദ, എം. മൂസ, പി. മൈമൂന, സി.ടി. കുഞ്ഞയമു എന്നിവര്‍ നേതൃത്വംനല്‍കി.

സ്‌കൂള്‍ ഡിസ്‌പന്‍സറി തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ സ്‌കൂള്‍ ഡിസ്​പന്‍സറി ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പി. ചന്ദ്രശേഖരന്‍, പ്രിന്‍സിപ്പല്‍ കെ. രാജേന്ദ്രന്‍, എം.ജി. ബല്‍രാജ്, എസ്.വി. രാജേഷ്, സി. ബാലന്‍, കെ.അജിത എന്നിവര്‍ പ്രസംഗിച്ചു. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ വി.എം. ആനന്ദവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

ഗ്രേഡിനെ മാര്‍ക്കായി തെറ്റിദ്ധരിച്ചു - ഡോ.കുട്ടികൃഷ്ണന്‍

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഗ്രേഡ് പോയിന്റിനെ മാര്‍ക്കായി തെറ്റിദ്ധരിച്ചതാണ് ബിരുദതലത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടപ്പാക്കിയ ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട പല പരാതികള്‍ക്കും കാരണമെന്ന് കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.പി.കുട്ടികൃഷ്ണന്‍ പറഞ്ഞു. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്ററും ഗ്രേഡിങ്ങും എന്ന വിഷയത്തില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സംവാദത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേഡിനെ ശതമാനമാക്കി മാറ്റാനുള്ള ഫോര്‍മുല ഗണിത, സ്റ്റാറ്റിസ്റ്റിക്‌സ് തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയതാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത് നമ്മള്‍ അംഗീകരിക്കുന്നതുപോലെ ഈ ഫോര്‍മുലയും അംഗീകരിക്കണം. എന്നാല്‍ ചിലര്‍ ഇത് അംഗീകരിക്കുന്നില്ല. ആകെ ഗ്രേഡ് പോയിന്റ് ആവറേജായ (സി.ജി.പി.എ.) രണ്ടിനെ 40-ലേക്കും നാലിനെ നൂറിലേക്കും മാറ്റാനാണ് ഫോര്‍മുല നല്‍കിയത്. രണ്ട് നാലിന്റെ 50 ശതമാനമായതിനാല്‍ സി.ജി.പി.എ. രണ്ട് കിട്ടിയാല്‍ 50 ശതമാനം മാര്‍ക്കായെന്ന് പലരും കരുതി. നാലിന്റെ പകുതി രണ്ട് 50 ശതമാനമാണെന്ന ആലോചനയെത്തുടര്‍ന്നുള്ള വേദനകളാണ് പ്രശ്‌നം. ശാസ്ത്രം ശരിയല്ലെന്ന് പറയുന്നത് ശരിയല്ല. പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള ചില നോട്ടക്കുറവുകളുണ്ടായി. അത് പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.


ആദ്യഫലം പുറത്തുവന്നപ്പോഴാണ് നിരവധി പരാതികളും പ്രശ്‌നങ്ങളുമുണ്ടായത്. അധ്യാപകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രശ്‌നം വേഗം പരിഹരിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ ഡയറക്ട് ഗ്രേഡിങ് നടപ്പാക്കുകവഴി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അജന്‍ഡയാണ് കണ്ണൂരില്‍ നടപ്പാക്കിയതെന്ന് കെ.പി.സി.ടി.എ. പ്രതിനിധിയായി സംസാരിച്ച മേപ്പയില്‍ നാരായണന്‍ പറഞ്ഞു. തുടക്കമെന്ന നിലയില്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി നല്‍കാനായിരുന്നു കണ്ണൂരില്‍ ഗ്രേഡിങ് നടപ്പാക്കുന്നതിന് രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ തീരുമാനം. ഇത് അട്ടിമറിച്ചാണ് ചര്‍ച്ചകള്‍ പോലും നടത്താതെ ഡയറക്ട് ഗ്രേഡിങ് നടപ്പാക്കിയത് -അദ്ദേഹം പറഞ്ഞു.


വി.അബ്ദുള്ള (എ.കെ.പി.സി.ടി.എ.), സുധീപ് ജയിംസ് ( കെ.എസ്.യു.), എം.ഷാജര്‍ (എസ്.എഫ്.ഐ.), പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം എന്‍.കെ.ഗോവിന്ദന്‍ എന്നിവരും സംസാരിച്ചു. സി.പി.ഹരീന്ദ്രന്‍ മോഡറേറ്ററായിരുന്നു.
 
സ്‌കൂളുകള്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കും -കെ.എസ്.ടി.എ.

കണ്ണൂര്‍: അണ്‍എക്കണോമിക് ഗണത്തില്‍ വരുന്ന 3600 സ്‌കൂളുകളെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ പറഞ്ഞു. കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളില്ലെങ്കിലും ടീച്ചര്‍ ബാങ്കുണ്ടല്ലോ എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം.കെ. രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി. ബാലകൃഷ്ണന്‍, എ.കെ. ബീന, വി.കെ. സാവിത്രി, പി.ആര്‍. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.ജെ. മാത്യു സ്വാഗതം പറഞ്ഞു.

ഗണിതശാസ്ത്ര പൂക്കളമത്സരം

ഉദിനൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര പൂക്കളമത്സരം സപ്തംബര്‍ മൂന്നിന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ നടക്കും. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
 
എം.ജി.എല്‍.സി. സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചുകാസര്‍കോട്:ജില്ലയിലെ ഭിന്നതല പഠനകേന്ദ്രങ്ങളായ (എം.ജി.എല്‍.സി.) ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടന്ന ശമ്പളമാണ് അനുവദിച്ചത്. ശമ്പളം വിതരണം ചെയ്യാനായി എസ്.എസ്.എ. സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ 3,43,65,000 രൂപയാണ് അനുവദിച്ചത്. എസ്.എസ്.എ. പ്രോജക്ട് ഓഫീസര്‍ പി.രാജനാണ് ജില്ലാ വികസനസമിതി യോഗത്തില്‍ ഈ കാര്യം അറിയിച്ചത്. ജില്ലയിലെ 58 ഭിന്നതല പഠനകേന്ദ്രത്തില്‍ 88 ജീവനക്കാരാണുള്ളത്. എം.ജി.എല്‍.സി. പദ്ധതി തുടര്‍ന്നുപോകാനും എസ്.എസ്.എ. അനുമതി നല്‍കിയിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസസൗകര്യമില്ലാത്ത വിദൂരപ്രദേശത്തെ കുട്ടികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നതിനാണ് എം.ജി.എല്‍.സി. പ്രവര്‍ത്തിച്ചുവരുന്നത്.
മാതൃഭൂമി 

അധ്യാപക പാക്കേജ് വികലം: സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍

മലപ്പുറം: എല്ലാ വിഭാഗം അധ്യാപക സംഘടനകളുമായും ചര്‍ച്ചചെയ്യാതെ വികലമായ രീതിയില്‍ അധ്യാപക പാക്കേജ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രൈവറ്റ് സ്കൂള്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമായി യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കി സ്പെഷ്യലിസ്റ്റ് വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും കമ്മിറ്റി പ്രസ്താവിച്ചു. യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ടി കെ രാഘവന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം ജയകൃഷ്ണന്‍ , യൂനുസ് മുസ്ല്യാരകത്ത്, അബ്രഹാം ജോസഫ്, ജോണ്‍സണ്‍ , കെ എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Friday, August 26, 2011

അധ്യാപക നിയമന പാക്കേജ് അംഗീകരിക്കില്ലെന്ന് കെ.സി.ബി.സി

 27 Aug 2011

കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നപരിഹാരത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍. അധ്യാപക നിയമന പാക്കേജ് അപര്യാപ്തമാണെന്ന് കൊച്ചി പി.ഒ.സിയില്‍ ചേര്‍ന്ന കത്തോലിക്കാ കോര്‍പ്പറേറ്റ് സ്‌കൂള്‍ മാനേജര്‍മാരുടെ സമ്മേളനം വിലയിരുത്തി.

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാക്കേജ് അവ്യക്തവും സംരക്ഷിത അധ്യാപകരെ സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതുമാണ്. പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷമേ സര്‍ക്കാര്‍ പാക്കേജുമായി മുന്നോട്ടുപോകാവൂവെന്നും ജനാധിപത്യ മര്യാദയനുസരിച്ച് മാനേജ്‌മെന്റുകളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരെ നിയമിക്കാനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ സഭ അംഗീകരിക്കില്ല. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, കത്തോലിക്കാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളായ ഫാ. മാത്യു ചന്ദ്രക്കുന്നേല്‍, ഫാ.ജോസ് കരിവേലിക്കല്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
-
മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചുവടുമാറ്റി. പിഴയായി ചുമത്തിയ തുക തിരിച്ചുനല്‍കാനും ഇപ്പോഴത്തെ ശിക്ഷാനടപടികളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാനും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തുടര്‍ന്നും ഈ ശിക്ഷ നല്‍കണമോയെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതര്‍.

സ്‌കൂള്‍ പരിസരത്ത് മലയാളം സംസാരിച്ചതിന് കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.

സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബി.ജെ.പി., കെ.എസ്.യു. എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി. എങ്കിലും രക്ഷിതാക്കളുടെ അംഗീകാരത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാതൃഭാഷ സംസാരിച്ചതിനുള്ള പിഴചുമത്തലെന്ന് സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പിന്നീട് പറഞ്ഞു. മലയാളം നിര്‍ബന്ധവിഷയമായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, ഈ ശിക്ഷ ഇനിയും നടപ്പാക്കണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ പിന്നീട് പറഞ്ഞത്.

സ്‌കൂളിനെതിരെ നടപടി വേണം-അഴീക്കോട്

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്തവിധം മലയാളഭാഷയെ അപമാനിച്ചതായി പറയുന്ന മാളയിലെ സ്‌കൂളിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളം
ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ് ഇത്തരം കൃത്യം ചെയ്ത സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇതിന്റെ മാനേജ്‌മെന്റ് ബോഡിയെ അയോഗ്യരായി പ്രഖ്യാപിക്കുകയെങ്കിലും വേണം. ഒഴിവുസമയത്തുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന ശാഠ്യം പഴയ കൊളോണിയലിസത്തിന്റെ പ്രേതബാധയാണ്. മറ്റാരും ഇതിന് മുതിരാത്തവിധം കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഴീക്കോട് പറഞ്ഞു.
-
സി.ബി.എസ്.ഇ നിര്‍ത്തലാക്കിയ പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിര്‍ത്തലാക്കിയ പരീക്ഷാസമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആന്‍േറാആന്റണി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പഠനമികവ് വിലയിരുത്തുന്ന പരീക്ഷാസമ്പ്രദായത്തിനു പകരം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

ഇത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകും. വിദ്യാര്‍ഥികളുടെ ഗ്രഹണശക്തി, അപഗ്രഥന-അവതരണ മികവ് എന്നിവ വിലയിരുത്തുന്നതിന് പരമ്പരാഗതമായി നിലനില്‍ക്കുന്ന ശാസ്ത്രീയസംവിധാനമാണ് വേണ്ടത്-ആന്‍േറാ ആന്റണി പറഞ്ഞു.

ഓണപ്പരീക്ഷയ്ക്കിടയില്‍ 'സമ്പൂര്‍ണ'യും; ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പെടാപ്പാട്


അരീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'സമ്പൂര്‍ണ' ഓണപ്പരീക്ഷയ്ക്കിടയില്‍ ധൃതിപിടിച്ച് നടപ്പാക്കുന്നത് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ദുരിതമാകുന്നു. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന പ്രക്രിയയാണ് 'സമ്പൂര്‍ണ'. ഇത് ആഗസ്ത് 30നകം നടത്താനാണ് അധ്യാപകര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഓണപ്പരീക്ഷയ്ക്ക് തിയ്യതി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെ 17നാണ് ഇത് സംബന്ധിച്ച നിര്‍ദേശം പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്നത്. 19ന് തന്നെ പ്രധാനാധ്യാപകര്‍ ഇതിനുവേണ്ട ഫോറങ്ങള്‍ ക്ലാസ് അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 20, 21 തിയ്യതികളില്‍ അവധിയായി. 22ന് പരീക്ഷ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് സുപ്രധാനവും തന്ത്രപ്രധാനവുമായ ഈ ജോലികൂടി വന്നുചേര്‍ന്നത്.

'സമ്പൂര്‍ണ'യുടെ ഫോറത്തില്‍ ഒരുകുട്ടിക്ക് പത്ത് തലക്കെട്ടുകളിലായി 50ല്‍ അധികം കോളങ്ങളാണ് അധ്യാപകര്‍ പൂരിപ്പിക്കേണ്ടത്. 'ആധാര്‍' പദ്ധതിയുടെ മുന്നോടിയായാണ് വിദ്യാര്‍ഥികളുടെ ഈ അടിസ്ഥാന വിവരശേഖരണം നടക്കുന്നത്. അതുകൊണ്ടുതന്നെ കാര്യക്ഷമതയോടെ കുറ്റമറ്റ രീതിയില്‍ ചെയ്യേണ്ട ഈ പ്രവൃത്തി ധൃതിപിടിച്ച് ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കെല്‍ട്രോണിനാണ് വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള ചുമതല. ഇതിന് സ്‌കൂളുകളില്‍നിന്ന് ഫോറങ്ങള്‍ ശേഖരിക്കാന്‍ 30ന് അധികൃതരെത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ 29നും 30നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 
പഠനവഴിയില്‍ കൂട്ടാകാന്‍ പാവകളിയും

കോഴിക്കോട്: പാവകളെ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായ പാവകളെ ഉപയോഗപ്പെടുത്തി പഠനത്തിലും വായനയിലും എങ്ങനെ താല്‍പര്യം വര്‍ധിപ്പിക്കാമെന്ന അന്വേഷണമാണ് ഈ ശില്‍പശാല. പാവകളുടെ പാട്ടും നൃത്തവും കുസൃതിയും നിറഞ്ഞ നാടക ആവിഷ്കാരവുമായി നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ തളി ചാച്ചാജി നഗറില്‍ പാവകളി ശില്‍പശാലയും പാവ നിര്‍മാണ കളരിയും ആരംഭിച്ചു. പാവകളെ കുട്ടികളുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിന് പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് പാവനിര്‍മാണത്തില്‍ പരിശീലനം നല്‍കാനാണ് ശില്‍പശാല. 41 അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ചെറിയ കാര്യങ്ങള്‍ പാവയോട് സംവദിക്കുന്ന രീതിയിലാണ് നാടകം. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യം. കുട്ടികളില്‍ വായനാശീലം വളര്‍ത്തുകയും പ്രധാനമായി കാണുന്നു. ബഷീറിന്റെ "പൂവന്‍പഴം" കഥ പാവകളെ ഉപയോഗിച്ച് മുഴുവന്‍ പറയാതെ നാടകരൂപത്തില്‍ അവതരിപ്പിച്ചു. പൂവന്‍പഴത്തിലെ പ്രധാന കഥാപാത്രങ്ങളായ ജമീലയുടെയും ഭര്‍ത്താവിന്റെയും ഇണക്കവും പിണക്കവും കലര്‍ന്ന സംസാരം ആണിന്റെയും പെണ്ണിന്റെയും രൂപമുള്ള പാവകളെ വച്ച് അവതരിപ്പിക്കുന്നു. കുട്ടികള്‍ക്കിടയില്‍ പ്രചാരമുള്ള ആമയും മുയലും പന്തയം വച്ച കഥയും ഉപയോഗിക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായ കൃഷ്ണകുമാര്‍ കിഴിശ്ശേരിയാണ് പാവകളിയും നിര്‍മാണവും പഠിപ്പിക്കുന്നത്. പാവകളെ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പി, പാഴായിപ്പോകുന്ന പേപ്പര്‍ , പശ, ചിരട്ട എന്നിവ ഉപയോഗിച്ചാണ് പാവ നിര്‍മിക്കുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് പാവകളെ നിര്‍മിക്കാനാകും. പരിപാടി അജയ് കല്ലായി ഉദ്ഘാടനം ചെയ്തു. എം ജഗദീഷ് അധ്യക്ഷനായി. ശനിയാഴ്ച പരിപാടി അവസാനിക്കും.

Thursday, August 25, 2011

വെള്ളരിപ്പാടം വിളവെടുത്തു; കുട്ടികള്‍ ആഹ്ലാദത്തിമിര്‍പ്പില്‍

25-Aug-2011
പാലോട്: അക്ഷരമുറ്റം വെള്ളരിപ്പാടമായി; കുഞ്ഞിക്കൈകള്‍ വളമിട്ടും വെള്ളം തേകിയും നട്ടുപിടിപ്പിച്ച വെള്ളരിവള്ളികള്‍ കായ്ഫലമിട്ടപ്പോള്‍ ഓണക്കാല വിളവെടുപ്പ് നളന്ദ ടിടിഐ, എല്‍പി ആന്‍ഡ് യുപി സ്കൂളില്‍ ആഹ്ലാദത്തിമിര്‍പ്പിലായി. മലയാളികളുടെ വിളവെടുപ്പ് മഹോത്സവമായ ഓണത്തിന്റെ കേളികൊട്ട് അരികത്തെത്തുമ്പോള്‍ സമ്പല്‍സമൃദ്ധിയുടെ കേരളത്തിന്റെ സ്മൃതിയിലേക്കുള്ള തിരിച്ചുപോക്കായി. പഴമക്കാരുടെ വിയര്‍പ്പില്‍ പൊന്നുവിളഞ്ഞ ഹരിതഭൂമിയുടെ കഥകളും അധ്യാപകര്‍ കുട്ടികളുമായി പങ്കിട്ടു. സ്കൂള്‍ പരിസരത്ത് വെള്ളരി കൂടാതെ നിത്യവഴുതന, പടവലം, പയര്‍ എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. പെരിങ്ങമ്മല അഗ്രിഫാമിന്റെ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്നാണ് മേന്മയേറിയതും ഗുണനിലവാരമുള്ള കാര്‍ഷികവിത്തുകള്‍ ശേഖരിച്ചത്. കാര്‍ഷികവൃത്തി പശ്ചാത്തലമാക്കുന്ന പാഠഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പ്രോജക്ട് പ്രവര്‍ത്തനം നടത്താന്‍ പ്രയോജനപ്രദമാകുന്ന തരത്തിലും കൃഷി അറിവുകള്‍ കൂടുതല്‍ ലഭ്യമാകുന്ന തരത്തിലാണ് കൃഷിരീതി അവലംബിച്ചിട്ടുള്ളതെന്ന് പ്രഥമാധ്യാപകന്‍ എന്‍ ഗംഗാധരന്‍പിള്ള പറഞ്ഞു. ക്ലാസ് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിച്ച് നിത്യേന വിളകള്‍ക്ക് വെള്ളം തേകും. ടിസിസി വിദ്യാര്‍ഥികളും ഇവരെ സഹായിക്കാനെത്തും. സ്കൂള്‍ പിടിഎയുടെയും വികസനസമിതിയുടെയും നേതൃത്വത്തിലാണ് ജൈവവളമെത്തിക്കുന്നത്. വിളവെടുപ്പ് ഉത്സവം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ ഉദ്ഘാടനംചെയ്തു. ആര്‍ ആര്‍ രാജേഷ്, പ്രഥമാധ്യാപകന്‍ എന്‍ ഗംഗാധരന്‍പിള്ള, വികസന സമിതി അംഗം എസ് ജി സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
-
കുട്ടികളുടെ ഭാവനയില്‍ "കതിര്‍മണികള്‍" വിളഞ്ഞു
മുട്ടില്‍ : നിറഞ്ഞുനില്‍ക്കുന്ന വയലുകളില്‍നിന്ന് കതിര്‍മണികള്‍ പറന്നുയരുന്ന കുഞ്ഞാറ്റക്കിളികളെപ്പോലെ കുരുന്നുകളുടെ ഭാവനകള്‍ , അവയില്‍ നിറങ്ങളുണ്ട്, ചിത്രങ്ങളും സ്വപ്നങ്ങളുമുണ്ട്.. ചിലവയ്ക്ക് സങ്കടങ്ങളുമില്ലാതില്ല. ഇവിടെയിതാ എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകരുന്ന കുട്ടികള്‍ അക്ഷരത്തിന്റെ മാധുര്യം നുകര്‍ന്ന് കതിര്‍മണികള്‍ കൊത്തുന്നു. എടപ്പെട്ടി ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ "കതിര്‍മണികള്‍" എന്ന പ്രസിദ്ധീകരണം കുഞ്ഞുഭാവനയുടെ അതിര്‍ത്തികളില്ലാത്ത ലോകത്തെ കാണിച്ചുതരുന്നുണ്ട്. കവിതകളും കഥകളും കാര്‍ട്ടൂണുകളും കടംകഥകളും ഒരുക്കിയാണ് ഈ കുട്ടികള്‍ കതിര്‍മണികള്‍ ഒരുക്കി വായനക്കാരെ കാത്തിരിക്കുന്നത്. ഒന്നാം ക്ലാസ്സിലെ വിഷ്ണുപ്രിയയുടെ "നല്ല വീട്" എന്ന കവിതയോടെയാണ് കതിര്‍മണികളുടെ തുടക്കം. പ്ലാസ്റ്റിക്കിന്റെ കെടുതികളിലേക്ക് വിരല്‍ചൂണ്ടുന്ന ലേഖനങ്ങളുമുണ്ട്. സംഭാഷണങ്ങളും മൂന്ന് കഥകളും 18 കവിതകളും കതിര്‍മണികളിലുണ്ട്. പുതിയകാലത്തിന്റെ ഹാസ്യതാരം ടിന്റുമോനും കുട്ടികളുടെ ഭാവനയില്‍ വിരിയുന്നുണ്ട്. പഴഞ്ചൊല്ലുകളുടെ ശേഖരം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതാണ്്. സോളാര്‍ കുക്കറും നമ്പ്യാരും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്ന് നാലാം ക്ലാസ്സിലെ വിസ്മയയുടെ ലേഖനം വായിച്ചുതീരുമ്പോള്‍ നമുക്കും തോന്നും. പേജുകള്‍ സമ്പന്നമാക്കാന്‍ കുട്ടികള്‍ നടത്തുന്ന പ്രയത്നത്തോടൊപ്പം അധ്യാപകരുടെ സഹായവും ഈ കതിര്‍മണികളുടെ ശേഖരണത്തിനു പിന്നിലുണ്ട്. 2008- 09 വര്‍ഷം സ്കൂളില്‍ "വളപ്പൊട്ടുകള്‍" എന്നപേരില്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നതായി പ്രധാനാധ്യാപകന്‍ വി എം പൗലോസ് പറഞ്ഞു. കതിര്‍മണികളുടെ പ്രകാശനം സ്കൂളില്‍ നടന്ന ചടങ്ങില്‍ മുട്ടില്‍ പഞ്ചായത്ത് മെംബര്‍ രമ ചെറുമൂല നിര്‍വഹിച്ചു. 
അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു

തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്. എടച്ചാക്കൈയിലെ അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന പതിനാലുകാരന്‍ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിയാണ്. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകനെയും സ്കൂള്‍ മാനേജ്മെന്റിനെയും ഭീഷണിപ്പെടുത്തി. സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ അധ്യാപകന്‍ പണം നല്‍കി തടിയൂരുകയായിരുന്നു. 
-
വിദ്യാര്‍ഥികള്‍ക്കുള്ള പാല്‍ വിതരണമില്ല; എ.ഇ.ഒ.യെ തടഞ്ഞുവെച്ചു


ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവന്‍ എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ അനുവദിച്ച പാല്‍ വിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകര്‍ എ.ഇ.ഒ.യെ തടഞ്ഞുവെച്ചു. മുഴുവന്‍ ജില്ലകളിലും കുട്ടികള്‍ക്ക് പാല്‍ വിതരണം ഈ അധ്യയനവര്‍ഷത്തില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആലുവ ഉപജില്ലയില്‍ മാത്രം പാല്‍വിതരണം ചെയ്യാത്തത് എ.ഇ.ഒ.യുടെ അലംഭാവം മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പാല്‍ വിതരണം തടസ്സപ്പെട്ടത് മില്‍മയുടെ ഭാഗത്തുനിന്നുണ്ടായ അപാകമാണെന്നും പത്ത് ദിവസത്തിനകം അത് പരിഹരിച്ച് വിതരണം തുടങ്ങുമെന്നും എ.ഇ.ഒ. ടി.ജെ. ലീന സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. 
 

Wednesday, August 24, 2011

789 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍

  25-Aug-2011
കാസര്‍കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 789 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷാ മിഷനാണ് സൈക്കിള്‍ നല്‍കുന്നത്. ജില്ലയിലെ പട്ടികവര്‍ഗക്കാരായ 206 അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കാന്‍ സ്വയം തൊഴിലും മറ്റു വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാന്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ 3.75 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. പട്ടികവര്‍ഗക്കാരുടെ പണി തീരാത്ത 124 വീടുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്ലാത്ത 1,450 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിലെ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയിലെ മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളിലും ടിവിയും കംപ്യൂട്ടറും സ്ഥാപിക്കും.

സംഘപഠനത്തിന് പാഠക്കുറിപ്പുകള്‍ നല്‍കും

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിജയോത്സവം പരിപാടിക്ക് പാഠക്കുറിപ്പുകള്‍ തയ്യാറാക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളുകളില്‍ നടക്കുന്ന പിയര്‍ ഗ്രൂപ്പ് പഠനത്തിന് പാഠക്കുറിപ്പുകള്‍ വിതരണം ചെയ്യും. ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ വീതമാണ് സംഘപഠനം. ഇതിന് നേതൃത്വം നല്‍കുന്ന പിയര്‍ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് ബ്ലോക്ക്തലത്തില്‍ പരിശീലനം നല്‍കും. മൂന്നു ഘട്ടമായി പാഠക്കുറിപ്പുകള്‍ വിതരണം ചെയ്യും.

പഠന പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലന ക്യാമ്പുകള്‍ ജില്ലാതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കാനും ശില്പശാലയില്‍ തീരുമാനമായി.
ഓണപ്പരീക്ഷ താറുമാറാക്കുന്നവര്‍ക്കെതിരെ നടപടി വേണം -കെ.പി.എസ്.ടി.യു.

കാഞ്ഞങ്ങാട്: ഓണപ്പരീക്ഷയെ താറുമാറാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കുട്ടികളുടെ "സമ്പൂര്‍ണ"യും അധ്യാപകര്‍ക്ക് ഇത് ദുരിതകാലം

പാലക്കാട്: ഓണപ്പരീക്ഷാ പ്രഹസനം നടത്തി അധ്യാപകരെയും കുട്ടികളെയും ഒരുപോലെ വലച്ച സര്‍ക്കാര്‍ , ഇപ്പോള്‍ കുട്ടികളുടെ സമ്പൂര്‍ണവിവരശേഖരണത്തിലൂടെ മറ്റൊരു ദുരിതം കൂടി അടിച്ചേല്‍പ്പിക്കുന്നു. 31നുള്ളില്‍ എല്ലാ കുട്ടികളുടെയും പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ഒരാഴ്ചയായി ഓണപ്പരീക്ഷയുടെ പിറകെയായിരുന്ന അധ്യാപകര്‍ക്ക് ഇനിയും അതിന്റെ മുഴുവന്‍ ജോലിയും ചെയ്ത്തീര്‍ക്കാനായിട്ടില്ല. ഇപ്പോഴും പരീക്ഷ തുടരുന്നതിനാല്‍ ഒരുദിവസംപോലും ഇതിന്റെ തിരക്കില്‍നിന്ന് മാറിനില്‍ക്കാന്‍ അധ്യാപകര്‍ക്ക് കഴിയില്ല. ഇതിനിടയിലാണ് വിവരശേഖരണത്തിന്റെ അധികഭാരം കൂടി അടിച്ചേല്‍പ്പിച്ചത്. ഓരോ വിദ്യാര്‍ഥിയും മുമ്പ് പഠിച്ച വിദ്യാലയത്തിലെ വിവരങ്ങള്‍ , ഇപ്പോഴത്തെ വിവരങ്ങള്‍ എന്നിവയ്ക്ക് പുറമെ വിദ്യാര്‍ഥിയുടെ രക്തഗ്രൂപ്പ്, പ്രതിരോധകുത്തിവയ്പ്പ് നല്‍കിയ തീയതി എന്നിവയും ശേഖരിക്കണം. "സമ്പൂര്‍ണ ഫോര്‍മാറ്റ്" എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ ജോലികള്‍ 31നകം തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്തിനകം ഇത്രയും വിരങ്ങള്‍ ശേഖരിച്ച് നല്‍കുകയെന്നത് അപ്രായോഗികമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറിനായി ഓടിയ അധ്യാപകര്‍ ഇപ്പോള്‍ "സമ്പൂര്‍ണ"യുടെ പിറകേ ഓടുകയാണ്. വിലപ്പെട്ട അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തി നടത്തുന്ന ഓണപ്പരീക്ഷ അധ്യാപകര്‍ക്ക് പരീക്ഷണമായ ഘട്ടത്തിലാണ് മറ്റൊരു ദുരിതംകൂടി അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ നടത്തിപ്പുപോലും അപഹാസ്യമാക്കിയവര്‍ മൂല്യനിര്‍ണയരീതി അട്ടിമറിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ഇടപെടലാണ് ഈ പരീക്ഷയെന്ന് കെഎസ്ടിഎ കുറ്റപ്പെടുത്തി. അധ്യാപകരെ വലയ്ക്കുന്ന ഇത്തരം കണക്കെടുപ്പുകള്‍ നടത്തുന്നതിന് അനുയോജ്യമായ സമയം കണ്ടെത്തണമെന്നും സമ്പൂര്‍ണ കണക്കെടുപ്പിന്റെ വിവരശേഖരണത്തിനുള്ള സമയം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്നും കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Tuesday, August 23, 2011

വായനയ്ക്ക് ഐടി മുഖവുമായി കോട്ടണ്‍ഹില്‍ സ്കൂള്‍


24-Aug-2011
തിരു: വായന മരിക്കുന്നെന്ന പതിവ് പല്ലവിയോ പുതുതലമുറ പുസ്തകവിരോധികളാണെന്ന മുന്‍വിധിയോ ഇല്ല. വിദ്യാര്‍ഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കുന്നത് മികച്ച ലൈബ്രറിയും വഴികാട്ടികളായ അധ്യാപകരുമാണെന്ന തിരിച്ചറിവില്‍ വായനസംസ്കാരത്തിന്റെ പുതിയ പടവു ചവിട്ടുകയാണ് പ്ലാറ്റിനംജൂബിലി വര്‍ഷത്തില്‍ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . ഐടി അധിഷ്ഠിതമായി നവീകരിച്ച സ്കൂള്‍ ലൈബ്രറി സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന ശീതീകരിച്ച വായനഹാളും ഒരുക്കിയിട്ടുണ്ട്. ഏഴു ഭാഷയിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു ഭാഷകളില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ലൈബ്രറിയുടെ പ്രധാന സവിശേഷത. എല്‍എംഎസ് മീര എന്ന സോഫ്റ്റ്വെയറാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. 1973 മുതല്‍ 2000 വരെയുള്ള മലയാള പുസ്തകങ്ങള്‍ ഇതിനകം കാറ്റലോഗ് ചെയ്തുകഴിഞ്ഞു. അഞ്ചാംക്ലാസുമുതല്‍ പത്തുവരെയുള്ള 90 ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തവ കൂടാതെ ഇരുപതിനായിരത്തിലധികം പുസ്തകമുണ്ട് ലൈബ്രറിയില്‍ ഇപ്പോള്‍ . മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ അനായാസം തെരഞ്ഞെടുക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഐടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മൂന്നാംസ്ഥാനം നേടിയതിലൂടെ ലഭിച്ച മൂന്നരലക്ഷം രൂപയും പിടിഎ ഫണ്ടുമുപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത്. ജെ സുഷമയുടെ നേതൃത്വത്തിലുള്ള ആറംഗ അധ്യാപക സമിതിയാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ആധുനിക വിദ്യാഭ്യാസം മനുഷ്യപ്പറ്റില്ലാത്തവരെ സൃഷ്ടിക്കുന്നു: കെഇഎന്‍

: 23-Aug-2011
കല്‍പ്പറ്റ: മനുഷ്യപ്പറ്റും ഔചിത്യബോധവുമില്ലാത്ത ധൈഷണിക തൊഴിലാളികളെയാണ് ആധുനിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെന്ന് സാംസ്കാരിക പ്രവര്‍ത്തകന്‍ കെ ഇ എന്‍കുഞ്ഞഹമ്മദ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിനെ നിക്ഷേപമായി കണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനുള്ള ധൈഷണിക തൊഴിലാളികളെ ഉല്‍പ്പാദിപ്പിക്കുകയാണ്. മികച്ച ധൈഷണിക തൊഴിലാളികളെ ഉല്‍പ്പാദിപ്പിക്കുമ്പോഴും ഏറ്റവും മോശം മനഷ്യനെ സൃഷ്ടിക്കുകയാണ്. ഇവര്‍ക്ക് ചരിത്രബോധവും സാമൂഹ്യ ബോധവും മനുഷ്യപറ്റും ഇല്ല. കോര്‍പറേറ്റുകളുടെ ഇടപെടലോടെ വിദ്യാഭ്യാസ രംഗം തത്വചിന്തയുടെ ഉത്തുംഗശൃംഗങ്ങളില്‍ നിന്നും വാണിജ്യത്തിന്റെ അഴുക്കുചാലിലേക്ക് തലകുത്തി വീഴുന്ന കാഴ്ചയാണ് നാം കണ്ടു് കൊണ്ടിരിക്കുന്നത്. സ്വകാര്യ ഭ്രാന്തിന്റെ വൈറസുകള്‍ നമ്മുടെ ചിന്താലോകത്ത് അടിച്ചേല്‍പ്പിക്കുകയാണ് ആധുനിക മുതലാളിത്തം. വിദ്യാഭ്യാസം ലാഭത്തിന് എന്ന അപകടകരമായ ആശയമാണ് കോര്‍പറേറ്റുകള്‍ അവതരിപ്പിക്കുന്നത്. ഇവര്‍ മൂല ധനത്തിന്റെ മൂല്യ ബോധം വിദ്യാഭ്യാസ രംഗത്ത് അടിച്ചേല്‍പ്പിക്കുന്നു. ഇതിന് സംഘടനകളുടെ ശല്യമില്ലാത്ത മധുര മനോഹരമായ ഒരു ലോകം മൂലധനം സ്വപ്നം കാണുന്നു. സ്വകാര്യമായതെല്ലാം ശ്രേഷ്ഠവും പൊതുവായതെല്ലാം പിഴച്ചതും എന്ന ചിന്താഗതി സമൂഹത്തില്‍ ബോധപൂര്‍വം വളര്‍ത്തുകയാണെന്നും കെഇഎന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം എം മുരളീധരന്‍അധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി ദിനേശ്കുമാര്‍ സ്വാഗതവും വേണു മുള്ളോട്ട് നന്ദിയും പറഞ്ഞു. 
-ദേശാഭിമാനി 
-
അഖിലയുടെ 'മലയാള'ത്തിന് ഇളമുറക്കാരുടെ ആസ്വാദനം


പത്തനംതിട്ട: അഖിലച്ചേച്ചിയുടെ 'മലയാള'ത്തിന് ഇളമുറക്കാരെഴുതിയ ആസ്വാദനം അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരമായി. കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി അഖില മോഹന്‍ എഴുതിയ 'മലയാളം' എന്ന കവിതയ്ക്ക് ഒന്‍പതാംക്ലാസ്സുകാരാണ് ഓണപ്പരീക്ഷയില്‍ ആസ്വാദനം എഴുതിയത്. മലയാളം ഒന്നാംപേപ്പറിലെ ഏഴാം ചോദ്യമായി അഖിലയുടെ കവിത വായിച്ച ഒന്‍പതാംക്ലാസുകാര്‍ക്ക് ആവേശമായി, ഒപ്പം സന്തോഷവും. അഖില 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ആഗസ്ത് 14 ലക്കത്തില്‍ എഴുതിയ 'മലയാളം' എന്ന കവിത എസ്.സി.ഇ.ആര്‍.ടി.യാണ് ഒന്‍പതാം ക്ലാസ് ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്.

അഖിലയുടെ 'മലയാളം' എന്ന കവിത ആഴ്ചപ്പതിപ്പിലൂടെ മാത്രമല്ല, കടമ്മനിട്ട സ്‌കൂളിലെ കുട്ടികള്‍ പരിചയപ്പെട്ടത്, സ്‌കൂള്‍ അസംബ്ലിയില്‍ ഇത് നേരത്തെ അവതരിപ്പിച്ചതുമാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍ അഖിലയെ സ്‌നേഹത്തോടെ പൊതിഞ്ഞു. ചോദ്യപ്പേപ്പറില്‍ അഖിലയുടെ കവിത ഉണ്ടെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്ന അധ്യാപകരും പരീക്ഷ കഴിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ ഓടിയെത്തി.

കടമ്മനിട്ട അന്ത്യാളന്‍കാവ് കല്ലാശാരി പറമ്പില്‍ കെ.ടി.മോഹനന്റെയും രമയുടെയും മകളായ അഖില മുമ്പും കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലാണ് ആദ്യമായി അച്ചടിച്ചുവന്നത്. സച്ചിതാനന്ദന്റെ 'മലയാളം' എന്ന കവിത പത്താംക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കവിത തയ്യാറാക്കാന്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലയാളം അധ്യാപകനായ ആര്‍.പ്രസന്നകുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അഖില എഴുതിയ കവിത വായിച്ച അധ്യാപകന്‍ അത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സങ്കോചംകാരണം അഖില കവിത അയച്ചുകൊടുത്തില്ല.പിന്നീട് പ്രസന്നകുമാര്‍ നേരിട്ട് ഇടപെട്ടാണ് കവിത ആഴ്ചപ്പതിപ്പിലേക്ക് അയച്ചത്. 2009 ലും 2010ലും നടന്ന ഉപജില്ലാ കലോത്സവത്തിലും അഖില കവിതാരചനാ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
 
-
ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കല്‍ വൈകി: ഓണപ്പരീക്ഷ ചിലയിടങ്ങളില്‍ വൈകികോട്ടയം: ചോദ്യപേപ്പറിന്റെ കോപ്പിയെടുക്കാന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ പല സ്‌കൂളുകളിലും ഓണപ്പരീക്ഷ നടത്തിപ്പ് വൈകി. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കുന്ന ചോദ്യപ്പേപ്പറിന്റെ കോപ്പിയാണ് പരീക്ഷയ്ക്കായി ഉപയോഗിക്കേണ്ടിയിരുന്നത്.
എന്നാല്‍, ചില സ്‌കൂളുകളില്‍ തിങ്കളാഴ്ച രാത്രി വൈകിയും ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത്, കോപ്പി എടുക്കല്‍ പൂര്‍ത്തിയായിരുന്നില്ല. ഇവിടങ്ങളില്‍ രാവിലെ ചോദ്യം ക്ലാസ്സില്‍ വിദ്യാര്‍ഥികളെക്കൊണ്ട് എഴുതിപ്പിച്ച ശേഷം പരീക്ഷ നടത്തുകയായിരുന്നു.

രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു പീരിയഡുകളില്‍ ഒരു മണിക്കൂര്‍ 20 മിനിട്ടാണ് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് പീരിയഡുകളില്‍ ക്ലാസ്സുകളില്‍ പഠനവും നടത്തണം. എന്നാല്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കാന്‍ കഴിയാത്ത സ്‌കൂളുകളില്‍ പഠനത്തിനായി ഉപയോഗിക്കേണ്ട മണിക്കൂറുകളിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് ചോദ്യപ്പേപ്പര്‍ എഴുതിപ്പിച്ചതെന്നും ആരോപണമുണ്ട്.

ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്ന് കോപ്പിയെടുത്തതിനാല്‍ ചോദ്യപ്പേപ്പര്‍ചോര്‍ച്ച സാധ്യതയുണ്ടെന്നും ചില അധ്യാപകര്‍ വാദിക്കുന്നു. ഹെഡ്മാസ്റ്റര്‍മാരുടെ ചെലവില്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുത്തു നല്‍കാനും ഈ തുക പിന്നീട് റീഫണ്ട് ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
-മാതൃഭൂമി  
വിദ്യാഭ്യാസ പാക്കേജിനോട് മാനേജ്‌മെന്റുകള്‍ സഹകരിക്കണം- കെ.പി.എസ്.ടി.യു


മലപ്പുറം: എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമഗ്ര വിദ്യാഭ്യാസ പാക്കേജിനോട് മാനേജ്‌മെന്റുകളും സഹകരിക്കണമെന്ന് കെ.പി.എസ്.ടി.യു റവന്യുജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
-
പാഠപുസ്തക ഉള്ളടക്കം മാറ്റരുത്ഫറോക്ക്: സാമുദായികസംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താനും വിദ്യാഭ്യാസമേഖല വര്‍ഗീയവത്കരിക്കാനുമുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് സി.പി.ഐ. ഫറോക്ക് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. 
-
കൈപ്പുസ്തകം പ്രകാശനം ചെയ്തുകല്പറ്റ: ഡയറ്റും ജില്ലയിലെ കായികാധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ 'ശരീരമാദ്യം' എന്ന കൈപ്പുസ്തകം ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസിന് നല്‍കി പ്രകാശനം ചെയ്തു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കായികാധ്യാപകരില്ലാത്ത സ്‌കൂളിലെ കുട്ടികള്‍ക്കുവേണ്ടിയാണ് പുസ്തകം.

ഡി.എസ്.ജി.എ. സെക്രട്ടറി ടോണി ഫിലിപ്പ്, സുരേഷ്ബാബു, ഡൈനി കെ. വര്‍ഗീസ്, എം.ജെ. ചാക്കോ, ബിജു ആന്റണി, ബിന്ദു എന്നിവര്‍ സംസാരിച്ചു.
-
അധ്യാപകസമരം: വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കരുത്


കണ്ണൂര്‍:മലബാര്‍ മേഖലയിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് നികത്തുന്നതിനായി കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 180 സ്‌കൂളുകളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ എല്‍ഡി.എഫ്. സര്‍ക്കാറിന് ഈ മേഖലയില്‍ തസ്തികകള്‍ അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നതിനോ അധ്യാപക നിയമനം അംഗീകരിക്കുന്നതിനോ തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ ഈ മേഖലയിലെ അധ്യാപകര്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടങ്ങിയിരിക്കുന്നു. പ്ലസ്ടു ക്ലാസുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും മുടങ്ങിയിരിക്കുകയും ഓണപ്പരീക്ഷ പോലും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടുകൊണ്ട് വിദ്യാര്‍ഥികളുടെ അധ്യയനം പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

Monday, August 22, 2011

അധ്യാപക പാക്കേജ് അധ്യാപക ദിനത്തില്‍ പ്രഖ്യാപിക്കും - മന്ത്രി

  23 Aug 2011

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് സപ്തംബര്‍ അഞ്ചിന് അധ്യാപക ദിനാഘോഷ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു. മാനേജ്‌മെന്റുകളുമായും അധ്യാപക സംഘടനകളുമായും ഒരുവട്ടം ചര്‍ച്ച നടത്തി. അവര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും കരട് പാക്കേജില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക. എന്നാല്‍ മാനേജ്‌മെന്റുകള്‍ നിര്‍ദേശിച്ച എല്ലാകാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ യോജിക്കാവുന്നതും അല്ലാത്തതുമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും. എല്ലാവര്‍ക്കും പരമാവധി സ്വീകാര്യമായ പാക്കേജായിരിക്കും അന്തിമമായി നടപ്പാക്കാന്‍ ശ്രമിക്കുകയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അധ്യാപകദിനാഘോഷവും അവാര്‍ഡ് ദാനവും സപ്തംബര്‍ അഞ്ചിന് മലപ്പുറത്ത് നടക്കും. മുന്‍ വര്‍ഷത്തെ അവാര്‍ഡാണ് ഇപ്പോള്‍ നല്‍കുക. ഇതിനൊപ്പം ഇതുവരെ പ്രഖ്യാപിക്കാതിരുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡും പഖ്യാപിച്ചു. മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതി, വിദ്യാരംഗം ക്യാഷ്അവാര്‍ഡ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യും.


മലയാളം ഒന്നാംഭാഷയാക്കുന്നതു സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. പീരിയഡ് ക്രമീകരണം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ താമസം വന്നതാണ് ഉത്തരവ് ഇറങ്ങുന്നത് വൈകാന്‍ കാരണമായത്. ഓണപ്പരീക്ഷ നടത്തുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിനെതിരെ നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 
ഓണപ്പരീക്ഷകള്‍ ഇന്ന് തുടങ്ങും ചോര്‍ന്ന ചോദ്യങ്ങള്‍ക്ക് മാറ്റമില്ല

കോട്ടയം: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ഹൈസ്ക്കൂള്‍ പരീക്ഷകള്‍ ഒരു ദിവസം മാറ്റിയെങ്കിലും ചോര്‍ന്ന ചോദ്യങ്ങള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ത്തെ പരീക്ഷക്കായി ചോദ്യബാങ്കില്‍ ആദ്യം തയ്യാറാക്കിയ ചോദ്യങ്ങള്‍ തന്നെയാണ് തിങ്കളാഴ്ചയും അധ്യാപകര്‍ക്ക് ലഭിച്ചത്. ചോദ്യക്കടലാസ്സുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ചോദ്യക്കടലാസ്സുകളും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി. ഇത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്ക് വഴിവയ്ക്കുമെന്ന് ആശങ്ക ഉയര്‍ന്നു.കഴിഞ്ഞദിവസം ചില ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്നും ഏതാനും അധ്യാപകരില്‍ നിന്നും മറ്റുമായിരുന്നു ചോദ്യക്കടലാസ്സുകള്‍ ചോര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടും ഫോട്ടോസ്റ്റാറ്റ് കടകളില്‍ അധ്യാപകരുടെ തിരക്കായിരുന്നു. പരീക്ഷ ചൊവ്വാഴ്ച തുടങ്ങേണ്ടതിനാല്‍ നൂറു കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ മാത്രമാണ് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ മിക്ക സ്കൂളുകളിലും ചോദ്യക്കടലാസ് തയ്യാറാക്കിയ സൈറ്റുകള്‍ നെറ്റില്‍ ലഭിക്കാന്‍ വൈകി. എല്ലാവരും ഒരുമിച്ച് സൈറ്റ് തുറന്നതിനെ തുടര്‍ന്ന് സൈറ്റ് ജാമായതിനാലാണ് ലഭിക്കാന്‍ വൈകിയത്. അതോടൊപ്പം ചോദ്യ ബാങ്കില്‍ നിന്നും ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ചോദ്യക്കടലാസ് തയ്യാറാക്കാനുള്ള നിര്‍ദേശവും പലര്‍ക്കും പാലിക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ച പകലും വൈകിട്ടും മറ്റും സൈറ്റുകള്‍ ലഭിച്ച സ്കൂളുകളില്‍ ആദ്യത്തെ ചോദ്യങ്ങള്‍ വച്ച് ചോദ്യപ്പേപ്പര്‍ തയ്യാറാക്കി. ചോദ്യക്കടലാസ് അച്ചടിച്ച് നല്‍കിയാല്‍ ഒരു കടലാസിന് 30 പൈസ നിരക്കില്‍ എസ്എസ്എ നല്‍കുമെന്നാണ് അറിയിച്ചിത്. ഇപ്പോള്‍ ഏതാണ്ട് മുഴുവന്‍ സ്കൂളുകളിലും ചോദ്യക്കടലാസുകള്‍ പൂര്‍ണമായും ഫോട്ടോസ്റ്റാറ്റ് എടുക്കേണ്ടിവന്നു. ഒരു പേപ്പറിന്് ഒരു രൂപയാണ് ഫോട്ടോസ്റ്റാറ്റിന് ചെലവാകുക. ഇതിനാവശ്യമായ തുക അതത് സ്കൂളുകളിലെ പ്രധാനധ്യാപകര്‍ ചെലവാക്കാനാണ് വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തുക പിന്നീട് തിരികെ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും തുക തിരികെ ലഭിക്കുമോയെന്നും ഉറപ്പില്ല. പരീക്ഷ നടത്തിയില്ലെങ്കില്‍ പ്രധാന അധ്യാപകര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഭീഷണി. ചൊവ്വാഴ്ച തുടങ്ങുന്ന പരീക്ഷ 26ന് തീരും. രാവിലെയും ഉച്ചയ്ക്കും നടക്കുന്ന പരീക്ഷാ സമയം ഒന്നരമണിക്കൂറ് വീതമാണ്. ബാക്കി സമയം സാധാരണരീതിയില്‍ ക്ലാസ് നടത്തും. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിലേക്കും മാറ്റി. 
-
അധ്യാപക സമരം എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയിലെ ഓണ പരീക്ഷ മുടങ്ങി

കല്‍പ്പറ്റ: അധ്യാപക സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഓണപരീക്ഷ മുടങ്ങി. മറ്റ് സ്കൂളുകളിലെല്ലാം പരീക്ഷ നടന്നപ്പോള്‍ ജില്ലയിലെ നാല് സ്കൂളുകളിലെ ആയിരത്തോളം പ്ലസ് വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ശമ്പളം നല്‍കി തസ്തിക സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ സമരം നടത്തുന്നത്. സര്‍ക്കാറിന്റെ പിടി വാശിയാണ് അധ്യാപകരെ സമരത്തിലേക്ക് തള്ളിവിട്ടത്. 2010 ആഗസ്ത് 13 നാണ് പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മലബാര്‍ മേഖലയിലെ സ്കൂളുകളില്‍ എല്‍ഡിഎഫ് സര്‍കാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുറമേ ജില്ലയിലെ നാല് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് ടു അനുവദിച്ചു. 2011 മാര്‍ച്ച് 24 ന് ചേര്‍ന്ന മന്ത്രി സഭ യോഗം ഈ തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍കാര്‍ തീരുമാനം അംഗീകരിക്കാത്തതാണ് അധ്യാപകരെ സമരത്തിലേക്ക് നയിച്ചത്. അരപ്പറ്റ സിഎംഎസ്്, സെന്റ് തോമസ് നടവയല്‍ , എംടിഡിഎംഎച്ച്എസ്എസ് തൊണ്ടര്‍നാട്, ഏച്ചോം സര്‍വോദയ എന്നീ സ്കൂളുകളിലാണ് പ്ലസ് ടു ബാച്ച് ആരംഭിച്ചത്. ഈ സ്കൂളുകളിലെ അമ്പതോളം അധ്യാപകരുടെയും ആയിരത്തോളം വിദ്യാര്‍ഥികളുടേയും ഭാവിയാണ് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാക്കിയത്. സ്ഥിരപ്പെടുമെന്ന വിശ്വാസത്തില്‍ പലരും മാനേജ്മെന്റിന് ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് സര്‍വീസില്‍ കയറിയത്. 
 
ഓണപ്പരീക്ഷ തടസ്സപ്പെടുത്തില്ല: ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫെഡറേഷന്‍
കോഴിക്കോട്: ഓണപ്പരീക്ഷകള്‍ തടസ്സപ്പെടുത്തില്ലെന്ന് സമരം നടത്തുന്ന കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. എന്നാല്‍ ക്ലാസ് ബഹിഷ്‌കരണമടക്കമുള്ള സമരവുമായി മുന്നോട്ടുപോകും. സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഓണപ്പരീക്ഷ തടസ്സപ്പെടുത്താത്തതെന്ന് ചെയര്‍മാന്‍ ഡോ. ഡെയ്‌സണ്‍ പാന്നേങ്ങാടന്‍ അറിയിച്ചു.

ഒരു വര്‍ഷമായി വേതനം ലഭിക്കാത്ത സാഹചര്യത്തില്‍ സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും. സമയബന്ധിതമായി അധ്യാപകതസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സംസ്ഥാനകമ്മിറ്റി അറിയിച്ചു.


മലബാര്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം പുതുതായി ഹയര്‍സെക്കന്‍ഡറി അനുവദിച്ച സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിനാല്‍ 1600 അധ്യാപകര്‍ക്ക് വേതനം ലഭിക്കുന്നില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സംഘടനയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ സമരത്തിലാണ്.
 
-
ക്ലസ്റ്റര്‍ പരിശീലനം: വെട്ടിക്കുറച്ച പ്രതിഫലം പുനഃസ്ഥാപിക്കണം-കെഎസ്ടിഎഫ്കോതമംഗലം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തിന് പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം വെട്ടിക്കുറച്ച നടപടിയെ സമ്മേളനം അപലപിച്ചു. അവധിക്കാല പരിശീലനത്തില്‍ ദിവസം 125 രൂപ കൊടുത്തിടത്ത് ശനിയാഴ്ച ക്ലസ്റ്റര്‍ പരിശീലനത്തിന് 100രൂപയാണ് കൊടുത്തതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
-
കൗതുകക്കാഴ്ചയായി അളവറിവുകള്‍ചാവക്കാട്:കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്. ധാന്യങ്ങള്‍ അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറയും നാഴിയും ഉരിയും ഇടങ്ങഴി പാത്രങ്ങളും പഴയകാലത്ത് ആഭരണങ്ങള്‍ തൂക്കുന്നതിന് ഉപയോഗിച്ചിരുന്നു ത്രാസും ദ്രവപദാര്‍ത്ഥങ്ങള്‍ അളക്കുന്നതിനുപയോഗിച്ചിരുന്നു ലിറ്റര്‍, മില്ലിലിറ്റര്‍ പാത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലക്‌ട്രോണിക് അളവ് യന്ത്രങ്ങള്‍ കണ്ടു ശീലിച്ച കുട്ടികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. അളവറിവുകള്‍ പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, മേജോ കെ.ജെ., പി.വി. സലാം, ഡെന്‍സി ഡേവിസ്, ഫെല്‍ന ലോറന്‍സ്, കെ.ഒ. സിമി, എം. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
-
വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും


നെന്മാറ: വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ചൊവ്വാഴ്ചതുടങ്ങും. തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷ സപ്തംബര്‍ രണ്ടിലേക്കുമാറ്റി. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ ചോദ്യങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് പ്രിന്റ്ഔട്ട് എടുത്ത് കോപ്പികളെടുത്താണ് മൂല്യനിര്‍ണയം നടക്കുന്നത്. മൂന്നുസൈറ്റില്‍നിന്നും അനുയോജ്യമായ ഭാഗത്തിന്റെ കോപ്പിയെടുക്കാനാണ് നിര്‍ദേശം.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചോദ്യപ്പേപ്പര്‍ നല്‍കാനുള്ള നിര്‍ദേശം പരീക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ഫോട്ടോകോപ്പി കടകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല 100 കുട്ടികള്‍വരെയുള്ള സ്‌കൂളുകളില്‍ കോപ്പി ഒന്നിന് ഒരുരൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റുള്ള സ്‌കൂളുകള്‍ക്ക് പരമാവധി 50 പൈസ മാത്രമാണ് നല്‍കുന്നത്. ഈ തുക അപര്യാപ്തമായതിനാല്‍ സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു. തുക വര്‍ധിപ്പിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച ഓണപ്പരീക്ഷയാണ് പുനഃസ്ഥാപിച്ചത്.

അധ്യാപക മാസികയുടെ മുഖചിത്രം വിവാദമായിതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ മുഖപത്രത്തിന് ഫ്രീഡം പരേഡിന്റെ മുഖചിത്രം. എസ്.ഡി.പി.ഐയുടെ ഫ്രീഡം പരേഡിന്റെ ചിത്രമാണ് ആഗസ്തിലെ കെ.പി.എസ്.ടി യൂണിയന്‍ പത്രികയുടെ മുഖചിത്രം. അടിക്കുറിപ്പില്‍ സ്വാതന്ത്ര്യദിനാശംസകള്‍ എന്ന കുറിപ്പുമുണ്ട്.

സൈന്യത്തിന്റെ സ്വാതന്ത്ര്യദിന പരേഡാണെന്നുതെറ്റിദ്ധരിച്ചാണ് ഫ്രീഡം പരേഡിന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് കരുതുന്നു. മാസിക പുറത്തുവന്നപ്പോള്‍ അധ്യാപകര്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. തുടര്‍ന്ന് മാസികയുടെ ചീഫ് എഡിറ്ററെ തത്സ്ഥാനത്തുനിന്നു മാറ്റിയാണ് ഭാരവാഹികള്‍ മുഖം രക്ഷിച്ചത്.

Sunday, August 21, 2011

ഒന്നാംഭാഷ ഉത്തരവ് പാഴ്വാക്കായി

22-Aug-2011
മലപ്പുറം: മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ ഉത്തരവിറക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അറബി, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ ഓണപ്പരീക്ഷയായിട്ടും പഠനം തുടങ്ങിയിട്ടില്ല. ഓണപ്പരീക്ഷ പുനഃസ്ഥാപിച്ച സര്‍ക്കാര്‍ അതില്‍ എല്ലാ കുട്ടികള്‍ക്കും മലയാളം പരീക്ഷ നിശ്ചയിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് എല്ലാ സ്കൂളുകളിലും മലയാളം ഒന്നാംഭാഷയാക്കി ഉത്തരവ് ഇറക്കിയത്. മെയ് ആറിന് പുറപ്പെടുവിച്ച 103/11 ഉത്തരവുപ്രകാരം ഐടി തിയറിക്കുവേണ്ടിയുള്ള രണ്ട് പിര്യേഡുകളില്‍ ഒന്ന് മലയാളത്തിന് കൈമാറാനാണ് പറഞ്ഞിരുന്നത്. നേരത്തെ ഐടിക്കായി മലയാളം രണ്ടാംഭാഷയുടെ പീരിയഡുകളില്‍നിന്ന് ഒന്നെടുത്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 27ലെ 148/11 ഉത്തരവില്‍ മലയാളം ഒന്നാംഭാഷക്കുള്ള സമയം എങ്ങനെ കണ്ടെത്തണമെന്ന് വ്യക്തമാക്കിയില്ല. സ്കൂള്‍സമയത്തിന് പുറത്ത് അധിക സമയം കണ്ടെത്തി പഠിപ്പിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ആദ്യം തലയൂരി. എന്നാല്‍ ഇതുസംബന്ധിച്ച വിമര്‍ശമുയര്‍ന്നപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. അതിനിടെ എല്ലാ പീരിയഡില്‍നിന്നും അഞ്ചുമിനുട്ട് വീതമെടുത്ത് മലയാളം പഠിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി മുഖം രക്ഷിച്ചു. മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത് സംബന്ധിച്ച് പതിനഞ്ച് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി മന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഓറിയന്റല്‍ സ്കൂളുകള്‍ക്ക് മൂന്നും മറ്റ് സ്കൂളുകള്‍ക്ക് ഒരു പീരിയഡുവീതവും നീക്കിവെക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുവരെ മലയാളം നിര്‍ബന്ധമല്ലാതിരുന്ന സ്കൂളുകളില്‍ സ്പെഷ്യല്‍ ഇംഗ്ലീഷ് നിര്‍ത്തലാക്കി നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഈ വര്‍ഷംതന്നെ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായി. ഒരാഴ്ചക്കുള്ളില്‍ പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും അതില്‍ ഭേദഗതി വരുത്താന്‍ മാറ്റിവച്ചിരിക്കയാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. എന്തായാലും സെപ്തംബര്‍ ഒന്ന് മുതല്‍ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടിവരും. ഓണപ്പരീക്ഷക്ക് മലയാളം ഒന്നാംഭാഷയായി ചോദ്യപേപ്പര്‍ തയ്യാറാക്കുമോ എന്ന ചോദ്യത്തിന് അത് കൃത്യമായി പറയാനാവില്ലെന്നും പഠിപ്പിച്ച എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയുണ്ടാവുമെന്നുമാണ് മന്ത്രിയുടെ മറുപടി.
 
ഓണപ്പരീക്ഷ ബഹിഷ്കരിച്ചാല്‍ നടപടി: മന്ത്രി
 22-Aug-2011
മലപ്പുറം: ഓണപ്പരീക്ഷ ബഹിഷ്കരിച്ച് സമരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പാക്കേജിന് രൂപംനല്‍കിവരികയാണ്. ഓണപ്പരീക്ഷ പൊളിക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. പരീക്ഷ നിര്‍ബന്ധമായും നടത്തുമെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ അനുവദിച്ച എയ്ഡഡ് പ്ലസ്ടു സ്കൂളുകളിലെ അധ്യാപകരാണ് സമരരംഗത്തുള്ളത്. പുതിയ തസ്തിക സൃഷ്ടിച്ച് ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അനിശ്ചിതകാല സമരത്തിലാണ്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന മന്ത്രിയുടെ പ്രസ്താവന പ്രശ്നം വഴിതിരിച്ചുവിടാനാണെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും അധ്യാപക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാനത്ത് കെട്ടിട നിര്‍മാണത്തിന് സൗകര്യമുള്ള 248 ബദല്‍സ്കൂളുകളെ എല്‍പി സ്കൂളുകളാക്കി ഉയര്‍ത്തുമെന്നും ഈ വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
-
ഓണപ്പരീക്ഷ നാളെ ഒരുക്കം പൂര്‍ത്തിയാകാതെ അധ്യാപകര്‍ വലയുന്നു
Posted on: 21-Aug-2011 11:20 PM
പാലക്കാട്: ചൊവ്വാഴ്ച ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ ആശങ്ക ഒഴിയാതെ അധ്യാപകര്‍ . പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ വ്യാഴാഴ്ച വൈകിട്ടാണ് എസ്ഇആര്‍ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ചോദ്യം തെരഞ്ഞെടുക്കുന്നതും നല്‍കുന്നതും അതത് സ്കൂളുകളാണ്. സര്‍ക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ ഉത്തരവാദിത്തമില്ല. പരീക്ഷാനടത്തിപ്പില്‍ വരുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും അതത് സ്കൂളുകളാണ് പ്രതിയാക്കപ്പെടുക. എസ്സിഇആര്‍ടി ഡയറക്ടര്‍ വ്യാഴാഴ്ച വൈകിട്ടാണ് ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി അറിയിച്ചത്. ഓരോന്നിന്റേയും നാലു യൂണിറ്റ് ചോദ്യങ്ങളാണ് കൊടുത്തിരിക്കുന്നത്. അതില്‍നിന്ന് ഇഷ്ടമുള്ള ചോദ്യങ്ങള്‍ സ്കൂളുകള്‍ക്ക് തെരഞ്ഞെടുക്കാം. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ പ്രത്യേകം ലിങ്കുകളാണ്. ഇവ ഓരോന്നിനും യൂസര്‍നെയിമും പാസ്വേഡുമുണ്ട്. ഇത് അതത് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് ഉപയോഗിച്ച് ആര്‍ക്കുവേണമെങ്കിലും ചോദ്യങ്ങള്‍ പരിശോധിക്കന്‍ കഴിയും. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍നിന്ന് സര്‍ക്കാരിന് തലയൂരാനും ഇതിലൂടെ സാധിക്കും. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷ ഒരുക്കംപൂര്‍ത്തിയാകാത്തതിനാല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നൂറില്‍താഴെ കുട്ടികള്‍ പഠനം നടത്തുന്ന സ്കൂളുകളില്‍ ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കണമെന്നും അതില്‍ കൂടുതലുള്ളവര്‍ പ്രിന്റു ചെയ്ത് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ഇതുതന്നെ വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും. ഓരോ ക്ലാസിനും ആവശ്യമായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയശേഷം പ്രിന്റ്ചെയ്യാന്‍ കൊടുത്തവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇത് കിട്ടിയില്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കണം. വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് രണ്ടു ഷീറ്റിലാക്കുകയെന്നത് തന്നെ ശ്രമകരമാണ്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഭൂരിഭാഗം സ്കൂളുകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് കഫേകളില്‍നിന്ന് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിനാല്‍ അത് മാര്‍ക്കറ്റില്‍ സുലഭമാകാന്‍ തുടങ്ങി. ഇതും വലിയ കുഴപ്പങ്ങള്‍ക്കാണ് ഇടയാക്കിയത്. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് മാറ്റിയെഴുതി വീണ്ടും ഡിടിപി എടുത്താണ് ഫോട്ടോസ്റ്റാറ്റിനായി നല്‍കുന്നത്. ഈ പ്രക്രിയ ഇനിയും പൂര്‍ത്തിയാക്കാന്‍ പല സ്കൂളുകള്‍ക്കും കഴിഞ്ഞിട്ടില്ല. വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള അധ്യാപകര്‍ സ്വന്തം കംപ്യൂട്ടറില്‍നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇവയും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ചോദ്യപേപ്പര്‍ പ്രിന്റ ചെയ്ത് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒരു ചോദ്യപേപ്പറിന് 30പൈസയാണ് എസ്എസ്എ നല്‍കുമെന്ന് പറയുന്നത്. ഈ തുകയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിച്ചുനല്‍കാന്‍ കേരളത്തിലെ ഒരു പ്രസ്സുകാരും തയ്യാറാകുന്നില്ല. ഫോട്ടോസ്റ്റാറ്റ് എടുക്കണമെങ്കില്‍ ആദ്യം ഡിടിപി എടുക്കണം. ഓരോ ക്ലാസ്സിനും ഇത്തരത്തില്‍ തയ്യാറാക്കി ഫോട്ടോസ്റ്റാറ്റ്എടുക്കല്‍ ശ്രമകരമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടക്കാലപ്പരീക്ഷ ഒഴിവാക്കിയത് അധ്യയനദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു. വാര്‍ഷികപ്പരീക്ഷയ്ക്കുമുമ്പ് ഒക്ടോബറില്‍ പരീക്ഷ നടത്തിയിരുന്നു. ഇതിന് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ഡയറ്റാണ്. അച്ചടിയുടെ ചുമതലയും വിതരണവും അധ്യാപകസംഘടനകള്‍ ഏറ്റെടുത്തിരുന്നു. കേരളത്തിലാകെ ഏകീകൃത ചോദ്യപേപ്പറുമാണ്. മാത്രമല്ല, ചോദ്യപേപ്പര്‍ അച്ചടിച്ചിരുന്നത് സര്‍ക്കാര്‍ , സഹകരണപ്രസ്സുകളിലുമായിരുന്നു. ഒരു പേപ്പറിന് 18 പൈസ എന്ന തോതിലായിരുന്നു മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചെലവുവന്നിരുന്നത്. ചോദ്യപേപ്പറുകള്‍ കൃത്യമായി സ്കൂളുകളിലേക്ക് എത്തിക്കുകയും പരീക്ഷയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ , അത് 30 പൈസയാക്കി വര്‍ധിപ്പിച്ചുവെന്നു മാത്രമല്ല, ചെറിയ പ്രസ്സുകളിലും ഫോട്ടോസ്റ്റാറ്റ് കടകളിലുംവരെ അടുത്ത സ്കൂളുകളിലെ ചോദ്യപേപ്പറുകള്‍ യഥേഷ്ടം ലഭിക്കുമെന്ന സ്ഥിതിയും യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം സൃഷ്ടിച്ചു. ഓരോ സ്കൂളിനും വ്യത്യസ്ത ചോദ്യപേപ്പറുകളാണ് ഇത്തവണത്തെ ഓണപ്പരീക്ഷയ്ക്ക്. ഇവയാകട്ടെ സ്കൂള്‍പരിസരത്ത് വില്‍പ്പനയ്ക്ക് വച്ചിട്ടുമുണ്ട്. ഓണപ്പരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ തലയൂരിയതില്‍ അധ്യാപകരും രക്ഷിതാക്കളും 
-
പാരിസ്ഥിതിക സന്ദേശം നല്കി സൗഹൃദ സ്‌കൂള്‍ബാഗ്
സുല്‍ത്താന്‍ബത്തേരി: കുരുന്ന് മനസ്സുകളില്‍ പാരിസ്ഥിതിക സന്ദേശം ഉണര്‍ത്തി പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച പാരിസ്ഥിതിക സൗഹൃദ സ്‌കൂള്‍ബാഗ് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിന്നിത്തിളങ്ങുന്ന പ്ലാസ്റ്റിക്‌കൊണ്ടും മറ്റും നിര്‍മിക്കുന്ന ബാഗുമായി വരാന്‍ താത്പര്യമുള്ള പുതു തലമുറയ്ക്ക് പ്രകൃതിയുമായി അടുക്കാനുള്ള വഴിയൊരുക്കുകയാണ് പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍.

ഇവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും രംഗത്തുണ്ട്. ഈ വര്‍ഷം കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ ബാഗും സ്‌കൂളില്‍തന്നെ നിര്‍മിച്ചു. കഴിഞ്ഞ അവധിക്കാലത്ത് തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തയ്യല്‍ മെഷീന്‍ അധ്യാപകരുടെ വീടുകളില്‍ നിന്ന് കൊണ്ടു വന്നു. ചണമാണ് ബാഗിന്റെ പ്രധാന നിര്‍മാണവസ്തു. കുറഞ്ഞ ചെലവില്‍ തന്നെ ബാഗിന്റെ പണിപൂര്‍ത്തിയാക്കി ചിത്രങ്ങള്‍ കൂടി വരച്ചതോടെ ഏറെ മനോഹരമായി.


കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം.ബാഗിന്റെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാല്‍ മണ്ണില്‍തന്നെ ലയിച്ച് ചേരും. പാരിസ്ഥിതിക സന്ദേശ സൗഹൃദ സ്‌കൂള്‍ബാഗുകള്‍ കാണാന്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സ്‌കൂളിലെത്തി. കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംരംഭത്തെ എം.എല്‍.എ.അഭിനന്ദിച്ചു.
-
ചോദ്യപേപ്പര്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കാന്‍ അനുമതിവേണംമലപ്പുറം: പുനഃസ്ഥാപിച്ച ഓണപ്പരീക്ഷ സുഗമമായി നടത്തുന്നതിന് ആവശ്യമായ ചോദ്യപേപ്പറുകള്‍ സ്‌കൂള്‍ തലത്തിലുണ്ടാക്കി മൂല്യനിര്‍ണയം നടത്താന്‍ അനുവദിക്കണമെന്ന് കെ.പി.പി.എച്ച്.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റില്‍നിന്ന് മാതൃകാ ചോദ്യപേപ്പറുകളുടെ ഫോട്ടോകോപ്പി എടുത്ത് പരീക്ഷനടത്തുക എന്നത് അപ്രായോഗികവും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. ഫോട്ടോ കോപ്പി ഇനത്തിലും സ്‌കൂളുകള്‍ക്ക് ഭാരിച്ച സംഖ്യ ചെലവുവരും-യോഗം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് പി.എ. ഉബൈദ് അധ്യക്ഷത വഹിച്ചു. പി. സൈതലവി, കെ. അബ്ദുല്ലത്തീഫ്, എന്‍.കെ. അബ്ദുള്ള, ഉമ്മര്‍ പാലഞ്ചേരി, സി. അബ്ദുള്‍റസാഖ്, കെ. മൊയ്തീന്‍, കെ. മുഹമ്മദലി, എം. അബ്ദുസമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
പുഴക്കാട്ടിരിയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 'വിദ്യാദീപം' തെളിയുന്നു


കൊളത്തൂര്‍: പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് 'വിദ്യാദീപം' സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ട്യൂഷന്‍ ക്ലാസ്സുകള്‍ക്ക് പോകാന്‍ സാധിക്കാത്ത എസ്.സി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ 17 കോളനികളിലെ ഒന്നുമുതല്‍ എസ്.എസ്.എല്‍.സി, കോളേജ് തലം വരെയുള്ള 400ഓളം വിദ്യാര്‍ഥികള്‍ക്കാണ് ട്യൂഷന്‍ നല്‍കുന്നത്. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയ അധ്യാപകരെ നിയമിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളില്‍ ആറ് മുതല്‍ എട്ടുവരെ കോളനികളിലെ വീട്ടുമുറ്റത്ത് എല്ലാ കുട്ടികളെയും ഒരുമിച്ചിരുത്തിയാണ് ട്യൂഷന്‍ നല്‍കുന്നത്. ഈ പദ്ധതിക്കായി പഞ്ചായത്ത് രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കുന്നുണ്ട്. ക്ലാസ്സുകള്‍ എല്ലാ കോളനികളിലും തുടങ്ങിയതായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് കക്കാട്ടില്‍ സുബൈദ അറിയിച്ചു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തമാസം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കും. കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ ആദ്യത്തെതാണെന്ന് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ നെല്ലിശ്ശേരി മൂസക്കുട്ടി പറഞ്ഞു.
-
അപാകം പരിശോധിക്കണം -കെ.പി.എസ്.ടി.യു.


പാലക്കാട്: അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ പ്രതിഫലത്തിലെ അപാകം പരിശോധിക്കണമെന്ന് കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ (കെ.പി.എസ്.ടി.യു.) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.യു. സംസ്ഥാനസെക്രട്ടറി എ. ഗോപിനാഥന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ബി. സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് കെ. രാമനാഥന്‍, ആര്‍. രാധാകൃഷ്ണന്‍, എം. ശശികുമാര്‍, വി. സുകുമാരന്‍, എന്‍. അശോകന്‍, സി. ഹരിദാസ്, എന്‍. ജയപ്രകാശ്, വി. രാജീവ്, പി.എസ്. മുരളീധരന്‍, എ. ശശിധരന്‍, പ്രഭുല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

-
ഓണപ്പരീക്ഷ പ്രഹസനമാകും: കെഎസ്ടിഎ


പിറവം: ചോദ്യപേപ്പര്‍ പോലും തയ്യാറാക്കാതെ അവ്യക്തത നിലനില്‍ക്കുന്ന ഓണപ്പരീക്ഷ പ്രഹസനമായി മാറുമെന്ന് കെഎസ്ടിഎ പിറവം ഉപജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.

പ്രതിദിന മൂല്യനിര്‍ണയവും മാസാന്ത്യമൂല്യനിര്‍ണയവുമായി വളരെ ശാസ്ത്രീയമായി നടന്നുവരുന്ന സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഉപജില്ലാ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി ടി.സി. ചന്ദ്രന്‍, ഏലിയാസ് മാത്യു, വി.എസ്.സുരേന്ദ്രന്‍, എല്‍. മാഗി, കെ. ജയകുമാര്‍, സജോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.