Saturday, August 6, 2011

കാര്‍ഷിക സംസ്കൃതിയുടെ ഉപകരണക്കാഴ്്ചയുമായി പ്രദര്‍ശനം

 06-Aug-2011 
പാലോട്: പാഠപുസ്തകങ്ങളിലും മാത്രമറിഞ്ഞ ഗൃഹോപകരണങ്ങളും കാര്‍ഷികോപകരണങ്ങളും നേരില്‍കണ്ടപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിസ്മയം.
വടക്കന്‍ പാട്ടുകളില്‍ കേട്ട ആഭരണം സൂക്ഷിക്കുന്ന ആമാടപ്പെട്ടിയും മുളനാഴിയും മുളങ്കുറ്റിയും അളവിന് ഉപയോഗിച്ചിരുന്ന നാഴിയും പക്കയും ഇടങ്ങഴിയും വരിവരിയായി നിരന്നത് നന്ദിയോട് പച്ച പാലുവള്ളി ഗവ. യുപിഎസുകാര്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ . വിവിധതരം മണ്‍പാത്രങ്ങള്‍ , പാള ഉല്‍പ്പന്നങ്ങള്‍ , മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഉറ്റാല്‍ , ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള തിരികല്ല് എന്നിവയും ശ്രദ്ധ പിടിച്ചു. തുണികള്‍ സൂക്ഷിച്ചിരുന്ന വട്ടപ്പെട്ടി, മുളകൊണ്ടുള്ള ഉപകരണങ്ങള്‍ , വിവിധയിനം സംഗീത ഉപകരണം, വെങ്കലപാത്രങ്ങള്‍ , കൂറ്റന്‍ മണ്‍ഭരണി, നായാട്ടിന് ഉപയോഗിച്ചിരുന്ന വിവിധതരത്തിലുള്ള അമ്പുംവില്ലും എന്നിവയും വിദ്യാര്‍ഥികള്‍ക്ക് കൗതുക കാഴ്ചയാകുന്നു.
പഴയ നാണയങ്ങളും നോട്ടുകളും പ്രദര്‍ശനത്തിലുണ്ട്.
"ഇല്ലം നിറ വല്ലം നിറ", ആയുധപ്പുര എന്നിങ്ങനെ പേരു നല്‍കിയ ക്ലാസ് മുറിക്കുള്ളില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന കത്തികള്‍ , പൂട്ടുകള്‍ , ഇരുമ്പ് താക്കോലുകള്‍ എന്നിവയും കാണാം. പനയോല വെട്ടിയും ചൂരലാവിയും അടവലയും ഇടിക്കല്ലും ഇതിനിടയ്ക്ക് സ്ഥാനംപിടിച്ചു. കലപ്പയും മരവും വൈക്കോല്‍ കൂനയും കാര്‍ഷിക സംസ്കൃതിയുടെ ഗൃഹതുരത നല്‍കുന്നു. സമീപ സ്കൂളുകളിലള്ള കുട്ടികളും പ്രദര്‍ശനം കാണാനെത്തി. 
-
ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണം -കെ.പി.എസ്.ടി.യു.
 07 Aug 2011

കോഴിക്കോട്: പ്രഹസനമായി മാറിയ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.യു. അക്കാദമിക് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പാഠപുസ്തകങ്ങളും പഠനസമീപനങ്ങളും മാറിയെങ്കിലും അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല. വിദഗ്ധരായ സ്ഥിരം ട്രെയിനര്‍മാരെ വെച്ച് ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണം -യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ 'ഇന്ത്യയെ കണ്ടെത്തല്‍' മെഗാ ക്വിസ്‌നടത്താന്‍ യോഗം തീരുമാനിച്ചു.

കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.യു. വിത്സണ്‍ അധ്യക്ഷനായിരുന്നു. എം.സി. പോളച്ചന്‍, പി. ബൈജു, വി.ജെ. ഫിലിപ്പ്, ബാബു പി. ആളൂര്‍, പ്രദീപ്കുമാര്‍ ടി.വി., എന്‍.ആര്‍. അജിത് പ്രസാദ്, കെ. ശശിധരന്‍, ടി.ടി. ബിനു, കെ. പ്രദീപ്കുമാര്‍, പി.എ. രഘുറാം, ഒ.ബി. ഷാബു, വി. മുരളീധരന്‍, പി.എസ്. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
-
'ഉള്‍ക്കാഴ്ചയുടെ ഉറവിടങ്ങള്‍ തുറക്കാം' കൗമാരക്കാരായ വിദ്യാര്‍ഥികളുടെ വ്യക്തിഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പദ്ധതിക്ക് തുടക്കം

മലപ്പുറം: കൗമാരക്കാരായ വിദ്യാര്‍ഥികളുടെ വിവിധ മാനസിക സംഘര്‍ഷങ്ങള്‍, സ്വഭാവദൂഷ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവിഷ്‌കരിച്ച 'ഉള്‍ക്കാഴ്ചയുടെ ഉറവിടങ്ങള്‍ തുറക്കാം' പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി പി.പി. വിക്രമന്‍ നിര്‍വഹിച്ചു.

വിവിധ വ്യക്തിഗതപ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം കാണുകയും തുടര്‍പ്രവര്‍ത്തനം നടത്തുകയും ചെയ്യുകയാണ് പദ്ധതികളുടെ ഉദ്ദേശ്യം. പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഗ്രൂപ്പ് കൗണ്‍സിലിങ്, വ്യക്തിഗത കൗണ്‍സിലിങ്, മോട്ടിവേഷന്‍ പ്രോഗ്രാം, വ്യക്തിഗത മൂല്യനിര്‍ണയം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്.

മങ്കടയില്‍ നടന്ന പരിപാടിയില്‍ 500ഓളം കുട്ടികള്‍ പങ്കെടുത്തു. മോട്ടിവേഷന്‍ കൗണ്‍സിലിങ്, ബിഹേവിയറല്‍ തെറാപ്പി, വ്യക്തിത്വ വികസന പദ്ധതി തുടങ്ങിയവയില്‍ വിദഗ്ധ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും പങ്കെടുത്തു.

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.

ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി. മന്‍സൂര്‍ അധ്യക്ഷതവഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ആയിഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഷീബ മുംതാസ്, അഡീഷണല്‍ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ എം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. അനില്‍, പാര്‍വതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ എം. മണികണ്ഠന്‍, അഡ്വ. ഷെരീഫ് ഉള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം കുടുംബശ്രീ കണ്‍സള്‍ട്ടന്റ് കെ. ബഷീര്‍ ഉദ്ഘാടനംചെയ്തു. ഫൈസല്‍, എം.പി. ഹസീന സുല്‍ഫിക്കര്‍, പാര്‍വതി ഇന്ദുചൂഡന്‍, റിന്‍സി പി.എസ്., ഡെന്‍സി പി., സൈമണ്‍, ഷീന പി., ഷജില ടി. എന്നിവര്‍ പ്രസംഗിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പദ്ധതി ജില്ലാ സാങ്കേതികക്ഷേമ വകുപ്പ് പ്രൊബേഷന്‍ ഓഫീസ്, പി.ടി.എ, സരോജിനി അമ്മ മഹിളാ സമാജം, ജില്ലാ ജുവനൈല്‍ പോലീസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
എന്‍ഡോസള്‍ഫാനെതിരെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചുമട്ടന്നൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിരോഷിമ-നാഗസാകി ദിനാചരണത്തോടനുബന്ധിച്ച് പട്ടാന്നൂര്‍ കുന്നോത്ത് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സ്വന്തം കൈയക്ഷരത്തിലെഴുതിയ കത്ത് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ ഒപ്പ് ശേഖരിച്ച് പ്രധാനാധ്യാപിക കെ. വത്സലകുമാരിയെ ഏല്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. സ്‌കൂള്‍ ലീഡര്‍ സി.എ. ജയജിത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു.

ദിനാചരണ പരിപാടി മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂടാളി ഗ്രാമ പ്പഞ്ചായത്ത് അംഗം എം. ബിന്ദു അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് അമിത പ്രശാന്ത്, ആര്‍.കെ. കൃഷ്ണന്‍ നമ്പ്യാര്‍, കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
-
എസ്.എസ്.എ ജില്ലാ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റി; ഏകാധ്യാപക വിദ്യാലയ അധ്യാപകരുടെ ഉപരോധം തുടരുന്നു

കാസര്‍കോട്: ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ എസ്.എസ്.എ ജില്ലാ ഓഫീസിന് മുന്നില്‍ നടത്തുന്ന ഉപരോധസമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ എസ്.എസ്.എ ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റി. ശനിയാഴ്ച അധ്യാപകര്‍ ഓഫീസിനുമുന്നില്‍ കഞ്ഞിവെച്ച് സമരം നടത്തി.

വെള്ളിയാഴ്ചയാണ് അധ്യാപകര്‍ സമരം തുടങ്ങിയത്. ഉപരോധം തുടങ്ങിയപ്പോല്‍ മുതല്‍ ഓഫീസ് ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ സമരം തുടരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തേണ്ട ഓണപ്പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകളുള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങേണ്ട സമയത്ത് ജീവനക്കാര്‍ക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റാത്തത് ആശങ്കയുണ്ടാക്കുന്നു.എം.ജി.എല്‍.സി വിദ്യാലയങ്ങള്‍ സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ പഠനാവസരം നിഷേധിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രണ്ടാം ദിവസത്തെ സമരം എ.എസ്.ടി.എ ജില്ലാ സെക്രട്ടറി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഇ.എം.ഷാന്റി, വിനയപ്രഭ, യു.കെ.ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.സദാനന്ദന്‍ സ്വാഗതം പറഞ്ഞു.
-
ഏകാധ്യാപക പണിമുടക്ക്: കളക്ടറേറ്റ്മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


പാലക്കാട്: ഏകാധ്യാപക വിദ്യാലയങ്ങള്‍ നിലനിര്‍ത്തണമെന്നും അധ്യാപകരുടെ ജോലിസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ (എ.എസ്.ടി.എ.) നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ്മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

നാലുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ 446 ഏകാധ്യാപക വിദ്യാലയങ്ങളിലും പഠിപ്പുമുടങ്ങിയിരിക്കയാണ്. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തു.

No comments: