Thursday, August 18, 2011

ഓണപ്പരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഒരു ദിവസം; അധ്യാപകര്‍ നെട്ടോട്ടത്തില്‍


 19-Aug-2011
മലപ്പുറം: സര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ പ്രഖ്യാപിച്ച ഓണപ്പരീക്ഷ സ്കൂളധികൃതരെ വലയ്ക്കുന്നു. അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയ ഓണപ്പരീക്ഷ നടത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാക്കി സര്‍ക്കാര്‍ തലയൂരി. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഫണ്ട് അനുവദിക്കുമെന്നും വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി ചോദ്യപേപ്പറിന് പണം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതെന്ന് കിട്ടുമെന്നതിനെ സംബന്ധിച്ച് അധ്യാപകര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. എപ്പോള്‍ നല്‍കാനാവുമെന്നത് സംബന്ധിച്ചും ആര്‍ക്കും ഒരു ധാരണയുമില്ല. എന്നാല്‍ പല സ്കൂളുകളും ഫണ്ട് ലഭിക്കാത്തതിനാല്‍ കുട്ടികളില്‍നിന്ന് 20രൂപ വരെ പിരിക്കുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ രാവിലെയും ഉച്ചയ്ക്കുശേഷവുമായി ദിവസം രണ്ട് പരീക്ഷകള്‍ നടത്താനാണ് ഉത്തരവ്. അത് പ്രകാരമുള്ള ടൈംടേബിളാണ് പ്രസിദ്ധീകരിച്ചത്. ക്ലാസുകള്‍ നഷ്ടമാക്കാതെ രാവിലെയും ഉച്ചയ്ക്കും ആദ്യ പിരീയഡിനുശേഷമുള്ള രണ്ട് പിരീയഡ്ചേര്‍ത്താണ് പരീക്ഷ നടത്തേണ്ടത്. എന്നാല്‍ ഒരുമിച്ച് പരീക്ഷ നടത്താനുള്ള സൗകര്യം പല സ്കൂളിലും ഇല്ല. ഇങ്ങനെ പരീക്ഷ നടത്തേണ്ടിവരുമ്പോള്‍ ചില സ്കൂളിലെങ്കിലും ഒരു ബെഞ്ചില്‍ അഞ്ചും ആറും കുട്ടികള്‍ ഇരുന്ന് പരീക്ഷ എഴുതേണ്ടിവരും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യപേപ്പറില്‍നിന്ന് തെരഞ്ഞെടുത്ത് ഓരോ സ്കൂളിനുംവേണ്ടി വ്യത്യസ്തമായ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം. ഇത്തരം പത്തുവരെ സെറ്റ് ചോദ്യപേപ്പറുകളാണ് ഒരു ക്ലാസിലേക്ക് തയ്യാറാക്കേണ്ടിവരിക. എന്നാല്‍ വ്യാഴാഴ്ച സ്കൂളടയ്ക്കാറായപ്പോഴാണ് യു പി ക്ലാസുകളുടെ ചോദ്യപേപ്പര്‍ സൈറ്റില്‍ ലഭ്യമായത്. ഹൈസ്കൂളിന്റേതാവട്ടെ കിട്ടിയത് രാവിലെയും. ഇനി ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് അവ പ്രിന്റ്ചെയ്ത് കോപ്പിയെടുത്ത് നല്‍കാന്‍ വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണുള്ളത്. ശനിയാഴ്ച അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ്ങാണ്. ഈ ദിവസത്തിനുള്ളില്‍ ഗ്രാമപ്രദേശത്തെ സ്കൂളുകള്‍ക്ക് ചോദ്യം പ്രിന്റ് ചെയ്ത്് കിട്ടുന്ന കാര്യവും സംശയമാണ്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ തയ്യാറാക്കിയ ടൈംടേബിള്‍ പ്രകാരം പരീക്ഷ നടക്കേണ്ടത്. 
-
ചോദ്യപേപ്പര്‍ ലഭ്യമാക്കിയില്ല; ഓണപ്പരീക്ഷ അവതാളത്തിലാകും

പത്തനംതിട്ട: ചോദ്യപേപ്പര്‍ ലഭ്യമാക്കാന്‍ വൈകുന്നതുകാരണം സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ അവതാളത്തിലാകും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ 22 മുതല്‍ ഓണപ്പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ നല്‍കിയിട്ടും ഇതുവരെയും ചോദ്യപേപ്പര്‍ ലഭ്യമാക്കിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ പന്തീരായിരത്തിലധികം സ്കൂളുകളിലെ 44 ലക്ഷത്തോളം വിദ്യാര്‍ഥികളും അധ്യാപകരും പ്രതിസന്ധിയിലായിരിക്കുകയാണ്. തിങ്കളാഴ്ച ആരംഭിക്കേണ്ട പരീക്ഷയ്ക്ക് വ്യാഴാഴ്ചയും ചോദ്യപേപ്പര്‍ ലഭ്യമാക്കിയിട്ടില്ല. ശനിയാഴ്ച അധ്യാപക പരിശീലനവും തുടര്‍ന്ന് ഞായറാഴ്ച അവധിയുമായതിനാല്‍ എങ്ങനെ പരീക്ഷ നടത്തുമെന്നറിയാതെ കുഴങ്ങുകയാണ് സ്കൂള്‍ അധികൃതര്‍ . രണ്ട് വര്‍ഷമായി ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കി അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകളാണ് നടത്തി വന്നത്്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓണം, ക്രിസ്മസ് പരീക്ഷകള്‍ നടത്തുമെന്ന്് വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനായി പ്രത്യേക ക്വസ്റ്റ്യന്‍ ബാങ്ക് തയ്യറാക്കി അതില്‍നിന്ന് ഓരോ വിഷയത്തിനും ഏഴും എട്ടും സെറ്റ് ചോദ്യപേപ്പര്‍ ഉണ്ടാക്കി അത് ഇന്റര്‍നെറ്റ് വഴി നല്‍കുമെന്നായിരുന്നു അറിയിപ്പ്. എഇഒമാര്‍ക്ക് നല്‍കുന്ന പാസ്വേഡ് ഉപയോഗിച്ച് അതത് സ്കൂള്‍ അധികൃതര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ചോദ്യാവലിയില്‍ ഓരോ വിഷയത്തിലും അവര്‍ക്ക് ഇഷ്ടമുള്ള ചോദ്യപേപ്പര്‍ അച്ചടിച്ച് പരീക്ഷ നടത്താമെന്നാണ് ധാരണ. എന്നാല്‍ , ചോദ്യപേപ്പര്‍ വൈകുന്നത് കാരണം അച്ചടിയ്ക്കാന്‍ സമയം ലഭിക്കില്ല. വെള്ളിയാഴ്ച ഒരു ദിവസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. ഇതുകാരണം സിറോക്സ് കോപ്പികള്‍ക്കായി കോടികളുടെ ദുര്‍വ്യയം ഉണ്ടാകും. ഒന്നു മുതല്‍ ഏഴുവരെ പ്രൈമറി ക്ലാസുകളിലെ ചോദ്യപേപ്പര്‍ തയ്യാറാക്കി അച്ചടിച്ച് നല്‍കേണ്ട ചുമതല എസ്എസ്എയ്ക്കാണ്. ഇതിന്റെ ചെലവും എസ്എസ്എയാണ് വഹിക്കേണ്ടത്. ചോദ്യപേപ്പര്‍ വൈകുന്നത് കാരണം എസ്എസ്എയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാവുക. മുമ്പ് ഹൈസ്കൂള്‍ ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പര്‍ എസ്സിഇആര്‍ടി നേതൃത്വത്തില്‍ തയ്യാറാക്കി സിഡിയിലാക്കി അച്ചടിക്കാന്‍ അധ്യാപക സംഘടനകള്‍ക്ക് നല്‍കിയിരുന്നു. സംഘടനകള്‍ സ്കൂളുകളുടെ ചെലവില്‍ അച്ചടിച്ച് എത്തിക്കുകയായിരുന്നു പതിവ്. ഇതുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ഏകീകൃത ചോദ്യപേപ്പര്‍ നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ , പുതിയ രീതി നിലവില്‍ വന്നതോടെ ചോദ്യങ്ങളുടെ ഏകീകൃത സ്വഭാവം നഷ്ടമാകും. വ്യാഴാഴ്ച വൈകി ചില സ്കൂളുകളില്‍ ഹൈസ്കൂള്‍ ക്ലാസുകളിലേക്കുള്ള ചോദ്യാവലി നെറ്റില്‍ ലഭ്യമായെങ്കിലും പിഡിഎഫ് ഫയല്‍ ആയതിനാല്‍ പല സ്കൂളുകള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനായിട്ടില്ല. പല ക്ലാസുകളിലേക്കും എട്ട് സെറ്റ് ചോദ്യാവലി വീതം ഡൗണ്‍ലോഡ് ചെയ്ത് എങ്ങനെ പ്രിന്റ് എടുക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സ്കൂള്‍ അധികൃതര്‍ .
എയ്ഡഡ് വിദ്യാലയ നിയമനം പിഎസ്സിക്ക് വിടണം: വെള്ളാപ്പള്ളി


വെഞ്ഞാറമൂട്: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും അങ്ങനെ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങളും പിഎസ്സിക്ക് വിടാമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി വാമനപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാഭ്യാസ മെരിറ്റ് അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ബി.എസ്.ഇ സ്‌കൂള്‍: അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവ്‌കൊച്ചി: സി.ബി.എസ്.ഇ സ്‌കൂള്‍ തുടങ്ങുന്നതിന് എന്‍.ഒ.സി (അനുമതി പത്രം) ലഭിക്കാന്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ നിലവിലുള്ള മാനദണ്ഡങ്ങളും സുപ്രീം കോടതി വിധിയും അടിസ്ഥാനമാക്കി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അപേക്ഷകള്‍ തള്ളിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് ഒരുകൂട്ടം സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്.

മുന്‍ സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് പ്രസ്തുത സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്നുള്ള കാരണങ്ങളാണ് അപേക്ഷകള്‍ നിരസിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ നിരസിച്ച നടപടി നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ടി.പി.എം. ഇബ്രാഹിംഖാന്‍ ഉന്നയിച്ചത്. അത് കോടതി സ്വീകരിച്ചു.

1988ലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഒസിക്കുള്ള അപേക്ഷകള്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌കൂളുകളുടെ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ ബാധകമാക്കാന്‍ പാടില്ലെന്നുള്ള വാദവും പരിഗണിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്‌കൂളുകളുടെ എന്‍ഒസിയുടെ കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

No comments: