Saturday, August 6, 2011

സര്‍ക്കാര്‍ മാറി; തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സമ്പ്രദായം തകിടം മറിഞ്ഞു


 06 Aug 2011


നാഗര്‍കോവില്‍: അധികാരമാറ്റം തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ തകിടം മറിക്കുന്നു. ഡി.എം.കെ. സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ റദ്ദുചെയ്ത എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ നടപടികളാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുന്‍ ഡി.എം.കെ. സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത (സമച്ചീര്‍) വിദ്യാഭ്യാസ സമ്പ്രദായമാണ് ഭരണമേറ്റയുടന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തലാക്കിയത്. പുതിയ പാഠ്യപദ്ധതിക്ക് ഗുണനിലവാരമില്ലെന്നാരോപിച്ചാണ് നടപടി.

മുന്‍ ഭരണകക്ഷി നേതൃത്വത്തെ പുകഴ്ത്തിക്കൊണ്ട് ചില പാഠഭാഗങ്ങള്‍ ഏകീകൃതപാഠ്യ പദ്ധതിയിലും കടന്നുകൂടിയതാണ് പുതിയ സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഡി.എം.കെ. അധികാരത്തില്‍ തുടരുമെന്ന കണക്കുകൂട്ടലിലാണ് പാഠ്യപദ്ധതിയില്‍ പാര്‍ട്ടി നേതാവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. ഡി.എം.കെ. തിരഞ്ഞെടുപ്പില്‍ തറ പറ്റിയതോടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ പുതുതായി അധികാരത്തില്‍ വന്ന എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ തയ്യാറായില്ല. നിലവിലെ പദ്ധതിക്ക് പകരം പഴയ രീതി തുടരുമെന്ന് പ്രഖ്യാപിക്കുകയും വീണ്ടും പഴയപാഠപുസ്തകങ്ങള്‍ അച്ചടിച്ച് സ്‌കൂളുകളില്‍ എത്തിക്കുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരായി. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്തിമ ഉത്തരവ് പുറപ്പെടുവിക്കാതെ കോടതിയും ഏകീകൃത പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനായി സുപ്രീംകോടതി മൂന്നുതവണ സര്‍ക്കാരിന് സമയം നീട്ടി നല്‍കി. ആഗസ്ത് പത്തിനുള്ളില്‍ പുസ്തകങ്ങള്‍ എത്തിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

സര്‍ക്കാരിന്റെ നിലപാടും നിയമ നടപടികളും കാരണം ഈ അധ്യയന വര്‍ഷത്തിലെ രണ്ടുമാസമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. ആദ്യപാദ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വ്യക്തമായ നിര്‍ദ്ദേശം സര്‍ക്കാര്‍ ഭാഗത്തുനിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ തടസ്സംകൂടാതെ നടക്കുമ്പോള്‍ സര്‍ക്കാര്‍, മെട്രിക്കുലേഷന്‍, ഓറിയന്റല്‍, ആംഗ്ലോഇന്ത്യന്‍ സ്‌കൂളുകളാണ് നട്ടം തിരിയുന്നത്. സംസ്ഥാനത്തെ 56075 സ്‌കൂളുകളിലെ 1.75 കോടി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഒപ്പമുണ്ടായിരുന്ന എല്ലാ പാര്‍ട്ടികളും പുതിയ പാഠ്യപദ്ധതി നടപ്പാക്കണമെന്ന ഒരേ ആവശ്യമാണ് ഉന്നയിച്ചത്.

No comments: