Sunday, August 14, 2011

സ്വാതന്ത്ര്യ സ്മൃതി മാലിക തിങ്കളാഴ്ച അരങ്ങില്‍


പള്ളിക്കര: അഗസറഹൊള ഗവ. യുപി സ്കൂളില്‍ 199 കുട്ടികള്‍ അണിനിരക്കുന്ന സ്വാതന്ത്ര്യ സ്മൃതി മാലിക സ്വാതന്ത്ര്യദിനത്തില്‍ അരങ്ങിലെത്തും. 1627ല്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ ഉള്ളാളിലെ അബ്ബക്കറാണി, മംഗല്‍പാണ്ഡെ, ഉദ്ദംസിങ്, ആസാദ്, ഭഗത്സിങ്, ഗാന്ധിജി, നെഹ്റു തുടങ്ങിയ മഹാന്മാരുടെ സംഭാവനകളും ഒന്നാം സ്വാതന്ത്ര്യസമരം, ജാലിയന്‍ വാലാബാഗ്,ക്വിറ്റ് ഇന്ത്യാസമരം, ഉപ്പുസത്യാഗ്രഹം, കയ്യൂര്‍ സമരം തുടങ്ങിയ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് സ്വാതന്ത്ര്യ സ്മൃതിമാലിക ഒരുക്കിയത്. പ്രധാനാധ്യാപകന്‍ ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ അധ്യാപകരുടെ കൂട്ടായ്മയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് പ്രഡിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. എഇഒ വേണുഗോപാലന്‍ മുഖ്യാതിഥിയാവും. 
-
ഹംസവും ദമയന്തിയും നവ്യാനുഭവമായി

കുറ്റ്യാടി: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മലയാള ഭാഷാവേദി സംഘടിപ്പിച്ച കഥകളി അരങ്ങ് നവ്യാനുഭവമായി. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യവിസ്മയം തീര്‍ത്തുകൊണ്ടാണ് സ്കൂളില്‍ കളിയരങ്ങിന് തിരിതെളിഞ്ഞത്. പത്താം ക്ലാസിലെ പാഠഭാഗമായ നളചരിതം ഒന്നാം ദിവസം കഥകളി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ചേലിയ കഥകളി സംഘമായിരുന്നു. സാധാരണക്കാരന് അപ്രാപ്യമായ ആസ്വാദനശേഷിയുള്ള കഥകളി ലളിതമായി ദൃശ്യവല്‍ക്കരിക്കുകവഴി വിദ്യാര്‍ഥികള്‍ക്ക് എളുപ്പം ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞു. അരങ്ങില്‍ ആട്ടവിളക്കിന് മുന്നില്‍ ദമയന്തിയും ഹംസവും ആടിത്തുടങ്ങി നാന്ദി ചൊല്ലി പിരിയുന്നതുവരെ മനസും ശരീരവും ലയിച്ച് വിദ്യാര്‍ഥികള്‍ ആസ്വദിച്ചത് സന്തോഷകരമായെന്ന് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ പറയുന്നു. സ്കൂള്‍ മലയാള ഭാഷാവേദി സംഘടിപ്പിച്ച കഥകളി അരങ്ങ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ പി സുരേഷ് പൊന്നാട അണിയിച്ച് ഗുരുവിനെ ആദരിച്ചു. കെ ശശീന്ദ്രന്‍ അധ്യക്ഷനായി. പി പി രവീന്ദ്രന്‍ , പി വി ശ്രീജ, നിശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആട്ടക്കഥയെപ്പറ്റിയും കലാജീവിതത്തെപ്പറ്റിയും ഗുരു വിദ്യാര്‍ഥികളുമായി പങ്കുവച്ചു. 
-
സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്

കുറ്റ്യാടി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേവര്‍കോവില്‍ കെവികെ എംഎം യുപി സ്കൂള്‍ ഗ്ലോബല്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. ക്ലാസ്മുറിയില്‍ നിര്‍മിച്ച ചോദ്യമരവും ഉത്തരവിത്തുകളും തേടി ആവേശത്തിമര്‍പ്പില്‍ ക്വിസ് മത്സരത്തിന് പുതിയ രൂപം നല്‍കുകയായിരുന്നു അധ്യാപകരായ പി വി നൗഷാദും സി പി അബ്ദുല്‍ഹമീദും. ചോദ്യമരത്തില്‍നിന്നും ലഭിക്കുന്ന ഉത്തരവിത്തുകളില്‍നിന്നും നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നു. ദിവസവും ചോദ്യോത്തരങ്ങള്‍ മാറിവരും. സ്വാതന്ത്ര്യദിനത്തോടെ ക്വിസ്മത്സരം അവസാനിക്കും. അതത് ദിവസങ്ങളില്‍ സമ്മാനവും നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാന സമ്പാദനം എളുപ്പമാകുന്നു എന്നതാണ് ചോദ്യമരവും ഉത്തരവിത്തും എന്ന പരിപാടിയിലൂടെ സാധ്യമാകുന്നത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കാളികളാവുകയുംചെയ്യാം. 
-
പീഡനവിവരങ്ങള്‍ പുറത്തായത് സമക്യയുടെ കൗണ്‍സലിങ്ങിലൂടെ

കൊച്ചി: അഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത 14 കുട്ടികളെ തോപ്പുംപടിയിലെ യുവതിയും യുവാവും ചേര്‍ന്ന് പീഡിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമക്യ മഹിളാ സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങിലൂടെ. പീഡനം നടന്നതിന്റെ സൂചനകള്‍ കൊച്ചിയിലെ സെഹിയന്‍ പ്രേഷിതസംഘത്തിന് നേരത്തെ കിട്ടിയിരുന്നെങ്കിലും കുട്ടികളില്‍ നിന്ന് പൂര്‍ണവിവരം ശേഖരിക്കാനായിരുന്നില്ല. സമക്യയുടെ അടിമാലിയിലെ രണ്ട് വനിതാപ്രവര്‍ത്തകരാണ് കൗണ്‍സലിങ് നടത്തിയത്. കുട്ടികളില്‍നിന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്ന് സെഹിയന്‍ പ്രേഷിതസംഘമാണ് കൗണ്‍സലിങ് സംഘടിപ്പിച്ചത്. ശനിയാഴ്ച തോപ്പുംപടി കാത്തലിക് സെന്ററില്‍ നടന്ന കൗണ്‍സലിങ്ങിന് 67 കുട്ടികളെത്തി. ഇത് തോപ്പുംപടി സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. വര്‍ഷങ്ങളായി നടക്കുന്ന പീഡനം എട്ടുമാസംമുമ്പുവരെ തുടര്‍ന്നതായി കുട്ടികള്‍ പറഞ്ഞു. സിനിമ കാണിക്കാമെന്നു പറഞ്ഞാണ് കമല്‍രാജും പൂങ്കുടിയും കുട്ടികളെ വീട്ടിലേക്ക് ആകര്‍ഷിച്ചത്. ആദ്യം പോയവര്‍ പിന്നീട് കൂട്ടുകാരെയും കൂട്ടിയായി പോക്ക്. ലാപ്ടോപ്പില്‍ സിനിമ കാണിക്കുന്നതിനിടെ നീലച്ചിത്രങ്ങളിലേക്കു മാറും. കുട്ടികള്‍ കാണ്‍കേ കമല്‍രാജും പൂങ്കുടിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് അതൊക്കെ കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുകയുമായിരുന്നു. കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനുമിരയാക്കി. സെഹിയോന്‍ ഊട്ടുശാലയില്‍ പതിവായി ഉച്ചഭക്ഷണത്തിന് എത്തിയിരുന്ന കുട്ടികള്‍ ഇടയ്ക്ക് മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് സൂചന കിട്ടിയത്. തുടര്‍ന്നാണ് കൗണ്‍സലിങ് ഒരുക്കിയത്. സമക്യ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള നടപടികള്‍ . ശനിയാഴ്ചതന്നെ കൊച്ചുപള്ളി അമ്പാടി ലെയിനില്‍ കമല്‍രാജും പൂങ്കുടിയും താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി പണവും മൊബൈല്‍ഫോണുകളും പിടിച്ചു. മൊബൈല്‍ഫോണുകള്‍ ട്രെയിന്‍ ടിക്കറ്റ് ചെക്കറായ കമല്‍രാജ് പലപ്പോഴായി യാത്രക്കാരില്‍നിന്ന് കൈവശപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സമക്യയുടെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഇത്തരം അനുഭവം ആദ്യമാണെന്ന് പ്രവര്‍ത്തകരായ അന്ന ബേബിയും ഗ്രേസി എല്‍ദോസും പറഞ്ഞു. 
-

No comments: